Monday, September 5, 2011

നിരോധനം വിഫലം; കര്‍ണാടകത്തില്‍ തോട്ടിപ്പണി വ്യാപകം

ബംഗളൂരു: നിരോധിച്ച തോട്ടിപ്പണി കര്‍ണാടകത്തില്‍ പ്രാകൃതമായ രീതിയില്‍ നടക്കുന്നതായി പഠനറിപ്പോര്‍ട്ട്. മലം ചുമക്കുന്ന തൊഴിലിലേര്‍പ്പെട്ട ആറുപേര്‍ ആറു മാസത്തിനിടെ രോഗബാധിതരായി മരിച്ചുവെന്നും ബംഗളൂരു ആസ്ഥാനമായുള്ള സെന്റര്‍ ഫോര്‍ ഇക്കോളജിക്കല്‍ ഇക്കണോമിക്സ് ആന്‍ഡ് നാച്ചുറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സോഷ്യല്‍ ആന്‍ഡ് ഇക്കണോമിക് ചെയ്ഞ്ച് (ഐഎസ്ഇസി) കണ്ടെത്തി. ശുചീകരണ തൊഴിലാളികളായ സഫായി കര്‍മചാരികള്‍ക്കിടയില്‍ നടത്തിയ സര്‍വേയിലാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരം.
മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ഇടപെടലിനെത്തുടര്‍ന്ന് കോലാര്‍ ജില്ലയിലെ തോട്ടിപ്പണി നേരത്തെ നിരോധിച്ചിരുന്നു. എന്നാല്‍ , ഗുല്‍ബര്‍ഗ, തുമക്കൂറു ജില്ലകളില്‍ നിര്‍ബന്ധിത തോട്ടിപ്പണി ഇപ്പോഴും നടക്കുന്നു. അതിവേഗം വളരുന്ന ഈ രണ്ട് ജില്ലയിലും പട്ടികജാതിയില്‍പ്പെട്ടവരെക്കൊണ്ടാണ് ഇത് ചെയ്യിക്കുന്നത്. ഹീനവും മനുഷ്യത്വരഹിതവുമായ രീതിയിലാണ് ഇതെന്നും പഠനം പറയുന്നു. ഉത്തരേന്ത്യയില്‍ ഭാംഗി സമുദായത്തില്‍പ്പെട്ടവരാണ് തോട്ടിപ്പണിയില്‍ ഏര്‍പ്പെട്ടിരുന്നതെങ്കില്‍ കര്‍ണാടകത്തിലിത് മെഹ്താര്‍സ്, മംഗറോഡി തുടങ്ങിയ വിഭാഗത്തില്‍പ്പെട്ടവരാണ്. ചെറുപ്പക്കാരെയും സ്ത്രീകള്‍ അടക്കമുള്ളവരെയും ഇത്തരം തൊഴിലിന് പ്രേരിപ്പിക്കുന്നുണ്ടെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ കെ ജി ഗായത്രീദേവി പറഞ്ഞു.

ഹീനമായ ജോലി ചെയ്യിച്ചിട്ടും ഇവര്‍ക്ക് പ്രതിമാസം കേവലം 500 രൂപയാണ് ശമ്പളം. തോട്ടിപ്പണിയില്‍ ഏര്‍പ്പെടുന്നവരില്‍ ആരോഗ്യപ്രശ്നവും രൂക്ഷം. ജന്മിസമ്പ്രദായം നിലനില്‍ക്കുന്ന പല മേഖലകളിലും കീഴ്ജാതിയില്‍പ്പെട്ടവര്‍ തോട്ടിപ്പണി ചെയ്യാന്‍ നിര്‍ബന്ധിതരാകുകയാണെന്ന് ഐഎസ്ഇസി ഡയറക്ടര്‍ പ്രൊഫ. ആര്‍ എസ് ദേശ്പാണ്ഡെ പറഞ്ഞു. കോലാറില്‍ നൂറിലേറെ കുടുംബങ്ങള്‍ ഇപ്പോഴും പരമ്പരാഗത തോട്ടിപ്പണിയില്‍ ഏര്‍പ്പെടുന്നുണ്ട്. ഇവര്‍ക്ക് പ്രതിമാസം 720 രൂപയാണ് ശമ്പളം. തോട്ടിപ്പണി നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് മന്ത്രി എസ് സുരേഷ്കുമാറിന്റെ നേതൃത്വത്തില്‍ ഉന്നതസംഘം കോലാറില്‍ എത്തി പരിശോധന നടത്തിയെങ്കിലും തുടര്‍നടപടിയൊന്നുമുണ്ടായില്ല. സംഭവം വിവാദമായതോടെ കര്‍ണാടക മനുഷ്യാവകാശ കമീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് എസ് ആര്‍ നായ്ക് സ്ഥലത്തെത്തി. സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
(പി വി മനോജ്കുമാര്‍)

ദേശാഭിമാനി 050911

1 comment:

  1. നിരോധിച്ച തോട്ടിപ്പണി കര്‍ണാടകത്തില്‍ പ്രാകൃതമായ രീതിയില്‍ നടക്കുന്നതായി പഠനറിപ്പോര്‍ട്ട്. മലം ചുമക്കുന്ന തൊഴിലിലേര്‍പ്പെട്ട ആറുപേര്‍ ആറു മാസത്തിനിടെ രോഗബാധിതരായി മരിച്ചുവെന്നും ബംഗളൂരു ആസ്ഥാനമായുള്ള സെന്റര്‍ ഫോര്‍ ഇക്കോളജിക്കല്‍ ഇക്കണോമിക്സ് ആന്‍ഡ് നാച്ചുറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സോഷ്യല്‍ ആന്‍ഡ് ഇക്കണോമിക് ചെയ്ഞ്ച് (ഐഎസ്ഇസി) കണ്ടെത്തി. ശുചീകരണ തൊഴിലാളികളായ സഫായി കര്‍മചാരികള്‍ക്കിടയില്‍ നടത്തിയ സര്‍വേയിലാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരം.

    ReplyDelete