യുഡിഎഫ് സര്‍ക്കാരിന്റെ ഒന്നാമത്തെ ഓണവും നൂറാം ദിവസവും ഒന്നിച്ചാണ് കടന്നുപോയത്. കഴിഞ്ഞ വര്‍ഷത്തെ ഓണാഘോഷം എല്‍ഡിഎഫ് ഭരിക്കുമ്പോഴായിരുന്നു. അന്ന് ഓണക്കാലത്ത് വിദ്യാര്‍ഥികള്‍ക്ക് അഞ്ചു കിലോ അരി സൗജന്യമായി നല്‍കിയിരുന്നു. അവശജനവിഭാഗങ്ങള്‍ക്കാകെ പെന്‍ഷന്‍തുക കുടിശ്ശിക തീര്‍ത്ത് നല്‍കിയിരുന്നു. വിപണിയില്‍ നിശ്ചയദാര്‍ഢ്യത്തോടെ സര്‍ക്കാര്‍ ഇടപെട്ടിരുന്നു. വിലക്കയറ്റത്തിന്റെയോ ക്ഷേമപദ്ധതികളുടെ ആനുകൂല്യ നിഷേധത്തിന്റെയോ പരാതികള്‍ നേരിയ തോതില്‍പ്പോലും ഉയര്‍ന്നിരുന്നില്ല. ഉച്ചഭക്ഷണപദ്ധതിയുടെ കീഴില്‍ എട്ടാംക്ലാസ് വരെയുള്ള എല്ലാ കുട്ടികള്‍ക്കും കഴിഞ്ഞവര്‍ഷം ഓണത്തിനു ലഭിച്ച അഞ്ചു കിലോ സൗജന്യ അരി ഇത്തവണ മുടങ്ങി. വികലാംഗര്‍ , വിധവകള്‍ , വയോജനങ്ങള്‍ , 50 വയസ്സിനുമുകളിലുള്ള അവിവാഹിതരായ സ്ത്രീകള്‍ തുടങ്ങി 8.33 ലക്ഷത്തില്‍ അധികം വരുന്ന അവശവിഭാഗങ്ങള്‍ക്ക് ഓണത്തിനുമുമ്പ് പെന്‍ഷന്‍ നല്‍കിയില്ല. 20 ലക്ഷം ദരിദ്രകുടുംബങ്ങള്‍ക്ക് സൗജന്യ ഓണക്കിറ്റ് നല്‍കുമെന്ന പ്രഖ്യാപനവും വീണ്‍വാക്കായി. ഏതാനും പേര്‍ക്കുമാത്രമേ കിറ്റ് കിട്ടിയുള്ളൂ. അഞ്ചു ലക്ഷത്തിലേറെ കര്‍ഷകത്തൊഴിലാളികളില്‍ ഭൂരിപക്ഷത്തിനും കുടിശ്ശിക അടക്കം 2400 രൂപവീതം കിട്ടാനുണ്ട്. വിതരണം എങ്ങുമെത്തിയിട്ടില്ല. കൈത്തറിത്തൊഴിലാളികള്‍ക്ക് പത്തുമാസത്തെ പെന്‍ഷന്‍ കുടിശ്ശികയുണ്ട്. കഴിഞ്ഞ ഓണത്തിന് അവര്‍ക്ക് രണ്ടുമാസത്തെ പെന്‍ഷന്‍ മുന്‍കൂറായാണ് നല്‍കിയത്.
ചുരുക്കത്തില്‍ നിറംമങ്ങിയ ഓണമാണ് കടന്നുപോയത്. ആദിവാസികള്‍ , പരമ്പരാഗതമേഖലയിലെ തൊഴിലാളികള്‍ എന്നിവര്‍ക്കൊന്നും സര്‍ക്കാര്‍ നല്‍കേണ്ട ആനുകൂല്യങ്ങള്‍ യഥാവിധി ലഭ്യമായില്ല. എഫ്സിഐക്ക് കൃത്യമായി പണം അടയ്ക്കാത്തതുമൂലം ബിപിഎല്‍ കുടുംബങ്ങള്‍ക്കും അന്ത്യോദയ അന്നയോജന കുടുംബങ്ങള്‍ക്കുമുള്ള ഒരു രൂപ അരി വിതരണംപോലും താറുമാറായി. സര്‍ക്കാര്‍ അവശ്യംചെയ്യേണ്ട കാര്യങ്ങള്‍ പാടെ മറന്നും മാറ്റിവച്ചുമാണ് യുഡിഎഫ് നൂറാംദിവസം ആഘോഷിച്ചതെന്നു ചുരുക്കം. 2030 ലേക്കുള്ള കര്‍മപരിപാടി തയ്യാറാക്കി കൊട്ടിഘോഷിക്കുംമുമ്പ് ഇന്ന് നമ്മുടെ നാട്ടിലെ ജനങ്ങള്‍ എങ്ങനെ ജീവിക്കും എന്നു പറയാനുള്ള ബാധ്യതയാണ് ഉമ്മന്‍ചാണ്ടി മറന്നത്. സ്വന്തം ചിത്രംവച്ച പരസ്യങ്ങളിലൂടെയും ഇഷ്ടപത്രങ്ങളിലെ പ്രശംസാവചനങ്ങളിലൂടെയും ജനങ്ങളെ വഞ്ചിച്ച് നീങ്ങുകയാണ് ഉമ്മന്‍ചാണ്ടി. നൂറുദിവസത്തെ കര്‍മപരിപാടി എന്നത് തികഞ്ഞ വഞ്ചനയുടെ പരിപാടിയായി. എല്‍ഡിഎഫ് കാലത്ത് കിലോയ്ക്ക് രണ്ടുരൂപ നിരക്കില്‍ അരി വാങ്ങിയ 16 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് അത് നിഷേധിക്കപ്പെട്ടു. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള എല്ലാ കുടുംബങ്ങള്‍ക്കും ഒരു രൂപയ്ക്ക് അരി എന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം അട്ടിമറിച്ച് 20 ലക്ഷം കുടുംബങ്ങളിലേക്ക് മാത്രമായി അത് ചുരുക്കുകയും അതുതന്നെ കൃത്യമായി കൊടുക്കാതിരിക്കുകയും ചെയ്ത സര്‍ക്കാരിന് മലയാള മനോരമയടക്കമുള്ള ഞങ്ങളുടെ ചില സഹജീവികള്‍ പരമാവധി മാര്‍ക്ക് നല്‍കിക്കണ്ടു- പക്ഷേ ജനങ്ങള്‍ എങ്ങനെ ഈ സര്‍ക്കാരിന് പാസ് മാര്‍ക്ക് നല്‍കും? പൊട്ടിത്തകര്‍ന്ന റോഡുകളിലൂടെ കടന്നുപോകുന്നവര്‍ എങ്ങനെ ഈ സര്‍ക്കാരിനെ മാര്‍ക്ക് നല്‍കി ആദരിക്കും? ഡല്‍ഹിയില്‍ യുഡിഎഫിന്റെ കേന്ദ്രരൂപമായ യുപിഎയെ നയിക്കുന്നവരും കൂടെ നില്‍ക്കുന്നവരും തിഹാര്‍ ജയിലിലോ അങ്ങോട്ടുള്ള വഴിയിലോ ആണ്. ഇവിടെയാകട്ടെ, മന്ത്രിമാര്‍ കൂട്ടത്തോടെ അഴിമതിക്കേസ് ചുമന്നു നടക്കുന്നു. മുഖ്യമന്ത്രിയടക്കം ക്യാബിനറ്റില്‍ അഴിമതി ആരോപണ വിധേയര്‍ക്കാണ് മുന്‍തൂക്കം. കേസില്‍നിന്ന് മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ ചീഫ്വിപ്പ് ജുഡിഷ്യറിക്കെതിരെ ഗ്വാഗ്വാ വിളിക്കുന്നു. നൂറുദിവസംകൊണ്ട് മന്ത്രിമാര്‍ സ്വത്ത് വെളിപ്പെടുത്തുമെന്നു പറഞ്ഞു. തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രികയോടൊപ്പം നല്‍കിയ സ്വത്ത് ഇപ്പോള്‍ മന്ത്രിമാര്‍ വെളിപ്പെടുത്തിയ സ്വത്തുപട്ടികയിലില്ല. ഭൂസ്വത്തിന്റെ അളവ് പറഞ്ഞു; വിലയെക്കുറിച്ച് മൗനം പാലിച്ചു. വില എഴുതാനുള്ള കോളം ബന്ധപ്പെട്ട ഫോറത്തില്‍ ഇല്ല എന്ന പരിഹാസ്യ ന്യായമാണ് അവര്‍ ഉയര്‍ത്തുന്നത്. "അഴിമതിരഹിത സുതാര്യഭരണ"ക്കാരുടെ തലവനെ കേസില്‍നിന്ന് രക്ഷിക്കാന്‍ നടക്കുന്ന അഭ്യാസങ്ങള്‍ എല്ലാ പരിധിയും വിട്ടിരിക്കുന്നു. മുഖ്യമന്ത്രിക്കുവേണ്ടി വ്യാജരേഖ ചമച്ച് കോടതിയെ കബളിപ്പിച്ച വിജിലന്‍സ് ഡയറക്ടര്‍ക്കും വിധി പറഞ്ഞ ജഡ്ജിയെ ഭീഷണിപ്പെടുത്തുന്ന ചീഫ്വിപ്പിനും സംരക്ഷണം നല്‍കുന്ന സര്‍ക്കാരിന്റെ തലവന്‍ എന്ന ലജ്ജാശൂന്യതയാണ് ഉമ്മന്‍ചാണ്ടിയുടെ മുഖ്യമന്ത്രിസ്ഥാനത്തിനുള്ളത്.
കേരളീയരെ നൈരാശ്യത്തിന്റെ പടുകുഴിയിലിട്ട നൂറുനാളുകളാണ് കടന്നുപോയത്. അധികാര ദുര്‍വിനിയോഗത്തിന്റെയും ജനദ്രോഹത്തിന്റെയും റെക്കോഡുകളാണ് സൃഷ്ടിക്കപ്പെട്ടത്. ഭരണത്തലവന്‍ സംശയത്തിന്റെ നിഴലിലാണ്- സ്വയം രക്ഷപ്പെടാന്‍ അധികാരസ്ഥാനത്തെ എങ്ങനെയും ദുരുപയോഗിക്കും എന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. മന്ത്രിമാരില്‍ ഒരാള്‍പോലും സ്വന്തം വകുപ്പിനെക്കുറിച്ച് പഠിച്ചിട്ടില്ല. വിദ്യാഭ്യാസക്കച്ചവടക്കാരും റിയല്‍ എസ്റ്റേറ്റുകാരും ഇടനിലക്കാരുമാണ് ഭരണം കൈയാളുന്നത്. സര്‍ക്കാര്‍ സര്‍വീസിലെ സ്ഥലംമാറ്റങ്ങള്‍ ലേലംചെയ്ത് തുടങ്ങിയിരിക്കുന്നു. ബോര്‍ഡ്-കോര്‍പറേഷന്‍ നിയമനങ്ങള്‍ക്കും നിരക്ക് നിശ്ചയിച്ചിരിക്കുന്നു. മുന്‍ യുഡിഎഫ് ഭരണത്തില്‍ കണ്ട് മടുത്തതും തിരസ്കരിച്ചതുമായ തിന്മകളുടെ തിരിച്ചുവരവിന്റെ നൂറുദിവസമാണ് പൂര്‍ത്തിയായത്. ആദ്യത്തെ ഓണത്തിനുതന്നെ പാവപ്പെട്ട ജനങ്ങള്‍ക്ക് കണ്ണീരുവിധിച്ച സര്‍ക്കാരിന്റെ വരുംനാളുകള്‍ എങ്ങനെയാകും എന്നതിന്റെ വ്യക്തമായ ചൂണ്ടുപലകയാണ് നൂറുദിവസത്തെ കര്‍മപരിപാടി.
deshabhimani editorial 130911
യുഡിഎഫ് സര്‍ക്കാരിന്റെ ഒന്നാമത്തെ ഓണവും നൂറാം ദിവസവും ഒന്നിച്ചാണ് കടന്നുപോയത്. കഴിഞ്ഞ വര്‍ഷത്തെ ഓണാഘോഷം എല്‍ഡിഎഫ് ഭരിക്കുമ്പോഴായിരുന്നു. അന്ന് ഓണക്കാലത്ത് വിദ്യാര്‍ഥികള്‍ക്ക് അഞ്ചു കിലോ അരി സൗജന്യമായി നല്‍കിയിരുന്നു. അവശജനവിഭാഗങ്ങള്‍ക്കാകെ പെന്‍ഷന്‍തുക കുടിശ്ശിക തീര്‍ത്ത് നല്‍കിയിരുന്നു. വിപണിയില്‍ നിശ്ചയദാര്‍ഢ്യത്തോടെ സര്‍ക്കാര്‍ ഇടപെട്ടിരുന്നു. വിലക്കയറ്റത്തിന്റെയോ ക്ഷേമപദ്ധതികളുടെ ആനുകൂല്യ നിഷേധത്തിന്റെയോ പരാതികള്‍ നേരിയ തോതില്‍പ്പോലും ഉയര്‍ന്നിരുന്നില്ല. ഉച്ചഭക്ഷണപദ്ധതിയുടെ കീഴില്‍ എട്ടാംക്ലാസ് വരെയുള്ള എല്ലാ കുട്ടികള്‍ക്കും കഴിഞ്ഞവര്‍ഷം ഓണത്തിനു ലഭിച്ച അഞ്ചു കിലോ സൗജന്യ അരി ഇത്തവണ മുടങ്ങി.
ReplyDelete