Tuesday, September 13, 2011

സ്ഥലമെടുപ്പില്‍ കുരുങ്ങി വീണ്ടും കേന്ദ്ര സര്‍വകലാശാല

കാസര്‍കോട്: സ്ഥലമെടുപ്പിന്റെ മറവില്‍ കേന്ദ്ര സര്‍വകലാശാല ആസ്ഥാന നിര്‍മാണം വീണ്ടും വൈകിപ്പിക്കുന്നു. പെരിയയില്‍ 310 ഏക്കര്‍ സ്ഥലം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ട് ആറുമാസം കഴിഞ്ഞു. എന്നാല്‍ ഇത് പൂര്‍ണമായും യൂണിവേഴ്സിറ്റിക്ക് കൈമാറിയിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്. മാത്രമല്ല ഇതിനോട് ചേര്‍ന്നുള്ള 22 ഏക്കര്‍ സ്വകാര്യ വ്യക്തികളുടെ ഭൂമികൂടി വിട്ടുകിട്ടിയാലേ സര്‍വകലാശാലാപ്രവര്‍ത്തനം ആരംഭിക്കാന്‍ പറ്റൂവെന്ന് കേന്ദ്ര സഹമന്ത്രിതന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇനി നിര്‍മാണം എന്നു തുടങ്ങാന്‍ പറ്റുമെന്ന് പറയാന്‍ പറ്റാത്ത അവസ്ഥയിലാണ്. സര്‍വലാശാലയ്ക്ക് നല്‍കേണ്ട സ്ഥലം ഏതെന്ന് നിശ്ചയിച്ചതിനു ശേഷമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്. അത് അളന്നു കൈമാറേണ്ട ജോലി മാത്രമാണ് പിന്നീട് ഉണ്ടായിരുന്നത്. ആറുമാസം കഴുിഞ്ഞിട്ടും ഈ നടപടി പൂര്‍ത്തിയാക്കാന്‍ റവന്യൂ വകുപ്പിന് കഴിഞ്ഞിട്ടില്ലെന്നാണ് ഇപ്പോള്‍ മനസിലാകുന്നത്. ജില്ലകലക്ടറോടും ബന്ധപ്പെട്ട തഹസില്‍ദാരോടും പലവട്ടം ആവശ്യപ്പെട്ടുവെങ്കിലും ഭൂമി അളന്നുവേര്‍തിരിച്ച് നല്‍കുന്നതില്‍ താല്‍പര്യം കാണിച്ചില്ലെന്ന പരാതി സര്‍വകലാശാല അധികൃതര്‍ക്കുണ്ട്.

മുമ്പെങ്ങും ഉയരാത്ത പ്രശ്നമാണ് സ്വകാര്യവ്യക്തികളുടെ ഭൂമിയുടേത്. ഈ 22 ഏക്കറില്‍ 13 താമസക്കാരും ഉണ്ട്. ഇവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കി പുനരധിവസിപ്പിക്കാന്‍ തീരുമാനിച്ചാലെ ഇനി പ്രവര്‍ത്തനവുമായി മുന്നോട്ട് പോകാന്‍ പറ്റു. ഭൂമി അളന്ന് വേര്‍തിരിക്കുന്നതില്‍ ഉദ്യോസ്ഥര്‍ കാണിച്ച അലംഭാവമാണ് ഇക്കാര്യം മുമ്പേ ശ്രദ്ധയില്‍പെടാതിരുന്നതിന് കാരണം.

കാസര്‍കോട് ജില്ലയ്ക്ക് സര്‍വകലാശാല അനുവദിച്ച് വര്‍ഷം മൂന്നു കഴിഞ്ഞെങ്കിലും സ്ഥമെടുപ്പ് തുടക്കം മുതല്‍ അനിശ്ചിതത്വത്തിലായിരുന്നു. സംസ്ഥാനസര്‍ക്കാര്‍ അനുവദിച്ച സ്ഥലങ്ങളൊന്നും പറ്റില്ലെന്ന നിഗമനത്തിലായിരുന്നു സര്‍വകലാശാല അധികൃതര്‍ . പെിരയ വേണമെന്ന വാശിയിലായിരുന്നു അവര്‍ . ഒടുവില്‍ അവരുടെ ആവശ്യപ്രകാരമാണ് പെരിയയില്‍ സ്ഥലം അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്. റവന്യു ഭൂമിയും തികയാത്തത് പ്ലാന്റേഷന്‍ കോര്‍പറേഷന്റെ ഭൂമിയും ചേര്‍ത്ത് നല്‍കാനായിരുന്നു തീരുമാനം. പെരിയയില്‍ ഭൂമി നല്‍കിയെങ്കിലും ഓരോ തടസവാദങ്ങള്‍ ഉയര്‍ത്തി നിര്‍മാണപ്രവര്‍ത്തനം വൈകിപ്പിക്കുന്ന സ്ഥിതിയാണുണ്ടാവുന്നത്. ആദ്യം എന്‍ഡോസള്‍ഫാന്റെ വിഷയമായിരുന്നു. വിദഗ്ധ സമിതിയുടെ പരിശോധനയില്‍ കുഴപ്പമില്ലെന്ന റിപ്പോര്‍ട്ട് കിട്ടിയെന്നാണ് ഇപ്പോള്‍ പറയുന്നത്. എന്നാല്‍ ഭൂമി വിട്ട് കിട്ടിയിട്ടില്ലെന്നും സ്വകാര്യ വ്യക്തികളുടെ ഭൂമികൂടി ഒഴിപ്പിച്ച് നല്‍കണമെന്നും പറയുമ്പോള്‍ കൂടുതല്‍ അനിശ്ചിതത്വമാണ് സൃഷ്ടിക്കുന്നത്.

തിങ്കളാഴ്ച റവന്യൂമന്ത്രി ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെ കാണുന്ന സര്‍വകലാശവല പ്രവര്‍ത്തനം അവതാളത്തിലാകും. യുദ്ധകാല അടിസ്ഥാനത്തില്‍ നിര്‍മാണം തുടങ്ങാനുള്ള നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. പി കരുണാകരന്‍ എംപിയുടെ നേതൃത്വത്തില്‍ നേതാക്കള്‍ കേന്ദ്രമന്ത്രിമാരെ കണ്ട് സമ്മര്‍ദം ചെലുത്തിയതിന്റെ ഫലമാണ് കേന്ദ്ര സഹ മന്ത്രി സ്ഥലം സന്ദര്‍ശിച്ചതും ഭൂമി വിട്ട് കിട്ടിയാല്‍ സര്‍വകലാശാല പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കാമെന്ന നിലപാട് സ്വീകരിച്ചതും. സംസ്ഥാന സര്‍ക്കാരും അതിനനുസരിച്ച് ഉണരേണ്ടതുണ്ട്.

കേന്ദ്രസര്‍വകലാശാലക്ക് ഭൂമി നല്‍കും റവന്യൂമന്ത്രി

കാസര്‍ഗോഡ്: കേന്ദ്രസര്‍വകലാശാലക്കായി പെരിയയില്‍ ഏറ്റെടുത്ത ഭൂമി എത്രയും വേഗം കൈമാറുമെന്ന് റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുഖാമുഖത്തില്‍ പറഞ്ഞു. അവിടെ താമസിക്കുന്ന 13 പട്ടികവര്‍ഗ്ഗകുടുംബങ്ങളെ പദ്ധതി സ്ഥലത്തു നിന്നും മാറ്റിപ്പാര്‍പ്പിക്കും. ഇവര്‍ക്ക് പകരം ഭൂമി നല്‍കും. ഭൂമിയില്ലാത്തതിനാല്‍ വികസനപദ്ധതികള്‍ നടക്കാന്‍ തടസമുണ്ടാകരുതെന്നും മന്ത്രി പറഞ്ഞു.

deshabhimani 130911

1 comment:

  1. സ്ഥലമെടുപ്പിന്റെ മറവില്‍ കേന്ദ്ര സര്‍വകലാശാല ആസ്ഥാന നിര്‍മാണം വീണ്ടും വൈകിപ്പിക്കുന്നു. പെരിയയില്‍ 310 ഏക്കര്‍ സ്ഥലം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ട് ആറുമാസം കഴിഞ്ഞു. എന്നാല്‍ ഇത് പൂര്‍ണമായും യൂണിവേഴ്സിറ്റിക്ക് കൈമാറിയിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്.

    ReplyDelete