Friday, September 23, 2011

ഉമ്മന്‍ചാണ്ടിയുടെ വ്യാമോഹങ്ങള്‍

ജനദ്രോഹനയങ്ങള്‍ക്കെതിരെയുള്ള സമരങ്ങളെ ചോരയില്‍ മുക്കി കൊല്ലാനാണ് ഉമ്മന്‍ചാണ്ടിസര്‍ക്കാരിന്റെ വ്യാമോഹമെന്ന് ഇതിനകംതന്നെ വ്യക്തമായിരിക്കുന്നു. ജനാധിപത്യപരമായി പ്രതിഷേധിക്കാന്‍ ആര്‍ക്കും അവകാശമുണ്ട്, തന്നെ കരിങ്കൊടി കാട്ടാന്‍ ആര്‍ക്കും അവകാശമുണ്ട് എന്നെല്ലാം പറഞ്ഞ് ഏറ്റവും വലിയ ജനാധിപത്യമര്യാദക്കാരനാണ് താനെന്ന് ഭാവിച്ചുള്ള "ആത്മപ്രശംസ" മുഖ്യമന്ത്രി സദാ നടത്തുന്നുണ്ട്. എന്നാല്‍ , അത്തരം അവകാശവാദങ്ങള്‍ തികഞ്ഞ കാപട്യമാണെന്ന് അനുദിനം വ്യക്തമാവുകയാണ്. ബഹുജന സമരങ്ങളോടും പ്രതിഷേധത്തോടുമുള്ള സമീപനത്തില്‍ പഴയ നേതാവ് കരുണാകരനാണ് തന്റെ ഗുരുവും മാതൃകയുമെന്ന് ഉമ്മന്‍ചാണ്ടി കുറഞ്ഞ ദിവസങ്ങള്‍ കൊണ്ടുതന്നെ തെളിയിച്ചു. സ്വാശ്രയ പ്രൊഫഷണല്‍ കോളേജുകളിലെ വിദ്യാര്‍ഥിപ്രവേശനത്തില്‍ മെറിറ്റും സാമൂഹ്യനീതിയുമെന്ന തത്വം പൂര്‍ണമായും അട്ടിമറിച്ചുകൊണ്ടാണ് യുഡിഎഫ് ഭരണത്തിന് തുടക്കംകുറിച്ചത്.

വിദ്യാഭ്യാസക്കച്ചവടക്കാരുടെ താന്തോന്നിത്തരമാണ് ഇത്തവണത്തെ പല സ്വാശ്രയ കോളേജുകളിലെയും പ്രവേശനത്തില്‍ ഉണ്ടായത്. ഇതിനെതിരെ അതിശക്തമായ പ്രക്ഷോഭമാണ് വിദ്യാര്‍ഥികള്‍ നടത്തിയത്. പെണ്‍കുട്ടികളെ ഉള്‍പ്പെടെ തെരുവില്‍ തല്ലിച്ചതച്ചും കോളേജുകളില്‍ അനുവാദമില്ലാതെ ഇരച്ചുകയറി നരനായാട്ട് നടത്തിയും വിദ്യാര്‍ഥിപ്രക്ഷോഭത്തെ അമര്‍ച്ചചെയ്യാനാണ് ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍ ശ്രമിച്ചത്. എന്നാല്‍ , ലാത്തിയും ഗ്രനേഡും കല്ലും ജലപീരങ്കിയും ഉപയോഗിച്ച് നടത്തിയ തേര്‍വാഴ്ചകളെയെല്ലാം അതിജീവിച്ചുകൊണ്ട് വിദ്യാര്‍ഥിസമരം മുന്നോട്ടുപോയി. സര്‍വകക്ഷി യോഗം വിളിച്ച് പ്രശ്നം ചര്‍ച്ചചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ മാനേജ്മെന്റ് വിദ്യാര്‍ഥിപ്രവേശനത്തിലും ഫീസ് നിര്‍ണയത്തിലും ഒരു വിട്ടുവീഴ്ചയും ചെയ്തില്ല. ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ ഒഴിച്ചുള്ള മാനേജ്മെന്റുകള്‍ സംസ്ഥാന റാങ്ക് ലിസ്റ്റില്‍നിന്ന് നിശ്ചിത ശതമാനം പേരെ പ്രവേശിപ്പിക്കാന്‍ തയ്യാറായി. സ്വകാര്യ സ്വാശ്രയ കോളേജുകളിലെ മുഴുവന്‍ സീറ്റും കോഴ വാങ്ങി പ്രവേശനം നടത്തുന്നതിന് വിട്ടുകൊടുക്കുക എന്ന സര്‍ക്കാര്‍ നയം ഒരളവുവരെയെങ്കിലും പരാജയപ്പെടുത്താന്‍ കഴിഞ്ഞു. നമ്മുടെ സംസ്ഥാനത്തെ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ ത്യാഗപൂര്‍വം നടത്തിയ പോരാട്ടംകൊണ്ടാണ് ഭാഗികമായെങ്കിലും മെറിറ്റും സാമൂഹ്യനീതിയും സംരക്ഷിക്കാനായത്. മെറിറ്റും സാമൂഹ്യനീതിയും സംരക്ഷിക്കുന്നതിന് സമരരംഗത്തിറങ്ങിയ വിദ്യാര്‍ഥികളെ തല്ലിച്ചതച്ചതും കോളേജുകളില്‍ പോലീസ് ഇരച്ചുകയറി പൈശാചിക മര്‍ദനമഴിച്ചുവിട്ടതുമെല്ലാം ഒരു സൂചനയായിരുന്നു; ഒരു ഭീഷണിയായിരുന്നു. വരാനിരിക്കുന്ന ജനദ്രോഹ നടപടികള്‍ക്കെതിരെ പ്രത്യക്ഷസമരങ്ങളുയര്‍ന്നുവരരുത്; വിദ്യാര്‍ഥികളും യുവാക്കളും മറ്റ് ജനവിഭാഗങ്ങളും പ്രക്ഷോഭരംഗത്തിറങ്ങരുത്; ഇറങ്ങിയാല്‍ തല തല്ലിപ്പൊളിക്കും, ചോര ചിന്തിക്കും എന്ന ഭീഷണി. പെട്രോള്‍ വിലവര്‍ധനക്കെതിരെ സമരരംഗത്തിറങ്ങിയ യുവാക്കളെയും വിദ്യാര്‍ഥികളെയും കഴിഞ്ഞ വെള്ളിയാഴ്ച തലസ്ഥാനനഗരിയില്‍ തല്ലിച്ചതച്ചത് അത് പ്രയോഗത്തില്‍ വരുത്തുന്നതിന്റെ ആദ്യ തെളിവാണ്. എസ്എഫ്ഐ സംസ്ഥാന നേതാവായ എ എ റഹീം ഉള്‍പ്പെടെയുള്ളവരെ തിരുവനന്തപുരം ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ രാജ്പാല്‍ മീണ തലയ്ക്കടിച്ച് വീഴ്ത്തുകയും ലാത്തി ചുഴറ്റി ആക്രോശിക്കുകയായിരുന്ന നരാധമന്മാരായ പൊലീസുകാര്‍ക്കിടയിലേക്ക് തള്ളിയെറിയുകയുമായിരുന്നു. സംഘര്‍ഷാവസ്ഥ ഇല്ലാതാക്കാന്‍ ഡിസിപിയുമായി ചര്‍ച്ച നടത്താനെത്തിയ വിദ്യാര്‍ഥിനേതാവിനെയാണ് ഇത്തരത്തില്‍ മനുഷ്യത്വരഹിതമായി മര്‍ദിച്ചത്. നഗരത്തില്‍ സമരമുണ്ടായാല്‍ യൂണിവേഴ്സിറ്റി കോളേജിലേക്ക് ഇരച്ചുകയറി ക്ലാസുകളില്‍ കടന്നുചെന്ന് പെണ്‍കുട്ടികളെ ഉള്‍പ്പെടെ ക്രൂരമായി തല്ലിച്ചതയ്ക്കുന്നത് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഒരു നയമായി സ്വീകരിച്ചിരിക്കുകയാണ്. പെട്രോളിയം വില വര്‍ധനക്കെതിരെ തുടരുന്ന സമരത്തെ അമര്‍ച്ചചെയ്യാന്‍ സംസ്ഥാനത്താകെ പൊലീസ് കിരാതവാഴ്ച നടത്തുകയാണ്. പെട്രോളിന്റെ വിലവര്‍ധനക്കെതിരെയുള്ള സമരം അവസാനിപ്പിക്കണമെന്നാണ് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചത്. ലിറ്ററിന് മൂന്നുരൂപ പതിനാല് പൈസ തോതില്‍ വര്‍ധിപ്പിച്ചപ്പോള്‍ സംസ്ഥാന നികുതി ഇനത്തില്‍ ലഭിക്കുമായിരുന്ന അധികവരുമാനം വേണ്ടെന്ന് വയ്ക്കുക വഴി ലിറ്ററിന് എഴുപത് പൈസ കുറവ് വരും - അതുകൊണ്ട് സമരം നിര്‍ത്തണമെന്ന്! അഞ്ചുമാസം മുമ്പ് മെയ് 14ന് ഒരു ലിറ്റര്‍ പെട്രോളിന് അഞ്ചുരൂപയാണ് വര്‍ധിപ്പിച്ചത്.

2010 ജൂണില്‍ വിലനിയന്ത്രണം എടുത്തുകളഞ്ഞശേഷം പതിനൊന്ന് തവണയാണ് പെട്രോളിന് വില കൂട്ടിയത്. പതിനഞ്ച് മാസംമുമ്പ് 44 രൂപയായിരുന്ന വില എഴുപത് രൂപയായിരിക്കുന്നു. അതില്‍നിന്ന് എഴുപത് പൈസ കുറച്ചില്ലേ, അതുകൊണ്ട് സമരം ഉപേക്ഷിക്കൂ എന്നാണ് യുഡിഎഫ് സര്‍ക്കാര്‍ പറയുന്നത്. പെട്രോളിന് അഞ്ചുരൂപയ്ക്ക് പുറമെ പാചകവാതകത്തിന് സിലിണ്ടറിന് 57 രൂപയും ഡീസലിന് ലിറ്ററിന് മൂന്ന് രൂപയും മണ്ണെണ്ണയ്ക്ക് രണ്ടുരൂപയുമാണ് അഞ്ചുമാസം മുമ്പ് വര്‍ധിപ്പിച്ചത്. പാചകവാതകത്തിന്റെ സബ്സിഡി പൂര്‍ണമായും ഒഴിവാക്കാനും സിലിണ്ടറുകളുടെ എണ്ണം ചുരുക്കാനും ഡീസലിന്റെ വിലനിയന്ത്രണം എടുത്തുകളയാനും കേന്ദ്രസര്‍ക്കാര്‍ ഗൗരവമായി ആലോചിച്ചുവരികയാണ്. യുപിഎ സര്‍ക്കാര്‍ നിയോഗിച്ച കിരീത് പരേഖ് കമ്മിറ്റി ശുപാര്‍ശചെയ്തത് എല്ലാ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെയും വിലനിയന്ത്രണം സര്‍ക്കാരില്‍നിന്ന് അടര്‍ത്തിമാറ്റാനും ബന്ധപ്പെട്ട കമ്പനികള്‍ക്ക് വില നിശ്ചയിക്കാന്‍ അധികാരം നല്‍കാനുമാണ്. ആ റിപ്പോര്‍ട്ട് അതേപടി നടപ്പാക്കിയിരിക്കുന്നു. അന്താരാഷ്ട്രവിപണിയിലെ വിലനിലവാരമനുസരിച്ച് കമ്പനികള്‍ക്ക് വില നിശ്ചയിക്കാമെന്നാണ് ഇപ്പോഴത്തെ കേന്ദ്രനയം. എന്നാല്‍ , ബാരലിന് ഏതാനും മാസംമുമ്പ് 117 ഡോളര്‍വരെ ഉണ്ടായിരുന്നത് ഇപ്പോള്‍ 87 ഡോളറിലെത്തിയിരിക്കുകയാണ്. അതായത് ലാഭം കുന്നുകൂട്ടാന്‍ വില വര്‍ധിപ്പിക്കണമെന്ന് റിലയന്‍സ് ഉള്‍പ്പെടെയുള്ള കുത്തകക്കമ്പനികള്‍ സമ്മര്‍ദം ചെലുത്തുമ്പോള്‍ അന്താരാഷ്ട്ര വിപണിയിലെ വിലയാണ് ചൂണ്ടിക്കാട്ടുന്നതെങ്കില്‍ വില കുറയ്ക്കാന്‍ ആ മാനദണ്ഡം ഉപയോഗിക്കുന്നില്ല. അന്താരാഷ്ട്ര വിപണിവിലയാണ് മാനദണ്ഡമെങ്കില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില വന്‍തോതില്‍ കുറയ്ക്കേണ്ടതുണ്ട്. എന്നാല്‍ , അതിന് പകരം രൂപയുടെ വിനിമയമൂല്യം ഇടിഞ്ഞുവെന്ന് പറഞ്ഞ് പെട്രോളിന് വീണ്ടും കുത്തനെ വില കൂട്ടുകയാണ് ചെയ്തത്. 98 രാജ്യങ്ങളില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യയിലേതിനേക്കാള്‍ വില വളരെ കുറവാണ്. പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ പകുതിയും കേന്ദ്ര-സംസ്ഥാന നികുതിയാണ്. വില വര്‍ധിപ്പിക്കുമ്പോള്‍ നികുതി ഇനത്തിലെ വരുമാനവും വര്‍ധിക്കുകയാണ്. പെട്രോള്‍ വിലവര്‍ധനയുടെ ആഘാതം കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരുകളാണ് ശ്രമിക്കേണ്ടതെന്ന് പറയുന്ന കേന്ദ്രം നികുതി ഇളവ് നല്‍കാന്‍മാത്രമല്ല വിലവര്‍ധനമൂലം കൈവരുന്ന അധിക വരുമാനം ഒഴിവാക്കാന്‍പോലും തയ്യാറല്ല. യഥാര്‍ഥത്തില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെമേല്‍ കേന്ദ്രം അടിച്ചേല്‍പ്പിക്കുന്ന കഴുത്തറുപ്പന്‍ നികുതി ഗണ്യമായി കുറയ്ക്കുകയാണ് വേണ്ടത്. കേന്ദ്രസര്‍ക്കാരിന്റെയും കുത്തകക്കമ്പനികളുടെയും ഖജനാവ് വീര്‍പ്പിക്കാന്‍ ജനങ്ങളുടെ വയറ്റത്തടിക്കുകയാണ് എണ്ണവില വര്‍ധനയിലൂടെ.

എണ്ണവില കൂടുന്നതുകാരണം ബസ് യാത്രാക്കൂലിയും ഓട്ടോ-ടാക്സി നിരക്കുകളും വന്‍തോതില്‍ വര്‍ധിപ്പിച്ചു. നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമായി. ഭവന-വാഹനവായ്പകളുടെ പലിശ വന്‍തോതില്‍ വര്‍ധിപ്പിച്ചത് മറ്റൊരാഘാതം. ഇങ്ങനെ എല്ലാതരത്തിലും ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. യുപിഎ, യുഡിഎഫ് സര്‍ക്കാരുകളുടെ നയങ്ങള്‍ ജനങ്ങളെ കടുത്ത പ്രയാസത്തിലാക്കിയിരിക്കുന്നു. എല്ലാ മേഖലയിലും ജീവിതച്ചെലവ് വര്‍ധിച്ചു. ഈ സാഹചര്യത്തിലാണ് വിവിധ ജനവിഭാഗങ്ങള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങുന്നത്. ഒരുതരത്തിലുള്ള പ്രതിഷേധവും അനുവദിക്കില്ലെന്ന ധാര്‍ഷ്ട്യത്തോടെ പൊലീസിനെ കയറൂരിവിടുകയാണ് യുഡിഎഫ് സര്‍ക്കാര്‍ . ഇത്തരം ധാര്‍ഷ്ട്യങ്ങളും ഏകാധിപത്യപരമായ സമീപനങ്ങളും അനുവദിക്കുന്നവരല്ല, സഹിക്കുന്നവരല്ല കേരളജനത എന്ന് ഉമ്മന്‍ചാണ്ടിയും കൂട്ടരും ഓര്‍ക്കുന്നത് നന്നായിരിക്കും. നമ്മുടെ നാടിന്റെ ചൈതന്യമായ യുവപോരാളികളെ, ഉശിരന്മാരായ വിദ്യാര്‍ഥിപ്പോരാളികളെ തല്ലി തലപൊട്ടിച്ചും ചോരചിന്തിച്ച് ജനകീയ സമരങ്ങളെ അമര്‍ച്ചചെയ്യാമെന്ന് വ്യാമോഹിക്കേണ്ട.

വി എസ് അച്യുതാനന്ദന്‍ deshabhimani 220911

1 comment:

  1. എണ്ണവില കൂടുന്നതുകാരണം ബസ് യാത്രാക്കൂലിയും ഓട്ടോ-ടാക്സി നിരക്കുകളും വന്‍തോതില്‍ വര്‍ധിപ്പിച്ചു. നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമായി. ഭവന-വാഹനവായ്പകളുടെ പലിശ വന്‍തോതില്‍ വര്‍ധിപ്പിച്ചത് മറ്റൊരാഘാതം. ഇങ്ങനെ എല്ലാതരത്തിലും ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. യുപിഎ, യുഡിഎഫ് സര്‍ക്കാരുകളുടെ നയങ്ങള്‍ ജനങ്ങളെ കടുത്ത പ്രയാസത്തിലാക്കിയിരിക്കുന്നു. എല്ലാ മേഖലയിലും ജീവിതച്ചെലവ് വര്‍ധിച്ചു. ഈ സാഹചര്യത്തിലാണ് വിവിധ ജനവിഭാഗങ്ങള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങുന്നത്. ഒരുതരത്തിലുള്ള പ്രതിഷേധവും അനുവദിക്കില്ലെന്ന ധാര്‍ഷ്ട്യത്തോടെ പൊലീസിനെ കയറൂരിവിടുകയാണ് യുഡിഎഫ് സര്‍ക്കാര്‍ . ഇത്തരം ധാര്‍ഷ്ട്യങ്ങളും ഏകാധിപത്യപരമായ സമീപനങ്ങളും അനുവദിക്കുന്നവരല്ല, സഹിക്കുന്നവരല്ല കേരളജനത എന്ന് ഉമ്മന്‍ചാണ്ടിയും കൂട്ടരും ഓര്‍ക്കുന്നത് നന്നായിരിക്കും. നമ്മുടെ നാടിന്റെ ചൈതന്യമായ യുവപോരാളികളെ, ഉശിരന്മാരായ വിദ്യാര്‍ഥിപ്പോരാളികളെ തല്ലി തലപൊട്ടിച്ചും ചോരചിന്തിച്ച് ജനകീയ സമരങ്ങളെ അമര്‍ച്ചചെയ്യാമെന്ന് വ്യാമോഹിക്കേണ്ട.

    ReplyDelete