Friday, September 9, 2011

അഴിമതി എന്ന അര്‍ബുദം

അണ്ണാ ഹസാരെയുടെ നിരാഹാരം പതിമൂന്നാംദിനമാണ് അവസാനിപ്പിച്ചത്. അതൊരു നിര്‍ണായക വിജയമായിരുന്നു. ഹസാരെയെ നിരാഹാരസമരം തുടങ്ങുംമുമ്പ് ജയിലിലടച്ച് സമരം പൊളിക്കാനുള്ള യുപിഎ സര്‍ക്കാരിന്റെ നീക്കം പരാജയപ്പെട്ടു. വാസ്തവത്തില്‍ സമരം തടയുന്നതിനും അണ്ണാ ഹസാരെയെക്കുറിച്ച് അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നതിനും ജനലോക്പാല്‍ ബില്ലിലെ വ്യവസ്ഥകളെ ദുര്‍വ്യാഖ്യാനം ചെയ്യുന്നതിനും യുപിഎ, വിശേഷിച്ച് അതിന്റെ കോണ്‍ഗ്രസ് നേതൃത്വം, പ്രയോഗിച്ച അടവുകളൊക്കെ പാളിപ്പോയി. അദ്ദേഹത്തെ അധിക്ഷേപിച്ച് സംസാരിച്ച പി ചിദംബരം, കപില്‍ സിബല്‍ , മനീഷ് തിവാരി എന്നീ കോണ്‍ഗ്രസ് നേതാക്കള്‍ ആ പാര്‍ടിക്കകത്തുപോലും രൂക്ഷവിമര്‍ശനത്തിനു ഇരയായി. അവസാനം പ്രധാനമന്ത്രി അണ്ണാ ഹസാരെയെ അറസ്റ്റുചെയ്തത് മുതല്‍ നടന്ന സംഭവങ്ങള്‍ക്ക് പാര്‍ലമെന്റില്‍ ഖേദം പ്രകടിപ്പിച്ചു. അറസ്റ്റിനു ഉത്തരവാദി താനല്ല എന്ന് വ്യക്തമാക്കുകയുംചെയ്തു.

അണ്ണാ ഹസാരെ ടീമിന്റെ മൂന്നുനിര്‍ദേശങ്ങളാണ് സര്‍ക്കാര്‍ പ്രധാനമായി അംഗീകരിച്ചത്. ഒന്ന്- മന്ത്രിമാര്‍ , എംപിമാര്‍ , ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് പുറമെ പ്രധാനമന്ത്രിയെയും കീഴ്തട്ടിലുള്ള ഉദ്യോഗസ്ഥരെയും ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തും. രണ്ട്- ലോക്പാല്‍ പോലെ തന്നെ ശക്തമായ അധികാരങ്ങളോടുകൂടിയ ലോകായുക്തമാരെ സംസ്ഥാനങ്ങളില്‍ നിയമിക്കാന്‍ നിയമത്തില്‍ വ്യവസ്ഥ ചെയ്യും. മൂന്ന്- എല്ലാ അധികാരസ്ഥാനങ്ങളും പൗരാവകാശരേഖ തയ്യാറാക്കാന്‍ ബില്‍ വഴി ബാധ്യസ്ഥരാകും. അതിലെ ഉറപ്പുകള്‍ നിശ്ചിത കാലാവധിക്കുള്ളില്‍ പാലിക്കാന്‍ അവര്‍ ബാധ്യസ്ഥരാകും. ജഡ്ജിമാരുടെ അഴിമതി അന്വേഷിച്ച് നടപടി കൈക്കൊള്ളാന്‍ ജുഡീഷ്യല്‍ പെരുമാറ്റ കമീഷന്‍ രൂപീകരിക്കണമെന്ന് അണ്ണാ ഹസാരെയും അംഗീകരിക്കുന്നു. പാര്‍ലമെന്റില്‍ സര്‍ക്കാര്‍ അവതരിപ്പിച്ച സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ട ലോക്പാല്‍ ബില്‍ അപ്രസക്തമായിരിക്കുന്നു. ജനലോക്പാല്‍ ബില്ലും ആ കമ്മിറ്റിയുടെ പരിഗണനയ്ക്ക് സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന സര്‍വകക്ഷി സമ്മേളനവും, സര്‍ക്കാരും അണ്ണാ സംഘവും തമ്മില്‍ നടത്തിയ കൂടിയാലോചനകളും അംഗീകരിച്ച ധാരണയുടെയും വ്യവസ്ഥകളുടെയും അടിസ്ഥാനത്തിലായിരിക്കും ഇനി കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുക. യുപിഎ ഒഴിച്ചുള്ള കക്ഷികളെല്ലാം ഈ നിലപാട് അംഗീകരിച്ചതുകൊണ്ട് കോണ്‍ഗ്രസ് നേതൃത്വത്തിനോ ഗവണ്‍മെന്റിനോ മുമ്പ് ചെയ്യാന്‍ ശ്രമിച്ചതുപോലെ ഏകപക്ഷീയമായി കാര്യങ്ങള്‍ കൊണ്ടുപോകാന്‍ കഴിയില്ല. പ്രധാനമന്ത്രിയെ ലോക്പാലിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കാനുള്ള ശ്രമം രാജ്യത്താകെ ഉണ്ടാക്കിയ പ്രതീതി കോണ്‍ഗ്രസ് അഴിമതിക്കാരെ വഴിവിട്ട് സംരക്ഷിക്കാന്‍ ശ്രമിക്കുന്നു എന്നതാണ്. 2ജി സ്പെക്ട്രം, കോമണ്‍വെല്‍ത്ത് ഗെയിംസ്, കെജി തടത്തിലെ പ്രകൃതിവാതക വില്‍പ്പന മുതലായവ ഭീമമായ അഴിമതിയും അത് സംബന്ധിച്ച ഗവണ്‍മെന്റിന്റെ നിഷ്ക്രിയത്വവും ജനങ്ങളെ ക്ഷുഭിതരാക്കിയിരുന്നു. ആ സന്ദര്‍ഭത്തിലാണ് ലോക്പാല്‍ ബില്‍ തങ്ങള്‍ ഉദ്ദേശിക്കുന്ന തരത്തില്‍ മാത്രമേ പാസാക്കൂ എന്ന് സര്‍ക്കാര്‍ ശാഠ്യം പിടിച്ചത്. ഇങ്ങനെ അന്തരീക്ഷം വീര്‍പ്പുമുട്ടി നില്‍ക്കുമ്പോഴാണ് അണ്ണാ ഹസാരെ ജനലോക്പാല്‍ ബില്ലുമായി മുന്നോട്ടുവന്നതും അതിനെതിരെ യുപിഎ സര്‍ക്കാര്‍ മുട്ടാപ്പോക്ക് നയം സ്വീകരിച്ചതും.

ജനങ്ങളും പ്രതിപക്ഷ പാര്‍ടികളും അണ്ണാ ഹസാരെയുടെ സമരത്തിനു പിന്തുണ നല്‍കി. അണ്ണാ ഹസാരെയും സുഹൃത്തുക്കളും കൈക്കൊണ്ട നിലപാടോ ചെയ്ത നടപടികളോ എല്ലാം ശരിയാണെന്ന് ഇതിനര്‍ഥമില്ല. രാഷ്ട്രീയ പാര്‍ടികളെയും ജനാധിപത്യവ്യവസ്ഥയെയും പാര്‍ലമെന്റിനെയും ഭരണഘടനയെയും പുല്ലുവില കല്‍പ്പിക്കുന്ന നിലപാട് ഒന്നിലേറെ തവണ അണ്ണാസംഘത്തില്‍നിന്നുണ്ടായി. രാഷ്ട്രീയപാര്‍ടികള്‍ മാത്രമല്ല അരുണാ റോയ്, സ്വാമി അഗ്നിവേശ് മുതലായവരും അണ്ണാഹസാരെയുടെ ചില നിലപാടുകളെ പരസ്യമായി വിമര്‍ശിക്കുകയും തള്ളിപ്പറയുകയുംചെയ്തു. പാര്‍ലമെന്റില്‍ അഴിമതിക്കാരായ എംപിമാരുണ്ട് എന്നത് നേരാണ്. അതുകൊണ്ട് പാര്‍ലമെന്റിനെ അംഗീകരിക്കില്ല എന്ന നിലപാട് കൈക്കൊള്ളാനാകില്ല. ഇവിടെ ഭരണഘടനപ്രകാരം നിയമനിര്‍മാണത്തിനു അധികാരം പാര്‍ലമെന്റിനു മാത്രമാണ്. അഴിമതിക്കാര്‍ എംപിമാരാകാതിരിക്കാന്‍ വേണ്ടത് ജനപ്രാതിനിധ്യനിയമം ഉചിതമായ രീതിയില്‍ ഭേദഗതി ചെയ്യുകയാണ്. പാര്‍ലമെന്റും അതിന്റെ നടപടിക്രമങ്ങളും തങ്ങള്‍ പറയുന്നത് അംഗീകരിക്കണം എന്ന ഹസാരെ സംഘത്തിന്റെ നിലപാടില്‍ സ്വേച്ഛാധിപത്യ പ്രവണത നിഴലിച്ചിരുന്നു. ലോക്പാലിനെ പാര്‍ലമെന്റിനും പ്രസിഡന്റിനും അതീതമായ അധികാര സ്ഥാനമാക്കണം എന്ന നിര്‍ദേശം ഹസാരെ സംഘം ഉന്നയിച്ചിരുന്നു. അത് അഴിമതി തടയാന്‍ പര്യാപ്തമല്ല. അഴിമതിയുടെയും സ്വേച്ഛാധികാരത്തിന്റെയും പുതിയൊരു കേന്ദ്രം ഉണ്ടാകാനാണ് അത് ഇടയാക്കുക. അതിനോട് ജനാധിപത്യബോധമുള്ള ആര്‍ക്കും യോജിക്കാനാകില്ല. ഇങ്ങനെ ചില കാര്യങ്ങളില്‍ അണ്ണാസംഘം പൂര്‍ണമായോ അവരില്‍ ചിലരോ നടത്തിയ അഭിപ്രായപ്രകടനങ്ങളെ ഇടതുപക്ഷം ഉള്‍പ്പെടെയുള്ള ജനവിഭാഗങ്ങള്‍ വിമര്‍ശിച്ചിരുന്നു. അതിനെ തുടര്‍ന്ന് അവര്‍ വിവിധ രാഷ്ട്രീയപാര്‍ടികളും ഗ്രൂപ്പുകളുമായി ചര്‍ച്ചയ്ക്ക് സന്നദ്ധരായി. ഇത് സംഭവിച്ചത് അണ്ണാ ഹസാരെയുടെ നിരാഹാരസമരത്തെ ചില വാര്‍ത്താമാധ്യമങ്ങള്‍ മൊത്തത്തില്‍ നിയന്ത്രിക്കാന്‍ ശ്രമിച്ചതുമൂലമാണ്. ഇതിനു അണിയറയില്‍നിന്ന് ചരടുവലിച്ചത് അഴിമതിയുടെ മൂര്‍ത്തീകരണങ്ങളായ ചില കുത്തകകളും ചില വിദേശ താല്‍പ്പര്യക്കാരുമായിരുന്നു. ഇന്ത്യയിലെ രാഷ്ട്രീയ- ബഹുജന പ്രസ്ഥാനങ്ങളെ അപ്പാടെ അപ്രസക്തമാക്കാനായിരുന്നു അവരുടെ നീക്കം. ഇത് മനസ്സിലാക്കി ഇവരുടെ പ്രചാരണത്തിന്റെയും അണ്ണാഹസാരെ സംഘത്തിന്റെ ചില പ്രസ്താവനകളുടെയും ജനാധിപത്യവിരുദ്ധ സ്വഭാവം തുറന്നുകാട്ടുകയും ഹസാരെയെയും മറ്റും ബോധ്യപ്പെടുത്തുകയും ചെയ്യാന്‍ പലരും സജീവമായി ഇടപെട്ടു. ആണവക്കരാറിന്റെ കാര്യത്തിലടക്കം വിദേശ- സ്വദേശ കുത്തകകള്‍ക്ക് രാജ്യത്തെ തീറെഴുതുന്നതില്‍ ഇടത്തരക്കാരുടെയും മറ്റും പിന്തുണ നേടാന്‍കഴിഞ്ഞ യുപിഎ സര്‍ക്കാരിനു, ലോക്പാല്‍ ബില്ലിന്റെ കാര്യത്തില്‍ അതിനുകഴിഞ്ഞില്ല. ഞെട്ടിപ്പിക്കുന്ന അഴിമതികള്‍ യുപിഎ സര്‍ക്കാരിന്റെ- പ്രധാനമന്ത്രിയടക്കമുള്ളവരുടെ - അറിവോടും സമ്മതത്തോടും കൂടി നടന്നതായി സി ആന്‍ഡ് എ ജിയുടെ റിപ്പോര്‍ട്ടുകളും സുപ്രീംകോടതിയിലെ കേസ് വിചാരണയും വെളിവാക്കിയിരുന്നു. തങ്ങള്‍ നിരപരാധികളാണെന്ന് ആരെയും ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിനുകഴിഞ്ഞില്ല എന്നു മാത്രമല്ല, മറിച്ചുള്ള പല തെളിവുകളും ജനശ്രദ്ധയില്‍ വരികയുംചെയ്തു. അതോടെയാണ് ജനങ്ങളില്‍ വലിയൊരുഭാഗം സര്‍ക്കാരിനെതിരെ തിരിഞ്ഞത്. ഈയൊരു പശ്ചാത്തലത്തിലാണ് അണ്ണാ ഹസാരെ അഴിമതിവിരുദ്ധ സമരത്തിനു മുന്നോട്ടുവന്നത്. ഇടതുപക്ഷമായിരുന്നു അഴിമതിയുടെ ഭീമാകാരം ജനശ്രദ്ധയില്‍ ആദ്യം കൊണ്ടുവന്നത്. സിപിഐ എം പിബി അംഗം സീതാറാം യെച്ചൂരി പ്രധാനമന്ത്രിക്ക് ഇത് സംബന്ധമായി പലതവണ കത്തുകള്‍ എഴുതി. പാര്‍ലമെന്റിലും പുറത്തും പാര്‍ടി നേതാക്കള്‍ വിഷയം ഉന്നയിച്ചു. ഇപ്പോള്‍ അഴിമതിയെക്കുറിച്ച് വലിയ പ്രചാരണം നടത്തുന്ന മാധ്യമങ്ങള്‍ അക്കാലത്തൊക്കെ അത് മറച്ചുപിടിക്കാനാണ് ശ്രമിച്ചത്. ടാറ്റ, റിലയന്‍സ് മുതലായ കുത്തകകളുടെ ഇതുമായി ബന്ധപ്പെട്ട ഇടപെടല്‍ വിവരം പുറത്തുവന്നതോടെ അഴിമതി അന്വേഷണം വഴിതിരിച്ചുവിടാന്‍ അവര്‍ സജീവമായി ഇടപെട്ടു.

അങ്ങനെയാണ് അണ്ണാ ഹസാരെക്ക് കുത്തക മാധ്യമങ്ങളുടെ അകമ്പടിയോടുകൂടിയ വലിയ പ്രചാരം സിദ്ധിച്ചത്. ഇടത്തരക്കാരുടെ പിന്തുണ സംഘടിപ്പിക്കപ്പെട്ടതില്‍ കുത്തകകളുടെയും മാധ്യമങ്ങളുടെയും സജീവമായ പങ്കുണ്ട്. പക്ഷേ, ഇവരാരും ഉദ്ദേശിച്ച രീതിയിലല്ല അണ്ണാ ഹസാരെയുടെ നിരാഹാരസമരവും അഴിമതിയെ തുറന്നുകാട്ടുന്നതും മുന്നോട്ടു നീങ്ങിയത്. സ്ഥാപിത താല്‍പ്പര്യക്കാരുടെ ഇംഗിതം അനുസരിച്ച് അഴിമതിവിരുദ്ധ സമരത്തെ രൂപപ്പെടുത്താനും മുന്നോട്ടുകൊണ്ടുപോകാനുള്ള ചിലരുടെ ഇടപെടല്‍ പൊളിഞ്ഞിരിക്കുന്നു. എല്ലാ ജനങ്ങളും ബഹുജനസംഘടനകളും രാഷ്ട്രീയപ്രസ്ഥാനങ്ങളും ഈ സമരത്തിനൊപ്പമുണ്ട്. ആ പിന്‍ബലം ഉള്ളതുകൊണ്ട് ലോക്പാല്‍ ബില്‍ ജനങ്ങള്‍ ആഗ്രഹിക്കുന്ന രൂപത്തില്‍ പാസാക്കാന്‍ പാര്‍ലമെന്റ് നിര്‍ബന്ധിതമാകും. അതേസമയം, സര്‍ക്കാരും അഴിമതിലോബികളും കാര്യക്ഷമമായ ലോക്പാല്‍ പ്രവര്‍ത്തനം ആഗ്രഹിക്കുന്നില്ല. അതിനാല്‍ നാമമാത്രമായ ലോക്പാല്‍ സംവിധാനം ഏര്‍പ്പെടുത്താനായിരിക്കും അവരുടെ നീക്കം. അവസാനംവരെ കണ്ണിലെണ്ണയൊഴിച്ചിരുന്ന് ലോക്പാല്‍ ബില്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്ന രൂപത്തില്‍ പാസാക്കും എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

സി പി നാരായണന്‍ deshabhimani 090911

1 comment:

  1. അണ്ണാ ഹസാരെയുടെ നിരാഹാരം പതിമൂന്നാംദിനമാണ് അവസാനിപ്പിച്ചത്. അതൊരു നിര്‍ണായക വിജയമായിരുന്നു. ഹസാരെയെ നിരാഹാരസമരം തുടങ്ങുംമുമ്പ് ജയിലിലടച്ച് സമരം പൊളിക്കാനുള്ള യുപിഎ സര്‍ക്കാരിന്റെ നീക്കം പരാജയപ്പെട്ടു. വാസ്തവത്തില്‍ സമരം തടയുന്നതിനും അണ്ണാ ഹസാരെയെക്കുറിച്ച് അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നതിനും ജനലോക്പാല്‍ ബില്ലിലെ വ്യവസ്ഥകളെ ദുര്‍വ്യാഖ്യാനം ചെയ്യുന്നതിനും യുപിഎ, വിശേഷിച്ച് അതിന്റെ കോണ്‍ഗ്രസ് നേതൃത്വം, പ്രയോഗിച്ച അടവുകളൊക്കെ പാളിപ്പോയി. അദ്ദേഹത്തെ അധിക്ഷേപിച്ച് സംസാരിച്ച പി ചിദംബരം, കപില്‍ സിബല്‍ , മനീഷ് തിവാരി എന്നീ കോണ്‍ഗ്രസ് നേതാക്കള്‍ ആ പാര്‍ടിക്കകത്തുപോലും രൂക്ഷവിമര്‍ശനത്തിനു ഇരയായി. അവസാനം പ്രധാനമന്ത്രി അണ്ണാ ഹസാരെയെ അറസ്റ്റുചെയ്തത് മുതല്‍ നടന്ന സംഭവങ്ങള്‍ക്ക് പാര്‍ലമെന്റില്‍ ഖേദം പ്രകടിപ്പിച്ചു. അറസ്റ്റിനു ഉത്തരവാദി താനല്ല എന്ന് വ്യക്തമാക്കുകയുംചെയ്തു.

    ReplyDelete