സ്വാതന്ത്ര്യാനന്തര ഭാരതം കണ്ട നിയമങ്ങളില്‍ തികച്ചും തൊഴിലാളി കേന്ദ്രീകൃതമായ ഒരു നിയമമാണ് 2005 ആഗസ്റ്റ് 25 ന് ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം. ഒന്നാം യു.പി.എ. ഗവണ്‍മെന്റിന്റെ കാലത്ത് ഇടതു പക്ഷത്തിന്റെ അതിശക്തമായ ഇടപെടലിന്റെയും സമ്മര്‍ദ്ദത്തിന്റെയും ഭാഗമായി രൂപപ്പെട്ടുവന്നതാണ് ഈ നിയമം. 2006 ഫെബ്രുവരി 2 ന് ആന്ധ്രാപ്രദേശിലെ അനന്തപൂരില്‍ ആരംഭിച്ച ഈ സംരംഭം 2007-08 ല്‍ 200 ജില്ലകളിലേക്കും തുടര്‍ന്ന് 625 ജില്ലകളിലേക്കും വ്യാപിപ്പിക്കപ്പെട്ടു. ഗ്രാമീണ മേഖലയിലെ കാര്‍ഷികാഭിവൃദ്ധിക്കും ഗ്രാമീണ ജനതയുടെ വാങ്ങല്‍ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ദാരിദ്ര്യ ലഘൂകരണത്തിനും ഒരു പരിധിവരെ പര്യാപ്തമാണിത്. 2010-11 ല്‍ 4 കോടി 40 ലക്ഷം കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുകയുണ്ടായി. ഇതില്‍ 23% പട്ടികജാതി വിഭാഗത്തില്‍ പെട്ടവരും 17% പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ പെട്ടവരുമാണ്.
84 കോടിയോളം ജനങ്ങള്‍ക്ക് ഒരു ദിവസം 20 രൂപയ്ക്ക് താഴെമാത്രം വരുമാനമുള്ള ഒരു രാജ്യത്ത് ഈ നിയമം ഏറെ പ്രസക്തമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇതു മനസ്സിലാക്കിക്കൊണ്ടുതന്നെ ഈ നിയമം നഗര പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിനു പകരം ഗ്രാമീണ മേഖലയില്‍ത്തന്നെ ഓരോ ബഡ്ജറ്റിലും നീക്കിവെക്കുന്ന തുക കേന്ദ്രം കുറച്ചുകൊണ്ടു വരികയാണ്. 2010-11 ല്‍ 40,100 കോടി രൂപ നീക്കിവെച്ച സ്ഥാനത്ത് 2011-12 ല്‍ 40,000 കോടി മാത്രമാണ് നീക്കിവെച്ചത്. കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ മാതൃകാപരമായി ഈ പദ്ധതി നടപ്പിലാക്കി. രാജ്യത്തെ തന്നെ ശക്തമായ പഞ്ചായത്ത്രാജ് സംവിധാനം നിലനില്‍ക്കുന്ന ഒരു സംസ്ഥാനമെന്ന നിലയില്‍ ഫലപ്രദമായ ഇത്തരം സംവിധാനത്തിലൂടെ പദ്ധതിയുടെ ആസൂത്രണം മുതല്‍ നിര്‍വ്വഹണം, മോണിറ്ററിംഗ് വരെയുള്ള കാര്യങ്ങള്‍ സുതാര്യമായി നടപ്പിലാക്കാന്‍ കഴിഞ്ഞു. മാത്രമല്ല, നഗരപ്രദേശങ്ങളിലേക്കും തൊഴിലുറപ്പ് പദ്ധതി വ്യാപിപ്പിച്ചു. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് എല്‍ .ഡി.എഫ്. സര്‍ക്കാര്‍ ബജറ്റില്‍ തുകയും അനുവദിച്ചു. നിര്‍ഭാഗ്യകരമെന്നു പറയട്ടെ യു.ഡി.എഫ്. അധികാരത്തില്‍ വന്നതിനു ശേഷം ആ പദ്ധതി നിര്‍ജ്ജീവമാകുകയാണ്. ഇതിനെതിരായ അതിശക്തമായ പ്രക്ഷോഭം ഈ രംഗത്ത് ആരംഭിക്കേണ്ടതുണ്ട്.
തൊഴിലുറപ്പ് നിയമം ഇന്ത്യാരാജ്യത്ത് ഏറ്റവും മാതൃകാപരമായി നടപ്പിലാക്കിയ സംസ്ഥാനം കേരളമാണെന്ന് പലകുറി കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. അടുത്തയിടെ കേന്ദ്ര ഗ്രാമ വികസന വകുപ്പ് സഹമന്ത്രി പ്രദീപ് ജെയിന്‍ ലോക്സഭയില്‍ കേരളത്തിന്റെ കഴിഞ്ഞകാല പ്രവര്‍ത്തനത്തെ ശ്ലാഘിച്ച് സംസാരിക്കുകയുണ്ടായി. തൊഴില്‍ ലഭിച്ച തൊഴിലാളികളുടെ എണ്ണത്തില്‍ 2008 മുതല്‍ 2011 വരെ കേരളം വലിയ മുന്നേറ്റമുണ്ടാക്കി. 2008-09 ല്‍ 6,92,015 കുടുംബങ്ങള്‍ക്ക് തൊഴില്‍ നല്‍കിയപ്പോള്‍ 2010-11 ല്‍ അത് 11,75,816 കുടുംബങ്ങളായി ഉയര്‍ന്നു. ചെലവഴിച്ച തുകയുടെ കാര്യത്തിലും വലിയ വര്‍ദ്ധനവുണ്ടായി. 2008-09 ല്‍ 185 കോടി രൂപ ചെലവഴിച്ചപ്പോള്‍ 2010-11 ല്‍ 637 കോടി രൂപ ചെലവഴിച്ചു. എല്‍ .ഡി.എഫ്. സര്‍ക്കാര്‍ കാര്യക്ഷമമായ ഇടപെടല്‍ ഈ രംഗത്ത് നടത്തി എന്നതിന്റെ തെളിവാണിത്. എന്നാല്‍ ഇന്നത്തെ സ്ഥിതി ഒട്ടും ആശാവഹമല്ല. നിയമം തൊഴിലാളിക്ക് അനുകൂലമായ രീതിയില്‍ പാസാക്കിയെങ്കിലും അവകാശങ്ങള്‍ തൊഴിലാളിക്ക് നിഷേധിക്കുന്ന സമീപനമാണ് വളര്‍ന്നു വരുന്നത്. നിയമത്തില്‍ അനുശാസിക്കുന്നത് അതാത് സംസ്ഥാനത്ത് നിലനില്‍ക്കുന്ന മിനിമം കൂലി നല്‍കണമെന്നതാണ്. കേരളം കഴിഞ്ഞ മൂന്ന് വര്‍ഷമായി കേന്ദ്ര സര്‍ക്കാരിനോട് നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ് മിനിമം വേതനം 200 രൂപയാക്കണമെന്നത്. പക്ഷേ കേന്ദ്രം മുഖം തിരിച്ച് നില്‍ക്കുകയാണ്.
തൊഴിലുറപ്പ് രംഗത്ത് നിലവില്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഈ മേഖലയെ പാടെ അവഗണിച്ചു പോവുകയാണ് ചെയ്യുന്നത്. നിലവില്‍ ഒട്ടേറെ പ്രശ്നങ്ങള്‍ ഉയര്‍ന്നു വരികയാണ്. നിയമ പരിരക്ഷ തൊഴിലാളികള്‍ക്ക് അന്യമാകുന്ന തരത്തില്‍ വരെ പല പ്രശ്നങ്ങളും വളര്‍ന്നു വരികയാണ്.
1. നിയമത്തില്‍ പറയുന്നതു പോലെ തൊഴിലിനു വേണ്ടിയുള്ള അപേക്ഷ സ്വീകരിക്കാനോ പറ്റ് രസീതി നല്‍കാനോ പല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും തയ്യാറാകുന്നില്ല. അപേക്ഷ സ്വീകരിക്കുന്ന പഞ്ചായത്തുകളില്‍ പലതും 15 ദിവസത്തിനുള്ളില്‍ തൊഴില്‍ നല്‍കണമെന്ന നിബന്ധന കാറ്റില്‍ പറത്തുന്നു. തൊഴില്‍ നല്‍കുന്നില്ല എന്നു മാത്രമല്ല അങ്ങനെ നല്‍കാതിരുന്നാല്‍ തൊഴിലില്ലായ്മ വേതനം ലഭിക്കാനുള്ള അര്‍ഹതയും നഷ്ടപ്പെടുത്തുകയാണ്. പല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും തൊഴിലപേക്ഷകര്‍ക്ക് പറ്റ് രസീതി നല്‍കാത്തതു കാരണം തൊഴിലില്ലായ്മ വേതനത്തിന് അപേക്ഷിക്കുവാനും തൊഴിലാളിക്ക് സാധിക്കുന്നില്ല.
2. തൊഴില്‍ സ്ഥലത്ത് കുടിവെള്ളം, പ്രഥമ ശുശ്രൂഷാ കിറ്റ്, വിശ്രമ സൗകര്യം തുടങ്ങിയവ നിയമപരമായി ഒരുക്കിക്കൊടുക്കാന്‍ ബന്ധപ്പെട്ട പഞ്ചായത്ത് ബാധ്യസ്ഥമാണ്. ഇത് തീര്‍ത്തും നിഷേധിക്കപ്പെടുകയാണ്. അപൂര്‍വ്വം ചില പഞ്ചായത്തുകള്‍ ഈ സൗകര്യങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും ഒരു വാര്‍ഡില്‍ ഒന്നിലധികം പ്രവൃത്തികള്‍ ഒരേ സമയം നടക്കുമ്പോള്‍ പ്രസ്തുത സൗകര്യങ്ങള്‍ എല്ലാ സ്ഥലത്തും ഏര്‍പ്പെടുത്തുവാന്‍ തയ്യാറാകുന്നില്ല.
3. വൃത്തി ഹീനമായ പ്രദേശങ്ങളില്‍ പ്രവൃത്തി ചെയ്യുന്ന തൊഴിലാളിക്ക് കൈയുറയും ബൂട്ടുകളും നല്‍കാന്‍ നിയമം വ്യവസ്ഥ ചെയ്യുന്നു. പക്ഷേ അതൊന്നും ലഭ്യമാക്കുന്നില്ല. ഇതിന്റെ ഫലമായി ക്രമേണ തൊഴിലാളികള്‍ക്ക് പല രോഗങ്ങളും പിടിപെടാന്‍ സാധ്യതയുണ്ട്.
4. ആരംഭ കാലത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പണിയായുധങ്ങള്‍ വാങ്ങി നല്‍കിയെങ്കിലും ഇപ്പോള്‍ തൊഴിലാളികളോട് തന്നെ അവ കൊണ്ടുവരാന്‍ നിര്‍ബന്ധിക്കുകയാണ്. പണിയായുധങ്ങള്‍ വാങ്ങേണ്ട ചെലവ് വഹിക്കാന്‍ തൊഴിലാളികള്‍ക്ക് ഏറെ പ്രയാസമനുഭവപ്പെടുന്നു. തൊഴിലാളികള്‍ വാങ്ങിയാലും തുച്ഛമായ വാടകയാണ് നല്‍കുന്നത്. ഭൂരിഭാഗം പഞ്ചായത്തുകളും അതും നല്‍കുന്നില്ല. നല്‍കുന്ന തുച്ഛമായ തുക വേതനത്തോടൊപ്പം നല്‍കണമെന്ന വ്യവസ്ഥയും പാലിക്കപ്പെടുന്നില്ല.
5. തൊഴിലാളി താമസിക്കുന്ന സ്ഥലത്തു നിന്നും 5 കി.മീ. അകലെയാണ് പണിസ്ഥലമെങ്കില്‍ പണിയായുധങ്ങള്‍ ഉള്‍പ്പെടെ കൊണ്ടു പോകുന്ന തൊഴിലാളിക്ക് 10% അധിക വേതനം നല്‍കണമെന്ന നിയമവ്യവസ്ഥ പല സ്ഥലത്തും നടപ്പില്‍ വരുത്തുന്നില്ല.
6. തൊഴിലാളികളെ ബോധ്യപ്പെടുത്തി പ്രവൃത്തിയുടെ അളവ് എടുക്കണമെന്നതാണ് നിയമമെങ്കിലും അത് പാലിക്കപ്പെടാറില്ല. ഏകപക്ഷീയമായി അളന്ന് മിനിമം വേതനത്തില്‍ കുറവു വരുത്തി കൂലി നല്‍കുന്ന പതിവ് വ്യാപകമാണ്. എന്നാല്‍ അളവ് കൂടുതല്‍ വന്നാല്‍ അധിക കൂലി നല്‍കാനും തയ്യാറാകുന്നില്ല. അളവിനനുസരിച്ച് കൂലി കൊടുക്കുമ്പോള്‍ കൂടുതല്‍ അളവ് ലഭ്യമായാല്‍ അതിനനുസരിച്ച് അധിക വേതനം നല്‍കാമെന്നും നിയമവ്യവസ്ഥയുണ്ടെങ്കിലും ഇത് വ്യാപകമായി ലംഘിക്കപ്പെടുകയാണ്.
7. വേതനം 15 ദിവസത്തിനകം നല്‍കുന്നില്ലെന്ന് മാത്രമല്ല ഒന്നും രണ്ടും മാസങ്ങള്‍ക്ക് ശേഷം നല്‍കുന്ന പഞ്ചായത്തുകളുമുണ്ട്. ഇതു കാരണം തൊഴിലാളികള്‍ക്ക് ന്യായമായ പലിശ ലഭിക്കാന്‍ നിയമപരമായ അര്‍ഹതയുണ്ടെങ്കിലും ആയത് നടപ്പില്‍ വരുത്തുന്നില്ല. സംസ്ഥാനത്ത് ഒരു പഞ്ചായത്തിലും വേതനം താമസിച്ചതിന് തൊഴിലാളികള്‍ക്ക് കോമ്പന്‍സേഷനോ പലിശയോ കൊടുത്തു കാണുന്നില്ല.
8. പണിസ്ഥലത്ത് അപകടമുണ്ടാകുമ്പോള്‍ ഇപ്പോള്‍ നല്‍കിവരുന്ന ചികിത്സാ സഹായം തികച്ചും അപര്യാപ്തമാണ്. ആസ്പത്രിയില്‍ കിടക്കുമ്പോഴും വീട്ടില്‍ വന്നു രോഗം ഭേദമാകുന്നതുവരെ വിശ്രമിക്കുമ്പോഴും ഒരു സഹായവും ലഭ്യമാകാത്ത സ്ഥിതിയാണിന്ന് നിലവിലുള്ളത്. ഇതുകാരണം തൊഴിലാളികള്‍ അനുഭവിക്കുന്ന വിഷമങ്ങള്‍ വിവരണാതീതമാണ്. പകുതി വേതനം നല്‍കാന്‍ നിയമമുണ്ടെങ്കിലും ഇതും നിഷേധിക്കുകയാണ്.
9. പണിസ്ഥലത്തു നിന്നും അപകടമുണ്ടായി ഭാവിയില്‍ ജോലി ചെയ്യാന്‍ അവശത നേരിടുന്ന തൊഴിലാളികള്‍ക്ക് ഒരു സഹായവും നിലവില്‍ നല്‍കുന്നില്ല. അവരുടെ നിസ്സഹായാവസ്ഥയ്ക്ക് പരിഹാരമായി പെന്‍ഷനും മറ്റാനുകൂല്യങ്ങളും നല്‍കേണ്ടതാണ്. പണിസ്ഥലത്ത് അപകടമരണമുണ്ടായാല്‍ മരണാനന്തര സഹായമായി ഇപ്പോള്‍ ലഭ്യമാകുന്ന തുക കേവലം 25000/- രൂപ മാത്രമാണ്. ചുരുങ്ങിയത് ഒരു ലക്ഷം രൂപയായെങ്കിലും ഇത് വര്‍ദ്ധിപ്പിക്കേണ്ടതാണ്.
10. ഒരു കുടുംബത്തിന് ഒരു തൊഴില്‍ കാര്‍ഡ് നല്‍കാന്‍ നിയമവ്യവസ്ഥയുണ്ട്. എന്നാല്‍ ഒരു വീട്ടില്‍ ഒന്നിലധികം കുടുംബങ്ങള്‍ ഒരുമിച്ച് താമസിക്കുന്നുണ്ടെങ്കില്‍ (പ്രത്യേകം പ്രത്യേകം വീടില്ലാത്ത കാരണത്താല്‍) പ്രത്യേകം റേഷന്‍ കാര്‍ഡില്ല എന്ന കാരണത്താല്‍ തൊഴില്‍ കാര്‍ഡ് നിഷേധിക്കപ്പെടുകയാണ്. തികച്ചും നിയമവിരുദ്ധമായ ഈ കാര്യം അവസാനിപ്പിക്കാന്‍ ഒരു നടപടിയും സ്വീകരിച്ചു കാണുന്നില്ല. തൊഴില്‍ ലഭിക്കാനുള്ള നിയമപരമായ അവകാശത്തിന്മേലുള്ള കടന്നു കയറ്റമായും നീതി നിഷേധമായും കണക്കാക്കി ഇത് തിരുത്തേണ്ടതാണ്.
11. ഭക്ഷ്യ സുരക്ഷയുടെ ഭാഗമായി നെല്‍കൃഷിക്ക് അനുയോജ്യമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ പല തടസ്സങ്ങളും ഉള്ളതിനാല്‍ നെല്ലുല്പാദന മേഖലയില്‍ കാര്യക്ഷമമായി ഇടപെടാന്‍ സാധിക്കുന്നില്ല. ഇക്കാര്യം എല്‍ .ഡി.എഫ്. സര്‍ക്കാര്‍ നിരവധി തവണ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടും യാതൊരുവിധ നടപടിയും ഉണ്ടായില്ല.
12. അഞ്ചേക്കറില്‍ താഴെ കൃഷിയുള്ള കൃഷിക്കാരുടെ ഭൂ-ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുമ്പോള്‍ ഗുണഭോക്താവായ കൃഷിക്കാരന്‍ നിര്‍ബന്ധമായും മറ്റുള്ളവരോടൊപ്പം ജോലിചെയ്യണമെന്ന വ്യവസ്ഥയ്ക്ക് ഇളവ് നല്‍കേണ്ടതാണ്.
13. നടപടിക്രമങ്ങള്‍ പരിഷ്കരിക്കുകയും പുതിയ പുതിയ നടത്തിപ്പു രീതികള്‍ ആവിഷ്കരിക്കുകയും ചെയ്യുമ്പോള്‍ അത് തൊഴിലാളികള്‍ക്ക് ഉണ്ടാക്കുന്ന പ്രയാസങ്ങള്‍ കണക്കിലെടുക്കുന്നില്ല എന്നു മാത്രമല്ല പലതും ആക്ടിന്റെ നിഷേധവുമാണ്.
14. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്കും, ചെറുകിട-നാമമാത്ര കൃഷിക്കാര്‍ക്കും പ്രകൃതി സംരക്ഷണ പ്രവൃത്തികള്‍ക്കും പ്രയോജനപ്പെടുന്ന രീതിയില്‍ പദ്ധതികള്‍ ആവിഷ്കരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
15. തൊഴിലാളികളുടെ പ്രശ്നങ്ങളും പരാതികളും കേള്‍ക്കാനും സമയാസമയം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാനും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച ഓംബുഡ്സ്മാന്‍ രൂപീകരിക്കാന്‍ ഇതുവരെ സന്നദ്ധമായിട്ടില്ല. ഇതുമൂലം തൊഴിലാളികളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ ഉദ്യോഗസ്ഥ സംവിധാനത്തിന് സാധിക്കുന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. സംസ്ഥാന സര്‍ക്കാര്‍ ഓംബുഡ്സ്മാന്റെ രൂപീകരണം അടിയന്തിരമായും നടത്തണം.
16. നാല്പത് തൊഴിലാളികള്‍ ഉണ്ടെങ്കില്‍ മാത്രമേ, തൊഴിലാളികളെ സഹായിക്കുവാനായി "മേറ്റുമാരെ" നിയമിക്കാവൂ എന്ന ഇപ്പോഴുണ്ടാക്കിയ ഉത്തരവ് പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാക്കാനേ ഉപകരിക്കുന്നുള്ളൂ. മേറ്റുമാര്‍ ആവശ്യമായ തൊഴിലാളികളുടെ മസ്റ്റര്‍ റോള്‍ തയ്യാറാക്കല്‍ അടക്കമുള്ള പ്രവൃത്തികള്‍ ചെയ്യുന്നതോടൊപ്പം തൊഴിലാളികളെ പോലെത്തന്നെ പണിയും ചെയ്യണമെന്ന നിബന്ധന അവരുടെ അധ്വാനവും ജോലിഭാരവും വര്‍ദ്ധിപ്പിക്കുന്നു. മുഴുവന്‍ സമയ മേറ്റുമാരെ ലഭിക്കാത്ത സാഹചര്യത്തില്‍ തൊഴിലാളികള്‍ക്ക് പ്രവൃത്തിയെ സംബന്ധിച്ച വിവരങ്ങളൊന്നും ലഭ്യമാകാത്ത സ്ഥിതി നിലവിലുണ്ട്. എത്ര പണിയെടുക്കണമെന്നോ എങ്ങനെ പണിയെടുക്കണമെന്നോ പറഞ്ഞു കൊടുക്കാന്‍ ആരുമില്ലാത്ത പരിതസ്ഥിതിയില്‍ തൊഴിലാളികള്‍ അമിതമായ ചൂഷണത്തിന് വിധേയരാകുകയാണ്.
17.വ്യക്തമായ വ്യവസ്ഥകള്‍ പാലിച്ചുകൊണ്ട് എസ്റ്റിമേറ്റ് യഥാവിധി തയ്യാറാക്കാതെ വരുമ്പോള്‍ പ്രയാസപ്പെടുന്നത് തൊഴിലാളികളാണ്. ഉദാഹരണമായി:- തെങ്ങിന് തടം തുറക്കേണ്ട ജോലിയൊക്കെ വരുമ്പോള്‍ ഒരു പഞ്ചായത്തില്‍ എല്ലാ സ്ഥലത്തും പൊതുവേ തെങ്ങിന്റെ എണ്ണം മാത്രം വെച്ച് നിര്‍ണ്ണയിക്കുന്നത് അശാസ്ത്രീയമാണ്. മണ്ണിന്റെ ഘടന നോക്കി കൂടി വേണം എസ്റ്റിമേറ്റ് തയ്യാറാക്കുന്നത്.
18. പഞ്ചായത്തുകളിലെ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാര്‍ക്കും അക്രഡിറ്റഡ് എന്‍ജിനീയര്‍മാര്‍ക്കും ആസൂത്രണ-നിര്‍വ്വഹണ മേഖലകളില്‍ ഒട്ടേറെ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടതായി വരുന്നുണ്ട്. അവയ്ക്കെല്ലാം പരിഹാരം കാണേണ്ടതാണ്.
19. കേവലം 6000/- രൂപ പ്രതിമാസ ശമ്പളത്തില്‍ രണ്ട് ജീവനക്കാര്‍ മാത്രമുള്ള നിലവിലുള്ള നടത്തിപ്പ് സംവിധാനം തികച്ചും അപര്യാപ്തവും തൊഴിലുറപ്പ് നിയമം വ്യവസ്ഥ ചെയ്യുന്ന കേവല നീതിയുടെ നിഷേധവുമാണ്.
20. സര്‍വ്വോപരി നമ്മുടെ സംസ്ഥാനത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കാര്‍ഷിക മേഖലയിലെയും അനുബന്ധ മേഖലകളിലെയും പ്രവൃത്തികള്‍ ഏറ്റെടുക്കാന്‍ തക്ക വിധത്തില്‍ നിലവിലുള്ള നിയമ വ്യവസ്ഥയില്‍ മാറ്റങ്ങള്‍ വരുത്താന്‍ കേന്ദ്രം തയ്യാറാകേണ്ടതുണ്ട്.
മേല്‍പറഞ്ഞ വിധം നിരവധി പ്രശ്നങ്ങള്‍ തൊഴിലുറപ്പ് മേഖല അഭിമുഖീകരിക്കുകയാണ്. ഇവയ്ക്കെല്ലാം പരിഹാരം കണ്ടേ മതിയാകൂ. ഇന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ ആ മേഖലയെ സംബന്ധിച്ചിടത്തോളം അസംഘടിതരാണ്. അതുകൊണ്ടുതന്നെ മേല്‍പറഞ്ഞ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്ന നിലയില്‍ അവര്‍ക്ക് സംഘടിതമായി ഇടപെടാന്‍ സാധിക്കുന്നില്ല. അതിനാവശ്യമായ കൂട്ടായ്മയും ഐക്യബോധവും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ക്ക് ഉണ്ടാകേണ്ടതായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് തൊഴിലുറപ്പ് തൊഴിലാളികളെ ഒന്നിച്ചണിനിരത്താന്‍ പര്യാപ്തമായ രീതിയില്‍ സംസ്ഥാന തലത്തില്‍ ഒരു സംഘടനയുടെ അനിവാര്യത പ്രകടമാകുന്നത്.
സംസ്ഥാന തലത്തില്‍ സുശക്തമായ ഒരു വര്‍ഗ്ഗ പ്രസ്ഥാനത്തിന് രൂപം കൊടുത്തുകൊണ്ടു മാത്രമേ തൊഴിലാളികള്‍ക്ക് നിലവിലുള്ള നിയമവ്യവസ്ഥകള്‍ അനുവദിച്ചുകിട്ടുകയും കൂടുതല്‍ മെച്ചപ്പെട്ട സേവന-വേതന വ്യവസ്ഥകള്‍ക്കു വേണ്ടി പൊരുതാനും സാധിക്കുകയുള്ളൂ. ആ അടിസ്ഥാനത്തിലാണ് മത-ജാതി-സാമൂദായിക ചിന്തകള്‍ക്ക് അതീതമായി ഒരു വര്‍ഗ്ഗ പ്രസ്ഥാനമെന്ന നിലയില്‍ മുഴുവന്‍ തൊഴിലാളികളെയും അണിനിരത്തിക്കൊണ്ട് എന്‍ .ആര്‍ .ഇ.ജി. വര്‍ക്കേഴ്സ് യൂണിയന്‍ എന്ന സംഘടനയ്ക്ക് സംസ്ഥാന തലത്തില്‍ രൂപം നല്‍കുന്നത്. ഈ രംഗത്തെ മുഴുവന്‍ തൊഴിലാളികളും കക്ഷി-രാഷ്ട്രീയ ഭേദമെന്യേ ഈ സംഘടനയില്‍ അണിനിരന്നുകൊണ്ട് ഈ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തിയെടുക്കേണ്ടതുണ്ട്.
എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ ചിന്ത വാരിക 090911
സ്വാതന്ത്ര്യാനന്തര ഭാരതം കണ്ട നിയമങ്ങളില്‍ തികച്ചും തൊഴിലാളി കേന്ദ്രീകൃതമായ ഒരു നിയമമാണ് 2005 ആഗസ്റ്റ് 25 ന് ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം. ഒന്നാം യു.പി.എ. ഗവണ്‍മെന്റിന്റെ കാലത്ത് ഇടതു പക്ഷത്തിന്റെ അതിശക്തമായ ഇടപെടലിന്റെയും സമ്മര്‍ദ്ദത്തിന്റെയും ഭാഗമായി രൂപപ്പെട്ടുവന്നതാണ് ഈ നിയമം. 2006 ഫെബ്രുവരി 2 ന് ആന്ധ്രാപ്രദേശിലെ അനന്തപൂരില്‍ ആരംഭിച്ച ഈ സംരംഭം 2007-08 ല്‍ 200 ജില്ലകളിലേക്കും തുടര്‍ന്ന് 625 ജില്ലകളിലേക്കും വ്യാപിപ്പിക്കപ്പെട്ടു. ഗ്രാമീണ മേഖലയിലെ കാര്‍ഷികാഭിവൃദ്ധിക്കും ഗ്രാമീണ ജനതയുടെ വാങ്ങല്‍ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ദാരിദ്ര്യ ലഘൂകരണത്തിനും ഒരു പരിധിവരെ പര്യാപ്തമാണിത്. 2010-11 ല്‍ 4 കോടി 40 ലക്ഷം കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുകയുണ്ടായി. ഇതില്‍ 23% പട്ടികജാതി വിഭാഗത്തില്‍ പെട്ടവരും 17% പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ പെട്ടവരുമാണ്.
ReplyDelete