Thursday, September 1, 2011

അഴിമതി നിരോധനവും ഡയറക്ടറുടെ വ്യാജരേഖയും

ലോകായുക്ത നിയമം പാസാക്കുകയും നടപ്പാക്കുകയും ചെയ്ത സംസ്ഥാനമാണ് കേരളം. നിരവധി അഴിമതിക്കേസുകളില്‍ സത്യം പുറത്തുകൊണ്ടുവരുന്നതില്‍ ലോകായുക്ത വലിയ പങ്ക് വഹിച്ചു. കര്‍ണാടകത്തില്‍ ലോകായുക്തയാണ് ഖനി കുംഭകോണം പുറത്തുകൊണ്ടുവന്നതും യെദ്യൂരപ്പയ്ക്കെതിരെ കുറ്റപത്രം നല്‍കി അദ്ദേഹത്തെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കാന്‍ പശ്ചാത്തലമൊരുക്കിയതും. കേരളത്തില്‍ ലോകായുക്തയുണ്ട്; ഒട്ടുമിക്ക വകുപ്പിലും സര്‍ക്കാര്‍ ഓഫീസുകളിലും പൗരാവകാശരേഖ തയ്യാറാക്കി പ്രസിദ്ധപ്പെടുത്താനും നടപ്പാക്കാനും മുന്‍ സര്‍ക്കാരിന്റെ കാലത്ത് സാധ്യമായി. എല്ലാതലത്തിലുമുള്ള സര്‍ക്കാര്‍ ജീവനക്കാരും പൊതുപ്രവര്‍ത്തകരും വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ അന്വേഷണപരിധിയില്‍പെടും. അതായത്, ശരിയായി നടപ്പാക്കിയാല്‍ , നടപ്പാക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ക്ക് കാര്യക്ഷമതയും സത്യസന്ധതയുമുണ്ടെങ്കില്‍ , അഴിമതി തടയുന്നതിനും വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍നിന്ന് പൗരാവകാശം ലഭ്യമാകാനും കേരളത്തില്‍ സംവിധാനമുണ്ട്. അതില്‍ ലോകായുക്തയില്‍ അഴിമതി അന്വേഷണത്തിന്റെ ഉദ്യോഗസ്ഥനായി നാലുവര്‍ഷം പ്രവര്‍ത്തിച്ച പരിചയം കൂടിയുള്ള ഒരു എഡിജിപിയാണ് ഇപ്പോള്‍ സംസ്ഥാന വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ വിഭാഗം ഡയറക്ടര്‍ ഡസ്മണ്ട് നെറ്റോ. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ കേരളത്തില്‍ പൊതുചര്‍ച്ചാവിഷയമായിരിക്കുന്നു.

രാഷ്ട്രീയപ്രവര്‍ത്തകരുടെയും ഭരണാധികാരികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയുമെല്ലാം അഴിമതി തടയുന്നതിനും കണ്ടുപിടിച്ച് കോടതിയെ അറിയിക്കുന്നതിനും ചുമതലപ്പെട്ടവരാണ് വിജിലന്‍സ്. അതുകൊണ്ട് വിജിലന്‍സ് തലപ്പത്ത് നിയമിക്കുന്നവരെ സംബന്ധിച്ച് സൂക്ഷ്മപരിശോധന ആവശ്യമാണെന്നും അവര്‍ നിഷ്കളങ്കരാണെന്ന് നിസ്സന്ദേഹം പറയാന്‍ കഴിയണമെന്നും സെന്‍ട്രല്‍ വിജിലന്‍സ് കമീഷണറുടെ നിയമനവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതി വ്യക്തമാക്കുകയുണ്ടായി. പാമൊലിന്‍ കേസില്‍ വിചാരണ നേരിടുന്ന പ്രതിയായതിനാല്‍ പി ജെ തോമസ് സിവിസിയാകാന്‍ തല്‍ക്കാലം യോഗ്യനല്ല എന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. പി ജെ തോമസ് കുറ്റവാളിയാണെന്ന് ഏതെങ്കിലും കോടതി വിധിച്ചിട്ടില്ല. അദ്ദേഹം കേസില്‍ പ്രതിയാണെന്നുമാത്രം. ഞാന്‍തന്നെ ദീര്‍ഘകാലമായി കോടതിക്കകത്തും പുറത്തും പൊരുതുന്ന ഒരു കേസില്‍ - പാമൊലിന്‍ കേസില്‍ - പ്രതിയായ പി ജെ തോമസിനെ എന്റെകീഴില്‍ ചീഫ് സെക്രട്ടറിയായി നിയമിച്ചത് ഞാന്‍തന്നെയാണ്. എന്നാല്‍ , അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ ഒരുദ്യോഗസ്ഥന്‍ സിവിസിയാകുന്നത് അതുപോലെയല്ല. പ്രതിയെന്നല്ല ആരോപിതന്‍പോലും പാടില്ലെന്നര്‍ഥം. ഇതുതന്നെയാണ് ഡസ്മണ്ട് നെറ്റോയുടെ കാര്യത്തിലും മുന്‍ സര്‍ക്കാര്‍ കൈക്കൊണ്ടത്. അഴിമതിനിരോധന കമീഷനുതുല്യമായ ലോകായുക്തയില്‍ പ്രവര്‍ത്തിച്ച നാലുവര്‍ഷത്തെ സിആര്‍ ഹാജരാക്കാത്ത ഉദ്യോഗസ്ഥനാണെന്നും അങ്ങനെ ഹാജരാക്കാന്‍ കഴിയാത്തത് പ്രൊമോഷനെ ബാധിക്കേണ്ടതില്ലെന്നും ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ രേഖപ്പെടുത്തിയത് മുഖവിലയ്ക്കെടുത്താണ് ഈ ഉദ്യോഗസ്ഥന്റെ പ്രൊമോഷന്‍ അംഗീകരിച്ചത്. വകുപ്പിന്റെ ക്രമീകരണത്തിന്റെ ഭാഗമായി ഡയറക്ടറുടെ താല്‍ക്കാലികചുമതല നല്‍കുകയും ചെയ്തു. എന്നാല്‍ , സ്ഥിരനിയമനം നല്‍കിയില്ല. ഇദ്ദേഹമുള്‍പ്പെടെ ആരുടെയും സിആര്‍ തടഞ്ഞുവയ്ക്കുകയോ ഒപ്പിട്ടു നല്‍കാതിരിക്കുകയോ ചെയ്തിട്ടില്ല. താഴെനിന്ന് ശുപാര്‍ശചെയ്ത മാര്‍ക്കില്‍ കുറവുവരുത്തുകയും ചെയ്തിട്ടില്ല. ഡെസ്മണ്ട് നെറ്റോയോട് പ്രത്യേക വിദ്വേഷം പുലര്‍ത്തിയിരുന്നില്ല എന്നാണ് ഇത് വ്യക്തമാക്കുന്നത്. ജനവികാരം അഴിമതിക്കെതിരെ ആളിക്കത്തുകയാണെന്ന് വ്യക്തമായപ്പോള്‍ അധികാരം സംരക്ഷിക്കാന്‍ തങ്ങളും അഴിമതിക്കെതിരാണെന്ന് കപടനാട്യം നടത്തുന്ന കോണ്‍ഗ്രസ് എന്താണ് ചെയ്യുന്നത്? അഴിമതി തടയുന്നതിന് സംസ്ഥാനത്തുള്ള വ്യവസ്ഥാപിത സംവിധാനമായ വിജിലന്‍സ് വകുപ്പിനെ സ്വജനപക്ഷപാതത്തിന്റെയും അഴിമതി പ്രോത്സാഹനത്തിന്റെയും വേദിയാക്കി മാറ്റിയിരിക്കുന്നു. വിജിലന്‍സ് ഡയറക്ടറായി ഡസ്മണ്ട് നെറ്റോയെ നിയമിച്ചത് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരമേറ്റ ഉടനെയാണ്. പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ രക്ഷിക്കുന്നതിനുള്ള റിപ്പോര്‍ട്ട് തട്ടിക്കൂട്ടി തെരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം അന്നുതന്നെ കോടതിയില്‍ ഹാജരാക്കിയതിനുള്ള പ്രത്യുപകാരമായി ആ നിയമനം വിശേഷിപ്പിക്കപ്പെടുകയും ചെയ്തു. എന്നാല്‍ , സാധാരണ പ്രൊമോഷന്‍ പോലെയല്ല, വിജിലന്‍സ് ഡയറക്ടറുടെ പോസ്റ്റിങ്. വിജിലന്‍സ് ഡയറക്ടറായി നിയോഗിക്കുമ്പോള്‍ മുന്‍ സര്‍വീസിന്റെ എല്ലാ വിവരവും സൂക്ഷ്മമായി പരിശോധിക്കണം. അതുകൊണ്ടാണ് നെറ്റോയെ ഡയറക്ടറാക്കണമെന്ന അപേക്ഷയില്‍ തിടുക്കത്തില്‍ തീരുമാനമെടുക്കാതെ അടുത്ത സര്‍ക്കാരിന് വിട്ടത്.

ഇക്കാര്യം ഞാന്‍ പറഞ്ഞപ്പോള്‍ ഉമ്മന്‍ചാണ്ടിയല്ല, നെറ്റോയ്ക്ക് സിആര്‍ നല്‍കിയത് വി എസ് ആണെന്നാണ് മനോരമയില്‍ കൊടുത്തത്. ശരിയാണ്. അത് ലോകായുക്തയില്‍ പ്രവര്‍ത്തിച്ച കാലത്തെ സിആര്‍ അല്ല. അത് നല്‍കേണ്ടത് അന്നത്തെ ലോകായുക്തയില്‍നിന്നായിരുന്നു. അത് വാങ്ങുകയോ അതിന് അപേക്ഷിക്കുകപോലുമോ ചെയ്തിട്ടില്ല. ലോകായുക്തയാകട്ടെ മറ്റുള്ളവര്‍ക്ക് സിആര്‍ നല്‍കിയിട്ടുണ്ടെന്നാണ് അറിയുന്നത്. അപ്പോള്‍ ഡസ്മണ്ട് നെറ്റോ എന്തുകൊണ്ട് സിആറിന് അപേക്ഷിക്കുകപോലും ചെയ്തില്ല? അപേക്ഷിച്ചാലും തനിക്ക് പ്രയോജനപ്പെടുന്ന ഒരു സര്‍ട്ടിഫിക്കറ്റ് കിട്ടാനിടയില്ലെന്ന് സ്വന്തം കൈയിലിരുപ്പുകൊണ്ടുണ്ടായ ബോധം കൊണ്ടാണോ? തന്നെക്കുറിച്ചുള്ള കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടുപോലും പത്രത്തില്‍ അതേപടി പ്രസിദ്ധപ്പെടുത്താന്‍ ചോര്‍ത്തിനല്‍കുന്നിടത്തോളം അധഃപതിച്ചുകഴിഞ്ഞ സാഹചര്യത്തില്‍ ഉത്തരം വ്യക്തമാണ്. താഴാം, പക്ഷേ ഇത്രവരെയാകാമോ? ഒരു മാസംകൊണ്ട് റിട്ടയര്‍ ചെയ്താലും ഈ കേസുകളൊക്കെ തുടരുമെന്നും അപ്പോഴും ഉത്തരം പറയാന്‍ ബാധ്യസ്ഥനാണെന്നുമെല്ലാം ഓര്‍ക്കേണ്ടതല്ലേ? പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ പ്രതിയാക്കാന്‍ മുന്‍ മുഖ്യമന്ത്രി ഡെസ്മണ്ട് നെറ്റോയില്‍ സമ്മര്‍ദം ചെലുത്തി, അതിന് വഴങ്ങാത്തതുകൊണ്ടാണ് വിജിലന്‍സ് ഡയറക്ടറായി നിയമിക്കാതിരുന്നത് എന്നെല്ലാം ഈ ഉദ്യോഗസ്ഥന്‍ മനോരമയിലൂടെ പ്രചരിപ്പിക്കാന്‍ തുടങ്ങിയത് തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷമാണ്. ഇത്തരം നുണകള്‍ അവനവന്റെ സംസ്കാരത്തിനു ചേര്‍ന്നതാണെങ്കിലും അതുകൊണ്ട് എന്തെങ്കിലും അപ്പക്കഷണം കിട്ടാമെങ്കിലും തസ്തികയുടെ അന്തസ്സോര്‍ത്തിരുന്നെങ്കില്‍ പറയില്ലായിരുന്നു. പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിക്കണമെന്ന സ്പെഷ്യല്‍ വിജിലന്‍സ് കോടതി ഉത്തരവനുസരിച്ചുള്ള അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഉമ്മന്‍ചാണ്ടിക്കനുകൂലമായി മാറ്റിയെഴുതി സമര്‍പ്പിച്ചത് തെരഞ്ഞെടുപ്പ് ഫലം വന്ന ദിവസം തന്നെയാണ്. ഏതാനും മണിക്കൂറുകള്‍ക്കകം. ആ റിപ്പോര്‍ട്ട് കോടതി തള്ളുകയും ഉമ്മന്‍ചാണ്ടിയുടെ പങ്ക് എടുത്തുകാട്ടുകയും പുനരന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തത് വിജിലന്‍സ് ഡയറക്ടര്‍ക്ക് കൂടിയുള്ള പ്രഹരമാണ്.

ഉമ്മന്‍ചാണ്ടി വിജിലന്‍സ് വകുപ്പ് വിശ്വസ്തന് നല്‍കി "രക്ഷപ്പെട്ടെ"ങ്കില്‍ ഡസ്മണ്ട് നെറ്റോ അതേ തസ്തികയില്‍ ഇരുന്ന് കള്ളപ്രചാരവേല പൂര്‍വാധികം ശക്തമായി തുടരുന്നു. പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക് സംബന്ധിച്ച് അന്വേഷണം നടത്തേണ്ടത് ഈ ഉദ്യോഗസ്ഥന്റെ കീഴിലാണ്! ഈ ഉദ്യോഗസ്ഥന്‍ വിരമിക്കുമ്പോഴേക്ക് തല്‍സ്ഥാനത്ത് മറ്റൊരു വിശ്വസ്തനെ നിയോഗിക്കാനും നീക്കമുണ്ടെന്നാണ് പത്രവാര്‍ത്തകള്‍ . വ്യാജരേഖ ചമച്ച് അത് ശരിയായ രേഖയാണെന്ന് പത്രങ്ങളെ തെറ്റിദ്ധരിപ്പിച്ച് പ്രസിദ്ധീകരിപ്പിക്കുന്നിടത്തോളം എത്തിയിരിക്കുന്നു ഈ ഉദ്യോഗസ്ഥന്റെ ക്രിമിനല്‍ പ്രവര്‍ത്തനം. പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ പ്രതി ചേര്‍ക്കാമെന്ന് കാട്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ നല്‍കിയ നിയമോപദേശം മോശം കമന്റോടുകൂടി തിരിച്ചയക്കുകയും നിരാകരിക്കുകയുമായിരുന്നു താന്‍ എന്നാണ് ഡസ്മണ്ട് നെറ്റോ അവകാശപ്പെടുന്നത്. പബ്ലിക് പ്രോസിക്യൂട്ടര്‍ നല്‍കിയ അതീവ രഹസ്യരേഖ മെയ് 13ന് തിടുക്കത്തില്‍ കോടതിയില്‍ ഹാജരാക്കിയ നെറ്റോയ്ക്ക് അതില്‍ മേല്‍പറഞ്ഞ കമന്റ് എഴുതാന്‍ കഴിഞ്ഞില്ല! മെയ് ഏഴിന് തനിക്ക് കിട്ടിയ നിയമോപദേശം മെയ് എട്ടിന് താന്‍ നിരാകരിച്ച് മടക്കി എന്നാണ് നെറ്റോ പത്രങ്ങളെക്കൊണ്ടെഴുതിച്ചത്. സാധാരണയായി തന്റെ നുണകള്‍ മനോരമ വഴിയാണ് പ്രചരിപ്പിക്കുക പതിവെങ്കില്‍ നിയമോപദേശം "മടക്കി" എന്ന് മറ്റ് പല പത്രങ്ങളെയും കൊണ്ടെഴുതിച്ച് അവരെയും കുടുക്കിലാക്കി. കോടതിയില്‍ സമര്‍പ്പിച്ച രേഖയിലില്ലാത്ത കമന്റിന് ഒപ്പമുള്ള ഒരു രേഖ വാസ്തവത്തില്‍ ഇല്ലാത്ത രേഖയാണ്. അതാണ് പത്രത്തില്‍ വന്നത്. അതില്‍ നെറ്റോയുടെ കൈയക്ഷരവും ഒപ്പുമുണ്ട്. ആ വാര്‍ത്തയാകട്ടെ അദ്ദേഹം ഇതുവരെ നിഷേധിച്ചിട്ടുമില്ല. വ്യാജരേഖയുണ്ടാക്കി പത്രങ്ങളില്‍ പ്രസിദ്ധപ്പെടുത്തുക, അതുസംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നപ്പോള്‍ സ്വന്തം കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടുപോലും ചോര്‍ത്തി പത്രങ്ങള്‍ക്ക് നല്‍കുക - ഇതെല്ലാമാണ് വിജിലന്‍സ് ഡയറക്ടര്‍ ചെയ്തിരിക്കുന്നത്. ഇദ്ദേഹത്തിന് ലോകായുക്തയില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്ത് ലോകായുക്ത സിആര്‍ നല്‍കാഞ്ഞത് എന്തുകൊണ്ടായിരിക്കാമെന്ന് ഇപ്പോഴാണ് വ്യക്തമാകുന്നത്.

ഇദ്ദേഹത്തിന്റെ മിടുക്ക് തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. അടൂര്‍ പ്രകാശ് പ്രതിയായ വിജിലന്‍സ് കേസില്‍ കുറ്റപത്രം വരെയായ ശേഷമാണ് പുനരന്വേഷണത്തിന് ഡയറക്ടര്‍ കോടതിയെ സമീപിച്ചത്. എന്താണ് കാരണം? തെരഞ്ഞെടുപ്പ് ഫലം വന്നശേഷം അടൂര്‍ പ്രകാശ് മന്ത്രിയാകുമെന്ന് ഉറപ്പായപ്പോള്‍ അടൂര്‍ പ്രകാശ് ഡയറക്ടറോടാവശ്യപ്പെടുന്നു, പുനരന്വേഷണം നടത്തി രക്ഷിക്കാന്‍ വേണ്ടത് ചെയ്യണമെന്ന്. പ്രതിയുടെ ആവശ്യപ്രകാരം ഡയറക്ടര്‍ വേണ്ടതുചെയ്യാന്‍ രംഗത്തിറങ്ങുന്നു. കുറ്റപത്രംവരെ സമര്‍പ്പിക്കപ്പെട്ടുകഴിഞ്ഞ കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കുറ്റപത്രം പിന്‍വലിക്കുന്നു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ അവിഹിതസമ്പാദ്യം സംബന്ധിച്ച അന്വേഷണം തടയാന്‍ വേണ്ടത് ചെയ്യുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ തലങ്ങും വിലങ്ങും മാറ്റുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വിജിലന്‍സില്‍നിന്ന് എന്താണോ പ്രതീക്ഷിക്കുന്നതും ആഗ്രഹിക്കുന്നതും അത് നടപ്പാക്കിക്കൊടുക്കുന്ന, രാജാവിനെക്കാള്‍ രാജഭക്തിയുള്ള ഒരുദ്യോഗസ്ഥനാണ് ഇപ്പോഴത്തെ വിജിലന്‍സ് ഡയറക്ടര്‍ എന്ന് വ്യക്തമായിരിക്കുകയാണ്. അതിനേക്കാളെല്ലാം ഗൗരവമുള്ള വിഷയമാണ് വ്യാജരേഖ നിര്‍മാണവും അത് പ്രസിദ്ധീകരിപ്പിക്കലും. അത് ഡയറക്ടര്‍ ഒറ്റയ്ക്കാണോ ചെയ്തത്, ഭരണനേതൃത്വത്തിന്റെ അറിവോടെയും പിന്തുണയോടെയുമാണോ ചെയ്തത് എന്നതാണ് വിഷയം.

വി എസ് അച്യുതാനന്ദന്‍ deshabhimani 010911

1 comment:

  1. ലോകായുക്ത നിയമം പാസാക്കുകയും നടപ്പാക്കുകയും ചെയ്ത സംസ്ഥാനമാണ് കേരളം. നിരവധി അഴിമതിക്കേസുകളില്‍ സത്യം പുറത്തുകൊണ്ടുവരുന്നതില്‍ ലോകായുക്ത വലിയ പങ്ക് വഹിച്ചു. കര്‍ണാടകത്തില്‍ ലോകായുക്തയാണ് ഖനി കുംഭകോണം പുറത്തുകൊണ്ടുവന്നതും യെദ്യൂരപ്പയ്ക്കെതിരെ കുറ്റപത്രം നല്‍കി അദ്ദേഹത്തെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കാന്‍ പശ്ചാത്തലമൊരുക്കിയതും. കേരളത്തില്‍ ലോകായുക്തയുണ്ട്; ഒട്ടുമിക്ക വകുപ്പിലും സര്‍ക്കാര്‍ ഓഫീസുകളിലും പൗരാവകാശരേഖ തയ്യാറാക്കി പ്രസിദ്ധപ്പെടുത്താനും നടപ്പാക്കാനും മുന്‍ സര്‍ക്കാരിന്റെ കാലത്ത് സാധ്യമായി. എല്ലാതലത്തിലുമുള്ള സര്‍ക്കാര്‍ ജീവനക്കാരും പൊതുപ്രവര്‍ത്തകരും വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ അന്വേഷണപരിധിയില്‍പെടും. അതായത്, ശരിയായി നടപ്പാക്കിയാല്‍ , നടപ്പാക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ക്ക് കാര്യക്ഷമതയും സത്യസന്ധതയുമുണ്ടെങ്കില്‍ , അഴിമതി തടയുന്നതിനും വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍നിന്ന് പൗരാവകാശം ലഭ്യമാകാനും കേരളത്തില്‍ സംവിധാനമുണ്ട്. അതില്‍ ലോകായുക്തയില്‍ അഴിമതി അന്വേഷണത്തിന്റെ ഉദ്യോഗസ്ഥനായി നാലുവര്‍ഷം പ്രവര്‍ത്തിച്ച പരിചയം കൂടിയുള്ള ഒരു എഡിജിപിയാണ് ഇപ്പോള്‍ സംസ്ഥാന വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ വിഭാഗം ഡയറക്ടര്‍ ഡസ്മണ്ട് നെറ്റോ. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ കേരളത്തില്‍ പൊതുചര്‍ച്ചാവിഷയമായിരിക്കുന്നു.

    ReplyDelete