Tuesday, September 6, 2011

മടക്കം വിവാദങ്ങള്‍ ബാക്കിയാക്കി

കേരളഗവര്‍ണര്‍ പദവിയില്‍നിന്ന് രാമകൃഷ്ണ സൂര്യഭാന്‍ ഗവായ് ബുധനാഴ്ച വിടവാങ്ങും. വിവാദമായ നിരവധി നടപടികളിലൂടെ ഗവര്‍ണര്‍പദവിയില്‍ കറുത്തപുള്ളി വീഴ്ത്തിയാണ് ആര്‍ എസ് ഗവായിയുടെ പടിയിറക്കം. യുഡിഎഫിന്റെ രാഷ്ട്രീയ സംരക്ഷകനായി മാറിയ അദ്ദേഹം പലപ്പോഴും ജനാധിപത്യ സങ്കല്‍പ്പത്തിന് കളങ്കം ചാര്‍ത്തിയതും രാഷ്ട്രീയകേരളം കണ്ടു. 2008 ജൂലൈ 10ന് ആണ് ഗവായ് ചുമതലയേറ്റത്. മന്ത്രിസഭാ തീരുമാനങ്ങള്‍ക്കും ഓര്‍ഡിനന്‍സുകള്‍ക്കും യഥാസമയം അംഗീകാരം നല്‍കാതെ കാലതാമസം വരുത്തുകയെന്നത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഗവര്‍ണറുടെ പതിവ് നടപടിയായിരുന്നു. പിഎസ്സി അംഗങ്ങളുടെ നിയമനം, സര്‍വകലാശാല സെനറ്റ് രൂപീകരണം എന്നിവയിലും ഗവര്‍ണര്‍ രാഷ്ട്രീയം കളിച്ചു. ലാവ്ലിന്‍ കേസില്‍ മന്ത്രിസഭാ തീരുമാനം മറികടന്ന് സ്വന്തം നിലയ്ക്ക് നിയമോപദേശം തേടിയതും വിവാദമായിരുന്നു.

എജീസ് ഓഫീസ് ഉദ്യോഗസ്ഥനായിരുന്ന പി എം മാനുവലിന് പിഎസ്സി അംഗത്വം നിഷേധിച്ചത് പഴയ പെറ്റി കേസ് ചൂണ്ടിക്കാട്ടിയാണ്. മാനുവലിനെ പിഎസ്സി അംഗമായി നിയമിക്കാന്‍ മന്ത്രിസഭ രണ്ടു വട്ടം ശുപാര്‍ശ ചെയ്തെങ്കിലും ഗവര്‍ണര്‍ അംഗീകരിച്ചില്ല. എന്നാല്‍ , ഡോ. കെ എസ് രാധാകൃഷ്ണനെ പിഎസ്സി ചെയര്‍മാനാക്കിയപ്പോള്‍ ഈ മാനദണ്ഡം അദ്ദേഹം പാലിച്ചില്ല. രാധാകൃഷ്ണനെതിരെ വിജിലന്‍സ് കേസ് ഉള്ളതിനാല്‍ നിയമനാംഗീകാരം നല്‍കരുതെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടെങ്കിലും ചെവിക്കൊണ്ടില്ല. കേരള സര്‍വകലാശാല സെനറ്റ് രൂപീകരിച്ച് നല്‍കിയ പട്ടിക പലവട്ടം മടക്കിയയച്ച് നിയമക്കുരുക്കിലാക്കി. സര്‍ക്കാരിന്റെ പട്ടിക തള്ളി സ്വന്തം നിലയ്ക്ക് അംഗങ്ങളെ തീരുമാനിച്ചു. ഇതേത്തുടര്‍ന്ന് സിന്‍ഡിക്കറ്റ് രൂപീകരണം മാസങ്ങളോളം നീണ്ടു. ഇത് സര്‍വകലാശാലയുടെ പ്രവര്‍ത്തനത്തെ ബാധിച്ചു.

ലാവ്ലിന്‍ കേസില്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കേണ്ടതില്ലെന്നായിരുന്നു മന്ത്രിസഭയുടെ ശുപാര്‍ശ. അഡ്വക്കറ്റ് ജനറലും ഇതേ നിയമോപദേശം നല്‍കി. എന്നാല്‍ , സ്വന്തം നിലയ്ക്ക് നിയമോപദേശം തേടിയ ഗവര്‍ണര്‍ മന്ത്രിസഭാ തീരുമാനത്തിന് വിരുദ്ധമായ നിലപാട് സ്വീകരിച്ചു. ഗവര്‍ണര്‍ക്കെതിരെ നിയമയുദ്ധത്തിന് ഈ നിലപാട് വഴിതുറന്നു. ധനകാര്യ ബില്‍ വോട്ടെടുപ്പ് തിരിമറി സംബന്ധിച്ച പരാതിയും ഗവര്‍ണര്‍ കണക്കിലെടുത്തില്ല. ബില്ലിന് അംഗീകാരം നല്‍കരുതെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും ഗവര്‍ണര്‍ യുഡിഎഫിന്റെ രക്ഷകനായി. പ്രതിപക്ഷ ആക്ഷേപം അവഗണിച്ച് ബില്ലിന് ഗവര്‍ണര്‍ അംഗീകാരം നല്‍കിയതും നിയമസഭാ ചരിത്രത്തിലെ കറുത്ത ഏടായി.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മന്ത്രിസഭാ തീരുമാനങ്ങള്‍ അംഗീകരിക്കാതെ മടക്കിയ ഗവായ് യുഡിഎഫ് വന്നപ്പോള്‍ പാടെ മാറി. യുഡിഎഫ് മന്ത്രിസഭ അംഗീകാരത്തിനയച്ച ഒരു കാര്യത്തില്‍പോലും ഗവര്‍ണര്‍ നെറ്റിചുളിച്ചില്ല. വിവാദമായ നിരവധി തീരുമാനങ്ങള്‍ക്ക് അദ്ദേഹം അംഗീകാരം നല്‍കി. നിയുക്ത ഗവര്‍ണര്‍ എം ഒ എച്ച് ഫറൂഖിന് അധികാരം കൈമാറിയാണ് ഗവായ് സ്ഥാനം ഒഴിയുന്നത്. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് സഖ്യകക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ടിയുടെ നേതാവായിരുന്നു ഗവായ്. എണ്‍പത്തിരണ്ടുകാരനായ അദ്ദേഹത്തിന്റെ മകനാണ് ഇപ്പോള്‍ റിപ്പബ്ലിക്കന്‍ പാര്‍ടിയുടെ നേതാവ്.

deshabhimani 060911

1 comment:

  1. കേരളഗവര്‍ണര്‍ പദവിയില്‍നിന്ന് രാമകൃഷ്ണ സൂര്യഭാന്‍ ഗവായ് ബുധനാഴ്ച വിടവാങ്ങും. വിവാദമായ നിരവധി നടപടികളിലൂടെ ഗവര്‍ണര്‍പദവിയില്‍ കറുത്തപുള്ളി വീഴ്ത്തിയാണ് ആര്‍ എസ് ഗവായിയുടെ പടിയിറക്കം. യുഡിഎഫിന്റെ രാഷ്ട്രീയ സംരക്ഷകനായി മാറിയ അദ്ദേഹം പലപ്പോഴും ജനാധിപത്യ സങ്കല്‍പ്പത്തിന് കളങ്കം ചാര്‍ത്തിയതും രാഷ്ട്രീയകേരളം കണ്ടു. 2008 ജൂലൈ 10ന് ആണ് ഗവായ് ചുമതലയേറ്റത്. മന്ത്രിസഭാ തീരുമാനങ്ങള്‍ക്കും ഓര്‍ഡിനന്‍സുകള്‍ക്കും യഥാസമയം അംഗീകാരം നല്‍കാതെ കാലതാമസം വരുത്തുകയെന്നത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഗവര്‍ണറുടെ പതിവ് നടപടിയായിരുന്നു. പിഎസ്സി അംഗങ്ങളുടെ നിയമനം, സര്‍വകലാശാല സെനറ്റ് രൂപീകരണം എന്നിവയിലും ഗവര്‍ണര്‍ രാഷ്ട്രീയം കളിച്ചു. ലാവ്ലിന്‍ കേസില്‍ മന്ത്രിസഭാ തീരുമാനം മറികടന്ന് സ്വന്തം നിലയ്ക്ക് നിയമോപദേശം തേടിയതും വിവാദമായിരുന്നു.

    ReplyDelete