Tuesday, September 20, 2011

കോച്ച് ഫാക്ടറി യാഥാര്‍ഥ്യമാകുന്നത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇച്ഛാശക്തി

കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് ഒക്ടോബര്‍ 22ന് തറക്കല്ലിടാന്‍ തിരുവനന്തപുരത്ത് നടന്ന യോഗത്തില്‍ തീരുമാനമായതോടെ യാഥാര്‍ഥ്യമായത് പാലക്കാടന്‍ ജനതയുടെ നീണ്ടകാലത്തെ സ്വപ്നം. ഇടതുമുന്നണിയുടെ പിന്തുണയോടെ കേന്ദ്രത്തില്‍ അധികാരത്തിലിരുന്ന യുപിഎ സര്‍ക്കരാണ് കഞ്ചിക്കോട് കോച്ച് ഫാക്ടറി അനുവദിച്ചത്. കേരളത്തിലെ ഇടതുപക്ഷ എംപി മാരുടെ സമ്മര്‍ദത്തെതുടര്‍ന്നാണ് കോച്ച് ഫാക്ടറി അനുവദിച്ചത്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കേരളത്തിന് കോച്ച് ഫാക്ടറി അനുവദിക്കുകയും പിന്നീട് അത് പഞ്ചാബിലേക്ക് മാറ്റുകയുമായിരുന്നു. അന്ന് കോണ്‍ഗ്രസ് ജനപ്രതിനിധിയാണ് പാലക്കാട് ലോക്സഭാമണ്ഡലത്തെ പ്രതിനിധാനം ചെയ്തിരുന്നത്. എന്നാല്‍ ഇത്തവണ കോച്ച് ഫാക്ടറി ലഭിച്ചേതീരുവെന്ന വാശിയിലായിരുന്നു കേരളത്തിലെ ഇടതുപക്ഷ എംപിമാര്‍ .

തുടക്കം മുതല്‍ തടസ്സം ഉന്നയിച്ച് പദ്ധതി പൊളിക്കാന്‍ റെയില്‍വേ നീക്കം ആരംഭിച്ചിരുന്നു. കോച്ച് ഫാക്ടറിക്ക് 1030 ഏക്കര്‍ സ്ഥലം വേണമെന്നായിരുന്നു റെയില്‍വേ മന്ത്രാലയം ആദ്യം ആവശ്യപ്പെട്ടിരുന്നത്. പിന്നീട് ഇത് മാറ്റി 430 ഏക്കര്‍ മതിയെന്ന നിലപാടിലെത്തി. ഇതിനായി മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ 430 ഏക്കര്‍ സ്ഥലം ഏറ്റെടുത്ത് റെയില്‍വേക്ക് സൗജന്യമായി കൈമാറി. കഞ്ചിക്കോട് വ്യവസായ മേഖലയില്‍ സംസ്ഥാനസര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള 200 ഏക്കറും ബാക്കി സ്വകാര്യവ്യക്തികളില്‍നിന്ന് പൊന്നുംവില നല്‍കിയുമാണ് ഏറ്റെടുത്തത്. ഇതിനായി രണ്ടുതവണ സര്‍വക്ഷിയോഗം വിളിക്കുകയും ചെയ്തു. കാര്യമായ എതിര്‍പ്പില്ലാതെയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്ത് റെയില്‍വേക്ക് കൈമാറിയത്. സ്ഥലത്തിന്റെ രേഖ എം ബി രാജേഷ് എംപി റെയില്‍വേ മന്ത്രിയായിരുന്ന മമതാ ബാനര്‍ജിയെ നേരിട്ട് ഏല്‍പ്പിക്കുകയും ചെയ്തു. ഇന്ത്യയിലാദ്യമായാണ് റെയില്‍വേക്ക് കോച്ച് ഫാക്ടറി സ്ഥാപിക്കാന്‍ ഒരു സംസ്ഥാന സര്‍ക്കാര്‍ സ്ഥലം സൗജന്യമായി നല്‍കുന്നത്. യു പിയിലും പശ്ചിമ ബംഗാളിലും കോച്ച് ഫാക്ടറിക്കായി റെയില്‍വേ പണംകൊടുത്താണ് സ്ഥലം ഏറ്റെടുത്തത്.

കേരളത്തില്‍ സ്ഥലം സൗജന്യമായി ലഭിച്ചിട്ടും ഇപ്പോഴത്തെ കേന്ദ്ര യുപിഎ സര്‍ക്കാര്‍ കോച്ച് ഫാക്ടറിക്ക് തുക വകയിരുത്താനോ, നടപടികള്‍ ആരംഭിക്കാനോ തയ്യാറായില്ല. സ്ഥലം ഇനിയും കേരള സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കിയില്ലെന്ന മുടന്തന്‍ ന്യായമാണ് കേന്ദ്രറെയില്‍വേ മന്ത്രി പറഞ്ഞത്. സ്ഥലം ഏറ്റെടുക്കലിന്റെ എല്ലാ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടും പദ്ധതിക്ക് തറക്കല്ലിടാന്‍ റെയില്‍വേ മന്ത്രാലയം ബോധപൂര്‍വം വൈകിപ്പിച്ചു. ഇവിടെ വൈദ്യുതി എത്തിക്കാന്‍ മുന്‍ വൈദ്യുത മന്ത്രി എ കെ ബാലന്‍ മുന്‍കൈയെടുത്ത് സബ്സ്റ്റേഷന്റെ പ്രവര്‍ത്തനവും തുടങ്ങി. മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ എല്ലാ അടിസ്ഥാന സൗകര്യമൊരുക്കിയിട്ടും റെയില്‍വേമന്ത്രാലയം ഇക്കാര്യം കണ്ടില്ലെന്ന് നടിച്ചു. പാലക്കാട്ടുകാരുടെ ദീര്‍ഘകാലത്തെ ആവശ്യമായ കോച്ച് ഫാക്ടറി കേരളത്തിന് വീണ്ടും നഷ്ടമാകുമെന്ന അവസ്ഥവന്നപ്പോള്‍ എം ബി രാജേഷ് എംപിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷിയോഗം വിളിക്കുകയും പ്രക്ഷോഭങ്ങള്‍ക്ക് തയ്യാറാവുകയും ചെയ്തു. ഇനിയും തടസ്സങ്ങള്‍ പറഞ്ഞ് ഒഴിവാകാന്‍ കഴിയില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് ഗന്ത്യന്തരമില്ലാതെ കോച്ച് ഫാക്ടറിക്ക് തറക്കല്ലിടാന്‍ റെയില്‍വേ തയ്യാറായത്. യുഡിഎഫ് സര്‍ക്കാര്‍ ഇതിനായി സമ്മര്‍ദ്ദം ചെലുത്തിയില്ലെന്നതും ശ്രദ്ധേയമാണ്. പദ്ധതി യാഥാര്‍ഥ്യമായാല്‍ കേരളത്തിലെ എല്‍ഡിഎഫിന് ഗുണകരമാകുമെന്ന് യുഡിഎഫ് ഭയപ്പെട്ടു.

deshabhimani 200911

1 comment:

  1. കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് ഒക്ടോബര്‍ 22ന് തറക്കല്ലിടാന്‍ തിരുവനന്തപുരത്ത് നടന്ന യോഗത്തില്‍ തീരുമാനമായതോടെ യാഥാര്‍ഥ്യമായത് പാലക്കാടന്‍ ജനതയുടെ നീണ്ടകാലത്തെ സ്വപ്നം. ഇടതുമുന്നണിയുടെ പിന്തുണയോടെ കേന്ദ്രത്തില്‍ അധികാരത്തിലിരുന്ന യുപിഎ സര്‍ക്കരാണ് കഞ്ചിക്കോട് കോച്ച് ഫാക്ടറി അനുവദിച്ചത്. കേരളത്തിലെ ഇടതുപക്ഷ എംപി മാരുടെ സമ്മര്‍ദത്തെതുടര്‍ന്നാണ് കോച്ച് ഫാക്ടറി അനുവദിച്ചത്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കേരളത്തിന് കോച്ച് ഫാക്ടറി അനുവദിക്കുകയും പിന്നീട് അത് പഞ്ചാബിലേക്ക് മാറ്റുകയുമായിരുന്നു. അന്ന് കോണ്‍ഗ്രസ് ജനപ്രതിനിധിയാണ് പാലക്കാട് ലോക്സഭാമണ്ഡലത്തെ പ്രതിനിധാനം ചെയ്തിരുന്നത്. എന്നാല്‍ ഇത്തവണ കോച്ച് ഫാക്ടറി ലഭിച്ചേതീരുവെന്ന വാശിയിലായിരുന്നു കേരളത്തിലെ ഇടതുപക്ഷ എംപിമാര്‍ .

    ReplyDelete