Wednesday, September 21, 2011

വീണ്ടും പൊലീസ് ഭീകരത

പൊലീസിനെ കയറൂരി വിടുന്ന സംസ്ഥാനസര്‍ക്കാരിന്റെ പൊലീസ് നയത്തിനെതിരെ വ്യാപക പ്രതിഷേധമുയരുന്നതിനിടെ ചൊവ്വാഴ്ച തിരുവനന്തപുരത്തും കോഴിക്കോട്ടും ഭീകര പൊലീസ് തേര്‍വാഴ്ച. പൊലീസ് മര്‍ദനത്തിനെതിരെ എസ്എഫ്ഐ നേതൃത്വത്തില്‍ സെക്രട്ടറിയറ്റിലേക്ക് മാര്‍ച്ച് ചെയ്ത വിദ്യാര്‍ഥികളെയും റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് പിഡബ്ല്യുഡി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെയുമാണ് ക്രൂരമായി തല്ലിച്ചതച്ചത്.

തലസ്ഥാനത്ത് ലത്തിച്ചാര്‍ജിലും ജലപീരങ്കി പ്രയോഗത്തിലും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി ബിജു, സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ സിന്‍ഡിക്കറ്റ് അംഗവുമായ ഷിജുഖാന്‍ , സംസ്കൃത കോളേജ് യൂണിറ്റ് പ്രസിഡന്റ് പ്രേംദാസ്, ജില്ലാകമ്മിറ്റി അംഗം അമൃത തുടങ്ങി നിരവധി പേര്‍ക്ക് പരിക്കേറ്റു. ജലപീരങ്കി പ്രയോഗത്തെതുടര്‍ന്ന് ചിതറി ഓടിയ വിദ്യാര്‍ഥികളെ പിന്തുടര്‍ന്നാണ് സായുധ പൊലീസ് സംഘം വേട്ടയാടിയത്. യൂണിവേഴ്സിറ്റി കോളേജിലേക്ക് ശത്രുതാവളത്തിലേക്ക് എന്നപോലെ 18 തവണ കണ്ണീര്‍വാതകഷെല്‍ വര്‍ഷിച്ചു. ഒരു ഗ്രനേഡും പൊട്ടിച്ചു. യൂണിവേഴ്സിറ്റി കോളേജില്‍ ആകെ കുഴപ്പമെന്ന പ്രതീതി സൃഷ്ടിച്ച് ഭീകര താവളത്തിലേക്കെന്നപോലെയായിരുന്നു പൊലീസ് അഴിഞ്ഞാട്ടം. കഴിഞ്ഞ വെള്ളിയാഴ്ച തിരുവനന്തപുരം യൂണിവേഴ്സിറ്റി കേളേജിലും മറ്റും പൊലീസ് നടത്തിയ ക്രൂരമായ വിദ്യാര്‍ഥിവേട്ടയില്‍ പ്രതിഷേധിക്കാനായിരുന്നു മാര്‍ച്ച്. ജലപീരങ്കിയില്‍ ചെവിയടിച്ച് ബാരിക്കേഡിലേക്ക് തെറിച്ചു വീണ് ബോധം മറഞ്ഞ ഷിജുഖാനെ പൊലീസ് അവിടെയിട്ടും തല്ലി. പൊലീസിന്റെ ലാത്തിയടിയേറ്റ് പി ബിജുവും വീണു. വിദ്യാര്‍ഥിനികളും മറ്റ് നേതാക്കളുമെത്തിയാണ് ഇവര്‍ക്ക് സുരക്ഷാകവചം തീര്‍ത്തത്. ഗുരുതരമായി പരിക്കേറ്റ ഷിജുഖാനെയും പ്രേംദാസിനെയും ഉടനെ ഗവ. ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ചെവിക്ക് ഗുരുതരമായി പരിക്കേറ്റ ഷിജുഖാനെ പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കോഴിക്കോട്ട് ഒരു പ്രകോപനവുമില്ലാതെയാണ് യുവാക്കള്‍ക്കെതിരെ ഗ്രനേഡും കണ്ണീര്‍വാതകഷെല്ലും ജലപീരങ്കിയും പ്രയോഗിച്ചത്. ലാത്തിച്ചാര്‍ജില്‍ യുവതിയടക്കം നിരവധി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കും വഴിയാത്രക്കാര്‍ക്കും ഏഴു മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. കല്ലേറില്‍ നാലു പൊലീസുകാര്‍ക്കും പരിക്കുണ്ട്.

വീക്ഷണം ഫോട്ടോഗ്രാഫറുടെ ക്യാമറ പൊലീസ് തല്ലിത്തകര്‍ത്തു. പകല്‍ പന്ത്രണ്ടോടെ ആരംഭിച്ച പൊലീസ് വേട്ട മണിക്കൂറുകളോളം നീണ്ടുനിന്നു. പ്രവര്‍ത്തകരെ ഓടിച്ചിട്ട് തലങ്ങും വിലങ്ങും തല്ലിച്ചതച്ചു. ഗുരുതരമായി പരിക്കേറ്റ 17പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എകരൂല്‍ ചൊരിയങ്ങല്‍ സിയാദ്, വെള്ളിപ്പറമ്പ് പാറക്കാമ്പലത്ത് അനില്‍കുമാര്‍ , ചേവായൂര്‍ കുരുങ്ങുമ്മല്‍ അരുണ്‍ എന്നിവരുടെ പരിക്ക് ഗുരുതരമാണ്. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി എ മുഹമ്മദ് റിയാസ്, ജില്ലാ ജോയിന്റ് സെക്രട്ടറി കെ ബൈജു, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ എം വരുണ്‍ ഭാസ്കര്‍ , ഡി ബിജേഷ്, ജില്ലാകമ്മിറ്റി അംഗം സി എം ജംഷീര്‍ , കോട്ടൂളി കളംകൊല്ലിത്താഴം പിങ്കി പ്രമോദ് തുടങ്ങിയവര്‍ക്കും പരിക്കുണ്ട്. ഇന്ത്യാവിഷന്‍ റിപ്പോര്‍ട്ടര്‍ എ പി ഭവിത, ഫോട്ടോഗ്രാഫര്‍മാരായ പ്രകാശ് കരിമ്പ (വീക്ഷണം), പി ജെ ഷെല്ലി (കേരളകൗമുദി), പി എന്‍ ശ്രീവത്സന്‍(മനോരമ), ജോണ്‍സണ്‍ വി ചെറിയത്ത് (മാധ്യമം), സി ബി പ്രദീപ് കുമാര്‍ (വര്‍ത്തമാനം), രാജേഷ് മേനോന്‍ (മംഗളം) എന്നിവര്‍ക്കും പരിക്കേറ്റു. സൗത്ത് അസി. കമീഷണര്‍ കെ ആര്‍ പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കണ്ണൂര്‍ റോഡിലൂടെയുള്ള ഗതാഗതം സ്തംഭിപ്പിച്ചാണ് നരനായാട്ട് നടത്തിയത്. ഗുരുതരമായി പരിക്കേറ്റ പ്രവര്‍ത്തകരെ ആശുപത്രിയിലെത്തിക്കാതെ മണിക്കൂറുകളോളം ടൗണ്‍പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയില്‍ വച്ചു.

യൂണിവേഴ്സിറ്റി കോളേജിലേക്ക് ഷെല്‍ വര്‍ഷിച്ചത് 18 തവണ

പൊലീസ് അതിക്രമത്തിനെതിരെ സെക്രട്ടറിയറ്റിലേക്ക് മാര്‍ച്ച് ചെയ്ത വിദ്യാര്‍ഥികളെ ശത്രുസൈന്യത്തെയെന്നപോലെ ആക്രമിക്കുകയായിരുന്നു ചൊവ്വാഴ്ചയും തലസ്ഥാനത്ത്. ശത്രുതാവളമായി പൊലീസ് കണ്ടത് യൂണിവേഴ്സിറ്റി കോളേജിനെയും. 18 തവണയാണ് ക്യാമ്പസിനകത്തേക്ക് പൊലീസ് ഷെല്‍ വര്‍ഷിച്ചത്. ഒരു ഗ്രനേഡും പൊട്ടിച്ചു. കഴിഞ്ഞദിവസം പൊലീസ് അന്യായമായി യൂണിവേഴ്സിറ്റി കോളേജിലേക്ക് അതിക്രമിച്ച് കയറി ക്ലാസിലിരുന്ന വിദ്യാര്‍ഥികളെപ്പോലും തലയ്ക്കടിച്ച് വീഴ്ത്തി പല്ല് തല്ലിക്കൊഴിച്ചതിനെതിരെയായിരുന്നു എസ്എഫ്ഐ നേതൃത്വത്തില്‍ ചൊവ്വാഴ്ച സെക്രട്ടറിയറ്റ് മാര്‍ച്ച് നടത്തിയത്. പകല്‍ പന്ത്രണ്ടോടെ, പൊലീസ് നടപടിക്കെതിരെ മുദ്രാവാക്യങ്ങളുമായി സെക്രട്ടറിയറ്റിന് മുന്നിലെ ബാരക്കിനടുത്ത് എത്തിയ വിദ്യാര്‍ഥികള്‍ക്കുമേല്‍ വേട്ടനായ്ക്കളെപ്പോലെ പൊലീസ് ചാടി വീണു. ഒപ്പം ജലപീരങ്കിയും പ്രയോഗിച്ചു. ചിതറിയോടിയ വിദ്യാര്‍ഥികളെ പിന്തുടര്‍ന്നും പൊലീസ് ലാത്തിയടിച്ചു. സമീപം നിന്ന മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയും പൊലീസ് ലാത്തി വീശി. ഇതിനിടയിലാണ് എസ്എഫ്ഐ നേതാക്കളായ പി ബിജുവിനും ഷിജുഖാനും പരിക്കേറ്റത്.

പൊലീസിന്റെ വിദ്യാര്‍ഥിവേട്ടയെ കൂസാതെ പി ബിജുവടക്കമുള്ള പ്രവര്‍ത്തകര്‍ തുടര്‍ന്നും സെക്രട്ടറിയറ്റിനു മുന്നില്‍ മുദ്രാവാക്യം വിളിച്ചു കുത്തിയിരുന്നു. വിദ്യാര്‍ഥികള്‍ വീണ്ടും ഒത്തുചേര്‍ന്ന് സെക്രട്ടറിയറ്റിന് മുന്നിലെത്തി ധര്‍ണ നടത്തി. തുടര്‍ന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി ബിജു ധര്‍ണ ഉദ്ഘാടനംചെയ്തു. ഇതിനിടെയാണ് പൊലീസ് സംഘം സ്പെന്‍സര്‍ ഗേറ്റിന് സമീപം തമ്പടിച്ച് യൂണിവേഴ്സിറ്റി കോളേജിനകത്തേക്ക് തുരുതുരാ ഷെല്‍ വര്‍ഷിച്ചത്. ഗ്രനേഡും പൊട്ടിച്ചു. സെക്രട്ടറിയറ്റിനുമുന്നിലെ ധര്‍ണ അവാസാനിപ്പിച്ച് തിരിച്ചുവന്ന വിദ്യാര്‍ഥികള്‍ കോളേജിന്റെ പ്രധാനഗേറ്റില്‍ പൊലീസിനെ ഉപരോധിച്ചു. അപ്പോഴും സ്പെന്‍സര്‍ ഗേറ്റിന് സമീപം പൊലീസ് ഷെല്‍വര്‍ഷം തുടര്‍ന്നു. ഷെല്ലുകള്‍ കോളേജ് വരാന്തയില്‍ വീണു പൊട്ടി.

യൂണിവേഴ്സിറ്റി കോളേജിനെ അപകീര്‍ത്തിപ്പെടുത്താനുള്ള സര്‍ക്കാരിന്റെയും പൊലീസിന്റെയും നീക്കത്തില്‍ പ്രതിഷേധിച്ച് കോളേജിനു മുന്നില്‍ തുടര്‍ന്ന് നടത്തിയ ധര്‍ണയില്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ കെ ശൈലജ, പ്രസിഡന്റ് ടി എന്‍ സീമ എംപി, ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗം സുനില്‍കുമാര്‍ , എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ വി സുമേഷ്, തിരുവനന്തപുരം ജില്ലാസെക്രട്ടറി ബെന്‍ഡാര്‍വിന്‍ എന്നിവര്‍ സംസാരിച്ചു.

ഷിജുഖാന്റെ നില ഗുരുതരം

എസ്എഫ്ഐയുടെ സെക്രട്ടറിയറ്റ് മാര്‍ച്ചിനു നേരെ നടന്ന പൊലീസ് അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം ഷിജുഖാന്റെ നില ഗുരുതരം. മാര്‍ച്ചിന്റെ മുന്‍നിരയില്‍ ഉണ്ടായിരുന്ന ഷിജുഖാന്‍ ജലപീരങ്കിയുടെ ശക്തമായ അടി ചെവിയിലേറ്റ് തെറിച്ച് ബാരിക്കേഡിലേക്ക് വീഴുകയായിരുന്നു. ചെവിക്കകത്തുനിന്ന് രക്തസ്രാവമുണ്ടായി. ബോധരഹിതനായ ഷിജുവിനെ ആശുപത്രിയിലെത്തിക്കാന്‍ പൊലീസ് തയ്യാറായില്ല. കര്‍ണപുടത്തിന് പരിക്കേറ്റെന്നാണ് പ്രാഥമിക നിഗമനം.

പ്രതിപക്ഷ ഉപനേതാവും സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്‍ സന്ദര്‍ശിച്ചു. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കെ ഗുരുദാസന്‍ , സംസ്ഥാനകമ്മിറ്റി അംഗം എം വിജയകുമാര്‍ , ജില്ലാസെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ എന്നിവരും മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി.

deshabhimani 210911

1 comment:

  1. പൊലീസിനെ കയറൂരി വിടുന്ന സംസ്ഥാനസര്‍ക്കാരിന്റെ പൊലീസ് നയത്തിനെതിരെ വ്യാപക പ്രതിഷേധമുയരുന്നതിനിടെ ചൊവ്വാഴ്ച തിരുവനന്തപുരത്തും കോഴിക്കോട്ടും ഭീകര പൊലീസ് തേര്‍വാഴ്ച. പൊലീസ് മര്‍ദനത്തിനെതിരെ എസ്എഫ്ഐ നേതൃത്വത്തില്‍ സെക്രട്ടറിയറ്റിലേക്ക് മാര്‍ച്ച് ചെയ്ത വിദ്യാര്‍ഥികളെയും റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് പിഡബ്ല്യുഡി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെയുമാണ് ക്രൂരമായി തല്ലിച്ചതച്ചത്.

    ReplyDelete