Monday, October 24, 2011
2 ജി: രാജയ്ക്കും കനിമൊഴിക്കും മറ്റ് 15 പേര്‍ക്കുമെതിരെ വിശ്വാസവഞ്ചനാക്കുറ്റം
2 ജി സ്പെക്ട്രം അഴിമതിക്കേസില്‍ മുന്‍ ടെലിക്കോം മന്ത്രി എ രാജയും ഡി എം കെ എം പി കനിമൊഴി കരുണാനിധിയും ഉള്‍പ്പെടെ പതിനേഴ് പ്രതികള്‍ക്കുമെതിരെ പ്രത്യേക സി ബി ഐ കോടതി കുറ്റം ചുമത്തി. പ്രതികളെല്ലാം ഗൂഢാലോചനയില്‍ പങ്കാളികളായെന്ന സി ബി ഐ റിപ്പോര്‍ട്ട് അംഗീകരിച്ച കോടതി ഇവര്‍ക്കെതിരെ ക്രിമിനല്‍ വിശ്വാസ ലംഘനം, കോഴവാങ്ങല്‍ എന്നീ കുറ്റങ്ങള്‍ക്ക് പുറമെ വഞ്ചനാക്കുറ്റം, അഴിമതി, ഗൂഢാലോചന തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പതിനാല് വ്യക്തികളും മൂന്ന് കമ്പനികളുമാണ് കേസിലെ പ്രതികള്‍.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും അഴിമതി വിരുദ്ധ നിയമത്തിലെയും വകുപ്പുകള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ കുറ്റപത്രമനുസരിച്ച് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വരെ ലഭിക്കാം. കേസിന്റെ വിചാരണ നവംബര്‍ പതിനൊന്നിന് ആരംഭിക്കുമെന്നും സി ബി ഐ ജഡ്ജി ഒ പി സൈനിയുടെ വിധിയില്‍ പറയുന്നു. രാജയ്ക്കും അദ്ദേഹത്തിന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറി ആര് കെ ചന്ദോലിക്കും മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ത്ഥ ബഹുരയ്ക്കുമെതിരെ സി ബി ഐ സമര്‍പ്പിച്ച തെളിവുകള്‍ വിശ്വസനീയമാണെന്ന് കോടതി വ്യക്തമാക്കി.
ടെലികോം സ്ഥാപനങ്ങളായ റിലയന്‍സ് ടെലികോം ലിമിറ്റഡ്, സ്വാന് ടെലികോം, യുണിടെക് വയര്‍ലസ് ലിമിറ്റഡ് എന്നിവയ്ക്കെതിരെയും കുറ്റംചുമത്താനുള്ള തെളിവുകളുണ്ടെന്ന് കോടതി അറിയിച്ചു. റിലയന്‍സിന്റെ മാനേജിംഗ് ഡയറക്ടര്‍ ഗൗതം ദോഷി, ഗ്രൂപ്പ് പ്രസിഡന്റ് സുരേന്ദ്ര പിപ്പാര, സീനിയര്‍ വൈസ് പ്രസിഡന്റ് ഹരി നായര്‍ എന്നിവര്‍ക്കെതിരെയാണ് കുറ്റം ചുമത്തിയിരിക്കുന്നത്. സ്വാന് ടെലികോമിന്റെ പ്രൊമോട്ടര്‍ ഷാഹിദ് ഉസ്മാന് ബല്‍വ, ബന്ധു ആസിഫ് ബല്‍വ, സഹപ്രവര്ത്തകന് രാജീവ് അഗര്‍വാള്‍, യുണിടെക് എം ഡി സഞ്ജയ് ചന്ദ്ര, ഡി ബി റിയാലിറ്റി എം ഡി വിനോദ് ഗോയങ്ക എന്നിവരാണ് കുറ്റം ചുമത്തപ്പെട്ട മറ്റ് കോര്‍പ്പറേറ്റ് പ്രമുഖര്‍. കലൈഞ്ജര്‍ ടി വി എം ഡി ശരത് കുമാറിനെതിരെയും പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി വ്യക്തമാക്കി. ബോളീവുഡ് നിര്‍മ്മാതാവ് കരിം മൊറാനിയാണ് കുറ്റം ചുമത്തപ്പെട്ട മറ്റൊരാള്‍.
രാജയും കനിമൊഴിയും ചന്ദോലയും ബഹുലയും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്നും കോടതി നിരീക്ഷിച്ചു. പ്രത്യേക കോടതി കുറ്റം ചുമത്തിയ സാഹചര്യത്തില്‍ പ്രതികള്‍ക്ക് വീണ്ടും ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കാം. കോടതി ചുമത്തിയ കുറ്റങ്ങള്‍ക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുമെന്ന് പ്രതികളുടെ അഭിഭാഷകര്‍ അറിയിച്ചു. രണ്ടുമാസം നീണ്ട വാദത്തിന് ശേഷം എല്ലാ പ്രതികള്‍ക്കുംമേല്‍ കുറ്റംചുമത്തി 450 പേജുള്ള വിധിന്യായമാണ് കോടതി പുറപ്പെടുവിച്ചത്. കോഴ വാങ്ങല്‍, ക്രിമിനല്‍ വിശ്വാസലംഘനം, കോഴ ഇടപാടിന് പ്രേരിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് കനിമൊഴിക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഡി എം കെ പാര്‍ട്ടി ചാനലായ കലൈഞ്ജര്‍ ടി വിയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കനിമൊഴിയും രാജയും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായി കോടതി വിലയിരുത്തി. ചാനലിന് രജിസ്ട്രേഷന് ലഭിക്കുന്നതിനും ബ്രോഡ്കാസ്റ്റിംഗ് അനുമതി ലഭിക്കുന്നതിനും കനിമൊഴി രാജ വഴി ടെലികോം മന്ത്രാലയത്തില്‍ സ്വാധീനം ചെലുത്തിയതായി തെളിഞ്ഞിട്ടുണ്ട്.
കൂടാതെ ഡൈനാമിക്സ് റിയാലിറ്റിയും സ്വാന് ടെലികോം പ്രൊമോട്ടര്‍മാരും കലൈഞ്ജര്‍ ടി വിക്ക് 200 കോടി രൂപ വീതം വായ്പ നല്‍കിയത് വ്യാജരേഖകള്‍ സൃഷ്ടിച്ചാണെന്നും ഇത് അനധികൃത ഇടപാടാണെന്നും കോടതി വിലയിരുത്തി.
യൂണിഫൈഡ് ആക്സസ് സര്‍വീസ് ലൈസന്‍സുകളും തുടര്‍ന്ന് 2 ജി സ്പെക്ര്ടവും വിതരണം ചെയ്തതിലെ ക്രമക്കേടുകള്‍വഴി ഖജനാവിന് 30,984 കോടിയുടെ നഷ്ടമുണ്ടായെന്നാണ് സി ബി ഐ സമര്‍പ്പിച്ച ആദ്യ കുറ്റപത്രത്തില്‍ പറയുന്നത്. സ്പെക്ട്രം വിതരണംവഴി ഖജനാവിന് 1.76 ലക്ഷം കോടിയുടെ നഷ്ടമുണ്ടായതായി കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ പിന്നീട് കണ്ടെത്തി.“
രാജയും ബെഹൂറയും ഉള്‍പ്പെടെ ഒമ്പതുപേരെയും മൂന്ന് ടെലികോം കമ്പനികളെയും പ്രതികളാക്കിയാണ് ഏപ്രില്‍ ഒന്നിന് സി ബി ഐ ആദ്യകുറ്റപത്രം ഫയല്‍ ചെയ്തത്. സ്പെക്ട്രം ലേലംചെയ്യുന്നതിനു പകരം 'ആദ്യം വരുന്നവര്‍ക്ക് ആദ്യം’എന്ന നയമാണ് രാജ സ്വീകരിച്ചതെന്ന് കോടതി വിലയിരുത്തി.
ചന്ദോല, ഷാഹിദ് ഉസ്മാന് ബല്‍വ, വിനോദ് ഗോയന്ക, സഞ്ജയ് ചന്ദ്ര, ഗൗതം ദോഷി, സുരേന്ദ്ര പിപാറ, ഹരിനായര്‍ എന്നിവരും റിലയന്‍സ് കമ്യൂണിക്കേഷന്‍സ്, യുണീടെക് വയര്‍ലെസ്, സ്വാന് ടെലികോം എന്നീ കമ്പനികളും സി ബി ഐയുടെ ആദ്യ കുറ്റപത്രത്തില്‍ പ്രതികളാണ്.
ഏപ്രില്‍ 25ന് ഫയല്‍ചെയ്ത രണ്ടാമത്തെ കുറ്റപത്രത്തിലാണ് കരുണാനിധിയുടെ മകളും രാജ്യസഭാംഗവുമായ കനിമൊഴിയുടെ പേരുള്ളത്. ശരത്കുമാര്, ആസിഫ് ബല്‍വ, രാജീവ് അഗര്‍വാള്‍, കരീം മൊറാനി എന്നിവര്‍ രണ്ടാമത്തെ കുറ്റപത്രത്തില്‍ പ്രതികളായി. രാജ ഫെബ്രുവരി 2നും കനിമൊഴി മെയ് 20നുമാണ് അറസ്റ്റിലായത്. ഇവരുള്‍പ്പെടെ കേസിലെ പ്രതികളെല്ലാം ഇപ്പോള്‍ തിഹാര്‍ ജയിലിലാണ്.
janayugom 241011
Labels:
അഴിമതി,
വാർത്ത,
സ്പെക്ട്രം
Subscribe to:
Post Comments (Atom)
2 ജി സ്പെക്ട്രം അഴിമതിക്കേസില്‍ മുന്‍ ടെലിക്കോം മന്ത്രി എ രാജയും ഡി എം കെ എം പി കനിമൊഴി കരുണാനിധിയും ഉള്‍പ്പെടെ പതിനേഴ് പ്രതികള്‍ക്കുമെതിരെ പ്രത്യേക സി ബി ഐ കോടതി കുറ്റം ചുമത്തി. പ്രതികളെല്ലാം ഗൂഢാലോചനയില്‍ പങ്കാളികളായെന്ന സി ബി ഐ റിപ്പോര്‍ട്ട് അംഗീകരിച്ച കോടതി ഇവര്‍ക്കെതിരെ ക്രിമിനല്‍ വിശ്വാസ ലംഘനം, കോഴവാങ്ങല്‍ എന്നീ കുറ്റങ്ങള്‍ക്ക് പുറമെ വഞ്ചനാക്കുറ്റം, അഴിമതി, ഗൂഢാലോചന തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പതിനാല് വ്യക്തികളും മൂന്ന് കമ്പനികളുമാണ് കേസിലെ പ്രതികള്‍.
ReplyDelete