Tuesday, October 25, 2011

ക്ഷേത്രത്തിലെ മോഷണം ആര്‍എസ്എസുകാരന്‍ ഉള്‍പ്പെടെ 5 പേര്‍ അറസ്റ്റില്‍

ചെങ്ങന്നൂര്‍ പാണ്ടനാട് മുതവഴി കുമാരമംഗലം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ താഴികക്കുടത്തിലെ കൂമ്പ് മോഷണംപോയ സംഭവത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനടക്കം അഞ്ചുപേര്‍ അറസ്റ്റില്‍ . തൃശൂര്‍ ജില്ലയില്‍ മുകുന്ദപുരം താലൂക്കില്‍ വടവാ വില്ലേജില്‍ നെയ്ത്തുക്കുടി ചാറക്കാട്ടു വീട്ടില്‍ രവീന്ദ്രന്റെ മകന്‍ ജോഷി (48), കോഴിക്കോട് കൊയിലാണ്ടി തിക്കോടി വെള്ളാംകണ്ടി വീട്ടില്‍ രാമന്‍ എന്ന രാമചന്ദ്രന്‍ (45), കൊടുങ്ങല്ലൂര്‍ മേത്തല വില്ലേജില്‍ കടുക്കച്ചുവട് ചാറക്കാട്ടില്‍ വീട്ടില്‍ അനീഷ് (34), പാണ്ടനാട് മുതവഴിയില്‍ ചിത്രത്തൂര്‍ മഠത്തില്‍ ശരത്കുമാര്‍ എന്ന ശരത് ഭട്ടതിരി (37), പാണ്ടനാട് മുതവഴി കേളയില്‍ വീട്ടില്‍ രഞ്ജിത് (28) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ചെങ്ങന്നൂര്‍ ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

മാളയില്‍ ദേവസ്ഥാനം എന്ന പേരില്‍ വിഷ്ണുമായ ക്ഷേത്രത്തിന്റെ ഉടമസ്ഥനും വെളിച്ചപ്പാടുമാണ് ജോഷി. വെളിച്ചപ്പാടിന്റെ അസിസ്റ്റന്റായി രാമചന്ദ്രന്‍ ഒരുവര്‍ഷമായി ജോഷിയോടൊപ്പമുണ്ട്. ജോഷിയുടെ ബന്ധുവായ അനീഷാണ് ഈ ക്ഷേത്രത്തിലെ വഴിപാട് രസീത് എഴുത്തുജോലിചെയ്തിരുന്നത്. മുതവഴി ക്ഷേത്രത്തിന്റെ ഊരായ്മക്കാരില്‍ ഒരാളാണ് ചിത്രത്തൂര്‍ മഠത്തില്‍ ശരത്കുമാര്‍ . ആര്‍എസ്എസ് പ്രവര്‍ത്തകനായ രഞ്ജിത്തായിരുന്നു താഴികക്കുടത്തിന്റെ കൂമ്പ് ഉള്‍പ്പെടുന്ന മകുടം സംരക്ഷിക്കുന്നതിന് രാത്രി കാവല്‍നിന്നിരുന്നത്. കൊടുങ്ങല്ലൂര്‍ സ്വദേശിയായ സുരേഷിന്റെ നേതൃത്വത്തിലാണ് മോഷണം ആസൂത്രണം ചെയ്തത്. ഇയാള്‍ മുമ്പ് മുതവഴി ക്ഷേത്ര ഊരായ്മക്കാരില്‍ ഒരാളില്‍നിന്നും പവര്‍ ഓഫ് അറ്റോര്‍ണി വാങ്ങി ക്ഷേത്ര ഉടമസ്ഥത സംബന്ധിച്ച തര്‍ക്കത്തില്‍ ചിത്രത്തൂര്‍ മഠത്തിനെതിരായ കേസില്‍ കക്ഷിചേര്‍ന്നു. മോഷണദിവസത്തിനുമുമ്പ് പലതവണ സുരേഷും സംഘവും ചെങ്ങന്നൂരില്‍വന്ന് ശരത് ഭട്ടതിരിയുമായി വില്‍പ്പന സംബന്ധിച്ച വിലപേശല്‍ നടത്തി. കൂമ്പില്‍ ഇറിഡിയമുണ്ടെന്ന് തെളിഞ്ഞാല്‍ 500 കോടി രൂപവരെ വാഗ്ദാനം ചെയ്തിരുന്നു. ഇത് പരിശോധിക്കുന്നതിന് മുന്‍കൂറായി ഒരുകോടി രൂപ ശരത് ഭട്ടതിരി ആവശ്യപ്പെട്ടു. എന്നാല്‍ ഭട്ടതിരിയുടെ വീടും വസ്തുവും ജാമ്യമായി സംഘം ആവശ്യപ്പെട്ടതോടെ തുക 20 ലക്ഷമായി വീണ്ടും കുറഞ്ഞു. 19ന് ഉച്ചയോടെ അഞ്ചംഗസംഘം കുളനടയിലെ സ്വകാര്യ ഹോട്ടലില്‍ താമസിച്ചു. രാത്രിയിലായിരുന്നു മോഷണം. കൂടുതല്‍ പ്രതികള്‍ പിടിയിലാകുന്നതോടെയേ വിശദാംശങ്ങള്‍ പുറത്തുവരൂ.

കൂമ്പ് ഒടിച്ചെടുത്ത് നല്‍കിയത് ആര്‍എസ്എസ് പ്രവര്‍ത്തകനായ രഞ്ജിത്താണ്. 17ന് രഞ്ജിത്ത് മുളയില്‍ അരി കിഴികെട്ടി പിവിസി പൈപ്പില്‍ കെട്ടിത്തൂക്കി കൂമ്പിന്‍മൂട്ടില്‍ റൈസ് പുള്ളിങ് ടെസ്റ്റ് നടത്തിയിരുന്നു. മോഷണത്തിന് രഞ്ജിത് 40,000 രൂപ കൈപ്പറ്റി. ശ്രമം വിജയിച്ചാല്‍ 10 ലക്ഷം രൂപ നല്‍കാമെന്നായിരുന്നു വാഗ്ദാനം. ചെങ്ങന്നൂരിലെ പലരും ഈ ശ്രമത്തിനും അതിനുമുമ്പുള്ള ശ്രമത്തിലും പങ്കാളികളായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച ഉച്ചയോടെ തിരുവന്‍വണ്ടൂരിലെ സജീവ ആര്‍എസ്എസ് പ്രവര്‍ത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തതായി അറിയുന്നു. മോഷണം പോയ കൂമ്പ് ക്ഷേത്ര ഊരായ്മക്കാരില്‍ പ്രധാനപ്പെട്ട ആളുടെ വീടിനുമുന്നില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതിലും ദുരൂഹതയുണ്ട്. കൂമ്പില്‍ ഇറിഡിയത്തിന്റെ സാന്നിധ്യം പരിശോധിക്കുന്നതിന് ഹൈക്കോടതിയെ പൊലീസ് സമീപിക്കും. അഞ്ച് പ്രതികള്‍കൂടി പിടിയിലാകാനുണ്ടെന്ന് ചെങ്ങന്നൂര്‍ പൊലീസ് അറിയിച്ചു. ചെങ്ങന്നൂര്‍ ഡിവൈഎസ്പി നരേന്ദ്രബാബു, സിഐ ആര്‍ ജോസ്, എസ്ഐ ശ്രീമോന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ക്ഷേത്രത്തില്‍ മോഷണം നടന്നപ്പോള്‍തന്നെ ഇതിലുള്ള ആര്‍എസ്എസ്-ബിജെപി ബന്ധം അന്വേഷിക്കണമെന്ന് സിപിഐ എം ആവശ്യപ്പെട്ടിരുന്നു.

deshabhimani 251011

2 comments:

  1. ചെങ്ങന്നൂര്‍ പാണ്ടനാട് മുതവഴി കുമാരമംഗലം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ താഴികക്കുടത്തിലെ കൂമ്പ് മോഷണംപോയ സംഭവത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനടക്കം അഞ്ചുപേര്‍ അറസ്റ്റില്‍ .

    ReplyDelete
  2. leftist nu enta temple il karyam ennu chodichal

    ReplyDelete