Tuesday, October 25, 2011

മാധ്യമങ്ങളും ലീഗും

വിമര്‍ശിക്കുന്ന മാധ്യമങ്ങളുടെ വായടപ്പിക്കാനുള്ള നീക്കങ്ങളാണ് ഭരണത്തിന്റെ തണലില്‍ മുസ്ലിം ലീഗ് നടത്തുന്നത്. ഇത് സ്വതന്ത്രവും നിര്‍ഭയവുമായ മാധ്യമപ്രവര്‍ത്തനം നിലനിന്നുകാണണമെന്നാഗ്രഹിക്കുന്ന ജനാധിപത്യസമൂഹത്തിന് ആശങ്കയോടെമാത്രമേ കാണാന്‍ കഴിയൂ. ഐസ്ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ട് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വാര്‍ത്ത കൊടുക്കുന്നതിന്റെ പേരില്‍ രണ്ട് മലയാളം ടിവി ചാനലുകള്‍ക്കെതിരായി നിയമനടപടി സ്വീകരിക്കാനാണ് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയറ്റ് യോഗം തീരുമാനിച്ചിട്ടുള്ളത്. ഏതെങ്കിലും ഒരു രാഷ്ട്രീയപാര്‍ടിയുടെ സംസ്ഥാന നേതൃത്വം യോഗംചേര്‍ന്ന് തങ്ങളെ വിമര്‍ശിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ കേസ് കൊടുക്കാന്‍ നിശ്ചയിക്കുന്നത് കേരളത്തില്‍ ഇതാദ്യമായിരിക്കും.

മാധ്യമങ്ങള്‍ സത്യംമാത്രം പറയുന്നവയാണ് എന്ന മിഥ്യാധാരണ ആര്‍ക്കുമുണ്ടാകില്ല. സിപിഐ എം, പാര്‍ടി സംസ്ഥാന സെക്രട്ടറി, സെക്രട്ടറിയറ്റ് അംഗങ്ങള്‍ എന്നിവര്‍ക്കെതിരെ കള്ളപ്രചാരണത്തിന്റെ പരമ്പര വര്‍ഷങ്ങളോളം നടത്തിയ ചരിത്രം കേരളത്തിലെ ചില മാധ്യമങ്ങള്‍ക്കെങ്കിലുമുണ്ട്. രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെയും വൈയക്തികമായ വൈരനിര്യാതനബുദ്ധിയോടെയും സിപിഐ എം നേതാക്കളെ അപകീര്‍ത്തിപ്പെടുത്താന്‍ മാധ്യമങ്ങള്‍ കച്ചകെട്ടിയിറങ്ങിയതിന്റെ ചരിത്രവുമുണ്ട്. അത്യധികം പ്രകോപനപരമായി അസത്യത്തിന്റെയും അപകീര്‍ത്തിയുടെയും വേലിയേറ്റം ഇവിടെ സൃഷ്ടിച്ച ഘട്ടങ്ങളുമുണ്ട്. എന്നാല്‍ , ഒരിക്കല്‍പ്പോലും മാധ്യമങ്ങളെ ഈ വിധത്തില്‍ നേരിടാന്‍ സിപിഐ എമ്മോ മറ്റു രാഷ്ട്രീയപാര്‍ടികളോ ഒരുമ്പെട്ടില്ല. എന്നു മാത്രമല്ല, സത്യാവസ്ഥ എന്താണെന്ന് ജനങ്ങളോടു വിശദീകരിക്കുകയും മാധ്യമങ്ങള്‍ക്കെതിരായി നീങ്ങാതിരിക്കാനുള്ള സംയമനം പുലര്‍ത്തുകയുമാണ് ചെയ്തിട്ടുള്ളത്. പാര്‍ടിയെയും അതിന്റെ നേതൃത്വത്തെയും അപകീര്‍ത്തിപ്പെടുത്തി തകര്‍ക്കാനുള്ള സംഘടിതശ്രമങ്ങള്‍ക്ക് തെളിവുകളുണ്ടായിട്ടുപോലും സിപിഐ എം അവര്‍ക്കെതിരെ ഏതെങ്കിലും വിധത്തില്‍ നീങ്ങിയില്ല. ഒരു മഞ്ഞപ്പത്രം തുടങ്ങിയിട്ട് അതിന്റെ മറവില്‍ കേസ് നടത്തിപ്പിനിറങ്ങിയ "പത്രപ്രവര്‍ത്തകര്‍" വരെയുണ്ട്. അവര്‍ക്കെതിരെയും ഒരു നടപടിക്കും പോയിട്ടില്ല. കാരണം, സത്യം ആത്യന്തികമായി വിജയിക്കുകതന്നെ ചെയ്യുമെന്ന് സിപിഐ എമ്മിനു ബോധ്യമുണ്ടായിരുന്നു. ആ ബോധ്യം മുന്‍നിര്‍ത്തി കാത്തിരുന്നു. കാലം കടക്കെ ജനങ്ങള്‍ സത്യം തിരിച്ചറിയുകയും കള്ളപ്രചാരണങ്ങള്‍ക്കിറങ്ങിയവര്‍ക്ക് പറഞ്ഞതാവര്‍ത്തിക്കാന്‍ കഴിയാത്തവിധം യാഥാര്‍ഥ്യം പതുക്കെപ്പതുക്കെയാണെങ്കിലും അതിജീവിക്കുകയുംചെയ്തു.

ഈ നിലപാട് സ്വീകരിക്കാന്‍ കഴിയണമെങ്കില്‍ തെറ്റു ചെയ്തിട്ടില്ല എന്ന ബോധ്യമുണ്ടാവണം. സത്യം ജനങ്ങള്‍ തിരിച്ചറിയുകതന്നെ ചെയ്യുമെന്ന വിശ്വാസമുണ്ടാവണം. ആ ബോധ്യവും വിശ്വാസവുമില്ലാത്തവരാണ് മാധ്യമങ്ങളുടെ വായ മൂടിക്കെട്ടാന്‍ വ്യഗ്രതപ്പെടുന്നത്. ആ വ്യഗ്രതയാണിപ്പോള്‍ ലീഗ് നേതൃത്വത്തിന്റെ മനോഭാവത്തില്‍ പ്രകടമാകുന്നത്.

ലീഗില്‍നിന്ന് ഇത്തരം നിലപാടുണ്ടാകുന്നത് ആദ്യമല്ല. ഐസ്ക്രീം പാര്‍ലര്‍ കേസില്‍ റജീനയുടെ വെളിപ്പെടുത്തല്‍ വന്നതിനെത്തുടര്‍ന്ന് വിദേശത്തുനിന്ന് കോഴിക്കോട് വിമാനത്താവളത്തില്‍ വന്നിറങ്ങിയ കുഞ്ഞാലിക്കുട്ടിയെ സ്വീകരിക്കാനെത്തിയ ലീഗ് പ്രവര്‍ത്തകര്‍ വനിതാ മാധ്യമപ്രവര്‍ത്തകരെയടക്കം അതിക്രൂരമായി മര്‍ദിച്ചു. കേരളത്തിന്റെ പല ഭാഗങ്ങളിലും മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധപ്രകടനത്തിനു നേര്‍ക്ക് ബലപ്രയോഗവും കൈയേറ്റവും നടന്നു. അക്കാലത്ത് ലീഗ് നേതാക്കളില്‍നിന്ന് ഉയര്‍ന്നുവന്ന ഒരു വാദം മാധ്യമപ്രവര്‍ത്തകര്‍ക്ക് പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തണമെന്നതായിരുന്നു. അന്നത്തെ അസഹിഷ്ണുത ഇന്ന് നിയമനടപടി എന്ന ഭീഷണിയായി പുനരവതരിച്ചിരിക്കുന്നു.

ഇടതുപക്ഷജനാധിപത്യമുന്നണി അധികാരത്തിലിരിക്കുന്ന ഘട്ടങ്ങളില്‍ , ഇല്ലാത്ത കാര്യങ്ങള്‍ കുത്തിപ്പൊക്കി മാധ്യമസ്വാതന്ത്ര്യം അപകടപ്പെടുന്നതായി ആക്ഷേപിക്കാറുള്ള പല മാധ്യമവിദഗ്ധരുടെയും പുതിയ സാഹചര്യത്തിലെ മൗനം അര്‍ഥഗര്‍ഭമാണ്. അവരില്‍ ചിലരെങ്കിലും ഇന്ന് രാഷ്ട്രീയപാര്‍ടികള്‍ക്ക് നിയമനടപടികള്‍ നീക്കാനുള്ള സ്വാതന്ത്ര്യത്തെക്കുറിച്ച് പറയുന്നു. സിപിഐ എം അസത്യജടിലമായ ആക്ഷേപങ്ങളും അതിന്റെ നേതാക്കള്‍ വ്യക്തിത്വഹത്യ ലക്ഷ്യമാക്കിയുള്ള അപകീര്‍ത്തികരമായ അധിക്ഷേപങ്ങളും നേരിട്ട ഘട്ടങ്ങളില്‍ രാഷ്ട്രീയപാര്‍ടികളുടെ നിയമനടപടി സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചിന്തകളൊന്നും ഇവരില്‍ ഉദിച്ചിരുന്നില്ല. ഏതായാലും, എന്തിന്റെ പേരിലായാലും മാധ്യമങ്ങളുടെ വായ മൂടിക്കെട്ടാനുള്ള ശ്രമങ്ങള്‍ , അവയെ ഭയപ്പാടിന്റെ അന്തരീക്ഷത്തില്‍മാത്രം പ്രവര്‍ത്തിക്കാനനുവദിക്കുന്ന നീക്കങ്ങള്‍ സ്വതന്ത്ര-ജനാധിപത്യസമൂഹത്തില്‍ ആശാസ്യമല്ല. ലീഗിന്റെ നീക്കത്തോട് യുഡിഎഫും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും എങ്ങനെ പ്രതികരിക്കുമെന്നത് അറിയേണ്ടതുണ്ട്.

ദേശാഭിമാനി മുഖപ്രസംഗം 251011

ലീഗിന്റെ മാധ്യമവിരുദ്ധ നീക്കം; ഉന്നം മുനീര്‍

രണ്ട് ടിവി ചാനലുകള്‍ക്കെതിരെ മുസ്ലിംലീഗ് പ്രഖ്യാപിച്ച നിയമയുദ്ധ ഭീഷണി പി കെ കുഞ്ഞാലിക്കുട്ടിയെ സംരക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗം. പാര്‍ടിയിലെ പ്രതിയോഗി എം കെ മുനീറിനെ ഒതുക്കാനുള്ള കുഞ്ഞാലിക്കുട്ടിയുടെ ഗുഢതന്ത്രമാണ് കഴിഞ്ഞദിവസം ലീഗ് സെക്രട്ടറിയറ്റിന്റേതായി പുറത്തുവന്നത്. ലീഗ് തീരുമാനം പല കാരണങ്ങളാല്‍ വിവാദമായി. മാധ്യമസ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നാക്രമണമാണെന്ന് നിഷ്പക്ഷമതികള്‍പോലും വിലയിരുത്തി. ഐസ്ക്രീംകേസ് മുറുകിയാല്‍ കുഞ്ഞാലിക്കുട്ടിക്ക് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വരും. അതിലേക്ക് കാര്യങ്ങള്‍ എത്താതിരിക്കാനുള്ള കുറുക്കുവഴി തേടുകയാണ് ലീഗ് നേതൃത്വം. അതിന്റെ ഭാഗമായാണ് ഇന്ത്യാവിഷന്‍ , റിപ്പോര്‍ട്ടര്‍ ചാനലുകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനുള്ള തീരുമാനം.

ഐസ്ക്രീം കേസ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പാര്‍ടിക്കെതിരെ യക്ഷിക്കഥകള്‍ പ്രചരിപ്പിക്കുന്ന രണ്ടു ചാനലുകള്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ജനറല്‍ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ അറിയിച്ചെങ്കിലും കേസ് നിലനില്‍ക്കണമെങ്കില്‍ പരാതിക്കാരന്‍ പാര്‍ടിയായാല്‍ പോര. കുഞ്ഞാലിക്കുട്ടിതന്നെയാകണം. കുറ്റാരോപിതന്‍ കുഞ്ഞാലിക്കുട്ടിയാണ്. കുഞ്ഞാലിക്കുട്ടിക്കെതിരെ ഐസ്ക്രീം കേസിലടക്കം ഇന്ത്യാവിഷന്‍ പ്രത്യേക വാര്‍ത്തകള്‍ നല്‍കില്ലെന്നും ചാനല്‍ ഭാരവാഹിത്വം ഒഴിയുമെന്നുമുള്ള നിബന്ധനയ്ക്ക് വിധേയമായാണ് മുനീറിനെ ലീഗ് മന്ത്രിയാക്കിയത്. എന്നാല്‍ , കോഴിക്കോട്ടെ രണ്ടു പെണ്‍കുട്ടികളുടെ ആത്മഹത്യക്ക് ഐസ്ക്രീംകേസുമായുള്ള ബന്ധം ഇന്ത്യാവിഷന്‍ ഉള്‍പ്പെടെയുള്ള ചാനലുകള്‍ പുറത്തുവിട്ടു. റൗഫിന്റെ തുടര്‍വെളിപ്പെടുത്തലുകളും സംപ്രേഷണംചെയ്തു. കോടതിക്കേസും മാധ്യമവെളിപ്പെടുത്തലുകളും കുഞ്ഞാലിക്കുട്ടിയെ കെട്ടിവരിയുന്ന കുരുക്കുകളായി.

ഈ സാഹചര്യത്തില്‍ മുനീറിനെ ഭരണത്തില്‍നിന്ന് പുകച്ചു പുറത്തുചാടിക്കുക എന്ന ലക്ഷ്യം കുഞ്ഞാലിക്കുട്ടിക്കും സംഘത്തിനുമുണ്ട്. അഞ്ചാം മന്ത്രിസ്ഥാനം എന്ന ലീഗ് ആവശ്യം നിയമസഭാ സമ്മേളനം കഴിഞ്ഞാല്‍ നടക്കുമെന്ന് ലീഗ് നേതൃത്വം പറയുന്നുണ്ടെങ്കിലും കോണ്‍ഗ്രസ് ഇതുവരെ സമ്മതം മൂളിയിട്ടില്ല. മന്ത്രിപദവി നീട്ടിക്കൊതിപ്പിച്ചു നിര്‍ത്തിയിരിക്കുന്ന ആള്‍ക്ക്, മുനീറിനെ പുറത്താക്കി ആ പദവി നല്‍കുക എന്ന അജന്‍ഡയുമുണ്ട്. മന്ത്രിയാകാന്‍ ഇന്ത്യാവിഷന്റെ ഭാരവാഹിത്വം ഒഴിയുക എന്ന വ്യവസ്ഥ ചേര്‍ത്തെങ്കിലും മുനീര്‍തന്നെയാണ് ഇപ്പോഴും ചാനലിന്റെ ജീവാത്മാവും പരമാത്മാവും. ചെയര്‍മാന്‍സ്ഥാനം രാജിവച്ചതായി പ്രഖ്യാപിച്ചെങ്കിലും പകരം ചെയര്‍മാനെ നിയമിച്ചിട്ടില്ല. മുനീര്‍കൂടി പങ്കെടുത്ത ലീഗ് സെക്രട്ടറിയറ്റ് യോഗമാണ് ഇന്ത്യാവിഷനും റിപ്പോര്‍ട്ടര്‍ക്കുമെതിരെ നിയമനടപടി സ്വീകരിക്കാന്‍ തീരുമാനമെടുത്തത്. ഇന്ത്യാവിഷനെതിരെ നിയമനടപടിക്ക് നോട്ടീസ് അയച്ചാല്‍ പ്രതിസ്ഥാനത്ത് ചെയര്‍മാന്‍ സ്ഥാനത്തെ ഒഴിവാക്കാനാകില്ല. നിയമയുദ്ധഭീഷണിയുടെ മറവില്‍ ഇന്ത്യാവിഷന്റെ തലപ്പത്ത് കുഞ്ഞാലിക്കുട്ടിയുടെ നോമിനിയെ തിരുകിക്കയറ്റാനും നീക്കമുണ്ട്.

ലീഗ് ആഗ്രഹിക്കുന്ന ഉത്തരവ് കിട്ടില്ല: സെബാസ്റ്റ്യന്‍ പോള്‍

മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുന്ന ലീഗിന് അവര്‍ ആഗ്രഹിക്കുന്ന തരത്തില്‍ ഏതെങ്കിലും കോടതിയില്‍ നിന്ന് ഉത്തരവു കിട്ടുമെന്ന് കരുതുന്നില്ലെന്ന് ഡോ. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. ഒരു രാഷ്ട്രീയപാര്‍ടി ഇത്തരത്തില്‍ ഭീഷണി മുഴക്കി മാധ്യമങ്ങള്‍ക്കെതിരെ ഇറങ്ങിപ്പുറപ്പെടുന്നത് ആദ്യമാണ്. അപൂര്‍വം സന്ദര്‍ഭങ്ങളില്‍ രാഷ്ട്രീയപ്രവര്‍ത്തകര്‍ മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടി കൈക്കൊള്ളാറുണ്ട്. അതില്‍നിന്നു വ്യത്യസ്തമായി ഒരു രാഷ്ട്രീയപാര്‍ടി, തങ്ങള്‍ക്കെതിരെ ആക്ഷേപമുന്നയിച്ച മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി എടുക്കുമെന്ന നയപരമായ പ്രഖ്യാപനം ഔദ്യോഗികമായി നടത്തിയത് വിചിത്രമാണ്. നിയമത്തിലുള്ള അജ്ഞതയും ജനാധിപത്യത്തില്‍ അവശ്യം വേണ്ട സഹിഷ്ണുതയുടെ അഭാവവുമാണ് ഈ നടപടിയിലൂടെ മുസ്ലിംലീഗ് പ്രകടിപ്പിച്ചിരിക്കുന്നത്. അവരുടെ ഉദ്ദേശം നടക്കുമോ എന്ന കാര്യം സംശയമാണെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.

മാധ്യമനിയന്ത്രണത്തിനുള്ള നീക്കം: ലീലാ മേനോന്‍

മുസ്ലിംലീഗിെന്‍റ നിയമനടപടി മാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തിന് നിയന്ത്രണമേര്‍പ്പെടുത്തുക എന്ന ഉദ്യേശത്തോടെയാണെന്നും അത് അനുവദിച്ച് കൊടുക്കരുതെന്നും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ലീലാ മേനോന്‍ പറഞ്ഞു. സമൂഹത്തിലെ ജീര്‍ണതകളും അഴിമതിയുമൊക്കെ ഒരുപരിധി വരെയെങ്കിലും പുറത്തുവരുന്നത് മാധ്യമങ്ങളുടെ സ്വതന്ത്രമായ ഇടപെടലിലൂടെയും അന്വേഷണത്തിലൂടെയുമാണ്. അതിന് കൂച്ചുവിലങ്ങിടാനാണ് നീക്കം. മാധ്യമങ്ങളുടെ സ്വതന്ത്രമായ പ്രവര്‍ത്തനത്തിന് തടസമുണ്ടാകുന്ന ഒരു നടപടിയും അനുവദിക്കരുത്. ലീഗിന്റേത് മോശം രാഷ്ട്രീയനീക്കമാണ്. അതിനെ ചെറുത്തുതോല്‍പ്പിക്കണമെന്നും ലീലാ മേനോന്‍ പറഞ്ഞു.

ലീഗ് വ്യാഖ്യാനം ശരിയല്ല: എം ജി രാധാകൃഷ്ണന്‍

വ്യക്തിക്കെതിരെ വാര്‍ത്ത വരുന്നതിനെ പാര്‍ടിയെ തകര്‍ക്കാനാണെന്ന് ലീഗ് വ്യാഖ്യാനിക്കുന്നത് ശരിയല്ല. ഇത് അടിസ്ഥാനമില്ലാത്ത നിലപാടാണ്. മുമ്പ് മറ്റു പാര്‍ടികളിലെ നേതാക്കള്‍ക്കെതിരെ വാര്‍ത്തകള്‍ വന്നപ്പോള്‍ മിണ്ടാതിരുന്ന ലീഗ്, ഇപ്പോള്‍ ഹാലിളകുന്നത് ജനാധിപത്യവിരുദ്ധവുമാണ്.

deshabhimani 251011

3 comments:

  1. വിമര്‍ശിക്കുന്ന മാധ്യമങ്ങളുടെ വായടപ്പിക്കാനുള്ള നീക്കങ്ങളാണ് ഭരണത്തിന്റെ തണലില്‍ മുസ്ലിം ലീഗ് നടത്തുന്നത്. ഇത് സ്വതന്ത്രവും നിര്‍ഭയവുമായ മാധ്യമപ്രവര്‍ത്തനം നിലനിന്നുകാണണമെന്നാഗ്രഹിക്കുന്ന ജനാധിപത്യസമൂഹത്തിന് ആശങ്കയോടെമാത്രമേ കാണാന്‍ കഴിയൂ. ഐസ്ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ട് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വാര്‍ത്ത കൊടുക്കുന്നതിന്റെ പേരില്‍ രണ്ട് മലയാളം ടിവി ചാനലുകള്‍ക്കെതിരായി നിയമനടപടി സ്വീകരിക്കാനാണ് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയറ്റ് യോഗം തീരുമാനിച്ചിട്ടുള്ളത്. ഏതെങ്കിലും ഒരു രാഷ്ട്രീയപാര്‍ടിയുടെ സംസ്ഥാന നേതൃത്വം യോഗംചേര്‍ന്ന് തങ്ങളെ വിമര്‍ശിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ കേസ് കൊടുക്കാന്‍ നിശ്ചയിക്കുന്നത് കേരളത്തില്‍ ഇതാദ്യമായിരിക്കും.

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. പിണറായി "എടോ ഗോപാലകൃഷ്ണാ" എന്ന് വിളിച്ചത് വലിയ കുറ്റമായി ഇപ്പോളും പറഞ്ഞു നടക്കുന്ന 9 മണി ചര്‍ച്ചാ തൊഴിലാളികള്‍ എവിടെ ?

    ReplyDelete