സംസ്ഥാനത്തിന് വൈദ്യുതി സ്വയംപര്യാപ്തത കൈവരിക്കാന്‍ സഹായിക്കുന്ന ഒമ്പത് ജലവൈദ്യുത പദ്ധതി കേന്ദ്രസര്‍ക്കാരിന്റെ അനുമതിക്കായി കാത്തുകിടക്കുന്നു. 1987 മുതല്‍ വിവിധ അനുമതിക്കായി നല്‍കിയ അപേക്ഷകളാണ് കേന്ദ്രസര്‍ക്കാരിന്റെ മന്ത്രാലയങ്ങളില്‍ തീരുമാനമെടുക്കാതെ ഫയലില്‍ കുരുക്കിയിട്ടിരിക്കുന്നത്. ഇവ യാഥാര്‍ഥ്യമായാല്‍ കേന്ദ്രസര്‍ക്കാരിന്റെ വിഹിതം ലഭിച്ചില്ലെങ്കിലും കേരളത്തിന് വൈദ്യുതിരംഗത്ത് സ്വയംപര്യാപ്തത കൈവരിക്കാനാകും.
യുഡിഎഫ് സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയില്‍ ലോഡ്ഷെഡിങ് ഏര്‍പ്പെടുത്തേണ്ടി വന്നപ്പോള്‍ കേന്ദ്രവിഹിതമായി 700 മെഗാവാട്ട് കിട്ടിയാല്‍ പ്രശ്നം പരിഹരിക്കാമെന്നാണ് വൈദ്യുതി മന്ത്രി നിയമസഭയില്‍ പറഞ്ഞത്. എന്നാല്‍ , 634.50 മെഗാവാട്ട് ഉല്‍പ്പാദനശേഷിയുള്ള പദ്ധതികളാണ് കേന്ദ്രത്തിന്റെ കനിവിനായി കാത്തുകിടക്കുന്നത്. അച്ചന്‍കോവില്‍ , പാമ്പാര്‍ , പെരിങ്ങല്‍ക്കുത്ത്, ആനക്കയം, പെരുന്തേനരുവി, അതിരപ്പിള്ളി, പാത്രക്കടവ്, പൂയംകുട്ടി, കാരപ്പാറ എന്നീ ചെറുകിട ജലവൈദ്യുത പദ്ധതികള്‍ക്കാണ് അനുമതി ലഭിക്കേണ്ടത്. 30 മെഗാവാട്ട് സ്ഥാപിതശേഷിക്കായുള്ള അച്ചന്‍കോവില്‍ പദ്ധതിക്ക് അനുമതി തേടി 2007 ഒക്ടോബര്‍ 10നാണ് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തിന് അപേക്ഷ നല്‍കിയത്. ഒന്നാംഘട്ട പാരിസ്ഥിതിക അനുമതി 2008 സെപ്തംബര്‍ 16നു ലഭിച്ചു. തുടര്‍ന്നുള്ള അനുമതിയൊന്നും ലഭിച്ചിട്ടില്ല. 40 മെഗാവാട്ട് ശേഷിയില്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന പാമ്പാര്‍ പദ്ധതിക്ക് 2009 ജൂണ്‍ 30നാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് അപേക്ഷ നല്‍കിയത്. 2010 ഫെബ്രുവരി 23ന് ആദ്യഘട്ട പാരിസ്ഥിതിക അനുമതി ലഭിച്ചു. നടപടി പൂര്‍ത്തിയാക്കാന്‍ എത്രകാലമെടുക്കുമെന്ന് ഇനിയും വ്യക്തമല്ല.
24 മെഗാവാട്ട് സ്ഥാപിതശേഷിയില്‍ പെരിങ്ങല്‍ക്കുത്ത് പദ്ധതിക്ക് 2011 ജൂലൈ 22ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് അപേക്ഷ നല്‍കി. വനഭൂമിയിലെ 4.75 ഹെക്ടറില്‍ മരം മുറിച്ചുമാറ്റുന്നതിനുള്ള അപേക്ഷയില്‍ ഇനിയും തീരുമാനമില്ല. 7.50 മെഗാവാട്ട് ഉല്‍പ്പാദനശേഷി സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന ആനക്കയം പദ്ധതിക്ക് 1990 ജനുവരി 27നാണ് പരിസ്ഥിതി മന്ത്രാലയത്തിന് അപേക്ഷ നല്‍കിയത്. എട്ട് ഏക്കര്‍ വന ഭൂമി പദ്ധതിക്ക് ലഭ്യമാക്കേണ്ടതുണ്ട്. ഇതില്‍ ഇനിയും തീരുമാനമായിട്ടില്ല. ആറ് മെഗാവാട്ട് ശേഷിയില്‍ പെരുന്തേനരുവിയില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിച്ച പദ്ധതിക്ക് 6.47 ഹെക്ടര്‍ വനഭൂമി ആവശ്യമാണ്. ഇത്രയുംകാലം മൗനംപാലിച്ച പരിസ്ഥിതി മന്ത്രാലയം ഇപ്പോള്‍ പദ്ധതിക്ക് പച്ചക്കൊടി കാട്ടിയതായാണ് വിവരം. 163 മെഗാവാട്ട് ഉല്‍പ്പാദനം ലക്ഷ്യമിടുന്ന അതിരപ്പിള്ളി പദ്ധതിക്ക് 1996 ഡിസംബര്‍ 31നാണ് ആദ്യ അപേക്ഷ നല്‍കിയത്. 2007ല്‍ പാരിസ്ഥിതിക അനുമതി നല്‍കിയെങ്കിലും പിന്നീട് അനുമതി റദ്ദുചെയ്യാതിരിക്കാന്‍ വിശദീകരണം ചോദിച്ചു. സംസ്ഥാന വൈദ്യുതി ബോര്‍ഡ് നല്‍കിയ മറുപടിയില്‍ കേന്ദ്രം തീരുമാനം അറിയിച്ചിട്ടില്ല. 70 മെഗാവാട്ട് ഉല്‍പ്പാദനശേഷിയുള്ള പാത്രക്കടവ് പദ്ധതിക്ക് 2003 ഫെബ്രുവരി 14ന് ഒന്നാംഘട്ട പാരിസ്ഥിതിക അനുമതിക്ക് അപേക്ഷ നല്‍കി. ആ വര്‍ഷം ഒക്ടോബര്‍ 12ന് അനുമതി ലഭിച്ചു. 2006 ജനുവരി 17ന് അന്തിമ പാരിസ്ഥിതിക അനുമതിക്ക് നല്‍കിയ അപേക്ഷയില്‍ ഇനിയും തീരുമാനം അറിയിച്ചിട്ടില്ല. 210 മെഗാവാട്ടിന്റെ പൂയംകുട്ടി പദ്ധതിക്ക് വനഭൂമി വിട്ടുകിട്ടാനായി 1987 മാര്‍ച്ച് 18ന് അപേക്ഷ നല്‍കി. 1991ല്‍ അപേക്ഷ നിരസിച്ചതായി സംസ്ഥാനത്തെ അറിയിച്ചു. ഈ തീരുമാനം പുനരാലോചിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം പശ്ചിമഘട്ട മലനിരകളെപ്പറ്റി പഠിക്കാന്‍ ഡോ. മാധവ് ഗാഡ്ഗില്‍ അധ്യക്ഷനായി നിയോഗിച്ച സമിതിയെ ഏല്‍പ്പിച്ചെങ്കിലും ഇനിയും തീരുമാനമായിട്ടില്ല. കാരപ്പാറ-കുരിയാര്‍കുറ്റി പദ്ധതിയില്‍ 84 മെഗാവാട്ട് ഉല്‍പ്പാദനശേഷിയാണ് പ്രതീക്ഷിക്കുന്നത്. 1999 ജൂലൈ 30നാണ് കേന്ദ്ര അനുമതിക്കായി പദ്ധതി സമര്‍പ്പിച്ചത്. 76.37 ഹെക്ടര്‍ വനഭൂമി പദ്ധതിക്കായി അനുവദിക്കണമെന്ന ആവശ്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം അറിയിക്കാനുള്ളത്.
(ജി രാജേഷ്കുമാര്‍)
deshabhimani 071011
സംസ്ഥാനത്തിന് വൈദ്യുതി സ്വയംപര്യാപ്തത കൈവരിക്കാന്‍ സഹായിക്കുന്ന ഒമ്പത് ജലവൈദ്യുത പദ്ധതി കേന്ദ്രസര്‍ക്കാരിന്റെ അനുമതിക്കായി കാത്തുകിടക്കുന്നു. 1987 മുതല്‍ വിവിധ അനുമതിക്കായി നല്‍കിയ അപേക്ഷകളാണ് കേന്ദ്രസര്‍ക്കാരിന്റെ മന്ത്രാലയങ്ങളില്‍ തീരുമാനമെടുക്കാതെ ഫയലില്‍ കുരുക്കിയിട്ടിരിക്കുന്നത്. ഇവ യാഥാര്‍ഥ്യമായാല്‍ കേന്ദ്രസര്‍ക്കാരിന്റെ വിഹിതം ലഭിച്ചില്ലെങ്കിലും കേരളത്തിന് വൈദ്യുതിരംഗത്ത് സ്വയംപര്യാപ്തത കൈവരിക്കാനാകും.
ReplyDelete