Wednesday, October 12, 2011

കൂത്തുപറമ്പ് വെടിവയ്പ്: പുനരന്വേഷണം അനിവാര്യം

1994 നവംബര്‍ 25നാണ് കൂത്തുപറമ്പില്‍ അഞ്ച് ഡിവൈഎഫ്ഐ സഖാക്കളെ പൊലീസ് വെടിവച്ചുകൊന്നത്. അന്ന് യുഡിഎഫ് ഭരണമായിരുന്നു. കാക്കിക്കുള്ളിലെ കാട്ടാളന്മാര്‍ എന്ന് പൊലീസിനെ വിളിക്കുന്നത് ശരിയാണെന്ന് കൂത്തുപറമ്പ് തെളിയിച്ചു. ലാത്തിച്ചാര്‍ജിലും വെടിവയ്പിലും നിരവധിപേര്‍ക്ക് പരിക്കുപറ്റി. ഗുരുതരമായി പരിക്കേറ്റ പുഷ്പന്‍ 17 വര്‍ഷത്തിനുശേഷവും ജീവിക്കുന്ന രക്തസാക്ഷിയായി കഴിയുകയാണ്. കൂത്തുപറമ്പ് വെടിവയ്പിന് ഒരു ന്യായീകരണവും ഉണ്ടായിരുന്നില്ല. അത് നൂറുശതമാനവും അനാവശ്യമായിരുന്നു. അന്നത്തെ സഹകരണമന്ത്രി എം വി രാഘവന്റെ സന്ദര്‍ശനവേളയില്‍ സമാധാനപരമായി പ്രതിഷേധിച്ച യുവാക്കള്‍ക്കുനേരെയാണ് വെടിയുതിര്‍ത്തത്. യുവാക്കളുടെ കൈയില്‍ ഒരായുധവും ഉണ്ടായിരുന്നില്ല. കൊടി കെട്ടാനുള്ള വടിപോലും ഇല്ലായിരുന്നു. പൊലീസിനുനേരെ ആക്രമണവും യുവാക്കളുടെ ഭാഗത്തുനിന്നുണ്ടായിരുന്നില്ല. മന്ത്രി എം വി രാഘവന്റെ ധിക്കാരവും അനാവശ്യമായ പിടിവാശിയും ക്രൂരമനസ്സും മാത്രമാണ് വെടിവയ്പിന് കാരണമായതെന്നായിരുന്നു ജനങ്ങള്‍ വിശ്വസിച്ചത്. യുഡിഎഫ് സര്‍ക്കാരിന്റെ പൊലീസ് നയവും വെടിവയ്പിന് വഴിതെളിച്ചു എന്നതും തര്‍ക്കമില്ലാത്ത കാര്യമാണ്. ബഹുജനസമരങ്ങളെ ബലംപ്രയോഗിച്ച് അടിച്ചമര്‍ത്തുക എന്ന പൊലീസ് നയമാണ് യുഡിഎഫ് എല്ലാ കാലത്തും സ്വീകരിച്ചുപോന്നിട്ടുള്ളത്.

കൂത്തുപറമ്പ് വെടിവയ്പിനെതിരെയുള്ള ബഹുജനരോഷം വ്യാപകമായിരുന്നു. പൊലീസ് സ്റ്റേഷനുകളിലേക്ക് യുവാക്കളും വിദ്യാര്‍ഥികളും ബഹുജനങ്ങളും മാര്‍ച്ച് നടത്തി. യുഡിഎഫ് സര്‍ക്കാരിനെതിരെ ജനങ്ങള്‍ കൊടുങ്കാറ്റുപോലെ ആഞ്ഞടിച്ചു. രണ്ടുവര്‍ഷം കഴിഞ്ഞുനടന്ന 1996ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പരാജയപ്പെട്ടു. എല്‍ഡിഎഫ് അധികാരത്തില്‍ വന്നു. ഇപ്പോള്‍ കുത്തുപറമ്പ് കേസ് വീണ്ടും വാര്‍ത്താപ്രാധാന്യം നേടിയിരിക്കുന്നു. കേസിന്റെ ഉള്ളുകള്ളികളെക്കുറിച്ച് കോണ്‍ഗ്രസിന്റെ കണ്ണൂര്‍ ജില്ലാ പ്രസിഡന്റായിരിക്കെ പി രാമകൃഷ്ണന്‍ പരസ്യമായി വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നു. 1994 നവംബര്‍ 25ന്റെ കൂത്തുപറമ്പ് വെടിവയ്പിനും അഞ്ച് യുവാക്കള്‍ കൊല്ലപ്പെടുന്നതിനും ഇടയാക്കിയ യഥാര്‍ഥ വ്യക്തി കോണ്‍ഗ്രസ് നേതാവും പാര്‍ലമെന്റംഗവുമായ കെ സുധാകരനാണെന്നാണ് രാമകൃഷ്ണന്‍ വെളിപ്പെടുത്തിയത്. രാമകൃഷ്ണനും സുധാകരനും ഒരേ പാര്‍ടിയുടെ നേതാക്കളാണ്. കൂടെക്കിടന്നവനേ രാപ്പനി അറിയൂ എന്ന് പറയുന്നതുപോലെ സുധാകരനെപ്പറ്റി ഏറ്റവും നന്നായറിയുന്ന ആള്‍ പി രാമകൃഷ്ണനാണ്. കെ സുധാകരന്‍ എം വി രാഘവനെ കൂത്തുപറമ്പില്‍ പോകാന്‍ നിര്‍ബന്ധിക്കുകയായിരുന്നു എന്നാണ് രാമകൃഷ്ണന്‍ സംശയത്തിനിടയില്ലാതെ പറഞ്ഞത്. കൂത്തുപറമ്പില്‍ പോകുന്നത് ശരിയല്ലെന്ന് ഉന്നത പൊലീസധികാരികള്‍തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടും അത് പൂര്‍ണമായും അവഗണിച്ചുകൊണ്ട് കൂത്തുപറമ്പ് സന്ദര്‍ശിക്കാന്‍ എം വി രാഘവനെ സുധാകരന്‍ നിര്‍ബന്ധിച്ചതെന്തിനായിരുന്നു എന്ന ചോദ്യത്തിന് ശരിയായ ഉത്തരം കണ്ടെത്തേണ്ടതുണ്ട്. സുധാകരന്റെ ക്രിമിനല്‍ മനസ്സ് ആരും അറിയാത്തതല്ല. നാല്‍പാടി വാസുവിനെ വെടിവച്ചുകൊന്നതില്‍ സുധാകരന്‍ വഹിച്ച യഥാര്‍ഥ പങ്ക് നാട്ടില്‍ പാട്ടാണ്. ഇപ്പോള്‍ സുധാകരന്റെ ഗണ്‍മാന്‍ ഒരാളെ മര്‍ദിച്ച് കൊലപ്പെടുത്തിയ വിവരം പുറത്തു വന്നിരിക്കുന്നു. ഇതിന്റെയൊക്കെ പശ്ചാത്തലത്തില്‍ കൂത്തുപറമ്പില്‍ അഞ്ച് ചുറുചുറുക്കുള്ള യുവാക്കളെ വെടിവച്ചുകൊന്നതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് എം വി രാഘവനോ സുധാകരനോ രക്ഷപ്പെടാന്‍ കഴിയുന്നതല്ല. പുതിയ തെളിവിന്റെ അടിസ്ഥാനത്തില്‍ കൂത്തുപറമ്പ് വെടിവയ്പിനെപ്പറ്റി വീണ്ടും ശരിയായ അന്വേഷണം നടത്തി യഥാര്‍ഥ കുറ്റവാളികളെ കണ്ടെത്തി നിയമത്തിനുമുമ്പില്‍ കൊണ്ടുവരണം. കുറ്റവാളികള്‍ക്ക് നിയമപ്രകാരമുള്ള ശിക്ഷ ലഭിക്കുന്നു എന്ന്ഉറപ്പുവരുത്താനും കഴിയണം.

കോഴിക്കോട് ഗവണ്‍മെന്റ് എന്‍ജിനിയറിങ് കോളേജില്‍ തികച്ചും ന്യായമായ സമരം നടത്തിയ വിദ്യാര്‍ഥികളെയാണ് ഒക്ടോബര്‍ 10ന് പൊലീസ് ടിയര്‍ഗ്യാസ് ഷെല്‍ പ്രയോഗിച്ചും ലാത്തിച്ചാര്‍ജ് ചെയ്തും അതിക്രൂരമായി തല്ലിച്ചതച്ചത്. ഇതൊന്നും പോരാഞ്ഞിട്ട് ധിക്കാരിയായ ഒരു അസിസ്റ്റന്റ് കമീഷണര്‍ വിദ്യാര്‍ഥികളെ ലക്ഷ്യമാക്കി പിസ്റ്റളെടുത്ത് അഞ്ചുതവണ വെടിയുതിര്‍ത്തു. കുട്ടികളെ ഭയപ്പെടുത്തി പിരിഞ്ഞുപോകാന്‍ പ്രേരിപ്പിക്കാനായി തോക്കെടുത്ത് ആകാശത്തേക്ക് വെടിവച്ചതാണെന്ന് വരുത്താന്‍ ചിലര്‍ ശ്രമം നടത്തിനോക്കി. എന്നാല്‍ , അസിസ്റ്റന്റ് പൊലീസ് കമീഷണര്‍ പറഞ്ഞത് താന്‍ വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടാണ് അഞ്ചുതവണ വെടിയുതിര്‍ത്തത് എന്നാണ്. കമീഷണര്‍ വെടിയുര്‍തിര്‍ക്കുന്നതിന്റെ ചിത്രം വളരെ വ്യക്തമായി ദൃശ്യമാധ്യമങ്ങളിലും പത്രമാധ്യമങ്ങളിലും വന്നിട്ടുള്ളത് എല്ലാവരും കണ്ടുകാണും. ധാര്‍ഷ്ട്യവും അഹന്തയും തലയില്‍ക്കയറി മത്തുപിടിച്ച ഒരു പൊലീസുദ്യോഗസ്ഥനുമാത്രമേ ഇത്തരത്തില്‍ പറയാന്‍ കഴിയൂ. പൊലീസില്‍ നൂറുകണക്കില്‍ ക്രിമിനലുകളുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വെളിപ്പെടുത്തിയതിന്റെ പശ്ചാത്തലത്തില്‍ ഈ പൊലീസ് മേധാവിയെ പരിശോധിക്കേണ്ടതുണ്ട്. ഇത്തരം ധിക്കാരികള്‍ക്കും ക്രിമിനലുകള്‍ക്കും വിഹരിക്കാനുള്ളതല്ല പൊലീസ് സേന. പൊലീസ് എന്ന ഇംഗ്ലീഷ് പദത്തിന് വിപുലമായ അര്‍ഥമുണ്ട്. മര്യാദ, അനുസരണം, കൂറ്, ബുദ്ധിവൈഭവം, സ്വഭാവഗുണം, വിദ്യാഭ്യാസം ഇതൊക്കെ കൂടിച്ചേര്‍ന്നതാണ് പൊലീസ്. എന്നാല്‍ , കോഴിക്കോട് വെസ്റ്റ്ഹില്ലില്‍ വെടിവയ്പ് നടത്തിയ പൊലീസധികാരിക്ക് ഇതൊന്നും അവകാശപ്പെടാനില്ലെന്ന് വ്യക്തമായിക്കഴിഞ്ഞു. പൊലീസിനെ നയിക്കുന്ന മന്ത്രിമാരാണ് ഇതിനുത്തരവാദിത്തം വഹിക്കേണ്ടത്.

യുഡിഎഫ് ഭരണത്തിലാണ് ഇതൊക്കെ സംഭവിക്കുന്നത്. കാക്കിക്കുള്ളിലെ പിശാചുക്കളെ കയറൂരിവിടുന്നത് ആപത്താണെന്ന് ഭരിക്കുന്നവര്‍ മനസ്സിലാക്കണം. ഇത്തരം ക്രിമിനലുകളെ സംരക്ഷിക്കാനുള്ള ചുമതല ഏറ്റെടുക്കുന്നവര്‍ ഇന്നല്ലെങ്കില്‍ നാളെ ജനങ്ങളോട് കൈകെട്ടിനിന്ന് ഉത്തരം പറയേണ്ടിവരും. ജനങ്ങള്‍ അവരെക്കൊണ്ട് ഉത്തരം പറയിപ്പിക്കും. അതാണ് രാമകൃഷ്ണന്റെ വെളിപ്പെടുത്തല്‍ വ്യക്തമാക്കുന്നത്.

deshabhimani editorial 121011

1 comment:

  1. 1994 നവംബര്‍ 25നാണ് കൂത്തുപറമ്പില്‍ അഞ്ച് ഡിവൈഎഫ്ഐ സഖാക്കളെ പൊലീസ് വെടിവച്ചുകൊന്നത്. അന്ന് യുഡിഎഫ് ഭരണമായിരുന്നു. കാക്കിക്കുള്ളിലെ കാട്ടാളന്മാര്‍ എന്ന് പൊലീസിനെ വിളിക്കുന്നത് ശരിയാണെന്ന് കൂത്തുപറമ്പ് തെളിയിച്ചു. ലാത്തിച്ചാര്‍ജിലും വെടിവയ്പിലും നിരവധിപേര്‍ക്ക് പരിക്കുപറ്റി. ഗുരുതരമായി പരിക്കേറ്റ പുഷ്പന്‍ 17 വര്‍ഷത്തിനുശേഷവും ജീവിക്കുന്ന രക്തസാക്ഷിയായി കഴിയുകയാണ്. കൂത്തുപറമ്പ് വെടിവയ്പിന് ഒരു ന്യായീകരണവും ഉണ്ടായിരുന്നില്ല. അത് നൂറുശതമാനവും അനാവശ്യമായിരുന്നു.

    ReplyDelete