Wednesday, October 12, 2011

ഇടതുസമരം അടിച്ചമര്‍ത്താന്‍ പൊലീസിന് നിര്‍ദേശം

സംസ്ഥാനത്ത് ഇടതുപക്ഷ വിദ്യാര്‍ഥി-യുവജനസംഘടനകളുടെ സമരങ്ങളെ നിര്‍ദയമായി നേരിടാന്‍ പൊലീസിനോട് സര്‍ക്കാരിന്റെ നിര്‍ദേശം. ഇതിന്റെ ചുവടുപിടിച്ചാണ് കോഴിക്കോട്ട് വെസ്റ്റ്ഹില്‍ ഗവ. എന്‍ജിനീയറിംഗ് കോളജില്‍ സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികളെ പൊലീസ് നിര്‍ദാക്ഷണ്യം നേരിട്ടത്. തോക്കുമായി വിദ്യാര്‍ഥികളെ നേരിട്ട നോര്‍ത്ത് അസിസ്റ്റന്റ് കമ്മിഷണറുടെ നടപടിയും ഇതിനെ ന്യായീകരിച്ച ചില ഉന്നത പൊലീസ് ഉദ്യാഗസ്ഥരുടെ പ്രസ്താവനകളും സംഭവത്തിന് പിന്നിലെ ഗൂഢാലോചനയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

പാമോലിന്‍ വിഷയം, വാളകം സംഭവം, ബാലകൃഷ്ണ പിള്ളയുടെ ഫോണ്‍വിളി എന്നിവ കേരള ജനത വ്യാപകമായി ചര്‍ച്ച ചെയ്യുകയും ഇതു സംബന്ധിച്ച് ഉയര്‍ന്നുവന്ന ആരോപണങ്ങളെയൊന്നും പ്രതിരോധിക്കാനാകാതെ ഉമ്മന്‍ചാണ്ടി വിഷമിക്കുകയും ചെയ്ത ഘട്ടത്തിലാണ് മാധ്യമങ്ങളുടെയും ജനങ്ങളുടെയും ശ്രദ്ധ തിരിച്ചുവിടാനുള്ള ഗൂഢാലോചന അരങ്ങേറിയത്. പൊലീസിലെ ക്രിമിനലുകളും യു ഡി എഫിന്റെ ആജ്ഞാനുവര്‍ത്തികളും ഇതില്‍ പങ്കുചേര്‍ന്നു. ഇതിനുശേഷം നടന്ന വിദ്യാര്‍ഥി യുവജന സമരങ്ങളെ വര്‍ധിത വീര്യത്തോടെയാണ് പൊലീസ് നേരിട്ടത്. തലസ്ഥാനത്ത് നടന്ന സമരങ്ങളില്‍ വിദ്യാര്‍ഥികളുടെ തല തല്ലിപ്പൊളിക്കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ നിര്‍ദേശം നല്‍കിയ കാര്യവും ഇതിനകം പുറത്തായിരുന്നു.

കോഴിക്കോട്ടും സമരത്തില്‍ പങ്കെടുത്ത ഭൂരിഭാഗം വിദ്യാര്‍ഥികള്‍ക്കും തലയ്ക്കാണ് പരിക്ക്. യു ഡി എഫ് സര്‍ക്കാര്‍ നേതൃത്വത്തിലെ ചില ഉന്നതരുടെ താല്‍പര്യാര്‍ഥം അവരുടെ ആശ്രിതരായ പൊലീസുകാരെയാണ് വിദ്യാര്‍ഥി സമരങ്ങളെ ചോരയില്‍ മുക്കാന്‍ നിയോഗിച്ചത്. പാമോലിന്‍ കേസില്‍ പ്രതിരോധത്തിലായ ഉമ്മന്‍ചാണ്ടിക്ക് വാളകം സംഭവവും തുടര്‍ന്ന് പുറത്തുവന്ന പിള്ളയുടെ ഫോണ്‍ വിളിയും താങ്ങാന്‍ കഴിയുന്നതിലപ്പുറമായി. നിയമസഭയിലടക്കം ഫോണ് വിളിയുമായി ബന്ധപ്പെട്ട് ഒളിച്ചുകളി നടത്തിയ ഉമ്മന്‍ചാണ്ടിക്ക് ജന ശ്രദ്ധ തിരിച്ചുവിടേണ്ടത് അത്യാവശ്യമായിരുന്നു. മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ മൊബൈല്‍ ഫോണിലേക്ക് ബാലകൃഷ്ണപിള്ളയുടെ വിളി വന്ന വിഷയവും പ്രതിരോധിക്കാനാകാതെ ഉഴലുന്ന ഉമ്മന്‍ചാണ്ടിയെയാണ് പിന്നെ കണ്ടത്. വാര്‍ത്താ സമ്മേളനത്തില്‍ നിന്നു പോലും ക്ഷോഭിച്ച് മുഖ്യമന്ത്രിക്ക് ഇറങ്ങിപ്പോകേണ്ടിവന്നതും കേരളം കണ്ടതാണ്. വാളകം ആക്രമണക്കേസുമായി ബന്ധപ്പെട്ട ബാലകൃഷ്ണപിള്ളയെ രക്ഷിച്ചെടുക്കാന്‍ കള്ളക്കഥകള്‍ ചമയ്ക്കുന്നുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണവും ഉമ്മന്‍ചാണ്ടിയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചു. ഈ സാഹചര്യത്തിലാണ് ജനശ്രദ്ധതിരിച്ചുവിടാനുള്ള തന്ത്രം മെനഞ്ഞത്. 

കോഴിക്കോട്ട് മറ്റൊരു കൂത്തുപറമ്പ് ആവര്‍ത്തിക്കാനായിരുന്നു നീക്കം. പൊലീസിന്റെ ചുമലില്‍ പാപഭാരം കെട്ടിവച്ച്, സര്‍ക്കാര്‍ ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധികളില്‍ നിന്ന് രക്ഷപ്പെടുക എന്ന ഒറ്റ ലക്ഷ്യമാണുള്ളത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പൊലീസ് ആദ്യമായി തോക്കെടുത്തത് വിദ്യാര്‍ഥികളെ നേരിടാനാണ് എന്നതാണ് മറ്റൊരു പ്രത്യേകത. കോഴിക്കോട്ട് സമരരംഗത്ത് ജീപ്പിലെത്തിയ അസിസ്റ്റന്റ് കമ്മിഷണര്‍ വിദ്യാര്‍ഥികളെ ലക്ഷ്യമാക്കി വെടിയുതിര്‍ക്കുകയായിരുന്നു. നാല് റൗണ്ട് വെടിയുതിര്‍ത്തിട്ടും അരിശം തീരാത്ത കമ്മിഷണര്‍ ടിയര്‍ ഗ്യാസ് ഗണ്‍ വാങ്ങി തുരുതുരാ ഷെല്ലുകള്‍ പ്രയോഗിച്ചു.

ഭാഗ്യം കൊണ്ട് മാത്രമാണ് കൂത്തുപറമ്പിലേതുപോലെ മറ്റൊരു അത്യാഹിതം ഉണ്ടാകാതെ പോയത്. കലക്ടറുടെ അനുവാദം വാങ്ങിയ ശേഷമാണ് വെടിവച്ചതെന്ന ന്യായവുമായി അസിസ്റ്റന്റ് കമ്മിഷണറെ രക്ഷിച്ചെടുക്കാന്‍ ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ രംഗത്തുവന്നതും സംഭവത്തിന് പിന്നിലെ ഗൂഢാലോചന വെളിവാക്കുന്നു. എന്നാല്‍ കല്കടറുടെയോ തഹസീല്‍ദാരുടെയോ അനുവാദം വാങ്ങിയല്ല അസിസ്റ്റ് കമ്മിഷണര്‍ വെടിവച്ചതെന്ന് വ്യക്തമായിട്ടുണ്ട്.

janayugom 121011

1 comment:

  1. സംസ്ഥാനത്ത് ഇടതുപക്ഷ വിദ്യാര്‍ഥി-യുവജനസംഘടനകളുടെ സമരങ്ങളെ നിര്‍ദയമായി നേരിടാന്‍ പൊലീസിനോട് സര്‍ക്കാരിന്റെ നിര്‍ദേശം. ഇതിന്റെ ചുവടുപിടിച്ചാണ് കോഴിക്കോട്ട് വെസ്റ്റ്ഹില്‍ ഗവ. എന്‍ജിനീയറിംഗ് കോളജില്‍ സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികളെ പൊലീസ് നിര്‍ദാക്ഷണ്യം നേരിട്ടത്. തോക്കുമായി വിദ്യാര്‍ഥികളെ നേരിട്ട നോര്‍ത്ത് അസിസ്റ്റന്റ് കമ്മിഷണറുടെ നടപടിയും ഇതിനെ ന്യായീകരിച്ച ചില ഉന്നത പൊലീസ് ഉദ്യാഗസ്ഥരുടെ പ്രസ്താവനകളും സംഭവത്തിന് പിന്നിലെ ഗൂഢാലോചനയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

    ReplyDelete