Monday, October 3, 2011

അധ്യാപകനെ മുഖ്യമന്ത്രിയും മന്ത്രിമാരും തിരിഞ്ഞുനോക്കിയില്ല

വാളകത്തെ സ്കൂള്‍ അധ്യാപകന്‍ കൃഷ്ണകുമാറിന് നേരെ നടന്ന അതിക്രൂരമായ അക്രമത്തെക്കുറിച്ചുള്ള അന്വേഷണം വഴിതിരിച്ചുവിട്ട് ആര്‍ ബാലകൃഷ്ണപിള്ളയെ രക്ഷിക്കാനുള്ള പൊലീസ് നീക്കം ശക്തമാക്കി. അന്വേഷണം ഊര്‍ജിതമെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും അധ്യാപകന് സ്വഭാവദൂഷ്യമുണ്ടെന്നു വരുത്താനാണ് പൊലീസ് ശ്രമിക്കുന്നത്. അധ്യാപകന്റെ മൊഴിയില്‍ വൈരുധ്യമുള്ളതായി പൊലീസ് പ്രചരിപ്പിക്കുന്നത് ഇതിന്റെ ഭാഗമാണ്. സംഭവം നടന്ന് ആറുദിവസം കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്താത്തത് പൊലീസിന്റെ മുന്‍ധാരണയനുസരിച്ചുള്ള ഈ നീക്കം കാരണമാണ്. പിള്ളയ്ക്കും കുടുംബത്തിനും സംഭവത്തില്‍ ഒരുപങ്കുമില്ലെന്ന് മുന്‍കൂര്‍ സ്ഥാപിക്കാനുള്ള ശ്രമമമാണ് കാര്യമായി നടക്കുന്നത്. അധ്യാപകന്റെയും ഭാര്യയുടെയും മൊഴി പൂര്‍ണമായും അവഗണിച്ചാണ് അന്വേഷണസംഘം മുന്നോട്ടു പോകുന്നത്. അധ്യാപകന്‍ സംഭവ ദിവസം കടയ്ക്കലില്‍ പോയെന്നും അത് ജ്യോത്സ്യനെ കാണാനല്ലെന്നും സ്ഥാപിക്കാനുള്ള ശ്രമം പൊലീസ് തുടരുന്നു. ഇതിനായി ചില മാധ്യമങ്ങളെയും ഉപയോഗിക്കുന്നുണ്ട്.

കടയ്ക്കലിലെ ജ്യോത്സ്യനെ കണ്ട് രാത്രി നിലമേലിലെത്തിയ ശേഷം തന്നെ വിളിച്ചുവെന്നാണ് കൃഷ്ണകുമാറിന്റെ ഭാര്യ കെ ആര്‍ ഗീത പൊലീസിനോട് പറഞ്ഞത്. എന്നാല്‍ , കടയ്ക്കലില്‍ പോയില്ലെന്നും താന്‍ വാളകത്തുതന്നെ യുണ്ടായിരുന്നുവെന്നും കൃഷ്ണകുമാര്‍ പറഞ്ഞുവെന്നാണ് പൊലീസ് പ്രചരിപ്പിക്കുന്നത്. എന്നാല്‍ , താന്‍ കടയ്ക്കലില്‍ പോയില്ലെന്ന് പൊലീസിനോട് പറഞ്ഞിട്ടില്ലെന്ന് പി കെ ഗുരുദാസന്‍ എംഎല്‍എ സന്ദര്‍ശിച്ചപ്പോള്‍ കൃഷ്ണകുമാര്‍ അറിയിച്ചു. അര്‍ധബോധാവസ്ഥയില്‍ പൊലീസ് നിര്‍ബന്ധിച്ച് മൊഴി എടുത്തുവെന്നതിന്റെ തെളിവാണിത്. ഇങ്ങനെ മൊഴിയെടുക്കുന്നതിനെ ഡോക്ടര്‍മാരും കുടുംബാംഗങ്ങളും എതിര്‍ത്തിട്ടും അവഗണിച്ച് നിര്‍ബന്ധപൂര്‍വം മൊഴിയെടുക്കുകയായിരുന്നു. അധ്യാപകന്‍ പരസ്പരവിരുദ്ധമായി സംസാരിച്ചുവെന്ന് പറഞ്ഞ് ആശയക്കുഴപ്പം സൃഷ്ടിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും ഇതോടെ വ്യക്തമായി. ജ്യോത്സ്യനെ മാത്രമേ കണ്ടിട്ടുള്ളൂവെന്നും ഈ പ്രദേശത്ത് മറ്റാരുമായും ഒരു ബന്ധവുമില്ലെന്നും അന്ന് മറ്റാരേയും കണ്ടില്ലെന്നും കൃഷ്ണകുമാര്‍ പറഞ്ഞതായും പി കെ ഗുരുദാസന്‍ അറിയിച്ചു. ഇക്കാര്യം ചില ചാനലുകളോടും കൃഷ്ണകുമാര്‍ വെളിപ്പെടുത്തി. അതിന്റെ ദൃശ്യങ്ങള്‍ ചാനലുകള്‍ പുറത്തുവിട്ടു.

ജ്യോത്സ്യനെ കാണാനല്ല കടയ്ക്കല്‍ പോയതെന്ന് വരുത്താനും പൊലീസ് ശ്രമിക്കുന്നുണ്ട്. ഇതിനായി ജ്യോത്സ്യനെയും മകനെയും നിരന്തരം ചോദ്യംചെയ്യുകയാണെങ്കിലും ഫലമുണ്ടായില്ല. കൃഷ്ണകുമാറിന്റെ മൊബൈല്‍ഫോണ്‍ വിളി കേന്ദ്രീകരിച്ചു മാത്രം അന്വേഷണം നടത്തുന്ന പൊലീസ് സ്കൂളുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ഊന്നല്‍ കൊടുക്കുന്നുമില്ല. മാത്രമല്ല, മറ്റ് കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് "ചോര്‍ത്തി" നല്‍കുന്ന പൊലീസ് സ്കൂളിലെ അധ്യാപകര്‍ നല്‍കുന്ന മൊഴി മൂടിവയ്ക്കുന്നു. പിള്ളയുടെ അടുത്ത ബന്ധുവും അക്രമത്തിന് പിന്നിലുണ്ടെന്ന് അധ്യാപകന്റെ ബന്ധുക്കള്‍ സംശയിക്കുന്നുണ്ട്. ഇയാള്‍ക്ക് ഹിന്ദുതീവ്രവാദസംഘടനയുമായും അടുത്ത ബന്ധമാണ്. ഈ സംഘടനയ്ക്ക് കൊട്ടാരക്കരയില്‍ ക്വട്ടേഷന്‍ സംഘമുണ്ടെന്നും അവര്‍ അക്രമത്തിന് പിന്നിലുണ്ടാകാന്‍ സാധ്യതയുണ്ടെന്നും ബന്ധുക്കള്‍ സംശയിക്കുന്നു. ഇക്കാര്യവും പൊലീസിനെ അറിയിച്ചെങ്കിലും ആ വഴിക്കും അന്വേഷണം നടത്താന്‍ പൊലീസ് തയ്യാറായിട്ടില്ല.

അധ്യാപകനെ മുഖ്യമന്ത്രിയും മന്ത്രിമാരും തിരിഞ്ഞുനോക്കിയില്ല

പൈശാചിക പീഡനത്തിനിരയായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അധ്യാപകന്‍ കൃഷ്ണകുമാറിനെ ആറുദിവസമായിട്ടും മുഖ്യമന്ത്രിയും മന്ത്രിമാരും തിരിഞ്ഞുനോക്കിയില്ല. യുഡിഎഫ് നേതാക്കളും ആശുപത്രിയിലേക്ക് പോയില്ല. ആര്‍ ബാലകൃഷ്ണപിള്ളയുടെ ഇടപെടലിനെ തുടര്‍ന്നാണിത്. കൃഷ്ണകുമാറിന്റെ ഭാര്യയോട് വിവരം തിരക്കാന്‍ പോലും മന്ത്രിമാരും യുഡിഎഫ് നേതാക്കളും മനുഷ്യതം കാട്ടിയില്ല. ആക്രമണത്തിനിരയായ ആളും അദ്ദേഹത്തിന്റെ ഭാര്യയും അധ്യാപകരാണ്. ഇത് പരിഗണിച്ച് വിദ്യാഭ്യാസമന്ത്രിയെങ്കിലും ആശുപത്രി സന്ദര്‍ശിക്കുമെന്ന് സൂചനയുണ്ടായിരുന്നു. വിദ്യാഭ്യാസമന്ത്രിയെയും പിള്ള വിലക്കിയതായാണ് വിവരം. മനുഷ്യത്വഹീനമായ പീഡനത്തിനിരയായ കൃഷ്ണകുമാറിനെ ചൊവ്വാഴ്ച രാത്രിയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കുന്നത്. ഇതേ സ്കൂളിലെ പ്രധാനാധ്യാപിക കൂടിയായ അദ്ദേഹത്തിന്റെ ഭാര്യയും മറ്റു ബന്ധുക്കളും അന്നുമുതല്‍ മെഡിക്കല്‍ കോളേജിലുണ്ട്. അവരെ ആശ്വസിപ്പിക്കാന്‍ രാഷ്ട്രീയനേതാക്കളും സമൂഹത്തിന്റെ വിവിധ തുറകളില്‍പെട്ടവരും ആശുപത്രിയിലെത്തി. ഇതിനിടെ, യുഡിഎഫ് നേതാക്കള്‍ ചാനലുകളിലും മറ്റും അധ്യാപകനും കുടുംബത്തിനുമെതിരെ വ്യാപകമായ ദുഷ്പ്രചാരണം അഴിച്ചുവിടുകയാണ്.

deshabhimani 031011

1 comment:

  1. പൈശാചിക പീഡനത്തിനിരയായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അധ്യാപകന്‍ കൃഷ്ണകുമാറിനെ ആറുദിവസമായിട്ടും മുഖ്യമന്ത്രിയും മന്ത്രിമാരും തിരിഞ്ഞുനോക്കിയില്ല. യുഡിഎഫ് നേതാക്കളും ആശുപത്രിയിലേക്ക് പോയില്ല.

    ReplyDelete