Monday, October 3, 2011

സംസ്ഥാനം ഭരിക്കുന്നത് ജയിലില്‍ കിടക്കുന്ന ക്രിമിനലുകള്‍ : കോടിയേരി

തടവറയില്‍ കഴിയുന്ന ക്രിമിനലുകള്‍ ഭരിക്കുന്ന സംസ്ഥാനമായി കേരളം മാറിയെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഡിവൈഎഫ്ഐ സംസ്ഥാന കണ്‍വന്‍ഷന്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

പിള്ളയ്ക്കെതിരെ ആക്ഷേപമുയര്‍ന്ന വാളകം സംഭവമുണ്ടായ ദിവസം ജയിലില്‍ കഴിയുന്ന അദ്ദേഹത്തിന്റെ ഫോണില്‍നിന്ന് 40 കോളാണ് പോയത്. ഇതില്‍ മുഖ്യമന്ത്രിയും ചീഫ് വിപ്പും ഉള്‍പ്പെടുന്നു. പിള്ളയുടെ ഫോണില്‍നിന്ന് മനോജ് വിളിച്ചെന്നാണ് പി സി ജോര്‍ജ് പറയുന്നത്. പിള്ളയുടെ കൂടെ ആശുപത്രിയില്‍ ഒരാള്‍കൂടിയുണ്ടെന്ന് ഇതോടെ വ്യക്തമായി. ജയില്‍ചട്ടം അനുസരിച്ച് വൈകിട്ട് അഞ്ചിനുശേഷം പുറത്തുള്ളവര്‍ക്ക് തടവുകാരെ കാണാന്‍ അനുവാദമില്ല. പി സി ജോര്‍ജിനെ പിള്ളയുടെ ഫോണില്‍നിന്ന് വിളിച്ചത് രാത്രി ഒമ്പതിനാണ്. പിള്ളയുടെ കൂടെ വേറെയും ആളുകളുണ്ടെന്നാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത്. ജയില്‍ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണിത്. മുഖ്യമന്ത്രിയെയും പിള്ള വിളിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. തനിക്ക് സ്വന്തമായി മൊബൈല്‍ഫോണ്‍ ഇല്ലെന്ന് ഉമ്മന്‍ചാണ്ടി അവകാശപ്പെടുന്നു. അദ്ദേഹത്തോടൊപ്പമുള്ളവരുടെ ഫോണ്‍ ഉപയോഗിക്കുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ സംഭവം നടന്ന ദിവസം മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നവരുടെയെല്ലാം ഫോണ്‍രേഖ പരിശോധിക്കണം. മറ്റു ജയിലുകളില്‍ പരിശോധനയ്ക്ക് ഉത്തരവിട്ട മുഖ്യമന്ത്രി, പിള്ളയുടെ ഫോണ്‍ പിടിച്ചെടുത്ത് പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയില്ല. സംഭവം നടന്നിട്ട് അഞ്ചുദിവസമായിട്ടും എഫ്ഐആര്‍ രേഖപ്പെടുത്താത്തതും ദുരൂഹമാണ്.

ജയിലില്‍ കിടക്കുന്നവര്‍ ആഭ്യന്തരവകുപ്പ് കൈയാളുന്ന അവസ്ഥയില്‍ ഒരു നിമിഷംപോലും അധികാരത്തില്‍ തുടരാന്‍ ഉമ്മന്‍ചാണ്ടിക്ക് അവകാശമില്ല. എല്ലാ ആദര്‍ശവും കാറ്റില്‍ പറത്തിയ ഉമ്മന്‍ചാണ്ടി അധികാരത്തില്‍ കടിച്ചുതൂങ്ങാനാണ് ശ്രമിക്കുന്നത്. ആദര്‍ശമില്ലെങ്കിലും മുഖ്യമന്ത്രിസ്ഥാനം മതിയെന്നാണ് ഉമ്മന്‍ചാണ്ടിയുടെ നിലപാട്. ഇപ്പോള്‍ ഒഴിയേണ്ടിവന്നാല്‍ ഇനിയൊരിക്കലും ആ സ്ഥാനത്ത് മടങ്ങിയെത്താന്‍ കഴിയില്ലെന്ന തിരിച്ചറിവാണ് ഉമ്മന്‍ചാണ്ടിയെ ഈ നിലപാടില്‍ എത്തിക്കുന്നത്.

എന്‍ഡോസള്‍ഫാന്‍ നിരോധിച്ച സുപ്രീംകോടതി വിധി യുഡിഎഫിന്റെ മുഖത്തേറ്റ ശക്തമായ പ്രഹരമാണ്. എന്‍ഡോസള്‍ഫാന്‍പ്രശ്നവുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് ഏറ്റെടുത്ത സമരങ്ങളെ നിയമസഭയില്‍പ്പോലും പരിഹസിക്കാനാണ് യുഡിഎഫ് നേതാക്കള്‍ ശ്രമിച്ചത്. എന്‍ഡോസള്‍ഫാന്‍പ്രശ്നം പ്രാദേശികവിഷയമാണെന്നാണ് സംസ്ഥാന കൃഷിമന്ത്രി പറഞ്ഞത്. ഇവര്‍ക്കുള്ള മറുപടിയാണ് സുപ്രീംകോടതി നല്‍കിയത്. സുപ്രീംകോടതിയെയും നിസ്സഹായാവസ്ഥയിലാക്കുന്ന നിലപാടാണ് ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ കയറ്റുമതിക്ക് അനുമതി നല്‍കുന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചത് കുത്തകക്കമ്പനികളുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിന്റെ ഭാഗമാണ്. ജനങ്ങള്‍ക്കൊപ്പം കോടതിയെയും ഉള്‍പ്പെടുത്തി ഏറ്റെടുത്ത പ്രക്ഷോഭത്തിന്റെ വിജയമാണ് സുപ്രീംകോടതി വിധി. ഇതില്‍ ഡിവൈഎഫ്ഐക്ക് അഭിമാനിക്കാമെന്നും കോടിയേരി പറഞ്ഞു.

deshabhimani news

1 comment:

  1. തടവറയില്‍ കഴിയുന്ന ക്രിമിനലുകള്‍ ഭരിക്കുന്ന സംസ്ഥാനമായി കേരളം മാറിയെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഡിവൈഎഫ്ഐ സംസ്ഥാന കണ്‍വന്‍ഷന്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

    ReplyDelete