Saturday, October 15, 2011

ഭരണപക്ഷത്ത് വാച്ച് ആന്‍ഡ് വാര്‍ഡും

ആദിവാസിസ്ത്രീയെ പൊലീസ് മര്‍ദിച്ചതിനെക്കുറിച്ചുള്ള അടിയന്തരപ്രമേയ നോട്ടീസ് പരിഗണിച്ചപ്പോള്‍ത്തന്നെ, കാറുംകോളും നിറഞ്ഞു. തുടര്‍ന്നങ്ങോട്ട് ഓരോനിമിഷവും എന്തും സംഭവിക്കാമെന്ന അവസ്ഥയായിരുന്നു. ആദിവാസിമര്‍ദനത്തെക്കുറിച്ച് സഭ നിര്‍ത്തിവച്ച് ചര്‍ച്ചചെയ്യാന്‍ തയ്യാറാകാത്തതിലുള്ള പ്രതിഷേധം പ്രതിപക്ഷ ഇറങ്ങിപ്പോക്കില്‍ അവസാനിച്ചു. കോഴിക്കോട്ടെ വെടിവയ്പിന് ഉത്തരവാദിയായ അസിസ്റ്റന്റ് കമീഷണര്‍ക്കെതിരെ നടപടി എടുക്കാത്തതും ഡിജിപിയുടെ റിപ്പോര്‍ട്ട് ചോര്‍ന്നതും ഉപക്ഷേപത്തിലൂടെ കോടിയേരി ബാലകൃഷ്ണന്‍ ഉന്നയിച്ചപ്പോള്‍ , ഇരുപക്ഷത്തും കച്ചമുറുക്കിത്തുടങ്ങി. നടുത്തളത്തിലിറങ്ങല്‍ , കൈയേറ്റം എന്നിവയാണ് പിന്നീട് അരങ്ങേറിയത്. സംഘര്‍ഷം മുറുകിയതോടെ തിടുക്കത്തില്‍ നടപടി പൂര്‍ത്തിയാക്കി സ്പീക്കര്‍ സഭ പിരിച്ചുവിട്ടു.

അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയത് ബി ഡി ദേവസിയായിരുന്നു. ആദിവാസികള്‍ക്കുപോലും ജീവിക്കാന്‍ കഴിയാത്ത സ്ഥിതിയാണ് കേരളത്തിലെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പൊലീസുകാര്‍ക്ക് എന്തുംചെയ്യാന്‍ ലൈസന്‍സ് നല്‍കിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. പൊലീസിന് ഇരട്ടക്കരള്‍ വച്ചതുപോലെയായിട്ടുണ്ടെന്നായിരുന്നു എ എ അസീസിന്റെ കുറ്റപ്പെടുത്തല്‍ . സി ദിവാകരന്‍ , മാത്യൂ ടി തോമസ്, തോമസ് ചാണ്ടി എന്നിവരും ഇറങ്ങിപ്പോക്കിനുമുമ്പ് സംസാരിച്ചു. ഡിജിപിയുടെ റിപ്പോര്‍ട്ടിലെ ഉള്ളടക്കം സഭയില്‍ വെളിപ്പെടുത്തണമെന്നായിരുന്നു കോടിയേരിയുടെ ആവശ്യം. റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നാണ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തതെന്നും ഇത് സഭയോടുള്ള അനാദരവാണെന്നും കോടിയേരി ചൂണ്ടിക്കാട്ടി. വെടിവച്ച പൊലീസ് ഉദ്യോഗസ്ഥനെ സംരക്ഷിക്കാനാണ് വീണ്ടും അന്വേഷണം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ഡിജിപിയുടെ റിപ്പോര്‍ട്ട് ഒരു കാരണവശാലും സഭയില്‍ വയ്ക്കില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് കിട്ടിയശേഷമേ നടപടിയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. അസിസ്റ്റന്റ് കമീഷണര്‍ക്കെതിരെ നടപടി എടുക്കാമെന്ന് സര്‍ക്കാര്‍വക്താവ് അഥവാ ചീഫ് വിപ്പ് പി സി ജോര്‍ജ് പറഞ്ഞത്, കോടിയേരി ശ്രദ്ധയില്‍പ്പെടുത്തി. പക്ഷേ, പി സി ജോര്‍ജിനെ സര്‍ക്കാര്‍വക്താവ് എന്ന് വിശേഷിപ്പിക്കുന്നതിനോട് സ്പീക്കര്‍ വിയോജിച്ചു. സര്‍ക്കാര്‍വക്താവ് മുഖ്യമന്ത്രിയാണെന്നായി സ്പീക്കര്‍ . പിന്നെ ക്യാബിനറ്റ് പദവിയില്‍ എന്തിന് വക്താവിനെ (പി സി ജോര്‍ജ്) വച്ചെന്ന കോടിയേരിയുടെ സംശയത്തിന് നിവൃത്തിയുണ്ടായില്ല. ഇതിനിടെ പണ്ടെങ്ങാനും ഈവിധമൊരു റിപ്പോര്‍ട്ട് വച്ചിട്ടുണ്ടോയെന്ന് ആര്യാടന്‍ മുഹമ്മദ് പരതി. "പ്രീസിഡന്റ്" ഇല്ലെന്ന് ആര്യാടന്‍ വിധിച്ചെങ്കിലും കോടിയേരി അത് നുള്ളിക്കളഞ്ഞു. ഡിജിപിയുടെ അന്വേഷണം സഭയില്‍ പ്രഖ്യാപിച്ചതാണെന്നും ആ സ്ഥിതിക്ക് റിപ്പോര്‍ട്ട് വയ്ക്കാമെന്നുമുള്ള കോടിയേരിയുടെ വാദത്തിനുമുന്നില്‍ ആര്യാടന് മൊഴിമുട്ടി. എന്നിട്ടും മുഖ്യമന്ത്രി മുന്‍നിലപാടില്‍ നിലയുറപ്പിച്ചു. റിപ്പോര്‍ട്ട് ചോര്‍ത്തിയതിനെക്കുറിച്ചും മുഖ്യമന്ത്രി അജ്ഞത നടിച്ചു.

സര്‍ക്കാര്‍നിലപാടിനെതിരെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയതോടെ വാച്ച് ആന്‍ഡ് വാര്‍ഡുമാര്‍ അംഗങ്ങള്‍ക്കെതിരെ തിരിഞ്ഞു. ഭരണപക്ഷത്തുനിന്ന് വാച്ച് ആന്‍ഡ് വാര്‍ഡുമാര്‍ക്ക് കാര്യമായ പ്രോത്സാഹനവും കിട്ടി. സ്പീക്കറുടെ ഡയസ്സിനുമുമ്പില്‍ കൂട്ടംകൂടി നിന്ന് പ്രതിപക്ഷം മുദ്രാവാക്യം മുഴക്കുന്നതിനിടെയാണ് വാച്ച് ആന്‍ഡ് വാര്‍ഡുമാര്‍ക്ക് അരിശമായത്. ഡയസ്സിനും പ്രതിപക്ഷ അംഗങ്ങള്‍ക്കുമിടയില്‍ മതില്‍പോലെ നിലയുറപ്പിച്ചിരുന്ന വാച്ച് ആന്‍ഡ് വാര്‍ഡ്, ടി വി രാജേഷ്, കെ കെ ലതിക എന്നിവര്‍ക്കുനേരെ തിരിഞ്ഞു. ഉന്തുംതള്ളിനുമിടയില്‍ ഇരുവരെയും കൈയേറ്റം ചെയ്യാനും മുതിര്‍ന്നു. ഇതിനിടെ അബ്ദുറഹ്മാന്‍ രണ്ടത്താണി, ജോസഫ് വാഴക്കന്‍ എന്നിവര്‍ അനൗദ്യോഗികപ്രമേയങ്ങള്‍ അവതരിപ്പിച്ചു. സ്പീക്കര്‍ സഭാനടപടികളുമായി മുന്നോട്ടുപോകുന്നതിനെതിരെ പ്രതിപക്ഷത്തിന്റെ പ്രതിഷേധം കനത്തു. വീണ്ടും ഉന്തുംതള്ളിനും വഴിവച്ചു. സ്പീക്കര്‍ നടപടി വേഗത്തില്‍ പൂര്‍ത്തിയാക്കുമ്പോഴാണ് വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ ആക്രമിച്ചുവെന്ന കഥ മെനഞ്ഞത്. വനിതയെ അപമാനിച്ചുവെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മൈക്കിലൂടെ വിളിച്ചുപറയുകയും ചെയ്തു. മന്ത്രി കെ സി ജോസഫ്, പി സി ജോര്‍ജ് എന്നിവരും രംഗത്തുവന്നു. ബെന്നി ബഹനാന്‍ , ടി എന്‍ പ്രതാപന്‍ , പി സി വിഷ്ണുനാഥ് തുടങ്ങിയ അടിതട വീരന്മാര്‍ മുഖ്യമന്ത്രിയുടെ അടുത്തേക്ക് പാഞ്ഞു. വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ ആക്രമിച്ചെന്ന ആരോപണം മുഖ്യമന്ത്രിയും മന്ത്രിമാരും ആവര്‍ത്തിച്ചു. തന്നെ മനപ്പൂര്‍വം കൈയേറ്റം ചെയ്തിട്ടില്ലെന്ന് വനിതാ വാച്ച് ആന്‍ഡ് വാര്‍ഡും. കേരള നിയമസഭയില്‍ അംഗങ്ങള്‍ തമ്മിലുംമറ്റും മുമ്പും സംഘര്‍ഷം അരങ്ങേറിയിട്ടുണ്ടെങ്കിലും വാച്ച് ആന്‍ഡ് വാര്‍ഡുമാര്‍ പക്ഷംപിടിച്ചത് ആദ്യമായാണ്. കോണ്‍ഗ്രസിലെ ശോഭന ജോര്‍ജ് വര്‍ഷങ്ങള്‍ക്കുമുമ്പ് ഡയസ്സിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതും സഭാരേഖയിലുണ്ട്. മുഖ്യമന്ത്രിയോ മന്ത്രിമാരോ അന്ന് ആരോപണവുമായി രംഗത്തുവന്നിട്ടില്ലെന്നതും ചരിത്രം.
(കെ ശ്രീകണ്ഠന്‍)

deshabhimani 151011

1 comment:

  1. ആദിവാസിസ്ത്രീയെ പൊലീസ് മര്‍ദിച്ചതിനെക്കുറിച്ചുള്ള അടിയന്തരപ്രമേയ നോട്ടീസ് പരിഗണിച്ചപ്പോള്‍ത്തന്നെ, കാറുംകോളും നിറഞ്ഞു. തുടര്‍ന്നങ്ങോട്ട് ഓരോനിമിഷവും എന്തും സംഭവിക്കാമെന്ന അവസ്ഥയായിരുന്നു. ആദിവാസിമര്‍ദനത്തെക്കുറിച്ച് സഭ നിര്‍ത്തിവച്ച് ചര്‍ച്ചചെയ്യാന്‍ തയ്യാറാകാത്തതിലുള്ള പ്രതിഷേധം പ്രതിപക്ഷ ഇറങ്ങിപ്പോക്കില്‍ അവസാനിച്ചു. കോഴിക്കോട്ടെ വെടിവയ്പിന് ഉത്തരവാദിയായ അസിസ്റ്റന്റ് കമീഷണര്‍ക്കെതിരെ നടപടി എടുക്കാത്തതും ഡിജിപിയുടെ റിപ്പോര്‍ട്ട് ചോര്‍ന്നതും ഉപക്ഷേപത്തിലൂടെ കോടിയേരി ബാലകൃഷ്ണന്‍ ഉന്നയിച്ചപ്പോള്‍ , ഇരുപക്ഷത്തും കച്ചമുറുക്കിത്തുടങ്ങി. നടുത്തളത്തിലിറങ്ങല്‍ , കൈയേറ്റം എന്നിവയാണ് പിന്നീട് അരങ്ങേറിയത്. സംഘര്‍ഷം മുറുകിയതോടെ തിടുക്കത്തില്‍ നടപടി പൂര്‍ത്തിയാക്കി സ്പീക്കര്‍ സഭ പിരിച്ചുവിട്ടു.

    ReplyDelete