Sunday, October 9, 2011

തെലങ്കാന: ഇരുട്ടില്‍ തപ്പി കോണ്‍ഗ്രസ്

തെലങ്കാന പ്രത്യേക സംസ്ഥാന രൂപീകരണമെന്ന ആവശ്യം എങ്ങനെ നേരിടണമെന്നറിയാതെ കോണ്‍ഗ്രസ് ഇരുട്ടില്‍ തപ്പുന്നു. ശനിയാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗത്തിനും പരിഹാരനിര്‍ദേശം മുന്നോട്ടുവയ്ക്കാനായില്ല. തിങ്കളാഴ്ചയും കോണ്‍ഗ്രസ് കോര്‍കമ്മിറ്റി യോഗം ചേരാന്‍ നിശ്ചയിക്കുക മാത്രമാണുണ്ടായത്. ഇനിയും ചര്‍ച്ച വേണമെന്നുംവരുംദിവസങ്ങളില്‍ അതു തുടരുമെന്നും യോഗത്തിനുശേഷം മന്ത്രി ഗുലാംനബി ആസാദ് മാധ്യമങ്ങളോട് പറഞ്ഞു. സമയം നീട്ടിക്കൊണ്ടുപോകാനാണ് കോണ്‍ഗ്രസ് നേതൃത്വം ശ്രമിക്കുന്നത്. രണ്ടാമത് സംസ്ഥാന പുനഃസംഘടനാ കമീഷന് രൂപം കൊടുത്ത് സമയംനീട്ടുക എന്നതാണ് ഒരു മാര്‍ഗം. സംസ്ഥാനത്ത് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തുകയാണ് മറ്റൊരു തന്ത്രം. എന്നാല്‍ , രാഷ്ട്രപതിഭരണത്തിന് പാര്‍ലമെന്റിന്റെ അംഗീകാരം വേണം. പ്രതിപക്ഷം ഇത് പരാജയപ്പെടുത്തുമോ എന്ന് കോണ്‍ഗ്രസ് ഭയക്കുന്നു. അതിനാലാണ് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തുന്ന പ്രശ്നമില്ലെന്ന് ഗുലാംനബി ആസാദ് പറഞ്ഞത്. മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡിയും ഈ നീക്കം തള്ളി.

തെലങ്കാന സംസ്ഥാനത്തിനായി ആരംഭിച്ച പ്രക്ഷോഭം 27-ാം ദിവസത്തിലേക്ക് കടക്കവെയാണ് ഡല്‍ഹിയില്‍ തിരക്കിട്ട രാഷ്ട്രീയ ചര്‍ച്ച ആരംഭിച്ചത്. കിരണ്‍കുമാര്‍ റെഡ്ഡിയും ഉപമുഖ്യമന്ത്രി ദാമോദര്‍ രാജനരസിംഹവും കോണ്‍ഗ്രസ് കേന്ദ്രനേതാക്കളുമായി ചര്‍ച്ച നടത്തി. കേന്ദ്രമന്ത്രിമാരായ പ്രണബ് മുഖര്‍ജി, എ കെ ആന്റണി, പി ചിദംബരം, ഗുലാംനബി ആസാദ് എന്നിവരുമായാണ് കിരണ്‍കുമാര്‍ റെഡ്ഡി ചര്‍ച്ച നടത്തിയത്. കേന്ദ്രം എല്ലാവര്‍ക്കും സ്വീകാര്യമായ തീരുമാനം ഉടന്‍ കൈക്കൊള്ളുമെന്നും സംസ്ഥാനത്തെ ജനങ്ങളുടെ ആഗ്രഹാഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കുന്നതായിരിക്കും തീരുമാനമെന്നും കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ട കിരണ്‍കുമാര്‍ റെഡ്ഡി പറഞ്ഞു. തെലങ്കാന സംസ്ഥാന രൂപീകരണത്തെക്കുറിച്ച് തന്റെ അഭിപ്രായം കേന്ദ്രത്തെ അറിയിച്ചെന്നും അദ്ദേഹം വെളിപ്പെടുത്തി.

തെലങ്കാനമേഖലയില്‍നിന്നുള്ള ഏക കേന്ദ്രമന്ത്രി എസ് ജയ്പാല്‍ റെഡ്ഡി, ആന്ധ്രയില്‍നിന്നുള്ള മന്ത്രിമാരായ പള്ളം രാജു, പുരന്ദേശ്വരി, പനബാക ലക്ഷ്മി എന്നിവരുമായും കിരണ്‍കുമാര്‍ റെഡ്ഡി ചര്‍ച്ച നടത്തി. ഞായറാഴ്ച സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ബി സത്യനാരായണയുമായി കേന്ദ്രനേതൃത്വം ചര്‍ച്ച നടത്തും. അതിനിടെ, സംസ്ഥാന ഗവര്‍ണര്‍ ഇ എസ് എല്‍ നരസിംഹം പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, പ്രണബ് മുഖര്‍ജി, പി ചിദംബരം&ാറമവെ;എന്നിവരുമായി ചര്‍ച്ച നടത്തി. കൂടിക്കാഴ്ചയെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ഗവര്‍ണര്‍ തയ്യാറായില്ല. അതിനിടെ, തെലങ്കാന സംസ്ഥാന രൂപീകരണം ഉടന്‍ പ്രഖ്യാപിക്കാത്തപക്ഷം നിരാഹാരസമരം ആരംഭിക്കുമെന്ന ഭീഷണിയുമായി ഈ മേഖലയിലെ കോണ്‍ഗ്രസ് എംപിമാര്‍ രംഗത്തെത്തി.
(വി ബി പരമേശ്വരന്‍)

deshabhimani 091011

1 comment:

  1. തെലങ്കാന പ്രത്യേക സംസ്ഥാന രൂപീകരണമെന്ന ആവശ്യം എങ്ങനെ നേരിടണമെന്നറിയാതെ കോണ്‍ഗ്രസ് ഇരുട്ടില്‍ തപ്പുന്നു. ശനിയാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗത്തിനും പരിഹാരനിര്‍ദേശം മുന്നോട്ടുവയ്ക്കാനായില്ല. തിങ്കളാഴ്ചയും കോണ്‍ഗ്രസ് കോര്‍കമ്മിറ്റി യോഗം ചേരാന്‍ നിശ്ചയിക്കുക മാത്രമാണുണ്ടായത്.

    ReplyDelete