Sunday, October 9, 2011

ഇടമലക്കുടിയിലെ ആദിവാസികളെ പട്ടിണിമരണത്തില്‍നിന്നു രക്ഷിക്കണം: പിണറായി

ചെറുതോണി: ഇടമലക്കുടിയിലെ ആദിവാസികള്‍ പട്ടിണി മരണത്തിലേക്ക് നീങ്ങുകയാണെന്നും ഇവരെ രക്ഷിക്കാന്‍ അടിയന്തരമായി സര്‍ക്കാര്‍ ഇടപെടണമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ചെറുതോണിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു രൂപ വിലയുള്ള അരിക്ക് ഇടമലക്കുടിയില്‍ 11.50 രൂപ നല്‍കേണ്ടി വരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ രണ്ടുരൂപയ്ക്ക് അരി കൊടുക്കുകയും അരി എത്തിക്കുന്നതിനാവശ്യമായ ചെലവ് നല്‍കുകയും ചെയ്തു. എന്നാല്‍ അരി എത്തിക്കാനുള്ള ചെലവ് വഹിക്കുന്നത് യുഡിഎഫ് സര്‍ക്കാര്‍ നിര്‍ത്തിയതോടെയാണ് അരിവില ഉയര്‍ന്നത്. കൂടിയവിലയ്ക്ക് അരി വാങ്ങാനാവാതെ ആളുകള്‍ പട്ടിണിയിലായി. ഇടമലക്കുടിയില്‍ രണ്ടുപേര്‍ മരിക്കാനിടയായ സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കണം. ആരോഗ്യപ്രവര്‍ത്തനം പൂര്‍ണമായും നിലച്ചതായാണ് അറിയാന്‍ കഴിയുന്നത്. വാക്സിന്‍ കുത്തിവയ്പ്പുപോലും നടക്കുന്നില്ല.

ആദിവാസി ജനതയോടുള്ള എല്‍ഡിഎഫിന്റെ പ്രതിജ്ഞാബദ്ധമായ നിലപാടിന്റെ ഭാഗമായാണ് ഇടമലക്കുടിയില്‍ പ്രത്യേകം ഗ്രാമപഞ്ചായത്ത് അനുവദിച്ചത്. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം ഈ ജനവിഭാഗത്തിന്റെ പരിരക്ഷ പരിഗണിക്കുന്നില്ല. ഇടമലക്കുടിയില്‍ സര്‍ക്കാര്‍ ചെലവില്‍ അരിയെത്തിച്ച് ഒരു രൂപയ്ക്ക് നല്‍കണം. പഞ്ചായത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കണമെന്നും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കണമെന്നും പിണറായി ആവശ്യപ്പെട്ടു. ജില്ലയില്‍ ചില ആദിവാസി കുടുംബങ്ങളെ എപിഎല്‍ പട്ടികയില്‍പ്പെടുത്തിയതായി അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. ബന്ധപ്പെട്ട വകുപ്പുകള്‍ ഇക്കാര്യങ്ങള്‍ അന്വേഷണം നടത്തി വേണ്ട നടപടി സ്വീകരിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.

deshabhimani 091011

1 comment:

  1. ഇടമലക്കുടിയിലെ ആദിവാസികള്‍ പട്ടിണി മരണത്തിലേക്ക് നീങ്ങുകയാണെന്നും ഇവരെ രക്ഷിക്കാന്‍ അടിയന്തരമായി സര്‍ക്കാര്‍ ഇടപെടണമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ചെറുതോണിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

    ReplyDelete