Wednesday, October 19, 2011

കോണ്‍ഗ്രസിന്റെ ദയനീയ പരാജയം

ഹരിയാന, ബിഹാര്‍ , മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് എന്നീ നാല് സംസ്ഥാനത്ത് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെട്ടത് യാദൃച്ഛിക സംഭവമല്ല. കോണ്‍ഗ്രസ് ജനങ്ങളില്‍നിന്നും അതിവേഗം ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്നതിന്റെ ഒടുവിലത്തെ തെളിവാണ് ഉപതെരഞ്ഞെടുപ്പു ഫലം. ഹരിയാനയിലെ ഹിസാര്‍ ലോക്സഭാ നിയോജകമണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെട്ടു എന്നു മാത്രമല്ല സ്ഥാനാര്‍ഥി ജയപ്രകാശിന് കെട്ടിവച്ച തുക നഷ്ടപ്പെടുകകൂടി ചെയ്തു. മൂന്നുതവണ ഹരിയാനയില്‍ മുഖ്യമന്ത്രിയായിരുന്ന ഭജന്‍ലാലിന്റെ നിര്യാണംമൂലമാണ് ഹിസാറില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഹരിയാനാ ജനഹിത് കോണ്‍ഗ്രസിന്റെ (എച്ച്ജെസി) സ്ഥാനാര്‍ഥി കുല്‍ദീപ് സിങ് ബിഷ്ണോയിയാണ് ജയിച്ചത്. ഇന്ത്യന്‍ നാഷണല്‍ ലോക്ദളിന്റെ അജയ് ചൗതാല രണ്ടാംസ്ഥാനത്തെത്തി. കോണ്‍ഗ്രസ്-എന്‍സിപി മുന്നണി അധികാരത്തിലുള്ള മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയത് ബിജെപി- ശിവസേനാ സഖ്യത്തിന്റെ സ്ഥാനാര്‍ഥിയാണ്. ബിഹാറില്‍ ജയിച്ചത് ഭരണകക്ഷിയായ ഐക്യജനതാദളാണ്. കോണ്‍ഗ്രസ് ഭരണത്തിലുള്ള ആന്ധ്രപ്രദേശില്‍ ടിആര്‍എസ് സ്ഥാനാര്‍ഥി നല്ല ഭൂരിപക്ഷത്തോടെ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

ഇവിടെയും പരാജയപ്പെട്ടത് കോണ്‍ഗ്രസാണ്. ഈ തെരഞ്ഞെടുപ്പുഫലം കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണെന്ന കാര്യത്തില്‍ സംശയമില്ല. തെരഞ്ഞെടുപ്പുഫലം ഖേദകരമാണെന്നാണ് കോണ്‍ഗ്രസ് നേതാവും കേന്ദ്ര ധനമന്ത്രിയുമായ പ്രണബ്കുമാര്‍ മുഖര്‍ജി പ്രതികരിച്ചത്. കോണ്‍ഗ്രസ് ആത്മപരിശോധന നടത്തുമെന്നും മുഖര്‍ജി പറഞ്ഞു. ആത്മപരിശോധന എന്ന ഒന്ന് കോണ്‍ഗ്രസിനില്ലെന്ന സത്യം എല്ലാവര്‍ക്കും അറിയുന്നതാണ്. കോണ്‍ഗ്രസിന്റെ പരമദയനീയമായ തോല്‍വിയുടെ കാരണം അന്വേഷിച്ച് തല പുണ്ണാക്കേണ്ടതില്ല. അടുത്തകാലത്ത് പുറത്തുവന്ന അഴിമതികള്‍ മാത്രംമതി കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ . ഒരു ഭാഗത്ത് അഴിമതിയില്‍ മുങ്ങിക്കുളിച്ച കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ ജനങ്ങളുടെ മേല്‍ പുതിയ ഭാരം അടിച്ചേല്‍പ്പിക്കുന്നതിനും പാവപ്പെട്ട ജനങ്ങളുടെ ജീവിതം തകര്‍ക്കുന്നതിനുമാണ് നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് റെയില്‍വേ ചരക്കുകൂലി വര്‍ധന. റെയില്‍വേ കടത്തുകൂലി ഒരു ടണ്ണിന് 100 രൂപയാണ് വര്‍ധിച്ചത്. കേരളത്തിലേക്ക് റെയില്‍വഴി ഒരു ടണ്‍ ചരക്ക് എത്തുമ്പോള്‍ 100 രൂപ അധികം നല്‍കേണ്ടിവരുന്നു എന്നാണ് എളമരം കരീം ശ്രദ്ധക്ഷണിക്കല്‍ പ്രമേയം അവതരിപ്പിച്ചുകൊണ്ട് കേരള നിയമസഭയില്‍ പറഞ്ഞത്. കേരളത്തിന്റെ ഉല്‍ക്കണ്ഠ കേന്ദ്രസര്‍ക്കാരിനെ അറിയിക്കാമെന്നാണ് മുഖ്യമന്ത്രിയുടെ മറുപടി. തീവണ്ടിയില്‍ ഉയര്‍ന്ന ക്ലാസില്‍ യാത്രചെയ്യുന്നവരുടെ നിരക്കും വര്‍ധിപ്പിക്കുമെന്നാണ് പറയുന്നത്. പെട്രോള്‍ വിലനിയന്ത്രണം എടുത്തുകളഞ്ഞശേഷം 11 തവണയായി ഒരു ലിറ്ററിന് 25 രൂപ കൂട്ടി.

വിലനിയന്ത്രണം പുനഃസ്ഥാപിക്കണമെന്ന് കെപിസിസിതന്നെ പ്രമേയം പാസാക്കി അയച്ചു. എന്നിട്ടെന്തുണ്ടായി. ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാരും കേന്ദ്രവുമായി മത്സരിച്ച് വിലവര്‍ധിപ്പിക്കുകയാണ്. സര്‍ച്ചാര്‍ജെന്ന പേരില്‍ വൈദ്യുതിചാര്‍ജും കൂട്ടി. കേരളത്തെ വീണ്ടും ഇരുട്ടിലേക്ക് നയിച്ചുകൊണ്ട് ലോഡ്ഷെഡ്ഡിങ്ങും പവര്‍കട്ടും ഏര്‍പ്പെടുത്തി. ശമ്പളവും പെന്‍ഷനും ട്രഷറിമുഖേന നല്‍കുന്ന, നാളിതുവരെ നിലനിന്ന സമ്പ്രദായം അവസാനിപ്പിക്കാന്‍ തീരുമാനിച്ച് ഉത്തരവിറക്കിയിരിക്കുന്നു. സ്വകാര്യ ബാങ്കുകള്‍ മുഖേനയാണുപോലും ശമ്പളവും പെന്‍ഷനുമൊക്ക ഇനി നല്‍കുക. ട്രഷറിയെ നോക്കുകുത്തിയാക്കി സ്വകാര്യ ബാങ്കുകളെ സഹായിക്കാനാണ് തീരുമാനം. അഴിമതി നടത്താനാണ് പുതിയ രീതി അവലംബിച്ചതെന്നതില്‍ സംശയമില്ല. സര്‍ക്കാര്‍ സ്വീകരിക്കുന്ന ഓരോ നടപടിയും ജനങ്ങളെ ദ്രോഹിക്കുന്നതും നിക്ഷിപ്ത താല്‍പ്പര്യക്കാരെ സഹായിക്കുന്നതുമാണ്. കേരളത്തിലും കോണ്‍ഗ്രസ് ജനങ്ങളില്‍നിന്ന് ഒറ്റപ്പെടാന്‍ അധികസമയം വേണ്ടിവരില്ല. കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിനകത്തും പുറത്തും ഒറ്റപ്പെട്ടുകൊണ്ടിരിക്കുകയാണ്. ആത്മപരിശോധനയൊന്നും നടക്കാന്‍ പോകുന്നില്ലെന്ന് വ്യക്തം.

deshabhimani editorial 191011

1 comment:

  1. ഹരിയാന, ബിഹാര്‍ , മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് എന്നീ നാല് സംസ്ഥാനത്ത് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെട്ടത് യാദൃച്ഛിക സംഭവമല്ല. കോണ്‍ഗ്രസ് ജനങ്ങളില്‍നിന്നും അതിവേഗം ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്നതിന്റെ ഒടുവിലത്തെ തെളിവാണ് ഉപതെരഞ്ഞെടുപ്പു ഫലം. ഹരിയാനയിലെ ഹിസാര്‍ ലോക്സഭാ നിയോജകമണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെട്ടു എന്നു മാത്രമല്ല സ്ഥാനാര്‍ഥി ജയപ്രകാശിന് കെട്ടിവച്ച തുക നഷ്ടപ്പെടുകകൂടി ചെയ്തു.

    ReplyDelete