Wednesday, October 19, 2011

ക്ഷണിച്ചുവരുത്തിയ ഹസാരെ സംഘത്തെ രാഹുല്‍ കണ്ടില്ല

 പി ടി തോമസ് എംപിയുടെ ക്ഷണപ്രകാരം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയെ കാണാന്‍ അണ്ണ ഹസാരെയുടെ ഗ്രാമമായ മഹാരാഷ്ട്രയിലെ റാലെഗന്‍ സിദ്ദിയില്‍നിന്ന് ഡല്‍ഹിയിലെത്തിയ ഹസാരെ അനുയായികള്‍ അപമാനിതരായി മടങ്ങി. ചൊവ്വാഴ്ച രാവിലെ വീട്ടിലെത്തിയ ഗ്രാമവാസികളെ കാണാന്‍ രാഹുല്‍ തയ്യാറായില്ല. മുന്‍കൂട്ടി അനുമതി വാങ്ങിയിട്ടില്ലെന്ന മറുപടിയാണ് ഇവര്‍ക്ക് ലഭിച്ചത്. തുടര്‍ന്ന് തോമസിന്റെ വസതിയിലെത്തിയ സംഘം പ്രതിഷേധം അറിയിച്ച് മടങ്ങി. ഇവര്‍ ഡല്‍ഹിയില്‍ എത്തിയത് താന്‍ പറഞ്ഞിട്ടല്ലെന്നു പറഞ്ഞൊഴിയാന്‍ തോമസ് ആദ്യം ശ്രമിച്ചെങ്കിലും പിന്നീട് തിരുത്തേണ്ടി വന്നു. ഹസാരെ അനുയായികള്‍ക്ക് താന്‍ മൂലമുണ്ടായ ദുരനുഭവത്തില്‍ തോമസ് ദേശീയമാധ്യമങ്ങള്‍ക്കു മുന്നില്‍ ക്ഷമാപണം നടത്തി. തന്റെ മധ്യസ്ഥതയില്‍ ഹസാരെയും രാഹുലും അടുക്കുന്നുവെന്ന് വരുത്തി സ്വയം മിടുക്ക് കാട്ടാന്‍ ശ്രമിച്ചതാണ് തോമസിന് വിനയായതെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു.

രാഹുല്‍ റാലെഗന് സിദ്ദി സന്ദര്‍ശിക്കുമെന്നും ഹസാരെയുമായി അടുക്കുന്നുവെന്നും വാര്‍ത്ത പ്രചരിക്കുന്നതിനിടെയാണ് ഹസാരെയുടെ ഗ്രാമവാസികള്‍ക്ക് ഈ ദുരനുഭവം. റാലെഗന്‍ സിദ്ദിഗ്രാമത്തിലെ സര്‍പഞ്ച് ജയ്സിങ് സപാരി, അണ്ണ ഹസാരെയുടെ പേഴ്സണല്‍ സെക്രട്ടറി സുരേഷ് പതാരെ എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ സംഘമാണ് അപമാനിതരായത്. രാഹുല്‍ അപമാനിച്ച വിവരം ഗ്രാമവാസികള്‍ ഹസാരെയെ അറിയിച്ചു. ഹസാരെയുടെ നിര്‍ദേശപ്രകാരം മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. രാഹുലിനേക്കാള്‍ വലിയ നേതാവാണ് അണ്ണയെന്നും കാണാന്‍ കഴിയാത്തതില്‍ വിഷമമില്ലെന്നും ഗ്രാമവാസികള്‍ പറഞ്ഞു. ഹസാരെ സമരം കത്തിനില്‍ക്കെ പി ടി തോമസ് റാലെഗന്‍ സിദ്ദി സന്ദര്‍ശിച്ചിരുന്നു. ആ ഘട്ടത്തില്‍ സര്‍പഞ്ചിനെയും മറ്റും കണ്ട് രാഹുലുമായി കൂടിക്കാഴ്ചയ്ക്ക് ഡല്‍ഹിയിലേക്ക് ക്ഷണിക്കുകയായിരുന്നു. ഹസാരെ സംഘത്തിന് രാഹുലുമായി കൂടിക്കാഴ്ചയ്ക്ക് വഴിയൊരുക്കി മുതലെടുക്കാമെന്നായിരുന്നു തോമസിന്റെ പ്രതീക്ഷ. ചില മാധ്യമപ്രവര്‍ത്തകരോട് മാത്രമാണ് തോമസ് കാര്യങ്ങള്‍ അറിയിച്ചിരുന്നത്. ഒക്ടോബര്‍ 15നുശേഷം ഡല്‍ഹിയില്‍ എത്താനും രാഹുലിനെ കാണാന്‍ വഴിയൊരുക്കാമെന്നുമായിരുന്നു തോമസ് സര്‍പഞ്ചിനെ അറിയിച്ചിരുന്നത്. കൂടിക്കാഴ്ചയ്ക്ക് അവസരം തേടി അവര്‍ ഔദ്യോഗികമായി തോമസിന് കത്തയച്ചു. കത്ത് തോമസ് രാഹുലിന്റെ ഓഫീസിനു കൈമാറി. രാഹുലിന്റെ ഓഫീസില്‍നിന്ന് രണ്ടുവട്ടം ബന്ധപ്പെട്ടതായി സര്‍പഞ്ച് പറഞ്ഞു. തോമസുമായി വീണ്ടും ബന്ധപ്പെട്ടശേഷമാണ് സംഘം തിങ്കളാഴ്ച ഡല്‍ഹിയിലെത്തിയത്.

ചൊവ്വാഴ്ച രാവിലെ രാഹുലിന്റെ വസതിയിലെത്തിയ സംഘത്തിന് അദ്ദേഹത്തിന് കാണാന്‍ താല്‍പ്പര്യമില്ലെന്ന അറിയിപ്പാണ് ലഭിച്ചത്. തുടര്‍ന്ന് സംഘം സൗത്ത്അവന്യൂവില്‍ തോമസിന്റെ വസതിയിലെത്തി പ്രതിഷേധം അറിയിച്ചു. ദേശീയമാധ്യമങ്ങളുടെ വന്‍ പടയും ഒപ്പമുണ്ടായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വിളറിനിന്ന തോമസ് പരസ്പരവിരുദ്ധമായാണ് പ്രതികരിച്ചത്. ചൊവ്വാഴ്ച എത്താന്‍ പറഞ്ഞില്ലെന്ന് ആദ്യ വിശദീകരണം. പിന്നീട് ആശയക്കുഴപ്പം സംഭവിച്ചതാണെന്നു തിരുത്തി. പ്രശ്നം ഗുരുതരമാണെന്ന് ബോധ്യപ്പെട്ടതോടെ ക്ഷമാപണം നടത്തേണ്ടി വന്നു. ലോക്പാല്‍ പ്രശ്നത്തില്‍ ഇടപെടാന്‍ താല്‍പ്പര്യമില്ലാത്തതുകൊണ്ടാണ് രാഹുല്‍ കൂടിക്കാഴ്ചയ്ക്ക് തയ്യാറാകാതിരുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ്നേതാവ് സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു.
(എം പ്രശാന്ത്)

deshabhimani 191011

1 comment:

  1. പി ടി തോമസ് എംപിയുടെ ക്ഷണപ്രകാരം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയെ കാണാന്‍ അണ്ണ ഹസാരെയുടെ ഗ്രാമമായ മഹാരാഷ്ട്രയിലെ റാലെഗന്‍ സിദ്ദിയില്‍നിന്ന് ഡല്‍ഹിയിലെത്തിയ ഹസാരെ അനുയായികള്‍ അപമാനിതരായി മടങ്ങി. ചൊവ്വാഴ്ച രാവിലെ വീട്ടിലെത്തിയ ഗ്രാമവാസികളെ കാണാന്‍ രാഹുല്‍ തയ്യാറായില്ല. മുന്‍കൂട്ടി അനുമതി വാങ്ങിയിട്ടില്ലെന്ന മറുപടിയാണ് ഇവര്‍ക്ക് ലഭിച്ചത്. തുടര്‍ന്ന് തോമസിന്റെ വസതിയിലെത്തിയ സംഘം പ്രതിഷേധം അറിയിച്ച് മടങ്ങി. ഇവര്‍ ഡല്‍ഹിയില്‍ എത്തിയത് താന്‍ പറഞ്ഞിട്ടല്ലെന്നു പറഞ്ഞൊഴിയാന്‍ തോമസ് ആദ്യം ശ്രമിച്ചെങ്കിലും പിന്നീട് തിരുത്തേണ്ടി വന്നു. ഹസാരെ അനുയായികള്‍ക്ക് താന്‍ മൂലമുണ്ടായ ദുരനുഭവത്തില്‍ തോമസ് ദേശീയമാധ്യമങ്ങള്‍ക്കു മുന്നില്‍ ക്ഷമാപണം നടത്തി. തന്റെ മധ്യസ്ഥതയില്‍ ഹസാരെയും രാഹുലും അടുക്കുന്നുവെന്ന് വരുത്തി സ്വയം മിടുക്ക് കാട്ടാന്‍ ശ്രമിച്ചതാണ് തോമസിന് വിനയായതെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു.

    ReplyDelete