Friday, October 7, 2011

പിയാനോയെ പ്രണയിച്ച കവി

സ്വീഡന്‍ വളരെ ചെറിയ രാജ്യമാണ്. അവിടെ നിന്ന് വളര്‍ന്നുവന്ന വലിയ കവിയാണ് തോമസ് ട്രാന്‍സ്‌ട്രോമര്‍. 1990 മുതല്‍ അദ്ദേഹം സംസാരിച്ചിട്ടില്ല. മസ്തിഷ്‌ക ആഘാതം സംസാരശേഷി കവര്‍ന്നെടുത്തിട്ടും എഴുതാനുള്ള തന്റെ അഭിനിവേശത്തോട് അവധി പറയണമെന്ന് ട്രാന്‍സ്‌ട്രോമറിന് തോന്നിയില്ല. അതിനെ നിശ്ചയദാര്‍ഢ്യമെന്നോ സാഹിത്യത്തോടും കവിതയോടുമുള്ള ആത്മാര്‍പണമെന്നോ നിങ്ങള്‍ പേരിട്ടുകൊള്ളുക. എഴുപതു വയസുള്ള ഈ കവി നിസംഗതയോട് അടുത്തുനില്‍ക്കുന്ന ഭാവത്തോടെയാകും പ്രതികരിക്കുക. തണുത്തുറഞ്ഞ സ്‌കാന്‍ഡിനേവിയന്‍ ജീവിതത്തിന്റെ പ്രത്യേകതയാകാം ഈ നിസംഗത. എന്നാല്‍ അതിന്റെ മേലാപ്പിനുള്ളില്‍ ജീവിതത്തോട് അതിന്റെ എണ്ണിതീര്‍ക്കാനാകാത്ത  സമസ്യകളോടും സദാ സംവദിക്കുന്ന സര്‍ഗധനനായ ഒരു കവിയുണ്ട്. അംഗീകാരത്തിന്റെ പരമോന്നത ശൃംഗമെന്നു വിശേഷിപ്പിക്കപ്പെടുന്ന നോബല്‍ സമ്മാനജേതാവായി നില്‍ക്കുമ്പോഴും തോമസ് വികാരക്കടലുകളെ ഉള്ളിലടക്കിയ നിസംഗ മുദ്രയോടെയാകും ലോകത്തെ നോക്കുന്നത്.

കവിതയുടെ ലോകത്ത് മാത്രം ഒതുങ്ങുന്നതല്ല അദ്ദേഹത്തിന്റെ ജീവിതം. മനശാസ്ത്ര വിദഗ്ധനായി  സജീവമായി പ്രവര്ത്തിച്ച ഒരു ഭൂതകാലമുണ്ട് തോമസ് ട്രാന്‍സ്‌ട്രോമറിന്. 1990 ല്‍ മസ്തിഷ്‌ക ആഘാതം തളര്‍ത്തുംവരെ കുട്ടികളുടെ ജയിലുകളിലും വലിയവരുടെ തടവറകളിലും ആശ്വാസത്തിന്റെ സ്പര്‍ശവുമായി കവിയായ ഈ മനശാസ്ത്രജ്ഞന്‍ എത്തുമായിരുന്നു. തടവുപുള്ളികളോടും മയക്കുമരുന്നിന് അടിമയായവരോടും ഇടപഴകുമ്പോള്‍ ജീവിതത്തിന്റെ മറ്റൊരു യാഥാര്‍ഥ്യമാണ് ട്രാന്‍സ്‌ട്രോമര്‍ ഹൃദയത്തിലേയ്ക്കു പകര്‍ത്തിയത്. കവിതയുടെ ലോകത്ത് തോമസ് ചവിട്ടിക്കയറിയ പടവുകളിലെല്ലാം ജീവിത നിരീക്ഷണത്തിന്റെ അനുഭവമുദ്രകള്‍ കൂട്ടിനുണ്ടായിരുന്നു. അതിന്റെ പേരില്‍ അദ്ദേഹം വിമര്‍ശിക്കപ്പെട്ടിട്ടുമുണ്ട്. സാമൂഹികവും രാഷ്ട്രീയവുമായ കാരണങ്ങളാല്‍ പ്രക്ഷുബ്ധമെന്നു വിശേഷിപ്പിക്കപ്പെട്ട ഏഴുപതുകളില്‍ യുവത്വത്തിന്റെ മധ്യാഹ്നത്തില്‍ നില്‍ക്കുകയായിരുന്നിട്ടും ആ പ്രക്ഷുബ്ധതയുടെ ഭാഗമാകാന്‍ തോമസ് വിസമ്മതിച്ചു. തന്റെ ഭാവുകത്വം പ്രതിഫലിക്കേണ്ടത് വേറൊരു രീതിയിലാണെന്ന് അദ്ദേഹം വിശ്വസിച്ചു. ഇരുപതാം നൂറ്റാണ്ടിലെ കാവ്യസങ്കേതങ്ങളെ തന്റേതായ ശൈലിയില്‍ സ്വാംശീകരിക്കാനാണ് നോവലിസ്റ്റ് കൂടിയായ ഈ കവി താല്‍പര്യപ്പെട്ടത്. കാവ്യശാഖയിലെ ഏതെങ്കിലും കള്ളികളില്‍പെടുത്താനാണെങ്കില്‍ തോമസ് ട്രാന്‍സ്‌ട്രോമറിന് ഇണങ്ങുന്നത് മോഡേണിസവും എക്‌സ്പ്രഷനിസവും സര്‍റിയലിസവും കൈകോര്‍ക്കുന്ന കള്ളിയായിരിക്കും അതെന്ന് നിരൂപകന്‍മാര്‍ വിലയിരുത്തുന്നു.

1931 ഏപ്രില്‍ 15 ന് സ്റ്റോക്ക്‌ഹോമില്‍ ജനിച്ച തോമസ് ഗോസ്റ്റ ട്രാന്‍സ്‌ട്രോമര്‍ സോഡ്രലാറ്റന്‍ സ്‌കൂളിലും സ്റ്റോക്ക്‌ഹോം യൂണിവേഴ്‌സിറ്റിയിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1956 ല്‍ മനഃശാസ്ത്ര ബിരുദം നേടിയ ട്രാന്‍സ്‌ട്രോമറുടെ കവിത സഞ്ചരിച്ചത് മനുഷ്യമനസുകളുടെ സങ്കീര്‍ണമായ കൊടുമുടികളിലൂടെയും താഴ്‌വാരങ്ങളിലൂടെയുമാണ്. മനുഷ്യജീവിതത്തിന്റെ ഉള്ളറകളിലേയ്ക്ക് മായികമായ ഉള്‍ക്കാഴ്ചയോടെ കടന്നുചെല്ലാന്‍ മനഃശാസ്ത്രജ്ഞനായ ഈ കവിക്ക് സവിശേഷമായ വിരുതുണ്ടായിരുന്നു. ഇമേജുകള്‍ സൃഷ്ടിക്കുന്നതിലുള്ള അസാധാരണമായ കഴിവ് അദ്ദേഹത്തിലെ എഴുത്തുകാരനെ പൂര്‍ണതയിലേക്കു നയിച്ചു. ആറ്റികുറുക്കിയതും തുളച്ചിറങ്ങുന്നതുമായിരുന്നു ട്രാന്‍സ്‌ട്രോമറിന്റെ 'ഇമേജറി'. അത് ജീവിത യാഥാര്‍ഥ്യത്തിലേയ്ക്ക് നവീനമായ സഞ്ചാര പഥമൊരുക്കി.

പതിമൂന്നാം വയസില്‍ തന്റെ ആദ്യ കവിതാ സമാഹാരമായ 'പതിനേഴ് കവിതകള്‍' പുറത്തിറക്കിക്കൊണ്ടാണ് തോമസ് ട്രാന്‍സ്‌ട്രോമര്‍ സാഹിത്യത്തിലേയ്ക്കുള്ള തന്റെ വരവ് അറിയിച്ചത്. 'വലിയ കടംകഥ' എന്ന കവിതാസമാഹാരവും 'പുതിയ തിരഞ്ഞെടുക്കപ്പെട്ട കവിതകളും' ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. അന്‍പതു വിദേശഭാഷകളിലേയ്ക്ക് അദ്ദേഹത്തിന്റെ കൃതികള്‍ പരിഭാഷ ചെയ്യപ്പെട്ടു. മലയാളത്തില്‍ ട്രാന്‍സ്‌ട്രോമറിന്റെ കവിതയെ പരിചയപ്പെടുത്തിയത് അയ്യപ്പപണിക്കര്‍ സാറായിരുന്നു. സ്വാഭാവികമായും തോമസ് ട്രാന്‍സ്‌ട്രോമറിനെ തേടി ബഹുമതികള്‍ ഒട്ടേറെ എണ്ണം എത്തിയിട്ടുണ്ട്. ഇപ്പോഴിതാ നോബേല്‍ സമ്മാനവും!

സ്‌കാന്‍ഡിനേവിയന്‍ ജീവിതത്തിന്റെ ശാന്തമായ സായാഹ്നങ്ങളില്‍ പിയാനോയുടെ നാദവീചികള്‍ ഒഴുകിയെത്തും. അവാച്യമായ ഗൃഹാതുരത്വത്തിന്റെ കാല്‍പനിക ഭൂമികയിലേയ്ക്ക് അത് നിങ്ങലെ കൂട്ടിക്കൊണ്ടുപോകും. തോമസ് ട്രാന്‍സ്‌ട്രോമര്‍ എന്നും പിയാനോ വായനയെ പ്രണയിച്ചവനാണ്. തലച്ചോറിനേറ്റ ആഘാതം ശബ്ദം കവര്‍ന്നെടുത്തതിനൊപ്പം ശരീരത്തിന്റെ ഒരു ഭാഗവും തളര്‍ത്തിയപ്പോള്‍ ഒറ്റ കൈകൊണ്ടാണെങ്കിലും തന്റെ പിയാനോ വായന അദ്ദേഹം തുടര്‍ന്നു. ഇപ്പോള്‍ ലോകം മുഴുവന്‍ ഈ കവിയെ ആഘോഷിക്കുമ്പോഴും സ്റ്റോക്ക്‌ഹോം നഗരപ്രാന്തത്തിലെ ട്രാന്‍സ്‌ട്രോമര്‍ ഭവനത്തില്‍ നിന്നും ശോകസാന്ദ്രമായ പിയാനോ വീചികള്‍ അന്തരീക്ഷത്തിലേയ്ക്ക് ഒഴുകി പരക്കുന്നുണ്ടാകും. രാഷ്ട്രീയത്തില്‍ നിന്ന് പ്രത്യക്ഷത്തില്‍ അകന്നുനിന്നപ്പോഴും പാശ്ചാത്യലോകത്തിന്റെ രാഷ്ട്രീയ ധാരണകള്‍ ട്രാന്‍സ്‌ട്രോമറിനെ സ്വാധീനിച്ചിട്ടില്ലേ? അദ്ദേഹത്തിന്റെ കവിതകളിലൂടെ ഓട്ടപ്രദക്ഷിണം നടത്തിയപ്പോള്‍ ആ ഒരു തോന്നല്‍ ഈ ലേഖകന് ഉണ്ടായി എന്നത് മറച്ചുവയ്ക്കുന്നില്ല.

ബിനോയ് വിശ്വം janayugom 071011

1 comment:

  1. സ്വീഡന്‍ വളരെ ചെറിയ രാജ്യമാണ്. അവിടെ നിന്ന് വളര്‍ന്നുവന്ന വലിയ കവിയാണ് തോമസ് ട്രാന്‍സ്‌ട്രോമര്‍. 1990 മുതല്‍ അദ്ദേഹം സംസാരിച്ചിട്ടില്ല. മസ്തിഷ്‌ക ആഘാതം സംസാരശേഷി കവര്‍ന്നെടുത്തിട്ടും എഴുതാനുള്ള തന്റെ അഭിനിവേശത്തോട് അവധി പറയണമെന്ന് ട്രാന്‍സ്‌ട്രോമറിന് തോന്നിയില്ല. അതിനെ നിശ്ചയദാര്‍ഢ്യമെന്നോ സാഹിത്യത്തോടും കവിതയോടുമുള്ള ആത്മാര്‍പണമെന്നോ നിങ്ങള്‍ പേരിട്ടുകൊള്ളുക. എഴുപതു വയസുള്ള ഈ കവി നിസംഗതയോട് അടുത്തുനില്‍ക്കുന്ന ഭാവത്തോടെയാകും പ്രതികരിക്കുക. തണുത്തുറഞ്ഞ സ്‌കാന്‍ഡിനേവിയന്‍ ജീവിതത്തിന്റെ പ്രത്യേകതയാകാം ഈ നിസംഗത. എന്നാല്‍ അതിന്റെ മേലാപ്പിനുള്ളില്‍ ജീവിതത്തോട് അതിന്റെ എണ്ണിതീര്‍ക്കാനാകാത്ത സമസ്യകളോടും സദാ സംവദിക്കുന്ന സര്‍ഗധനനായ ഒരു കവിയുണ്ട്. അംഗീകാരത്തിന്റെ പരമോന്നത ശൃംഗമെന്നു വിശേഷിപ്പിക്കപ്പെടുന്ന നോബല്‍ സമ്മാനജേതാവായി നില്‍ക്കുമ്പോഴും തോമസ് വികാരക്കടലുകളെ ഉള്ളിലടക്കിയ നിസംഗ മുദ്രയോടെയാകും ലോകത്തെ നോക്കുന്നത്.

    ReplyDelete