Friday, October 7, 2011

കൂവപ്പാറയിലെ സ്ഥലം വാര്‍ത്ത അടിസ്ഥാന രഹിതം: സിപിഐ എം

എളേരി: എളേരി ഏരിയയിലെ ഭീമനടി ലോക്കല്‍ കമ്മിറ്റിയുടെ ഉടമസ്ഥതയിലുള്ള കൂവപ്പാറയിലെ സ്ഥലവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് സിപിഐ എം ഏരിയാകമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. ഈ പ്രചരണത്തിന് വസ്തുതയുമായി ഒരു ബന്ധവുമില്ല. അവിഭക്ത നീലേശ്വരം ഏരിയാകമ്മിറ്റി നിലവിലുള്ളപ്പോള്‍ തന്നെ ഭീമനടി ലോക്കലിലെ സഖാക്കള്‍ പണം സമാഹരിച്ച് വാങ്ങിയ മൂന്നേക്കര്‍ സ്ഥലമാണ് കൂവപ്പാറയിലുള്ളത്. ഇതില്‍ ഒരേക്കര്‍ സ്ഥലം സൗജന്യമായി കൂവപ്പാറ സബ്സ്റ്റേഷന് നല്‍കി. ബാക്കി സ്ഥലം പാര്‍ടിയുടെ എല്ലാ ഘടകങ്ങളിലും ചര്‍ച്ച ചെയ്ത് സുതാര്യമായി വില്‍പന നടത്തി, നിലവില്‍ സ്വന്തമായി ഓഫീസില്ലാത്ത ഭീമനടി ലോക്കല്‍കമ്മിറ്റിക്ക് ഓഫീസ് നിര്‍മിക്കുന്നതിനായി ചില ധാരണകളുണ്ടാക്കി പാര്‍ടി ജില്ലാകമ്മിറ്റിയുടെ അംഗീകാരത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ മനസ്സിലാക്കാതെയാണ് ചില മാധ്യമങ്ങള്‍ പാര്‍ടിക്കെതിരെ പ്രചരണം നടത്തുന്നത്. ഇത്തരം മാധ്യമങ്ങളില്‍ ദിനംപ്രതി വരുന്ന തെറ്റായ വാര്‍ത്തകളില്‍ പാര്‍ടി സഖാക്കള്‍ വഞ്ചിതരാകരുതെന്നും കുപ്രചരണങ്ങളെ തള്ളിക്കളയണമെന്നും ഏരിയാസെക്രട്ടറി ജോസ് പതാലില്‍ അഭ്യര്‍ഥിച്ചു.

ചെറോട്ട്വയല്‍ : മനോരമ വാര്‍ത്ത വസ്തുതാവിരുദ്ധം

കോഴിക്കോട്: ചെറോട്ട്വയലില്‍ നടന്ന ഇടതുമുന്നണി പൊതുയോഗത്തെ സംബന്ധിച്ച് മെട്രോ മനോരമയില്‍ വന്ന വാര്‍ത്ത വസ്തുതാപരമല്ലെന്ന് സിപിഐ എം 67-ാം വാര്‍ഡ് കമ്മിറ്റി സെക്രട്ടറി പി വിനോദ്കുമാര്‍ അറിയിച്ചു. ഡെപ്യൂട്ടി മേയര്‍ നടത്തിയ വിശദീകരണത്തെ വികൃതമാക്കി അവതരിപ്പിച്ചത് പ്രവൃത്തി തടസപ്പെടുത്തിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടേ കാണുവാന്‍ കഴിയൂ. ഡെപ്യൂട്ടി മേയര്‍ വാര്‍ഡ് കൗണ്‍സിലര്‍ ആയിരിക്കെ കെഎസ്യുഡിപി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചെറോട്ടുവയല്‍ തോടിന്റെ നവീകരണം ലക്ഷ്യമാക്കിയാണ് 40 ലക്ഷം രൂപ അടങ്കല്‍ തുകയുള്ള സമഗ്ര പദ്ധതി നടപ്പിലാക്കിയത്. ചെറോട്ട്വയലിനെ സംരക്ഷിക്കാനെന്ന പേരില്‍ ഉണ്ടാക്കിയ ആക്ഷന്‍ കമ്മിറ്റിയുടെ ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ള ഭാരവാഹികളില്‍ ചിലര്‍ തോട് കൈയേറിയതിനാലാണ് തുടര്‍ പ്രവൃത്തി തടസപ്പെട്ടത്. ബാക്കി പ്രവൃത്തികൂടി നടത്തുന്നതിനുള്ള ശ്രമങ്ങള്‍ ഇവരുടെ ഇടപെടല്‍ കാരണം തടസപ്പെട്ടു. പ്രവൃത്തി തുടര്‍ന്ന് നടത്തുന്നതിന് കഴിഞ്ഞ കൗണ്‍സിലറുടെ കാലത്തും ഇപ്പോള്‍ കൗണ്‍സിലര്‍ ആയ സുജന്റെ കാലത്തും ശ്രമം നടന്നു. പുതിയ ആക്ഷന്‍ കമ്മിറ്റിക്കാരുടെ കൈയേറ്റം കാരണം പ്രവൃത്തി മുന്നോട്ട് കൊണ്ടുപോകുവാന്‍ സാധിച്ചില്ല. ഈ കാര്യം വിശദീകരിച്ചതിനെ വാര്‍ഡ് കൗണ്‍സിലര്‍ സുജന്‍ ഒന്നും ചെയ്തില്ലെന്ന് ഡെപ്യൂട്ടി മേയര്‍ പറഞ്ഞു എന്ന് വരുത്തിത്തീര്‍ക്കാനുള്ള നീചലക്ഷ്യമാണ് വാര്‍ത്തക്ക് പിന്നിലുള്ളത്. 20 ലക്ഷം രൂപയുടെ പ്രവൃത്തി നടന്നുകഴിഞ്ഞു. പ്രവൃത്തി തടസപ്പെടുത്തിയവര്‍ക്കെതിരെ ഉയര്‍ന്ന പ്രതിഷേധത്തില്‍നിന്ന് ശ്രദ്ധതിരിക്കാനാണ് പുതിയ ആക്ഷന്‍ കമ്മിറ്റി നുണ പ്രചരിപ്പിക്കുന്നതും വാര്‍ത്തകള്‍ നല്‍കുന്നതെന്നും അവര്‍ അറിയിച്ചു.

deshabhimani 071011

1 comment:

  1. എളേരി ഏരിയയിലെ ഭീമനടി ലോക്കല്‍ കമ്മിറ്റിയുടെ ഉടമസ്ഥതയിലുള്ള കൂവപ്പാറയിലെ സ്ഥലവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് സിപിഐ എം ഏരിയാകമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

    ReplyDelete