Friday, October 7, 2011

കേരളത്തെ അധോലോകത്തിന് തീറ് കൊടുക്കരുത്

തലസ്ഥാനം ഇന്നലെ ഉണര്‍ന്നത് അധോലോകം നടത്തിയ ഇരട്ടക്കൊലയുടെ വാര്‍ത്ത കേട്ടുകൊണ്ടാണ്. ആയുധപൂജയുടെ ഉത്സവം ഘോഷിക്കേണ്ടത് മനുഷ്യ ശരീരങ്ങളെ വെട്ടിനുറുക്കി കൊണ്ടാകണമെന്ന് ഏതോ സംഘത്തവലന്‍ തീരുമാനിച്ചതാകാം. അധോലോക സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണു കൊലപാതകത്തിനു കാരണമെന്ന് പൊലീസ് പറയുന്നു. അധോലോക സംഘങ്ങളുടെ വികാരവിചാരങ്ങളും തന്ത്ര-സമീപനങ്ങളും നന്നായി അറിയാവുന്നതു പൊലീസിനാണല്ലോ. ഇടക്കിടെ ആവര്‍ത്തിക്കപ്പെടുന്ന അധോലോക അഴിഞ്ഞാട്ട പരമ്പരയിലെ അവസാനത്തെ ഇനമാണിത്. ഇത്തരം ക്രിമിനല്‍ തേര്‍വാഴ്ചകള്‍ തുടര്‍ക്കഥയാകുമ്പോള്‍ ക്രമസമാധാനമെന്ന വാക്കിന് എന്തര്‍ഥമാണുള്ളത്? പൗരന്റെ ജീവനും സ്വത്തിനും സൈ്വര്യജീവിതത്തിനും സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ട ഭരണകൂടത്തിനു വേറെ എന്താണു പണി? പ്രമാണിവര്‍ഗത്തിന്റെ കാര്യസ്ഥപണി ഏറ്റെടുക്കുന്നതില്‍ ഭരണാധികാരികള്‍ സായൂജ്യം കൊള്ളുമ്പോള്‍ ആ കുടത്തണലിലാണ് അധോലോകം എവിടെയും തഴച്ചു വളരുന്നത്. ആഗോളവല്‍ക്കരണ ദശകങ്ങളില്‍ ലോകത്തെല്ലാം ഇതുതന്നെയാണ് സംഭവിച്ചത്. ഇന്ത്യയിലും കേരളത്തിലും അതിന്റെ ദുരന്ത പര്‍വങ്ങളാണ് അധോലോക ക്രിമിനലുകള്‍ ഇന്ന് എഴുതിക്കൊണ്ടിരിക്കുന്നത്.

തൊണ്ണൂറുകളുടെ മധ്യത്തിലാണ് രാജ്യം ശ്രദ്ധിച്ച വോറ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നത്. രാഷ്ട്രീയ-ഉദ്യോഗസ്ഥ മേലാളന്മാരും അധോലോകവും ഒത്തുചേര്‍ന്ന സമാന്തര സര്‍ക്കാരാണ് ഇന്ത്യയില്‍ അധികാരം കൈയ്യാളുന്നത് എന്ന് ആ റിപ്പോര്‍ട്ട് പറഞ്ഞു. കേന്ദ്ര ആഭ്യന്തര വകുപ്പ് സെക്രട്ടറിയായിരുന്ന ഉന്നത ഉദ്യോഗസ്ഥന്‍ നയിച്ച കമ്മിഷന്‍ റിപ്പോര്‍ട്ടിന് അര്‍ഹിക്കുന്ന പരിഗണന അധികാരത്തിന്റെ കടിഞ്ഞാണ്‍ പിടിക്കുന്ന രാഷ്ട്രീയ മേലാളന്മാര്‍ നല്‍കിയില്ല. കാരണം അതിലെ നിഗമനങ്ങള്‍ അവര്‍ക്ക് അലോസരമുണ്ടാക്കുന്നതായിരുന്നു. പണം ഉണ്ടാക്കാന്‍ പറ്റുന്നതെല്ലാം നല്ലതാണെന്നാണ് ആഗോളവല്‍ക്കരണത്തിന്റെ അടിസ്ഥാന തത്വശാസ്ത്രം. ആധുനിക മുതലാളിത്തത്തിന്റെ ഈ പുതിയമുഖം ''നാണംകെട്ടും പണം നേടിക്കൊണ്ടാല്‍, നാണക്കേട് ആ പണം മാറ്റിക്കൊള്ളും'' എന്ന പഴഞ്ചൊല്ലില്‍ പതിരില്ലെന്ന് ലോകത്തെ പഠിപ്പിച്ചു. ജീവിതത്തിന്റെ എല്ലാ തുറകളിലും പണത്തിനുവേണ്ടിയുള്ള പരക്കം പാച്ചിലുണ്ടായതും അഴിമതി ആകാശംമുട്ടെ വളര്‍ന്നുവന്നതും അങ്ങനെയാണ്. ഈ രാഷ്ട്രീയ സാമ്പത്തിക സാമൂഹിക വ്യവസ്ഥയില്‍ നിന്ന് വെള്ളവും വളവും വലിച്ചെടുത്തുകൊണ്ടാണ് അധോലോകം എന്ന വിഷവൃക്ഷം വളര്‍ന്നുവന്നത്.

കേരളത്തിലെ നഗരങ്ങളിലും ഗ്രാമങ്ങളിലുമെല്ലാം ഇന്ന് അധോലോകം ശക്തിപ്പെടുകയാണ്. വിവിധ ഇനം മാഫിയാകളുടെ വളര്‍ത്തുനായ്ക്കളായി പ്രവര്‍ത്തിക്കുന്ന ക്വട്ടേഷന്‍ സംഘങ്ങളുടെ രൂപത്തിലാണ് അവയുടെ വിളയാട്ടം. തങ്ങള്‍ക്ക് ഇഷ്ടപ്പെടാത്തവരെ കൊലചെയ്യാനും അവരുടെ കൈയും കാലും വെട്ടിമാറ്റാനുമെല്ലാമുള്ള നിശ്ചിത നിരക്കുകള്‍ ഈ സംഘങ്ങള്‍ നിശ്ചയിച്ചിട്ടുണ്ടത്രെ. സമൂഹത്തിന്റെ എല്ലാ ശ്രേണികളില്‍ നിന്നും വഴിതെറ്റി എത്തുന്ന കൗമാര പ്രായക്കാര്‍ മുതലുള്ളവരാണ് അധോലോകത്തിന്റെ കണ്ണികളായി മാറുന്നത്. പണത്തിനുവേണ്ടി ആരേയും വെട്ടിവീഴ്ത്താന്‍ മടിക്കാത്ത ഈ ക്രിമിനല്‍ ഭീകരന്മാര്‍ പരസ്പരം വെട്ടിവീഴ്ത്തുന്ന സംഭവങ്ങളും ഒട്ടും വിരളമല്ല. പകല്‍ എന്നോ രാത്രിയെന്നോ ഭേദമില്ലാതെ രക്തക്കൊതിപൂണ്ട് പാഞ്ഞുനടക്കുന്ന ഇവര്‍ സൈ്വര്യമായി ജീവിക്കാനുള്ള മനുഷ്യന്റെ അവകാശങ്ങളെയാണ് നിരന്തരം വെല്ലുവിളിക്കുന്നത്. ഇതെല്ലാം കണ്ടിട്ടും കൈകെട്ടി ഇരിക്കുന്ന ഗവണ്‍മെന്റ് അധോലോകത്തിന്റെ മച്ചുനന്മാരാണോ എന്ന് ജനങ്ങള്‍ ചോദിച്ചുപോകുന്നു.

കൊല്ലും കൊലയും മാത്രമല്ല സ്ത്രീപീഢനങ്ങളും തട്ടിക്കൊണ്ടുപോക്കും ഭൂമി കയ്യേറ്റവും സ്പിരിറ്റ് മദ്യ, മണല്‍ മാഫിയകളുടെ കാവല്‍പ്പണിയുമെല്ലാം അധോലോകം ഏറ്റെടുക്കും. അതിവേഗം ബഹുദൂരം മുന്നേറുന്ന ഇന്നത്തെ ഗവണ്‍മെന്റിനു കീഴില്‍ തങ്ങള്‍ക്കും ബഹുദൂരം മുന്നേറാന്‍ കഴിയുമെന്ന് അധോലോക തലവന്മാര്‍ മനസ്സിലാക്കിയിട്ടുണ്ട്. കഴിഞ്ഞ നാലുമാസങ്ങള്‍ക്കുള്ളില്‍ അതിവേഗം കുതിച്ചുയര്‍ന്ന കുറ്റകൃത്യ നിരക്കുകള്‍ പരിശോധിച്ചാല്‍ ഇതു വ്യക്തമാകും. അധോലോക സംഘങ്ങള്‍ നടത്തിയ ഒട്ടേറെ ക്രിമിനല്‍ കുറ്റങ്ങളില്‍ നിരവധി പൊലീസ് ഓഫീസര്‍മാര്‍ പങ്കാളികളാണെന്ന സത്യം ആരേയും ഞെട്ടിക്കുന്നതാണ്. ക്രിമിനല്‍ ബന്ധമുള്ള പൊലീസുകാരുടെ കണക്ക് ഡി ജി പി തന്നെ വെളിപ്പെടുത്തിയിട്ടും പൊലീസ് സേനയില്‍ ഒരു മാറ്റവും സംഭവിച്ചില്ല. അന്‍പതിനായിരം കോടിരൂപയുടെ കള്ളപ്പണം പ്രചാരത്തിലുണ്ടെന്നു പറയപ്പെട്ട കേരളത്തില്‍ മതതീവ്രവാദ പ്രസ്ഥാനങ്ങളും ഹവാലാ പണവും തമ്മിലുള്ള ബന്ധംപോലും വേണ്ടതുപോലെ പരിശോധിക്കപ്പെട്ടില്ല. ഇതില്‍പരം എന്തു സൗകര്യമാണ് അധോലോകത്തിലെ ദുഷ്ടന്മാര്‍ക്ക് 'പനപോലെ വളരാ'ന്‍ വേണ്ടത്?

വളര്‍ന്നുവരുന്ന കുറ്റകൃത്യങ്ങള്‍ക്കു തടയിടാനാണ് എല്‍ ഡി എഫ് ഗവണ്‍മെന്റ് 'ഗുണ്ടാ നിയമം' കൊണ്ടുവന്നത്. നിയമവാഴ്ചയെ കൂസാതെ നീങ്ങുന്ന വമ്പന്‍ ക്രിമിനലുകളെ തടവറയിലെത്തിക്കാനാണ് അത് ലക്ഷ്യമിട്ടത്. എന്നാല്‍ ആ ലക്ഷ്യം നേടാനായോ എന്നതിനെക്കുറിച്ച് പരിശോധനയുണ്ടാകണം. അധോലോകത്തെ പിടിച്ചു കെട്ടുന്നതില്‍ ജനകീയ ഇടപെടലുകളും അനിവാര്യമാമെന്നു വന്നിരിക്കുന്നു. ഇതില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പങ്ക് നിര്‍ണായകമാണ്. പ്രാദേശികാടിസ്ഥാനത്തില്‍ ശക്തിപ്പെടുന്ന അധോലോക സംഘങ്ങളെ തളയ്ക്കാന്‍ ജനങ്ങളെ അണിനിരത്താന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നിച്ചു ശ്രമിച്ചാല്‍ കഴിയും. സ്വന്തം അനുഭാവിവലയത്തില്‍പോലും ഇത്തരം സാമൂഹിക വിരുദ്ധ ക്രിമിനലുകള്‍ക്ക് ഇടം നല്‍കില്ലെന്ന് ഓരോ രാഷ്ട്രീയ പാര്‍ട്ടിയും തീരുമാനിക്കണം. പ്രത്യക്ഷമായോ പരോക്ഷമായോ അധോലോകവുമായി ചങ്ങാത്തം കൂടാന്‍ പോകുന്ന രാഷ്ട്രീയം ജനങ്ങള്‍ക്കുവേണ്ടിയുള്ള രാഷ്ട്രീയമല്ല. ആഗോളവല്‍ക്കരണത്തിന്റെ വലതുപക്ഷ ആശയങ്ങളുടെ സ്വാധീനത്താല്‍ പല പാര്‍ട്ടികളിലും ഇന്ന് അധോലോകത്തിന് ചങ്ങാതിമാരുണ്ട്. അത്തരം കറുത്ത ആടുകളാണ് ജനങ്ങളില്‍ രാഷ്ട്രീയത്തോടു തന്നെ അവജ്ഞയുണ്ടാക്കുന്നത്. ആത്യന്തികമായി അത് അരാഷ്ട്രീയതയെ ശക്തിപ്പെടുത്തും. അതാണ് അധോലോകത്തിനും വേണ്ടത്. അവരുടെ കൈയില്‍ കേരളം അമര്‍ന്നു പോകാതിരിക്കാന്‍ ജനങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന മുഴുവന്‍ രാഷ്ട്രീയ ശക്തികളും അണിനിരക്കേണ്ടതുണ്ട്. കേരളം പ്രബുദ്ധമാണ്. അതിന്റെ പൈതൃകം മഹത്തരമാണ്. നാടിന്റെ പ്രബുദ്ധതയ്ക്കുമേല്‍ കളങ്കം ചാര്‍ത്താന്‍ അധോലോക ശക്തികളെ അനുവദിക്കരുത്.

janayugom editorial 071011

1 comment:

  1. തലസ്ഥാനം ഇന്നലെ ഉണര്‍ന്നത് അധോലോകം നടത്തിയ ഇരട്ടക്കൊലയുടെ വാര്‍ത്ത കേട്ടുകൊണ്ടാണ്. ആയുധപൂജയുടെ ഉത്സവം ഘോഷിക്കേണ്ടത് മനുഷ്യ ശരീരങ്ങളെ വെട്ടിനുറുക്കി കൊണ്ടാകണമെന്ന് ഏതോ സംഘത്തവലന്‍ തീരുമാനിച്ചതാകാം. അധോലോക സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണു കൊലപാതകത്തിനു കാരണമെന്ന് പൊലീസ് പറയുന്നു. അധോലോക സംഘങ്ങളുടെ വികാരവിചാരങ്ങളും തന്ത്ര-സമീപനങ്ങളും നന്നായി അറിയാവുന്നതു പൊലീസിനാണല്ലോ. ഇടക്കിടെ ആവര്‍ത്തിക്കപ്പെടുന്ന അധോലോക അഴിഞ്ഞാട്ട പരമ്പരയിലെ അവസാനത്തെ ഇനമാണിത്. ഇത്തരം ക്രിമിനല്‍ തേര്‍വാഴ്ചകള്‍ തുടര്‍ക്കഥയാകുമ്പോള്‍ ക്രമസമാധാനമെന്ന വാക്കിന് എന്തര്‍ഥമാണുള്ളത്? പൗരന്റെ ജീവനും സ്വത്തിനും സൈ്വര്യജീവിതത്തിനും സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ട ഭരണകൂടത്തിനു വേറെ എന്താണു പണി? പ്രമാണിവര്‍ഗത്തിന്റെ കാര്യസ്ഥപണി ഏറ്റെടുക്കുന്നതില്‍ ഭരണാധികാരികള്‍ സായൂജ്യം കൊള്ളുമ്പോള്‍ ആ കുടത്തണലിലാണ് അധോലോകം എവിടെയും തഴച്ചു വളരുന്നത്. ആഗോളവല്‍ക്കരണ ദശകങ്ങളില്‍ ലോകത്തെല്ലാം ഇതുതന്നെയാണ് സംഭവിച്ചത്. ഇന്ത്യയിലും കേരളത്തിലും അതിന്റെ ദുരന്ത പര്‍വങ്ങളാണ് അധോലോക ക്രിമിനലുകള്‍ ഇന്ന് എഴുതിക്കൊണ്ടിരിക്കുന്നത്.

    ReplyDelete