Monday, October 3, 2011

പിള്ളയും മകനും ഭീഷണിപ്പെടുത്തി ഭരിക്കുന്നു വിഎസ്

ഫോണ്‍വിളി ചട്ടലംഘനം: മുഖ്യമന്ത്രി; സഭയില്‍ പ്രതിപക്ഷ വാക്കൗട്ട്

ജയില്‍ പുള്ളിയായ ആര്‍ ബാലകൃഷ്ണപിള്ള ഫോണ്‍ ഉപയോഗിച്ചതിനെക്കുറിച്ച് നല്‍കിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനാല്‍ പ്രതിപക്ഷം സഭ വിട്ടു. പി കെ ഗുരുദാസനാണ് നോട്ടീസ് നല്‍കിയത്. മുഖ്യമന്ത്രിയുടെ വിശദീകരണത്തെത്തുടര്‍ന്ന് അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നല്‍കിയില്ല. തുടര്‍ന്നാണ് പ്രതിപക്ഷം ഇറങ്ങിപ്പോയത്. പിള്ളയുടെ ഫോണ്‍വിളി ചട്ടലംഘനമാണെന്ന് മുഖ്യമന്ത്രി സമ്മതിച്ചു. എന്നാല്‍ ഇത് നിയമലംഘനമല്ല. കാരണം തടവില്‍ കഴിയുന്നവര്‍ക്ക് ഫോണ്‍വിളിക്കാന്‍ അവകാശമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫോണ്‍ സംഭാഷണത്തെ സംബന്ധിച്ച് ജയില്‍ എഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് ചൊവ്വാഴ്ച ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. അധ്യാപകന്റെ വ്യത്യസ്ത മൊഴിയാണ് കേസ് അന്വേഷണം ദുഷ്കരമാക്കുന്നതെന്ന് മുഖ്യമന്തി അറിയിച്ചു. മൈത്രി ഭവന നിര്‍മ്മാണ പദ്ധതി കുടിശ്ശിക എഴുതി ത്തള്ളുമെന്ന് ധനമന്ത്രി കെ എം മാണി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ രണ്ടുമാസത്തിനുള്ളില്‍ വിതരണം ചെയ്യും. 137.94 കോടി രൂപയുടെ നഷ്ടം ഇതുമൂലം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. എം എന്‍ ലക്ഷംവീട് പദ്ധതി പ്രകാരം 11140 വീടുകള്‍ നല്‍കി. ഇതിനായി 40 കോടി ചെലവായി. ഇഎംഎസ് ഭവന നിര്‍മ്മാണ പദ്ധതി മുടക്കിയതിനെക്കുറിച്ച് പികെ ഗുരുദാസനും എസ് ശര്‍മ്മയും ആവര്‍ത്തിച്ച് ചോദിച്ചിട്ടും ഉത്തരം നല്‍കാതെ ധനമന്ത്രി ഒഴിഞ്ഞുമാറി. വിദ്യാഭ്യാസ സൗകര്യമുള്ള പ്രദേശങ്ങളില്‍ പൊലീസുകാര്‍ക്ക് വീടുവച്ച് നല്‍കണമെന്ന് പ്രതിപക്ഷ ഉപനേതാവ് കൊടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. എസ്ഐ പരീക്ഷയില്‍ കൃത്രിമം നടന്നായി മുഖ്യമന്ത്രി നിയമസഭയില്‍ സമ്മതിച്ചു.

പിള്ളയും മകനും ഭീഷണിപ്പെടുത്തി ഭരിക്കുന്നു വിഎസ്

വാളകം: തടവുകാരനായി ജയിലില്‍ കഴിയുന്ന പിള്ളയും മകന്‍ ഗണേഷ്കുമാറും ചേര്‍ന്ന് ഉമ്മന്‍ചാണ്ടിയെ ഭീഷണിപ്പെടുത്തുകയാണെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ ആരോപിച്ചു.അധ്യാപകന്‍ ആക്രമിക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് വാളകത്തുചേര്‍ന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടുപേരുടെ മാത്രം പിന്തുണയുള്ള ദുര്‍ബലമായ മന്ത്രിസഭ എല്ലാവരെയും തൃപ്തിപ്പെടുത്തിയില്ലെങ്കില്‍ താഴെ വീഴുമെന്ന സ്ഥിതിയാണ്.അഛനും മകനും കൂടി ഉമ്മന്‍ചാണ്ടിയെ ഭീഷണിപ്പെടുത്തി ഭരണം നിയന്ത്രിക്കുകയാണ്.ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് പൂജപ്പുര ജയിലില്‍ തടവുകാരനായി കഴിയുന്ന പിള്ള തന്റെ സ്കൂളിലെ അധ്യാപകനെ കൊല്ലാന്‍ ഗൂഡാലോചന നടത്തിയിരിക്കുകയാണ്.വളരെ നിഷ്ഠുരവും പൈശാചികവുമെന്ന് മുഖ്യമന്ത്രി തന്നെ അഭിപ്രായപ്പെട്ട കേസില്‍ ആറുദിവസമായിട്ടും ഒരാളെപ്പോലും പിടിക്കാത്തതെന്തെന്നുമാത്രം പറയുന്നില്ല.തടവിനു ശിക്ഷിക്കപ്പെട്ട പിള്ള പ്രതിദിനം 5000 രൂപ വാടകയുള്ള ആശുപത്രിയിലാണ് കഴിയുന്നത്.ജയില്‍നിയമങ്ങളെല്ലാം ലംഘിച്ച് ആശുപത്രിയില്‍ കഴിയുന്ന പിള്ളയുടെ കാര്യം നോക്കാന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.പക്ഷേ പിള്ളയുടെ ഫോണ്‍വിളിയെക്കുറിച്ചുള്ള അടിയന്തരപ്രമേയം അനുവദിക്കുന്നില്ല.ഇടമലയാര്‍ കേസില്‍ കോടലകള്‍ വിഴുങ്ങിയ ബാലകൃഷ്ണപിള്ള കോടതിയില്‍ ബോധം കെട്ടുവീണു. എന്നിട്ടും രക്ഷയുണ്ടായില്ല. രാജ്യത്തെ പരമോന്നതനീതിപീഠം പിള്ളയെ സെന്‍ട്രല്‍ ജയിലിലേക്കയക്കുകയായിരുന്നുവെന്നും വിഎസ് പറഞ്ഞു.

പിള്ളയെ വിളിച്ച മാധ്യമപ്രവര്‍ത്തകനാണ് കുറ്റക്കാരനെന്ന് ജോര്‍ജ്

തടവില്‍ കഴിയുന്ന ബാലകൃഷ്ണ പിള്ള മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച പ്രശ്നത്തില്‍ ആടിനെ പട്ടിയാക്കാന്‍ യുഡിഎഫ് ശ്രമം. പിള്ള ഫോണ്‍ ഉപയോഗിച്ചതല്ല; പിള്ളയെ വിളിച്ച മാധ്യമ പ്രവര്‍ത്തകനാണ് അഴിയെണ്ണേണ്ടിവരികയെന്നാണ് ചീഫ് വിപ്പ് പി സി ജോര്‍ജ് നല്‍കുന്ന ഭീഷണി. ഫോണ്‍ വിളിച്ച പിള്ളക്ക് നാലു ദിവസത്തെ ശിക്ഷയേ ഉള്ളു. എന്നാല്‍ പിള്ളയെ ഫോണില്‍ വിളിച്ച മാധ്യമ പ്രവര്‍ത്തകന് ഒരു വര്‍ഷം തടവും 10000 രൂപ പിഴയും ശിക്ഷ ലഭിക്കാമെന്ന് ചട്ടവും നിയമവുമൊക്കെ ഉദ്ധരിച്ച് ജോര്‍ജ് പറഞ്ഞു.

ജയില്‍പ്പുള്ളിയായ പിള്ളയ്ക്ക് സര്‍ക്കാര്‍ വക ഗണ്‍മാന്‍


കൊല്ലം: അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയുന്ന ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് പൊലീസ് വകുപ്പില്‍നിന്ന് ഗണ്‍മാന്‍ . തിരുവനന്തപുരം സ്പെഷ്യല്‍ ബ്രാഞ്ച് സിഐഡിയിലെ 5183-ാം നമ്പര്‍ സിവില്‍ പൊലീസ് ഓഫീസര്‍ എസ് സുരേഷ്കുമാറാണ് കേരള പൊലീസിന്റെ ചരിത്രത്തില്‍ ആദ്യമായി ജയില്‍പുള്ളിയുടെ ഗണ്‍മാനായി സേവനമനുഷ്ഠിക്കുന്നത്. സുരക്ഷാഭീഷണിയുണ്ടെങ്കില്‍ മുന്‍ മന്ത്രിമാര്‍ക്ക് ഗണ്‍മാനെ നല്‍കാമെന്ന ചട്ടം ദുരുപയോഗിച്ചാണ് പിള്ളയ്ക്ക് 2010 മെയില്‍ ഗണ്‍മാനെ അനുവദിച്ചത്. പിള്ളയുടെ ജീവന് ഭീഷണിയുള്ളതായി റിപ്പോര്‍ട്ടില്ല. ഇടമലയാര്‍ അഴിമതിക്കേസില്‍ പിള്ളയെ ശിക്ഷിക്കപ്പെട്ടപ്പോള്‍ ഗണ്‍മാനെ പിന്‍വലിക്കേണ്ടതാണ്. എന്നാല്‍ , പിള്ളയെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അടച്ചപ്പോഴും ഗണ്‍മാന് മാറ്റമുണ്ടായില്ല. പിള്ള കഴിയുന്ന തലസ്ഥാനത്തെ പഞ്ചനക്ഷത്ര ആശുപത്രി പരിസരം ചുറ്റിപ്പറ്റി ഗണ്‍മാനും ഉണ്ട്. കൊട്ടാക്കരയിലെയും സമീപസ്റ്റേഷനുകളിലെയും ജീവനക്കാരുടെ സ്ഥലംമാറ്റങ്ങളില്‍ ഇയാള്‍ ഇടനിലക്കാരനാണ്. ബാലകൃഷ്ണപിള്ള മാനേജരായ വാളകം രാമവിലാസം വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അധ്യാപകന്‍ കൃഷ്ണകുമാറിനെ വധിക്കാന്‍ ശ്രമിച്ച ദിവസം ഗണ്‍മാന്റെ മൊബൈലില്‍നിന്ന് നിരവധി കോളുകള്‍ പോയിട്ടുണ്ട്. സുരേഷ്കുമാറിന്റെ സഹോദരന്‍ കൊട്ടാരക്കര സിഐ ഓഫീസിലെ ഡ്രൈവറാണ്. കൃഷ്ണകുമാര്‍ വധശ്രമക്കേസിന്റെ അന്വേഷണ വിവരങ്ങളെല്ലാം പിള്ളയെ യഥാസമയം അറിയിക്കാനും സുരേഷ്കുമാറിന് ഇതുവഴി കഴിയുന്നു.

deshabhimani news

1 comment:

  1. ജയില്‍ പുള്ളിയായ ആര്‍ ബാലകൃഷ്ണപിള്ള ഫോണ്‍ ഉപയോഗിച്ചതിനെക്കുറിച്ച് നല്‍കിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനാല്‍ പ്രതിപക്ഷം സഭ വിട്ടു. പി കെ ഗുരുദാസനാണ് നോട്ടീസ് നല്‍കിയത്. മുഖ്യമന്ത്രിയുടെ വിശദീകരണത്തെത്തുടര്‍ന്ന് അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നല്‍കിയില്ല. തുടര്‍ന്നാണ് പ്രതിപക്ഷം ഇറങ്ങിപ്പോയത്.

    ReplyDelete