Tuesday, October 25, 2011

ഭരണം മാറി; മാതൃകാ സ്റ്റേഷന്‍ "ഭീകര" സ്റ്റേഷനായി

ഏഷ്യയിലെ ഏറ്റവും മികച്ച മാതൃകാ പൊലീസ് സ്റ്റേഷന്‍ എന്ന ബഹുമതി കരസ്ഥമാക്കിയ പാലക്കാട് ടൗണ്‍ സൗത്ത് സ്റ്റേഷന്‍ ഭീകരതയുടെ കേന്ദ്രമായി മാറുന്നു. ഭരണമാറ്റം മുതലാക്കി ഇവിടെ കയറിക്കൂടിയ ചില പൊലീസ് ഉദ്യോഗസ്ഥരാണ് മാതൃകാ സ്റ്റേഷന്റെ രൂപം മാറ്റുന്നത്. അടിയന്തരാവസ്ഥക്കാലത്ത് കേരളത്തിലെ പൊലീസ് സ്റ്റേഷനുകളില്‍ നിലനിന്നിരുന്ന അവസ്ഥയാണ് ഇപ്പോള്‍ ഇവിടെ. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം പൊതുജനങ്ങള്‍ പരാതിയുമായി സ്റ്റേഷനിലേക്ക് കയറിച്ചെല്ലാന്‍ ഭയക്കുന്നു. ഈ മാസം എട്ടിന് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പൊലീസുകാര്‍ യുവാവിനെ സ്റ്റേഷനിലിട്ട് ക്രൂരമായി മര്‍ദിച്ചിരുന്നു. പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ചു എന്ന വാക്കാല്‍ പരാതിയുടെ അടിസ്ഥാനത്തിലാണ് ചന്ദ്രനഗര്‍ സ്വദേശി സജീവനെ മാതാപിതാക്കളുടെ മുന്നില്‍ വീട്ടില്‍നിന്നും പിടിച്ചിറക്കിക്കൊണ്ടുപോയി മര്‍ദിച്ചത്. ഒരുദിവസം മുഴുവന്‍ ലോക്കപ്പിലിട്ട് പീഡിപ്പിച്ചശേഷം യുവാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാതെ വിട്ടയക്കുകയായിരുന്നു. സൗത്ത് ട്രാഫിക് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജില്ലാ ആശുപത്രിയിലെത്തി ഡ്യൂട്ടി ഡോക്ടറെ ഭീഷണിപ്പെടുത്തി എന്ന് മറ്റൊരു പരാതിയുമുണ്ട്. ദീര്‍ഘകാല അവധിയില്‍ പ്രവേശിപ്പിക്കാന്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു ഭീഷണി. കണ്ടുനിന്ന മാധ്യമപ്രവര്‍ത്തകരേയും സിഐ ഭീഷണിപ്പെടുത്തിയിരുന്നു.

അവസാനമായി വൃദ്ധരായ അധ്യാപക ദമ്പതികളോടാണ് പൊലീസ് കാടത്തംകാട്ടിയത്. വിരമിച്ച അധ്യാപകരായ മുണ്ടൂര്‍ കൂട്ടുപാത "ഗോകുല"ത്തില്‍ എ പി കൃഷ്ണന്‍കുട്ടി (67), ഭാര്യ പി എസ് തങ്കമണി (62) എന്നിവരാണ് പൊലീസ് പീഡനത്തിന്റെ ഇരകളായി ആശുപത്രിയില്‍ കഴിയുന്നത്. നഗരത്തിലെ പ്രാദേശിക ചാനല്‍ റിപ്പോര്‍ട്ടറുടെ "ക്വട്ടേഷന്‍" സ്വീകരിച്ചായിരുന്നു പീഡനം. എസ്ഐ, സിഐ, ഡിവൈഎസ്പി എന്നിവരുടെ "പ്രകടനങ്ങളുടെ" ദൃശ്യങ്ങള്‍ കൃത്യമായി സ്വന്തം ചാനലിലൂടെ കാണിക്കുകയും മറ്റ് ചാനലുകളില്‍ വരുത്താന്‍ പരിശ്രമിക്കുകയും ചെയ്യുന്ന റിപ്പോര്‍ട്ടറോടുള്ള കടപ്പാട് തീര്‍ക്കുകയായിരുന്നു പൊലീസ്. ചാനല്‍ റിപ്പോര്‍ട്ടറുടെ ക്യാമറബാഗ് ബൈക്കില്‍നിന്ന് റോഡില്‍ വീണപ്പോള്‍ അധ്യാപകദമ്പതികളുടെ കാര്‍തട്ടി എന്നാരോപിച്ചായിരുന്നു പീഡനം. ശനിയാഴ്ച പകല്‍ 11.30 മുതല്‍ വൈകിട്ട് ആറുവരെ വൃദ്ധദമ്പതികളെ സ്റ്റേഷനില്‍ നിര്‍ത്തി അപമാനിക്കുകയായിരുന്നു. 30,000 രൂപ ചാനല്‍ റിപ്പോര്‍ട്ടര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും പൊലീസ് ആവശ്യപ്പെട്ടു. ഒടുവില്‍ എം ബി രാജേഷ് എംപി ഇടപെട്ടാണ് ദമ്പതികളെ സ്റ്റേഷനില്‍നിന്ന് മോചിപ്പിച്ചത്. യുഡിഎഫ് സര്‍ക്കാരിന്റെ പൊലീസ്നയം കൃത്യമായി നടപ്പാക്കാന്‍വേണ്ടി ഭരണകക്ഷിക്ക് താല്‍പ്പര്യമുള്ള ഉദ്യോഗസ്ഥരെയാണ് സൗത്ത് സ്റ്റേഷനില്‍ നിയമിച്ചിരിക്കുന്നത്. എന്തിനും ഇവര്‍ക്ക് ഭരണകക്ഷി നേതാക്കളുടെ പിന്തുണയുമുണ്ട്.

ഗുരുവായൂര്‍ ക്ഷേത്രത്തിനു മാത്രമായി പൊലീസ് സ്റ്റേഷന്‍

തൃശൂര്‍ : സുരക്ഷ കാര്യക്ഷമമാക്കുന്നതിനുള്ള നടപടിയുടെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തിനു മാത്രമായി പ്രത്യേക പൊലീസ് സ്റ്റേഷന്‍ ആരംഭിക്കുന്ന കാര്യം സജീവ പരിഗണയിലെന്ന് ദേവസ്വം മന്ത്രി അറിയിച്ചു. നിയമസഭയില്‍ കോടിയേരി ബാലകൃഷ്ണന്‍ , കെ വി അബ്ദുള്‍ഖാദര്‍ , കെ രാധാകൃഷ്ണന്‍ , സി രവീന്ദ്രനാഥ് എന്നിവരുടെ ചോദ്യങ്ങള്‍ക്കാണ് മന്ത്രി വി എസ് ശിവകുമാര്‍ ഇക്കാര്യം രേഖാമൂലം അറിയിച്ചത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തു തന്നെ പ്രത്യേക പൊലീസ് സ്റ്റേഷന്റെ കാര്യത്തില്‍ തീരുമാനമെടുത്തിരുന്നു. ഭക്തജനത്തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷാ ക്രമീകരണങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തണമെന്ന് കേന്ദ്രസുരക്ഷാ ഏജന്‍സിയും ശുപാര്‍ശചെയ്തിട്ടുണ്ടന്ന് മന്ത്രി പറഞ്ഞു. തീവ്രവാദി ആക്രമണ സാധ്യതയെക്കുറിച്ചുളള റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ ക്ഷേത്ര സുരക്ഷക്കായി ഒട്ടേറെ നടപടി സര്‍ക്കാര്‍ കൈക്കൊണ്ടതായും 120-ഓളം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചതായും മന്ത്രി പറഞ്ഞു. ക്ഷേത്രത്തിലേക്കുളള മൂന്ന് പ്രവേശന കവാടങ്ങളിലും മെറ്റല്‍ ഡിറ്റക്ടര്‍ സ്ഥാപിച്ച് പരശോധന നടത്തിയാണ് പ്രവേശനം നല്‍കുന്നത്. ദിവസവും മൂന്നു നേരം ക്ഷേത്ര പരിസരത്തും റെയില്‍വേ സ്റേഷന്‍ , ബസ്സ്റ്റാന്‍ഡ് എന്നിവിടങ്ങളിലും ഡോഗ് സ്ക്വാഡ് അടക്കം പൊലീസ് പരിശോധന നടത്തുന്നുണ്ട്. ലോഡ്ജുകളില്‍ പ്രത്യേക പരിശോധനയുണ്ട്. ക്ഷേത്രത്തിനകത്തും പരിസരത്തും 96 സിസി ടിവി ക്യാമറകള്‍ സ്ഥാപിച്ച് 24 മണിക്കൂറും നിരീക്ഷണമുണ്ട്. 24 മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നു. അത്യാധുനിക സ്കാനര്‍ , മെറ്റല്‍ ഡിറ്റക്ടര്‍ തുടങ്ങിയവ വാങ്ങാനുള്ള നടപടിയാരംഭിച്ചതായും മന്ത്രി അറിയിച്ചു.

ജോബ് ഫെയര്‍ തട്ടിപ്പ് : ഉദ്യോഗാര്‍ഥികളെ കബളിപ്പിച്ച സ്ഥാപനത്തെ പൊലീസ് രക്ഷിക്കുന്നു

കൊച്ചി: തൊഴില്‍ വാഗ്ദാനംനല്‍കി ആല്‍ബര്‍ടിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് പതിനായിരത്തിലേറെ വിദ്യാര്‍ഥികളെ വിളിച്ചുവരുത്തി കബളിപ്പിച്ച സംഭവം പേരിനൊരു കേസെടുത്ത് പൊലീസ് അവസാനിപ്പിച്ചു. നൂറുകണക്കിന് ഉദ്യോഗാര്‍ഥികള്‍ പരാതിപ്പെട്ടിട്ടും സ്ഥാപനത്തിനെതിരെ വഞ്ചനക്കുറ്റം ചുമത്താന്‍പോലും പൊലീസ് തയ്യാറായില്ല. വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയായിരുന്നു ജോബ് ഫെയറിന്റെ ഉദ്ഘാടകന്‍ . മാനേജ്മെന്റും ഉദ്യോഗാര്‍ഥികളുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയ പൊലീസിന് മേളയില്‍ എത്രപേര്‍ പങ്കെടുത്തെന്നുപോലും അറിയില്ല. 12,000 പേരെങ്കിലും രജിസ്റ്റര്‍ ചെയ്തിരുന്നെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു. സ്ഥലത്തെത്തിയവരെല്ലാം 150 രൂപ നല്‍കിയാണ് രജിസ്റ്റര്‍ചെയ്തത്. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ അവസരം കിട്ടാതെ കാത്തുനിന്നവര്‍ക്ക് 300 രൂപ നല്‍കാമെന്ന് മാനേജ്മെന്റ് സമ്മതിച്ചിരുന്നു. നിരാശരായി സ്ഥലംവിട്ടവര്‍ക്ക് രജിസ്ട്രേഷന്‍ഫീസായ 150 രൂപ മണി ഓര്‍ഡറായി നല്‍കാമെന്നും സമ്മതിച്ചു. എന്നാല്‍ , ഇത് എത്രപേര്‍ക്ക് നല്‍കുമെന്ന് പൊലീസ് അന്വേഷിച്ചില്ല.

ശനിയാഴ്ച രാത്രി വൈകി ചര്‍ച്ച തീരുമ്പോള്‍ സ്ഥലത്തുണ്ടായിരുന്ന നൂറില്‍ത്താഴെ ഉദ്യോഗാര്‍ഥികള്‍ക്ക് മാത്രമാണ് പണം നല്‍കിയത്. മാനേജ്മെന്റും പൊലീസും ചേര്‍ന്ന് ചര്‍ച്ച വൈകിച്ചപ്പോള്‍ ദൂരെ ദിക്കില്‍ പോകേണ്ട ഉദ്യോഗാര്‍ഥികള്‍ സ്ഥലംവിട്ടു. തലേദിവസം നഗരത്തില്‍ വന്ന് ആയിരങ്ങള്‍ മുടക്കി മുറിയെടുത്ത് താമസിച്ച് മേളക്കെത്തിയ അന്യജില്ലകളില്‍നിന്നുള്ള പലരും മാനേജ്മെന്റിന്റെ നാമമാത്ര നഷ്ടപരിഹാരം നിരാകരിച്ചു. പരാതി ഒന്നുമാത്രം പേരിന് എഴുതിവാങ്ങി മറ്റുള്ളവരെ പൊലീസ് നിരുത്സാഹപ്പെടുത്തി. രജിസ്ട്രേഷന്‍ ഇനത്തില്‍ മാത്രം ഓണ്‍ലൈന്‍വഴി 12 ലക്ഷം രൂപ ആല്‍ബര്‍ടിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് തട്ടിയിട്ടുണ്ട്. മേളദിവസം 200 രൂപ വാങ്ങിയും രജിസ്ട്രേഷനുണ്ടായിരുന്നു. എംബിഎ പഠിപ്പിക്കുന്ന സ്ഥാപനം മുന്‍കൈയെടുത്തു നടത്തിയ തൊഴില്‍ മേളയിലേക്ക് ബിടെക് ബിരുദക്കാരെയും വിളിച്ചുവരുത്തിയിരുന്നു. പ്ലേസ്മെന്റിനെത്തിയ കമ്പനികള്‍ ബിടെക്കുകാരെ ആവശ്യപ്പെട്ടിട്ടില്ലാത്ത സ്ഥിതിക്ക് ഇത് പണംതട്ടാനുള്ള ഏര്‍പ്പാടായിരുന്നെന്ന് ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു. നാല്‍പ്പതോളം കമ്പനികള്‍ പങ്കെടുത്തെന്ന് മാനേജ്മെന്റ് അവകാശപ്പെടുന്ന മേളയിലൂടെ പ്ലേസ്മെന്റിന് ക്ഷണംകിട്ടിയത് എണ്‍പതോളം പേര്‍ക്കാണ്.

deshabhimani 251011

2 comments:

  1. ഏഷ്യയിലെ ഏറ്റവും മികച്ച മാതൃകാ പൊലീസ് സ്റ്റേഷന്‍ എന്ന ബഹുമതി കരസ്ഥമാക്കിയ പാലക്കാട് ടൗണ്‍ സൗത്ത് സ്റ്റേഷന്‍ ഭീകരതയുടെ കേന്ദ്രമായി മാറുന്നു. ഭരണമാറ്റം മുതലാക്കി ഇവിടെ കയറിക്കൂടിയ ചില പൊലീസ് ഉദ്യോഗസ്ഥരാണ് മാതൃകാ സ്റ്റേഷന്റെ രൂപം മാറ്റുന്നത്. അടിയന്തരാവസ്ഥക്കാലത്ത് കേരളത്തിലെ പൊലീസ് സ്റ്റേഷനുകളില്‍ നിലനിന്നിരുന്ന അവസ്ഥയാണ് ഇപ്പോള്‍ ഇവിടെ. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം പൊതുജനങ്ങള്‍ പരാതിയുമായി സ്റ്റേഷനിലേക്ക് കയറിച്ചെല്ലാന്‍ ഭയക്കുന്നു.

    ReplyDelete
  2. പാലക്കാട്: റിട്ട. അധ്യാപക ദമ്പതികളെ സ്റ്റേഷനില്‍ മണിക്കൂറുകളോളം നിര്‍ത്തി അപമാനിച്ച പൊലീസിന്റെ നടപടിയില്‍ വ്യാപക പ്രതിഷേധം. മുണ്ടൂര്‍ കൂട്ടുപാത "ഗോകുല"ത്തില്‍ കൃഷ്ണന്‍കുട്ടി-തങ്കമണി ദമ്പതികളെയാണ് പാലക്കാട് ട്രാഫിക് എസ്ഐയും സൗത്ത് സിഐയും അപമാനിച്ചത്. മണിക്കൂറുകളോളം നിര്‍ത്തി യാണ് മരുന്നും ഭക്ഷണവും കഴിക്കാന്‍ അനുവദിക്കാതെ മാനസികമായി പീഡിപ്പിച്ചത്. ശനിയാഴ്ച പകല്‍ മുഴുവന്‍ പൊലീസ് സ്റ്റേഷനില്‍നിന്ന ഇവര്‍ രക്തസമ്മര്‍ദത്തെ തുടര്‍ന്ന് ആശുപത്രിയിലാണ്. അധ്യാപക ദമ്പതികളെ അപമാനിച്ച ടൗണ്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ , ട്രാഫിക് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ എന്നിവരെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്യണമെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.

    ഏഷ്യയിലെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷനുള്ള ബഹുമതി ലഭിച്ച പാലക്കാട് സൗത്ത് സ്റ്റേഷനില്‍ പുതിയ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ചുമതല ഏറ്റെടുത്തതോടെ അടിന്തയരാവസ്ഥക്കാലത്തെ അനുസ്മരിപ്പിക്കുംവിധമായി പൊലീസ് സ്റ്റേഷന്‍ . പാലക്കാട് നഗരത്തിലെ സ്വകാര്യ ചാനല്‍ നടത്തിപ്പുകാരന്റെ ദല്ലാള്‍പ്പണിയാണ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ ഇപ്പോഴത്തെ ചുമതല. ഇയാള്‍ക്കുവേണ്ടിയാണ് കഴിഞ്ഞദിവസം റിട്ട. അധ്യാപക ദമ്പതികളെ വാഹനാപകടത്തിന്റെ പേരില്‍ പൊലീസ് അപമാനിച്ചത്. ഈ കേസ് അന്വേഷിക്കാനെത്തിയ പൊതു പ്രവര്‍ത്തകരോട് തട്ടിക്കയറുകയും അസഭ്യം പറയുകയുമായിരുന്നു ട്രാഫിക് എസ്ഐ ചെയ്തത്. ഇത്തരക്കാരെ നിലയ്ക്കുനിര്‍ത്താന്‍ ജില്ലാ പൊലീസ്മേധാവികളും സര്‍ക്കാരും തയ്യാറാകണം. സ്റ്റേഷനില്‍ ദമ്പതികളെ അപമാനിക്കാന്‍ ഒപ്പംകൂടിയ ചാനല്‍ നടത്തിപ്പുകാരനെക്കുറിച്ചും അന്വേഷണം നടത്തണം. മാധ്യമപ്രവര്‍ത്തനത്തിന്റെ മറവില്‍ ഭീഷണിപ്പെടുത്തി പണം അപഹരിക്കാനാണ് ഇയാള്‍ ശ്രമിച്ചത്. ഇയാള്‍ക്കെതിരെയും കേസെടുക്കണം. ഇത്തരം മാഫിയ-പൊലീസ് കൂട്ടുകെട്ടിനെതിരെ രംഗത്തിറങ്ങുമെന്ന് ഡിവൈഎഫ്ഐ ജില്ലാസെക്രട്ടറിയറ്റ് അറിയിച്ചു.

    റിട്ട. അധ്യാപക ദമ്പതികളെ മാനസികമായി പീഡിപ്പിച്ച പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പൊലീസ് സ്റ്റേഷനിലെ സ്വാധീനമുപയോഗിച്ച് വൃദ്ധദമ്പതികളെ അപമാനിച്ചത് പ്രതിഷേധാര്‍ഹമാണെന്നും ജില്ലാകമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. ജനാധിപത്യ മഹിള അസോസിയേഷന്‍ മുണ്ടൂരില്‍ പ്രകടനം നടത്തി. സുലോചനാ ഭാസ്കരന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. രമാദേവി അധ്യക്ഷയായി. വിജയകുമാരി സ്വാഗതവും ഗീതാ സതീശന്‍ നന്ദിയും പറഞ്ഞു. കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ നടത്തിയ പ്രതിഷേധ പ്രകടനം കെ കെ ഭാസ്കരന്‍ ഉദ്ഘാടനം ചെയ്തു. എം വാസുദേവന്‍ , പത്മനാഭന്‍ , സത്യഭാമ, നാരായണന്‍കുട്ടി എന്നിവര്‍ സംസാരിച്ചു. കേരള സ്റ്റേറ്റ് പെന്‍ഷനേഴ്സ് യൂണിയന്‍ നടത്തിയ പ്രതിഷേധ നടത്തിയ പ്രതിഷേധ പ്രകടനം കെ കെ ഭാസ്ക്കരന്‍ ഉദ്ഘാടനം ചെയ്തു. എം വാസുദേവന്‍ , പത്മനാഭന്‍ , സത്യഭാമ, നാരായണന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.

    ReplyDelete