Saturday, October 15, 2011

കാരാട്ട്, പിണറായി, വി.എസ് പറയുന്നു

അഴിമതിയും വിലക്കയറ്റവും രാജ്യംനേരിടുന്ന വെല്ലുവിളി കാരാട്ട്

ബിജെപിക്കും കോണ്‍ഗ്രസിനും അഴിമതിയുടെ തുടര്‍ക്കഥകളാണ് പറയാനുള്ളതെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. അഴിമതിയും വിലക്കയറ്റവുമാണ് രാജ്യം നേരിടുന്ന പ്രധാനവെല്ലുവിളികള്‍ . ചിന്ത പബ്ലിഷേഴ്സിന്റെ പുതിയ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപിക്കും കോണ്‍ഗ്രസിനും അഴിമതിയുടെ കഥകള്‍ മാത്രമാണ് പറയാനുള്ളത്.കേന്ദ്രസര്‍ക്കാരിന്റെ നവ ഉദാരവല്‍ക്കരണ നയങ്ങളാണ് രാജ്യത്ത് അഴിമതി വ്യാപിക്കുന്നതിനു കാരണം.അഴിമതിയുടെ പശ്ചാത്തലത്തിലാണ് ബിജെപി നേതാവ് അദ്വാനിയുടെ യാത്ര ആരംഭിക്കുന്നത്.അഴിമതിയുടെ കേന്ദ്രമായ കര്‍ണാടകത്തിലെ ബെല്ലാരിയില്‍ നിന്നുമാണ് ബിജെപിയുടെ യാത്ര ആരംഭിക്കേണ്ടത്.യുപിഎ സര്‍ക്കാരിന്റെയും എന്‍ഡിഎയുടെയും കാലത്തുള്ള അഴിമതിക്കഥകളാണിപ്പോള്‍ ഒന്നൊന്നായി പുറത്തുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്.

ചിന്ത പബ്ലിഷേഴ്സിന് കൂടുതല്‍ ഉത്തരവാദിത്വത്തോടെ ഇക്കാര്യങ്ങള്‍ ജനങ്ങളിലെത്തിക്കാനാവണമെന്നും കാരാട്ട് പറഞ്ഞു.

മുഖ്യമന്ത്രി ഉത്തരവാദിത്വം കാട്ടണം പിണറായി

സഭാനേതാവെന്ന നിലയില്‍ ഉമ്മന്‍ചാണ്ടി തന്റെ സ്ഥാനം ശരിയായ രീതിയിലല്ല ഉപയോഗിച്ചതെന്ന് സിപിഐഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.ഉത്തരവാദിത്വത്തോടെയല്ല മുഖ്യമന്ത്രി പെരുമാറുന്നത്. തന്റെ സഭയിലെ അംഗങ്ങളെക്കുറിച്ച് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം നടത്തി പറഞ്ഞത് പച്ചക്കള്ളമാണെന്ന് വീഡിയോദൃശ്യങ്ങള്‍ കണ്ടാല്‍ മനസിലാകും.ഒരു യൂത്തു കോണ്‍ഗ്രസുകാരന്റെ നിലവാരം പോലുമില്ലാതെയാണ് മുഖ്യമന്ത്രി പെരുമാറുന്നത്.

കഴിഞ്ഞ ദിവസം സഭയില്‍ നടന്ന കാര്യങ്ങളില്‍ ഗൂഡാലോചനയുണ്ടോയെന്ന് സംശയിക്കണം.സാധാരണഗതിയില്‍ നടക്കുന്നതിനപ്പുറമൊന്നും ഉണ്ടായിട്ടില്ല. എന്നിട്ടും വാച്ച് ആന്റ് വാര്‍ഡിനെ ഉപയോഗിച്ച് ഗൂഡാലോചന നടത്തുകയാണ് ചെയ്തത്.ഇതിലും വലിയ പ്രക്ഷുബ്ധരംഗങ്ങള്‍ സഭയില്‍ മുന്‍പുണ്ടായിട്ടുണ്ട്.ആക്രമിച്ചുവെന്ന പച്ചക്കള്ളമാണ് മുഖ്യമന്ത്രി ജനങ്ങളോട് പറയുന്നത്.ആദ്യമായാണ് വാച്ച് ആന്‍റ് വാര്‍ഡായി സ്ത്രീയെ നിര്‍ത്തുന്നത്.തന്നെ ആരും ആക്രമിച്ചില്ലെന്ന് അവര്‍ തന്നെ വ്യക്തമായിട്ടുണ്ട്.ഉമ്മന്‍ചാണ്ടിയും കൂട്ടരും തെറ്റായ മാര്‍ഗ്ഗത്തിലൂടെ കാര്യങ്ങള്‍ നീക്കിക്കളയാമെന്ന് ധരിക്കരുത്.സ്വന്തം സഭയിലെ രണ്ടുപേരെക്കുറിച്ചാണ് ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത്. നേരും നെറിയുമില്ലാതെ നാടിനെ അധപതനത്തിലേക്കാണ് ഇവര്‍ നയിക്കുന്നതെന്നും പിണറായി പറഞ്ഞു.ചിന്ത പബ്ലിഷേഴ്സിന്റെ പുതിയ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ ,ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ എന്നിവരും ചടങ്ങില്‍ സംസാരിച്ചു.

അമേരിക്കന്‍പ്രക്ഷോഭം തെളിയിക്കുന്നത് സാമ്രാജ്യത്വപ്രതിസന്ധി: വി എസ്

അമേരിക്കന്‍ സാമ്രാജ്യത്വം അകപ്പെട്ട രൂക്ഷ പ്രതിസന്ധിയാണ് ഇന്ന് വാള്‍സ്ട്രീറ്റില്‍ അരങ്ങേറുന്ന പ്രക്ഷോഭത്തിലൂടെ തെളിയുന്നതെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ചതിയനായ ഗോര്‍ബച്ചേവ് ആര്‍ക്കുവേണ്ടി വിടുവേല ചെയ്തോ ആ സാമ്രാജ്യത്വത്തിന്റെ തകര്‍ച്ചയാണ് ഇപ്പോള്‍ പ്രകടമായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ ഇ ബാലാനന്ദന്‍ റിസര്‍ച്ച് ഫൗണ്ടേഷന്റെ ആസ്ഥാനത്തിന്റെ ശിലാസ്ഥാപന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു വി എസ്.

മുതലാളിത്തത്തിന് ശാശ്വത ഭാവിയില്ലെന്നും, ഉള്ളത് സോഷ്യലിസത്തിനു മാത്രമാണെന്നും അമേരിക്കന്‍ ജനതപോലും ഇന്ന് കരുതുന്നു. യുവാക്കള്‍ അവിടെ പ്രക്ഷോഭം നടത്തുന്നത് ഇതിനു തെളിവാണ്. കൊച്ചു ക്യൂബയിലടക്കം നിലനില്‍ക്കുന്ന സോഷ്യലിസം മാത്രമേ ഭാവിലോകത്തിന്റെ പ്രതീക്ഷയാകുന്നുള്ളു. തൊഴിലാളികളുടെയും കൃഷിക്കാരുടെയും മോചനത്തിനായി പടപൊരുതിയ ബാലാനന്ദന്റെ സ്മാരകമായി ശാസ്ത്രീയ സോഷ്യലിസം പഠിപ്പിക്കുന്നതിനുള്ള ഗവേഷണ ഫൗണ്ടേഷന്‍ ഏറ്റവും ഉചിതമാണെന്നും അദ്ദേഹം പറഞ്ഞു.

ഭരണകൂടത്തിന്റെ തൊഴിലാളിവര്‍ഗ അജന്‍ഡകള്‍ക്കെതിരെ രാജ്യവ്യാപകമായി തൊഴിലാളികള്‍ ഐക്യനിരയോടെയുള്ള പോരാട്ടത്തിലാണെന്ന് സിഐടിയു അഖിലേന്ത്യ പ്രസിഡന്റ് എ കെ പത്മനാഭന്‍ പറഞ്ഞു. 64 കൊല്ലത്തെ സ്വാതന്ത്ര്യത്തിനിപ്പുറവും തൊഴിലാളികള്‍ അനുഭവിക്കുന്നത് സംഘടിത ആക്രമണമാണ്. ഈ സാഹചര്യമാണ് വിവിധ ട്രേഡ് യൂണിയനുകളുടെ ഐക്യനിര സൃഷ്ടിച്ചത്. ബാലാനന്ദന്‍ ഏതു ലക്ഷ്യത്തിനായി പടപൊരുതിയോ അതിനായുള്ള പ്രക്ഷോഭത്തിന് ഇപ്പോള്‍ കരുത്താര്‍ജിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
തൊഴിലാളിവര്‍ഗ തത്വശാസ്ത്രത്തില്‍നിന്നു വ്യതിചലിക്കാത്ത പ്രസ്ഥാനത്തിനേ ബാലാനന്ദനെപ്പോലൊരു നേതാവിനെ സൃഷ്ടിക്കാനാവൂവെന്ന് ചടങ്ങില്‍ അധ്യക്ഷനായ ഫൗണ്ടേഷന്‍ ചെയര്‍മാനും സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ എം എം ലോറന്‍സ് പറഞ്ഞു. തൊഴിലാളിവര്‍ഗ പോരാട്ടത്തിന് ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ കരുത്തുപകരുമെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് കെ എന്‍ രവീന്ദ്രനാഥ് പറഞ്ഞു.

deshabhimani 151011

1 comment:

  1. ബിജെപിക്കും കോണ്‍ഗ്രസിനും അഴിമതിയുടെ തുടര്‍ക്കഥകളാണ് പറയാനുള്ളതെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. അഴിമതിയും വിലക്കയറ്റവുമാണ് രാജ്യം നേരിടുന്ന പ്രധാനവെല്ലുവിളികള്‍ . ചിന്ത പബ്ലിഷേഴ്സിന്റെ പുതിയ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

    ReplyDelete