Saturday, October 15, 2011

സി ലാംഗ്വേജ് ഉപജ്ഞാതാവ് ഡെന്നീസ് റിച്ചി അന്തരിച്ചു

ന്യൂയോര്‍ക്ക്: കംപ്യൂട്ടര്‍ സോഫ്റ്റ്വെയര്‍ ഭാഷയായ സി പ്രോഗ്രാമിങ്ലാംഗ്വേജിന് രൂപംനല്‍കിയ ഡെന്നീസ് മക് അലിസ്റ്റര്‍ റിച്ചി (70) അന്തരിച്ചു. ഒറ്റയ്ക്ക് താമസിച്ചിരുന്ന റിച്ചിയെ ബെര്‍ക്ലി ഹൈറ്റ്സിലുള്ള സ്വന്തം വീട്ടില്‍ ബുധനാഴ്ചയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. പ്രോസ്റ്റേറ്റ് അര്‍ബുദവും ഹൃദയസംബന്ധമായ അസുഖവും കാരണം ദീര്‍ഘകാലം ചികിത്സയിലായിരുന്നുവെന്ന് സഹോദരന്‍ ബില്‍ അറിയിച്ചു.

ആധുനിക ഡിജിറ്റല്‍ ലോകത്തിന് രൂപംനല്‍കിയവരില്‍ ഒരാളായി കണക്കാക്കുന്ന റിച്ചി യുണിക്സ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ സഹനിര്‍മാതാവുമാണ്. പേഴ്സണല്‍ കംപ്യൂട്ടറുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയ 1970കളിലാണ് ബെല്‍ ലാബ്സില്‍ ജോലി ചെയ്തിരുന്ന ഡെന്നീസ് റിച്ചി സി പ്രോഗ്രാമിങ് ലാംഗ്വേജിന് രൂപംനല്‍കിയത്. വേഗം കൂടിയ ഓപ്പറേറ്റിങ് സിസ്റ്റം കാത്തിരുന്ന പ്രോഗ്രാമര്‍മാരെ ഉദ്ദേശിച്ചാണ് "സി" സൃഷ്ടിച്ചത്. സി പ്ലസ് പ്ലസ്, ജാവ തുടങ്ങിയ പ്രോഗ്രാമിങ് ലാംഗ്വേജുകള്‍ ഇതിന്റെ ചുവടുപിടിച്ചാണ് രൂപപ്പെട്ടത്. ബെല്‍ ലാബ്സിലെ കെന്‍ തോംപ്സണുമായി ചേര്‍ന്നാണ് യുണിക്സ് ഓപ്പറേറ്റിങ് സിസ്റ്റം അദ്ദേഹം സൃഷ്ടിച്ചത്. ഇതിന്റെ പിന്‍ഗാമിയായാണ് ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റം അറിയപ്പെടുന്നത്. റിച്ചിയും കെന്‍ തോംപ്സണും ചേര്‍ന്ന് രചിച്ച "ദി സി പ്രോഗ്രാമിങ് ലാംഗ്വേജ്" എന്ന പുസ്തകത്തിന്റെ ലക്ഷക്കണക്കിന് കോപ്പിയാണ് ലോകമെങ്ങും വിറ്റഴിഞ്ഞത്.

ബെല്‍ ലാബ്സിലെ എന്‍ജിനിയര്‍ അലിസ്റ്ററിന്റെയും ജീന്‍ മക്ഗീ റിച്ചിയുടെയും മകനായി 1941ല്‍ സെപ്തംബര്‍ ഒമ്പതിന് ബ്രോന്‍ക്സ്്വില്ലെയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. ഹാവാര്‍ഡ് സര്‍വകലാശാലയില്‍നിന്ന് അപ്ലൈഡ് മാത്തമാറ്റിക്സില്‍ ബിരുദം നേടിയ അദ്ദേഹം മസാച്ചുസെറ്റ്സിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ കംപ്യൂട്ടര്‍ സെന്ററില്‍ പഠനത്തിന് ചേര്‍ന്നതോടെയാണ് കംപ്യൂട്ടറുകളുടെ ലോകത്തെത്തിയത്. തുടര്‍ന്ന് ആയുധനിര്‍മാണ ഗവേഷണ ലാബായ സാന്‍ഡിയ നാഷണല്‍ ലബോറട്ടറീസില്‍ ജോലിചെയ്തു. 1967ലാണ് അദ്ദേഹം ബെല്‍ ലാബ്സിലെത്തുന്നത്. അവിടെ കെന്‍ തോംപ്സണുമായുള്ള സൗഹൃദമാണ് സി ലാംഗ്വേജിനും യുണിക്സിനും ജന്മം നല്‍കാന്‍ കാരണമായത്.

deshabhimani 151011

1 comment:

  1. ആധുനിക ഡിജിറ്റല്‍ ലോകത്തിന് രൂപംനല്‍കിയവരില്‍ ഒരാളായി കണക്കാക്കുന്ന റിച്ചി യുണിക്സ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ സഹനിര്‍മാതാവുമാണ്. പേഴ്സണല്‍ കംപ്യൂട്ടറുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയ 1970കളിലാണ് ബെല്‍ ലാബ്സില്‍ ജോലി ചെയ്തിരുന്ന ഡെന്നീസ് റിച്ചി സി പ്രോഗ്രാമിങ് ലാംഗ്വേജിന് രൂപംനല്‍കിയത്. വേഗം കൂടിയ ഓപ്പറേറ്റിങ് സിസ്റ്റം കാത്തിരുന്ന പ്രോഗ്രാമര്‍മാരെ ഉദ്ദേശിച്ചാണ് "സി" സൃഷ്ടിച്ചത്. സി പ്ലസ് പ്ലസ്, ജാവ തുടങ്ങിയ പ്രോഗ്രാമിങ് ലാംഗ്വേജുകള്‍ ഇതിന്റെ ചുവടുപിടിച്ചാണ് രൂപപ്പെട്ടത്.

    ReplyDelete