വിനാശകരമായ രാസകീടനാശിനി എന്‍ഡോസള്‍ഫാന്‍ ഉല്‍പാദനം, വിതരണം, വില്‍പന, ഉപയോഗം എന്നിവയ്ക്ക് മെയ് മാസത്തില്‍ ഏര്‍പ്പെടുത്തിയ നിരോധനം സമ്പൂര്‍ണമായി തുടരാന്‍ വെള്ളിയാഴ്ച സുപ്രിംകോടതി ഉത്തരവായി. ചീഫ് ജസ്റ്റിസ് എസ് എച്ച് കപാഡിയ, ജസ്റ്റിസുമാരായ കെ എസ് രാധാകൃഷ്ണന്‍, സ്വതന്തര്‍കുമാര്‍ എന്നിവരുള്‍പ്പെട്ട ബഞ്ചാണ് സുപ്രധാനമായ ഈ ഉത്തരവ് പുറപ്പെടുവിച്ചത്. കേരളത്തില്‍ കാസര്‍കോടും കര്‍ണാടകമടക്കമുള്ള ഇതര സംസ്ഥാനങ്ങളിലും എന്‍ഡോസള്‍ഫാന് ഇരയായി നരകയാതന അനുഭവിക്കുന്ന അനേകം കുടുംബങ്ങള്‍ക്കും ഈ ദുരന്തത്തിനെതിരെ ദീര്‍ഘകാലമായി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ക്കും ആശ്വാസം പകരുന്നതാണ് സുപ്രിംകോടതി വിധി.
കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളും ബഹുജന സംഘടനകളും പൊതു സമൂഹസംഘടനകളും എന്‍ഡോസള്‍ഫാന്‍ നിരോധനമാവശ്യപ്പെട്ടുകൊണ്ടുള്ള പ്രചരണ പ്രക്ഷോഭണ പരിപാടികളില്‍ ഉടനീളം പങ്കാളികളായിരുന്നു. ഇക്കാര്യത്തില്‍ ഇടതുപക്ഷ യുവജനവിദ്യാര്‍ഥി സംഘടനകളുടെ പങ്ക് പ്രത്യേകം പ്രസ്ഥാവ്യമാണ്. പ്രശ്‌നം സുപ്രിംകോടതിയിലെത്തിക്കുന്നതിനും ആശ്വാസകരമായ ഇപ്പോഴത്തെ ഉത്തരവു സമ്പാദിക്കുന്നതിനും ഡി വൈ എഫ് ഐ സ്വീകരിച്ച മുന്‍കൈ പ്രശംസനീയമാണ്.
സുപ്രിംകോടതി വിധി നിലവിലുള്ള സമ്പൂര്‍ണ നിരോധനം തുടരുമെന്ന് ഉറപ്പുവരുത്തിയെങ്കിലും വിനാശകാരിയായ ഈ കീടനാശിനി വിദേശരാജ്യങ്ങളിലേക്ക് വ്യവസ്ഥകളോടെയാണെങ്കിലും കയറ്റി അയയ്ക്കാന്‍ അനുമതി നല്‍കിയിരിക്കുന്നുവെന്നത് തീര്‍ത്തും ഖേദകരമാണ്. ഇതിനകം ഉല്‍പാദിപ്പിച്ച് സംഭരിച്ചുവച്ചിട്ടുള്ള 1,090.596 മെട്രിക് ടണ്‍ കീടനാശിനി കയറ്റുമതി ചെയ്യാനാണ് അനുമതി നല്‍കിയിട്ടുള്ളത്. ഇത്തരത്തില്‍ കയറ്റുമതി ചെയ്യുന്നത് കര്‍ക്കശമായ നിരീക്ഷണത്തിന്‍ കീഴിലായിരിക്കണമെന്ന് വിധി നിഷ്‌കര്‍ഷിക്കുന്നു. യാതൊരുവിധ പാരിസ്ഥിതിക പ്രശ്‌നവും രാജ്യത്ത് ഉണ്ടാകാത്ത വിധത്തിലായിരിക്കണമത്. സുപ്രിംകോടതി ഏര്‍പ്പെടുത്തിയ നിരോധനം തുടരുമെന്ന വിധി ആശ്വാസകരമെങ്കിലും കയറ്റുമതി അനുവദിച്ചത് ധാര്‍മികവും പ്രായോഗികവുമായ നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. അപകടകാരിയായ ഒരു രാസകീടനാശിനിയുടെ വിപത്ത് അനുഭവിച്ചറിഞ്ഞ ഒരു രാഷ്ട്രം അതിന്റെ കയറ്റുമതി അനുവദിക്കുന്നത് അധാര്‍മികമാണ്.
ഇന്ത്യയില്‍ എന്‍ഡോസള്‍ഫാന്‍ വിതച്ച ദുരന്തം ഇതര രാഷ്ട്രങ്ങളില്‍ ആവര്‍ത്തിക്കാന്‍ അതിന്റെ ഇരകള്‍ തന്നെ കാരണക്കാരായി മാറുകയെന്നതായിരിക്കും കയറ്റുമതിയുടെ ഫലം. സ്വന്തം രാജ്യത്തെ അപകടകാരികളായ രാസമാലിന്യങ്ങള്‍ ദുര്‍ബലരാജ്യങ്ങളിലേയ്ക്ക് കയറ്റുമതി ചെയ്യുന്ന അമേരിക്കയടക്കമുള്ള സാമ്രാജ്യത്വ രാഷ്ട്രങ്ങളുടെ പട്ടികയില്‍ സ്ഥാനം പിടിക്കുകയെന്നത് ഇന്ത്യയെപ്പോലെ ഒരു പരിഷ്‌കൃത ജനാധിപത്യ രാഷ്ട്രത്തിനു ഭൂഷണമല്ല. ഈ മാരക രാസകീടനാശിനി രാജ്യത്ത് തന്നെ സംസ്‌കരിക്കാന്‍ ഭാരിച്ച ചിലവ് ഒരു പ്രതിബന്ധമായി പറയപ്പെടുന്നു. മാലിന്യം സൃഷ്ടിക്കുന്നവര്‍ തന്നെ അത് സുരക്ഷിതമായി സംസ്‌കരിക്കണമെന്ന സാമാന്യനീതി എന്തുകൊണ്ട് ഇവിടെ അവലംബിച്ചുകൂടാ? എന്തു തന്നെ ആയാലും യൂണിയന്‍ കാര്‍ബൈഡിന്റെ ഭോപ്പാല്‍ പ്ലാന്റ് ദുരന്തത്തിന് ഇരയായ ഒരു രാഷ്ട്രം സ്വന്തം രാസകീടനാശിനി വിപത്ത് മറ്റ് ജനതയുടെമേല്‍ കെട്ടി ഏല്‍പിക്കുന്നത് ഒരിക്കലും ന്യായീകരിക്കാനാവില്ല. കേസിന്റെ തുടര്‍ നടപടികളില്‍ പരമോന്നത കോടതി ഈ വസ്തുത യാഥാര്‍ഥ്യബോധത്തോടെ പരിഗണിക്കുമെന്ന് പ്രത്യാശിക്കുക.
സുപ്രിംകോടതി വിധി കേന്ദ്രസര്‍ക്കാരിനും പ്രത്യേകിച്ച് കൃഷി മന്ത്രാലയത്തിനും ഏറെ കനത്ത തിരിച്ചടിയാണെന്നതില്‍ രണ്ടുപക്ഷം ഉണ്ടാവില്ല. എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ജീവിതദുരന്തം സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടും രാസകീടനാശിനി ലോബിക്കുവേണ്ടി നാണംകെട്ട നിലപാട് സ്വീകരിച്ച കേന്ദ്ര കൃഷിമന്ത്രി ശരത് പവാര്‍, സഹമന്ത്രി കെ വി തോമസ് എന്നിവരുടെ നിലപാടുകളുടെ പക്ഷപാതിത്വവും പൊള്ളത്തരവുമാണ് സുപ്രിംകോടതി തുറന്നു കാട്ടിയത്.
എന്‍ഡോസള്‍ഫാന്‍ നിരോധനം ഒരു തുടക്കം മാത്രമാവണം. ഹരിതവിപ്ലവത്തിന്റെ പേരില്‍ രാജ്യത്തെമ്പാടും വ്യാപകമായ രാസവളങ്ങളുടെയും കീടനാശിനികളുടെയും വിവേചനരഹിതമായ ഉപയോഗം പുനപരിശോധനക്കു വിധേയമാക്കാന്‍ ഈ വിധി സഹായകമാകണം. കാര്‍ഷിക ഉല്‍പാദനത്തെ പരിപോഷിപ്പിക്കുന്നതും മനുഷ്യനും പ്രകൃതിക്കും ഹാനികരമല്ലാത്തതുമായ പുതിയ കൃഷി സമ്പ്രദായങ്ങളും സങ്കേതങ്ങളും വികസിപ്പിച്ചെടുക്കാന്‍ ഈ വിധി പ്രയോജനപ്പെടണം. വികസനവും വളര്‍ച്ചയും നൈസര്‍ഗികവും ജനതയുടെയും പ്രകൃതിയുടെയും നിലനില്‍പ്പിന് ഉതകുന്നതും അവയെ പരിപോഷിപ്പിക്കുന്നതും പുനരുജ്ജീവിപ്പിക്കുന്നതും ആവണം.
കോടതിവിധിയുടെ വിജയത്തില്‍ മനം നിറഞ്ഞാഹ്ലാദിക്കാന്‍ കഴിയാത്തവരാണ് ആ മാരക വിഷത്തിന് ഇരകളാക്കപ്പെട്ടവര്‍. തലമുറകളെ തന്നെ ദുരന്തത്തിലാഴ്ത്തിയ വിഷപ്രയോഗമാണ് കാസര്‍കോടും രാജ്യത്ത് ഇതര പ്രദേശങ്ങളിലും നടന്നത്. അവര്‍ക്ക് ആശ്വാസം പകരുന്ന നടപടികള്‍ കേന്ദ്ര-സംസ്ഥാന ഗവണ്‍മന്റുകളില്‍ നിന്നുണ്ടാവണം. അവരുടെ പുനരധിവാസവും എക്കാലത്തെയ്ക്കുള്ള സംരക്ഷണവും സമൂഹത്തിന്റെയും ഗവണ്‍മെന്റിന്റെയും ഉത്തരവാദിത്വമാണ്.
janayugom editorial 011011
വിനാശകരമായ രാസകീടനാശിനി എന്‍ഡോസള്‍ഫാന്‍ ഉല്‍പാദനം, വിതരണം, വില്‍പന, ഉപയോഗം എന്നിവയ്ക്ക് മെയ് മാസത്തില്‍ ഏര്‍പ്പെടുത്തിയ നിരോധനം സമ്പൂര്‍ണമായി തുടരാന്‍ വെള്ളിയാഴ്ച സുപ്രിംകോടതി ഉത്തരവായി. ചീഫ് ജസ്റ്റിസ് എസ് എച്ച് കപാഡിയ, ജസ്റ്റിസുമാരായ കെ എസ് രാധാകൃഷ്ണന്‍, സ്വതന്തര്‍കുമാര്‍ എന്നിവരുള്‍പ്പെട്ട ബഞ്ചാണ് സുപ്രധാനമായ ഈ ഉത്തരവ് പുറപ്പെടുവിച്ചത്. കേരളത്തില്‍ കാസര്‍കോടും കര്‍ണാടകമടക്കമുള്ള ഇതര സംസ്ഥാനങ്ങളിലും എന്‍ഡോസള്‍ഫാന് ഇരയായി നരകയാതന അനുഭവിക്കുന്ന അനേകം കുടുംബങ്ങള്‍ക്കും ഈ ദുരന്തത്തിനെതിരെ ദീര്‍ഘകാലമായി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ക്കും ആശ്വാസം പകരുന്നതാണ് സുപ്രിംകോടതി വിധി.
ReplyDelete