Monday, October 24, 2011

എന്‍ഡോസള്‍ഫാന്‍ പുനരധിവാസം: പുതിയ സെല്ലിന്റെ ചുമതല സ്വകാര്യ കണ്‍സള്‍ട്ടന്‍സിക്ക്

എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ പുനരധിവാസത്തിന് പ്രവര്‍ത്തിക്കുന്ന വിക്ടിംസ് റിലീഫ് റെമഡിയേഷന്‍ സെല്ലിനെ പാര്‍ശ്വവല്‍ക്കരിച്ച് സംസ്ഥാന സര്‍ക്കാര്‍ പുതിയ സെല്‍ രൂപീകരിച്ചു. സെല്ലിന് കീഴില്‍ സ്വകാര്യ കണ്‍സള്‍ട്ടന്‍സിയെയും എന്‍ജിഒ വിഭാഗങ്ങളെയും പുനരധിവാസ പ്രവര്‍ത്തനം ഏല്‍പ്പിക്കാനാണ് നീക്കം. കൃഷിമന്ത്രി കെ പി മോഹനനാണ് പുതിയ സെല്ലിന്റെ ചെയര്‍മാന്‍ . കലക്ടര്‍ കണ്‍വീനറായ 51 അംഗ കമ്മിറ്റിയില്‍ എംപി, എംഎല്‍എമാര്‍ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ദുരിതബാധിത പഞ്ചായത്തുകളിലെ പ്രസിഡന്റുമാര്‍ , നഗരസഭാ ചെയര്‍മാന്മാര്‍ , രാഷ്ട്രീയ പാര്‍ടി പ്രതിനിധികള്‍ , ഉദ്യോഗസ്ഥര്‍ എന്നിവര്‍ അംഗങ്ങളാണ്. നിലവിലുള്ള സെല്ലിനെ ശാക്തീകരിക്കണമെന്ന ജനപ്രതിനിധികളുടെ അഭിപ്രായം മുഖവിലയ്ക്കെടുക്കാതെയാണ് പുതിയ സെല്ലിന്റെ പ്രഖ്യാപനം.

പുനരധിവാസ പ്രവര്‍ത്തനത്തിന് ലോക മലയാളി കൗണ്‍സില്‍ നേതൃത്വത്തിലുള്ള സംഘം 27 കോടി രൂപയുടെ 20 ഇന പദ്ധതിറിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. സ്വകാര്യ കണ്‍സള്‍ട്ടന്‍സിയും എന്‍ജിഒ വിഭാഗങ്ങളും മുഖേനയാണ് ഇവര്‍ പദ്ധതി നടപ്പാക്കുക. അംഗീകാരം നേടിയ പദ്ധതികള്‍ വിവിധ ഏജന്‍സി വഴി നടപ്പാക്കാനിരിക്കെയാണ് പുതിയ സെല്‍ രൂപീകരണം. സെല്ലിന്റെ ഘടന സംബന്ധിച്ചും ആക്ഷേപമുണ്ട്. ജില്ലയിലെ ആറ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരില്‍ കാറഡുക്ക ഇല്ല. ദുരിതബാധിതര്‍ ഏറെയുള്ള മുളിയാര്‍ , ബെള്ളൂര്‍ , കാറഡുക്ക, കുമ്പഡാജെ എന്നീ പഞ്ചായത്തുകള്‍ കാറഡുക്ക ബ്ലോക്കിലാണ്. നഗരസഭകളില്‍ നീലേശ്വരത്തെ ഒഴിവാക്കി. ദുരിതബാധിതര്‍ക്കായി പ്രവര്‍ത്തിക്കുന്ന ഡോ. വൈ എസ് മോഹന്‍കുമാര്‍ , ശ്രീ പഡ്രെ തുടങ്ങിയവരെയും ഉള്‍പ്പെടുത്തിയിട്ടില്ല.

ദുരിതമേഖലയില്‍ സാന്ത്വനവും ചികിത്സയും പുനരധിവാസവും ലക്ഷ്യമിട്ട് 2006 മുതല്‍ ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ വിക്ടിംസ് റിലീഫ് റെമഡിയേഷന്‍ സെല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സെല്ലിനെ നോക്കുകുത്തിയാക്കുന്ന സമാന്തര സംവിധാനം അംഗീകരിക്കില്ലെന്ന് പി കരുണാകരന്‍ എംപിയും മറ്റു ജനപ്രതിനിധികളും വ്യക്തമാക്കിയിരുന്നു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും കലക്ടര്‍ കണ്‍വീനറുമായി നിലവിലുള്ള സെല്ലില്‍ എംപി, എംഎല്‍എമാര്‍ , എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതപഞ്ചായത്തുകളിലെ പ്രസിഡന്റുമാര്‍ , സന്നദ്ധ പ്രവര്‍ത്തകര്‍ , വിവിധ വകുപ്പ് മേധാവികള്‍ എന്നിവരുണ്ട്. നിരവധി പദ്ധതികള്‍ നടപ്പാക്കി. സെല്ലിന്റെ പരിശോധനയിലാണ് 4200 രോഗികളെ കണ്ടെത്തിയത്. മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചു. മാരകരോഗമുള്ളവര്‍ക്ക് മംഗളൂരുവിലെ ആശുപത്രികളിലും പരിയാരം മെഡിക്കല്‍ കോളേജിലും വിദഗ്ധചികിത്സ നല്‍കി. അഞ്ച് കമ്മിറ്റി രൂപീകരിച്ച് സമഗ്രപുനരധിവാസത്തിനുള്ള പരിശോധന നടക്കുകയാണ്. നബാര്‍ഡില്‍നിന്ന് പ്രത്യേക ഇടപെടലിലൂടെ 100 കോടി രൂപയുടെ പുനരധിവാസ പദ്ധതികള്‍ക്ക് അംഗീകാരമായിട്ടുണ്ട്. ഈ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടെ പുതിയ സെല്‍ രൂപീകരിച്ചതില്‍ ദുരൂഹതയുണ്ടെന്നും ആക്ഷേപമുണ്ട്.

deshabhimani 240311

2 comments:

  1. എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ പുനരധിവാസത്തിന് പ്രവര്‍ത്തിക്കുന്ന വിക്ടിംസ് റിലീഫ് റെമഡിയേഷന്‍ സെല്ലിനെ പാര്‍ശ്വവല്‍ക്കരിച്ച് സംസ്ഥാന സര്‍ക്കാര്‍ പുതിയ സെല്‍ രൂപീകരിച്ചു. സെല്ലിന് കീഴില്‍ സ്വകാര്യ കണ്‍സള്‍ട്ടന്‍സിയെയും എന്‍ജിഒ വിഭാഗങ്ങളെയും പുനരധിവാസ പ്രവര്‍ത്തനം ഏല്‍പ്പിക്കാനാണ് നീക്കം. കൃഷിമന്ത്രി കെ പി മോഹനനാണ് പുതിയ സെല്ലിന്റെ ചെയര്‍മാന്‍ . കലക്ടര്‍ കണ്‍വീനറായ 51 അംഗ കമ്മിറ്റിയില്‍ എംപി, എംഎല്‍എമാര്‍ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ദുരിതബാധിത പഞ്ചായത്തുകളിലെ പ്രസിഡന്റുമാര്‍ , നഗരസഭാ ചെയര്‍മാന്മാര്‍ , രാഷ്ട്രീയ പാര്‍ടി പ്രതിനിധികള്‍ , ഉദ്യോഗസ്ഥര്‍ എന്നിവര്‍ അംഗങ്ങളാണ്. നിലവിലുള്ള സെല്ലിനെ ശാക്തീകരിക്കണമെന്ന ജനപ്രതിനിധികളുടെ അഭിപ്രായം മുഖവിലയ്ക്കെടുക്കാതെയാണ് പുതിയ സെല്ലിന്റെ പ്രഖ്യാപനം.

    ReplyDelete
  2. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാനുള്ള സര്‍ക്കാര്‍നീക്കം പ്രതിഷേധാര്‍ഹമാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന്‍ പ്രസ്താവിച്ചു.

    എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ പുനരധിവാസത്തിന് മാതൃകാപരമായ പ്രവര്‍ത്തനം നടത്തിവരുന്ന എന്‍ഡോസള്‍ഫാന്‍ വിക്ടിംസ് റിലീഫ് റെമഡിയേഷന്‍ സെല്ലിനെ പാര്‍ശ്വവത്കരിച്ച് സര്‍ക്കാര്‍ പുതിയ സമിതിക്ക് രൂപം നല്‍കിയിരിക്കുകയാണ്. തുടക്കം മുതല്‍ പുനരധിവാസപ്രവര്‍ത്തനരംഗത്ത് ഉള്ള ഡോ. വൈ എസ് മോഹന്‍കുമാര്‍, ഡോ. സി ജയകുമാര്‍, ശ്രീ പഡ്രെ തുടങ്ങി ശാസ്ത്ര-സാമൂഹ്യരംഗത്തെ പ്രമുഖരെയൊന്നും പുതിയ സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ദുരിതബാധിതര്‍ ഏറെയുള്ള മുളിയാര്‍, ബെള്ളൂര്‍, കാറഡുക്ക, കബഡാജെ എന്നീ ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെ പുതിയ സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഈ രംഗത്ത് ഏറെ സംഭാവനകള്‍ നല്‍കിയ പരിസ്ഥിതി സംഘടനകളും എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമിതി പ്രതിനിധികളും സര്‍ക്കാര്‍ നിയോഗിച്ച സമിതിയിലില്ല.

    ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷയായും കലക്ടര്‍ കണ്‍വീനറുമായി പ്രവര്‍ത്തിച്ചിരുന്ന എന്‍ഡോസള്‍ഫാന്‍ വിക്ടിംസ് റിലീഫ് റെമഡിയേഷന്‍ സെല്ലിന് പകരം കൃഷിമന്ത്രി ചെയര്‍മാനും കലക്ടര്‍ കണ്‍വീനറുമായാണ് സര്‍ക്കാരിന്റെ പുതിയ സമിതി. ഭരണകക്ഷിയില്‍പെട്ടവരെ ഈ സമിതിയില്‍ കുത്തിനിറച്ചിരിക്കുകയാണ്. ഇതുവരെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം നടത്തിയ ജനപ്രതിനിധികളെ പോലും സര്‍ക്കാരിന്റെ സമിതിയില്‍ നിന്നും ഒഴിവാക്കിയിരിക്കുകയാണ്. ഇത് നിലവിലുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഗുണകരമാവില്ലെന്ന് ചന്ദ്രപ്പന്‍ ചൂണ്ടിക്കാട്ടി.

    എന്‍ഡോസള്‍ഫാന്‍ പുനരധിവാസപ്രവര്‍ത്തനങ്ങള്‍ സ്വകാര്യ കണ്‍സള്‍ട്ടന്‍സികളെയും സന്നദ്ധസംഘടനകളെയും ഏല്‍പ്പിച്ച് സര്‍ക്കാര്‍ കൈകഴുകാനാണ് ശ്രമിക്കുന്നത്. 100 കോടി രൂപയുടെ പുനരധിവാസ പദ്ധതി പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് സര്‍ക്കാരിന്റെ ഈ നടപടി. ഈ ദുരൂഹനടപടിയില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്ന് ചന്ദ്രപ്പന്‍ ആവശ്യപ്പെട്ടു.

    ReplyDelete