Monday, October 3, 2011

ഇടമലയാര്‍ അഴിമതി : അന്ന് എന്‍ജിനിയറും കുടുംബവും...

കൊച്ചി: മുന്‍മന്ത്രി ആര്‍ ബാലകൃഷ്ണപിള്ളയുടെ ഉടമസ്ഥതയിലുള്ള സ്കൂളിലെ അധ്യാപകനുണ്ടായ ദുരനുഭവം ഓര്‍മിപ്പിക്കുന്നത് ഇടമലയാര്‍ അഴിമതിക്കേസിലെ മുഖ്യസാക്ഷിയായിരുന്ന സിവില്‍ എന്‍ജിനിയര്‍ മത്തായിക്കും കുടുംബത്തിനും ഏറ്റുവാങ്ങേണ്ടിവന്ന ദുരന്തം. ഇടമലയാര്‍ കേസ് തേച്ചുമാച്ചു കളയാന്‍ കൊണ്ടുപിടിച്ച നീക്കം നടക്കുന്നതിനിടെ മത്തായിയും ഭാര്യയും രണ്ട് പെണ്‍മക്കളുമടങ്ങുന്ന കുടുംബം ദുരൂഹസാഹചര്യത്തില്‍ മരിച്ചു. സംഭവം ഏറെ വിവാദമുയര്‍ത്തിയിട്ടും ആത്മഹത്യയായി എഴുതിത്തള്ളുകയായിരുന്നു.

കെ കരുണാകരന്‍ മുഖ്യമന്ത്രിയായ 1982-87 മന്ത്രിസഭയില്‍ വൈദ്യുതിമന്ത്രിയായിരിക്കെയാണ് പിള്ള മുഖ്യപ്രതിയായ ഇടമലയാര്‍ അഴിമതി നടന്നത്. ഇടമലയാര്‍ പവര്‍സ്റ്റേഷനില്‍ ദീര്‍ഘകാലം എന്‍ജിനിയറായിരുന്ന കോലഞ്ചേരി പട്ടിമറ്റം മേച്ചങ്കര മത്തായി കേസിലെ മുഖ്യസാക്ഷിയുമായി. സത്യസന്ധമായി ഔദ്യോഗികജീവിതം നയിച്ച മത്തായി പ്രധാന സാക്ഷിയാണെന്നത് പ്രതിസ്ഥാനത്തുണ്ടായിരുന്നവര്‍ക്ക് തലവേദനയായി. ഔദ്യോഗികജീവിതത്തില്‍നിന്നു വിരമിച്ച മത്തായി കുടുംബത്തോടൊപ്പം 1996 ജനുവരി 16നാണ് മരിച്ചത്. പുതുതായി നിര്‍മിച്ചുകൊണ്ടിരുന്ന വീടിനുമുന്നിലെ കിണറ്റില്‍ കഴുത്തറ്റ നിലയില്‍ മത്തായി(56)യുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഭാര്യ കിഴക്കമ്പലം ഞാറല്ലൂര്‍ ഹൈസ്കൂള്‍ അധ്യാപിക ഏലമ്മ (53)യുടെയും മക്കളായ സിനി(19), ജിനി(17) എന്നിവരുടെ മൃതദേഹങ്ങള്‍ സ്വീകരണമുറിയിലുമാണ് കണ്ടത്. ഭാര്യയുടെയും മക്കളുടെയും മൃതദേഹങ്ങളില്‍ വെട്ടേറ്റ പാടുകളുണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു.

മന്ത്രിയും ഉന്നത കെഎസ്ഇബി ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട ഇടമലയാര്‍ കേസ് തേച്ചുമാച്ചുകളയാനുള്ള കൊണ്ടുപിടിച്ച നീക്കങ്ങള്‍ നടക്കുമ്പോഴാണ് കോളിളക്കമുണ്ടാക്കി ഈ കൂട്ടമരണം നടന്നത്. കേസില്‍ ജസ്റ്റിസ് സുകുമാരന്‍ കമീഷന്‍ 1988 ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പിള്ള ഉള്‍പ്പെടെയുള്ളവര്‍ കുറ്റക്കാരെന്നു കണ്ടെത്തി. തുടര്‍ന്ന്, കേസ് ക്രൈംബ്രാഞ്ചിനു കൈമാറി. 1990ല്‍ ക്രൈംബ്രാഞ്ച് പ്രത്യേകകോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 1991 അധികാരത്തില്‍വന്ന യുഡിഎഫ് സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ പിന്‍വലിച്ച് കേസില്ലാതാക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രതിപക്ഷനേതാവായിരുന്ന വി എസ് അച്യുതാനന്ദന്‍ സുപ്രീംകോടതിയിലെത്തി. സുപ്രീംകോടതി അനുമതിയോടെ പ്രത്യേകകോടതിയില്‍ വിസ്താരം തുടങ്ങുന്നതിന് ഒരുമാസംമുമ്പാണ് മത്തായിയും കുടുംബവും മരിച്ചത്. സ്ഥലത്തെത്തിയ അന്നത്തെ റൂറല്‍ എസ്പി ടോമിന്‍ ജെ തച്ചങ്കരി അര്‍ഥശങ്കയ്ക്കിടയില്ലാത്ത വിധം സംഭവം ആത്മഹത്യയെന്ന് വിധിയെഴുതി. എന്തായാലും, കൊലപാതകമാണെന്നതിന്റെ ശക്തമായ തെളിവുകള്‍ അവശേഷിച്ചിട്ടും ലോക്കല്‍ പൊലീസും ക്രൈം ഡിറ്റാച്ച്മെന്റ് സ്പെഷ്യല്‍ സ്ക്വാഡുമൊക്കെ അന്വേഷിച്ച് ആത്മഹത്യയായി തന്നെ 2007ല്‍ കേസ് അവസാനിച്ചു.

വീടിന്റെ രണ്ടാംനിലയുടെ കോണ്‍ക്രീറ്റ് നിശ്ചയിച്ചിരുന്നതിന്റെ തലേന്നാണ് മത്തായിയും കുടുംബവും മരിച്ചത്. തലേന്നു രാത്രി വൈകുവോളം ഉത്സാഹപൂര്‍വം വീടുനിര്‍മാണജോലിയില്‍ ഏര്‍പ്പെട്ടിരുന്ന മത്തായിയും കുടുംബവും ആത്മഹത്യചെയ്യുമെന്നു വിശ്വസിക്കാന്‍ അയല്‍ക്കാര്‍ക്കാകുന്നില്ല. എംസിഎ കഴിഞ്ഞ സിനി പിറ്റേന്ന് ഫാക്ടില്‍ പ്രോജക്ട് വര്‍ക്കിനു ചേരേണ്ടതായിരുന്നു. വീടിന് 200 മീറ്ററോളം അകലെ മത്തായിയുടെ കണ്ണട കണ്ടെത്തിയിരുന്നു. ഭാര്യയെയും മക്കളെയും കൊന്നശേഷം അടുത്തുള്ള കുരിശുപള്ളിയില്‍ വഴിപാടിടാന്‍ വന്നപ്പോള്‍ കണ്ണട നഷ്ടപ്പെട്ടതാണെന്ന കണ്ടെത്തല്‍പോലും പൊലീസ് നടത്തി. കൊലപാതകമെന്നു വിധിയെഴുതാവുന്ന നിരവധി തെളിവുകള്‍ അവഗണിക്കപ്പെട്ടു.
(എം എസ് അശോകന്‍)

സ്വന്തം നേതാവിനെ പിള്ളയുടെ ഗുണ്ടകള്‍ കുത്തിമലര്‍ത്തി

ചെങ്ങന്നൂര്‍ : കെഎസ്ആര്‍ടിസി സര്‍വീസുകള്‍ വെട്ടിക്കുറച്ചതിനെതിരായ സമരം പൊളിക്കണമെന്ന ഗതാഗതമന്ത്രി ആര്‍ ബാലകൃഷ്ണപിള്ളയുടെ നിര്‍ദേശം അംഗീകരിക്കാത്ത സ്വന്തം യൂണിയന്‍ നേതാവിനെ ഡിപ്പോയിലിട്ട് കൊട്ടേഷന്‍ സംഘത്തെക്കൊണ്ട് കുത്തിമലര്‍ത്തി. 1993ല്‍ കൊട്ടാരക്കര ഡിപ്പോയില്‍ നടന്ന ഈ ക്രൂരകൃത്യവും പൊലീസിനെ സ്വാധീനിച്ച് പിള്ള തേച്ചുമാച്ചു കളഞ്ഞു. അങ്ങാടിക്കല്‍ മലയില്‍ അപ്പിലി പുരയിടത്തില്‍ കെ കെ ജോയിക്കുട്ടി (70) യാണ് പിള്ളയുടെ മാടമ്പിത്തരത്തിന് കീഴടങ്ങാത്തതിന്റെ പേരില്‍ ഗുണ്ടാ ആക്രമണത്തിന് വിധേയനായത്. ആര്‍ ബാലകൃഷ്ണപിള്ളയുടെ ബന്ധു ഹരിയുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. കുത്തേറ്റ് നെഞ്ചില്‍ 18 കുത്തിക്കെട്ടുമുണ്ടായി.

സര്‍വീസ് വെട്ടിക്കുറയ്ക്കുന്നതിനെതിരെ 1993ല്‍ ചെങ്ങന്നൂര്‍ ഡിപ്പോയിലും ശബരിമല സര്‍വീസ് നടത്തുന്ന മിക്ക ഡിപ്പോകളിലും കെഎസ്ആര്‍ടിഇഎ നേതൃത്വത്തില്‍ സമരം നടന്നു. ശബരിമല സര്‍വീസ് നടത്തുന്ന ജീവനക്കാര്‍ക്ക് ഡബിള്‍ഡ്യൂട്ടിയായി കണക്കാക്കിയിരുന്നത് മന്ത്രി ആര്‍ ബാലകൃഷ്ണപിള്ള നിര്‍ത്തലാക്കി. ഇതിനെതിരായ സമരത്തിന്റെ മുന്‍പന്തിയില്‍ പിള്ള പ്രസിഡന്റായിരുന്ന കെഎസ്ടിഡി യൂണിയനായിരുന്നു. ഇതുകൂടാതെ ചെങ്ങന്നൂരില്‍ 13 ഷെഡ്യൂളുകള്‍ നിര്‍ത്തലാക്കിയതും പ്രതിഷേധത്തിനിടയാക്കി. ദിവസങ്ങള്‍ നീണ്ടുനിന്ന സമരം പലവഴികളിലൂടെ ചെങ്ങന്നൂര്‍ ഒഴികെയുള്ള ഡിപ്പോകളിലും പൊളിച്ചു. എന്നാല്‍ ചെങ്ങന്നൂര്‍ ഡിപ്പോയില്‍ സമരം ജനകീയമായി. ചെങ്ങന്നൂരില്‍ സമരത്തില്‍ തൊഴിലാളികളുടെ നേതൃത്വം, ബാ പിള്ളയുടെ യൂണിയന്റെ ചെങ്ങന്നൂരെ പ്രസിഡന്റും സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറിയുമായിരുന്ന കെ കെ ജോയിക്കുട്ടിക്കായിരുന്നു. പലവിധ പ്രലോഭനമുണ്ടായെങ്കിലും വഴങ്ങിയില്ല. ഒടുവില്‍ പിള്ള ജോയിക്കുട്ടിയെ നേരിട്ട് വിളിച്ച് സമരം പൊളിക്കണമെന്ന് ആവശ്യപ്പെട്ടു.

ശക്തമായ ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് സമരം വിജയിച്ചെങ്കിലും ജോയിക്കുട്ടി മന്ത്രി പിള്ളയുടെ കണ്ണിലെ കരടായി. ചെങ്ങന്നൂര്‍ ഡിപ്പോയിലെ വെഹിക്കിള്‍ സൂപ്രവൈസര്‍ ആയിരുന്ന ജോയിക്കുട്ടിയെ, ഇതേ തുടര്‍ന്ന് നാലുമാസത്തിനകം മന്ത്രി ഇടപെട്ട് കൊട്ടാരക്കരയിലേക്ക് സ്ഥലംമാറ്റി. അപകടം മണത്ത സഹപ്രവര്‍ത്തകര്‍ ജോയിക്കുട്ടിക്ക് അപായസൂചന നല്‍കിയിരുന്നു. സ്വന്തം യൂണിയന്‍ പ്രസിഡന്റിനെ എന്തിനു പേടിക്കണം എന്നായിരുന്നു ജോയിക്കുട്ടി അവരോട് പറഞ്ഞത്. എന്നാല്‍ കൊട്ടാരക്കര ങോലി തുടങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ പിള്ളയുടെ ബന്ധുവിന്റെ നേതൃത്വത്തില്‍ ഒരുസംഘം കൊട്ടാരക്കര ഡിപ്പോയ്ക്കുള്ളില്‍വച്ച് മൃഗീയമായി ആക്രമിച്ചു. നെഞ്ചിന്റെ വലതുഭാഗത്ത് കത്തി കുത്തിയിറക്കി. ഗുരുതരാവസ്ഥയിലായ ജോയിയെ കൊട്ടാരക്കര ആശുപത്രിയില്‍നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കു മാറ്റി. കേസെടുക്കുന്നതിലും അന്വേഷിക്കുന്നതിലും പൊലീസ് വിമുഖതകാട്ടി. ഒടുവില്‍ തെളിവില്ലെന്ന കാരണത്താല്‍ കേസ് കോടതിയില്‍ തള്ളിപ്പോയി. ഇതിനിടയില്‍ ചികിത്സയ്ക്ക് കെഎസ്ആര്‍ടിസി അനുവദിച്ച തുകയും തിരികെവാങ്ങി. നിരന്തരം സ്ഥലം മാറ്റവും പിള്ളയുടെ ഭീഷണിയും തുടര്‍ന്നതിനാല്‍ ജോയിക്കുട്ടി ദീര്‍ഘാവധിയില്‍ പോയി. എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നതിനുശേഷമാണ് ഇദ്ദേഹം ജോലിയില്‍ തിരികെയെത്തിയത്. വലതുനെഞ്ചിലെ തുന്നല്‍പാടുമായി ജോയിക്കുട്ടി 97ല്‍ വിരമിച്ചു.

deshabhimani 031011

1 comment:

  1. മുന്‍മന്ത്രി ആര്‍ ബാലകൃഷ്ണപിള്ളയുടെ ഉടമസ്ഥതയിലുള്ള സ്കൂളിലെ അധ്യാപകനുണ്ടായ ദുരനുഭവം ഓര്‍മിപ്പിക്കുന്നത് ഇടമലയാര്‍ അഴിമതിക്കേസിലെ മുഖ്യസാക്ഷിയായിരുന്ന സിവില്‍ എന്‍ജിനിയര്‍ മത്തായിക്കും കുടുംബത്തിനും ഏറ്റുവാങ്ങേണ്ടിവന്ന ദുരന്തം. ഇടമലയാര്‍ കേസ് തേച്ചുമാച്ചു കളയാന്‍ കൊണ്ടുപിടിച്ച നീക്കം നടക്കുന്നതിനിടെ മത്തായിയും ഭാര്യയും രണ്ട് പെണ്‍മക്കളുമടങ്ങുന്ന കുടുംബം ദുരൂഹസാഹചര്യത്തില്‍ മരിച്ചു. സംഭവം ഏറെ വിവാദമുയര്‍ത്തിയിട്ടും ആത്മഹത്യയായി എഴുതിത്തള്ളുകയായിരുന്നു.

    ReplyDelete