ഉമ്മന്‍ചാണ്ടി നയിക്കുന്ന യുഡിഎഫ് ഗവണ്‍മെന്‍റിനെതിരെ ഉന്നയിക്കാന്‍ മറ്റൊരു വിഷയവും ഇല്ലാത്തതിനാലാണ് എല്‍ഡിഎഫും സിപിഐ എമ്മും ബാലകൃഷ്ണപിള്ള വിഷയം നിയമസഭയ്ക്കകത്തും പുറത്തും തുടര്‍ച്ചയായി ഉന്നയിച്ചുകൊണ്ടിരിക്കുന്നത് എന്നാണ് യുഡിഎഫ് നേതാക്കള്‍ പ്രചരിപ്പിക്കുന്നത്. അത് വസ്തുതയല്ല എന്നു മനസ്സിലാക്കാന്‍ യുഡിഎഫിനെ അനുകൂലിക്കുന്ന മാധ്യമങ്ങളിലൂടെ കണ്ണോടിച്ചാല്‍ മാത്രം മതി. എല്ലാ നിയമങ്ങളെയും ചട്ടങ്ങളെയും ജനാധിപത്യ മര്യാദയെയും ലംഘിച്ചുകൊണ്ടുള്ള യുഡിഎഫ് ഗവണ്‍മെന്‍റിന്റെ ചെയ്തികളെക്കുറിച്ച് അവയ്ക്കുപോലും പ്രതികരിക്കാതിരിക്കാന്‍ വയ്യാത്ത സ്ഥിതിയാണ് ഇപ്പോള്‍ നാട്ടിലുള്ളത്. എന്തുകൊണ്ടാണ് ബാലകൃഷ്ണപിള്ള പ്രശ്നം ഉന്നയിക്കുന്നതില്‍ യുഡിഎഫ് നേതാക്കള്‍ക്ക് ഇത്ര അസ്വസ്ഥത? ആഭ്യന്തര അടിയന്തരാവസ്ഥയാണ് ജനാധിപത്യത്തിെന്‍റ ഉച്ചകോടി എന്ന് പറഞ്ഞു നടക്കാന്‍ ഇപ്പോഴും ഉളുപ്പില്ലാത്തവരാണ് കോണ്‍ഗ്രസ്സുകാരും മറ്റും. തടവുശിക്ഷയ്ക്ക് സുപ്രീംകോടതി വിധേയനാക്കിയ ബാലകൃഷ്ണപിള്ളയെ സ്വകാര്യ ആശുപത്രിയിലെ പഞ്ചനക്ഷത്ര സ്യൂട്ടില്‍ സര്‍വതന്ത്ര സ്വതന്ത്രനായി വിലസാന്‍ അനുവദിച്ചതിലെ തെറ്റ് അവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്നില്ല.
ഒരു തടവുകാരന്‍ എവിടെയായാലും ജയില്‍ അധികാരികളുടെ നിയന്ത്രണത്തിലായിരിക്കണം. ബാലകൃഷ്ണപിള്ള അങ്ങനെ ആയിരുന്നില്ല. ഇപ്പോഴും അല്ല. അതുകൊണ്ടാണ് ഒരു മാധ്യമ പ്രവര്‍ത്തകന്‍ പിള്ളയുടെ പേരിലാണെന്ന് അറിയപ്പെടുന്ന മൊബൈല്‍ ഫോണില്‍ വിളിച്ചപ്പോള്‍ അദ്ദേഹത്തെ കിട്ടിയതും സംസാരിച്ചതും. (ആ ഫോണ്‍ പിള്ളയല്ല താനാണ് ഉപയോഗിക്കുന്നതെന്ന് ഒന്നിലേറെ പേര്‍ പിന്നീട് അവകാശപ്പെട്ടിരുന്നു. പക്ഷേ, ആ വിളി വന്ന നേരത്ത് അവരാരും സ്ഥലത്തുണ്ടായിരുന്നില്ല!) അക്കാര്യത്തില്‍ പിള്ളയും മാധ്യമപ്രവര്‍ത്തകനും ജയില്‍ നിയമപ്രകാരം കുറ്റക്കാരാണോ എന്നത് കുറ്റപത്രത്തിലെ രണ്ടാമത്തെ ഇനം. കുറ്റപത്രത്തിലെ ഒന്നാം ഇനം സംസ്ഥാന സര്‍ക്കാരിന്റെ ഇത് സംബന്ധമായ നടപടികളാണ്. ഉമ്മന്‍ചാണ്ടി പ്രഭൃതികള്‍ പറയണം, എങ്ങനെ ബാലകൃഷ്ണപിള്ള എന്ന തടവുകാരന് ഇങ്ങനെ ചെയ്യാന്‍ സ്വാതന്ത്ര്യം ലഭിച്ചു? മുഖ്യമന്ത്രിയുടെ ഭാഷയില്‍ പറഞ്ഞാല്‍ , ചട്ടലംഘനം നടത്തി എന്ന് ബോധ്യപ്പെട്ടിട്ടും അതിന് ഇടയാക്കിയവരെ എന്തുകൊണ്ട് അദ്ദേഹം അന്വേഷണ വിധേയരാക്കിയില്ല? പ്രാഥമിക അച്ചടക്ക നടപടികള്‍ അവരുടെമേല്‍ എന്തുകൊണ്ട് കൈക്കൊണ്ടില്ല? ഈ വിഷയം സംബന്ധിച്ച് മാധ്യമ പ്രതിനിധികള്‍ ചോദിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ മറുപടി എന്താണ്? തെന്‍റ പ്രൈവറ്റ് സെക്രട്ടറിയുടെ ഫോണില്‍ പിള്ളയുടെ ഫോണ്‍വിളി വന്ന സമയത്ത് താന്‍ കോട്ടയം ജില്ലയിലും സെക്രട്ടറി മുളക്കുഴ പരിസരത്തും ആയിരുന്നു എന്നാണ്. പിള്ളയുടെ വിളി താന്‍ കേള്‍ക്കാത്തതുകൊണ്ട് പ്രശ്നമില്ല എന്ന നിലപാടാണ് മുഖ്യമന്ത്രി കൈക്കൊണ്ടത്. ഏത് ഉദ്യോഗസ്ഥന്റെ അനുമതിയോടെയാണ് പിള്ള മുഖ്യമന്ത്രിയുടെ ഓഫീസില്‍ വിളിച്ചത്? എന്തിനായിരുന്നു അത്? ഭരണകാര്യങ്ങളില്‍ ഇടപെടാനാണോ? തുടങ്ങിയ ചോദ്യങ്ങള്‍ ഉത്തരം കിട്ടാതെ അവശേഷിക്കുന്നു.
ബാലകൃഷ്ണപിള്ളയുടെ ഫോണില്‍നിന്ന് 288 ഫോണ്‍വിളികള്‍ പുറത്തുപോയതിന്റെ വിവരം പുറത്തുവന്നിട്ടുണ്ട് (അതിലൊന്ന് മാത്രമാണ് മുഖ്യമന്ത്രി പരാമര്‍ശിച്ച അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയെ വിളിച്ചത്). അവയില്‍ 40ഓളം വിളികള്‍ കൃഷ്ണകുമാര്‍ ആക്രമിക്കപ്പെട്ട വേളയില്‍ ഉണ്ടായതാണ്. എന്തിന്, ആരെയൊക്കെ ബാലകൃഷ്ണപിള്ള ആ വേളയില്‍ വിളിച്ചു, എന്തു സംസാരിച്ചു എന്ന് അറിയുമ്പോഴാണ് ആ ആക്രമണത്തിെന്‍റ ചുരുളുകള്‍ നിവരുക. അതിനു സര്‍ക്കാരോ പോലീസോ ഇനിയും തയ്യാറല്ല. ഈ 288 വിളികള്‍ ബാലകൃഷ്ണപിള്ള സ്വന്തം ഫോണില്‍നിന്ന് നടത്തിയത് കുറ്റമല്ല, റിപ്പോര്‍ട്ടറിന്റെ പ്രതിനിധിയുടെ വിളി സ്വീകരിച്ചതു മാത്രമാണ് കുറ്റകരം എന്നാണ് സര്‍ക്കാരിന്റെ വിചിത്രമായ നിലപാട്. അതുകൊണ്ടാണല്ലോ പിള്ളയുടെ ശിക്ഷാ കാലാവധി നാലുദിവസത്തേക്ക് മാത്രം നീട്ടിയത്. ഇതോടുകൂടി പിള്ളയുടെ ഇക്കാര്യത്തിലുള്ള കുറ്റവും സര്‍ക്കാരിെന്‍റ ഉത്തരവാദിത്വവും അവസാനിച്ചു എന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിെന്‍റ നിലപാട് നിയമം അറിയാവുന്ന ആരെങ്കിലും അംഗീകരിക്കുമോ? എല്‍ഡിഎഫും സിപിഐ എമ്മും ഉന്നയിക്കുന്ന പ്രശ്നം ഇതാണ്. ഇത് ലഘുവായ പ്രശ്നമല്ല. നിയമവാഴ്ചയുടെ അടിത്തറ ഇളക്കുന്നതാണ് ഈ പ്രശ്നം. ഇതിനെ ന്യായീകരിക്കാന്‍ കഴിയാത്തതുകൊണ്ടാണ് അപ്രസക്തമായ കാര്യങ്ങള്‍ ഈ വിഷയവുമായി ബന്ധപ്പെടുത്തി അവര്‍ ഉന്നയിക്കുന്നത്.
കൊടകൊളങ്ങര വാസുപിള്ളയുടെ പ്രശ്നം എന്താണ്? കേസില്‍ ശിക്ഷിക്കപ്പെട്ടു കഴിയുമ്പോള്‍ പരോളില്‍ പുറത്തുവന്നു. ആ അവസരത്തില്‍ നിയമസഭ കാണാന്‍ ചെന്നു. ബാലകൃഷ്ണപിള്ള പരോളില്‍ ഇറങ്ങിയപ്പോള്‍ എവിടെയൊക്കെ പോയി എന്നു തിരിച്ചു ചോദിക്കുന്നില്ല. മറുപടി പറയാന്‍ അദ്ദേഹത്തിന്റെ പക്ഷക്കാര്‍ക്ക് എളുപ്പം കഴിയില്ല. കണ്ണൂര്‍ ജയിലില്‍നിന്ന് ഏതോ തടവുകാരന്‍ ആഭ്യന്തര മന്ത്രിയായിരിക്കെ കോടിയേരി ബാലകൃഷ്ണനെ വിളിച്ചത്രെ. തെളിവ് കൊണ്ടുവരട്ടെ. കോടിയേരി തന്നെ ആ പ്രശ്നവും പിള്ളയുടെ ഫോണ്‍വിളി പ്രശ്നവും ജുഡീഷ്യല്‍ അന്വേഷണത്തിനു വിധേയമാക്കാന്‍ ഗവണ്‍മെന്‍റിനോട് ആവശ്യപ്പെട്ടിട്ടുണ്ടല്ലോ.
ബാലകൃഷ്ണപിള്ളയുടെ പഞ്ചനക്ഷത്ര സ്യൂട്ടിലെ വാസവും ഫോണ്‍വിളി പ്രശ്നവും ഇത്ര ഗൗരവമായ പ്രശ്നമായി ഉന്നയിക്കപ്പെടുന്നത് എന്തുകൊണ്ടാണ്? അദ്ദേഹം മാനേജരായ വാളകത്തെ ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപകനായ കൃഷ്ണകുമാര്‍ ഗുരുതരമായ രീതിയില്‍ ആക്രമിക്കപ്പെടുന്നു. ആ ദിവസം പിള്ളയുടെ മൊബൈല്‍ ഫോണില്‍നിന്ന് നിരവധി ഫോണുകള്‍ പലര്‍ക്കായി പോകുന്നു. വാളകം സ്കൂള്‍ മാനേജ്മെന്‍റിന് - മാനേജരാണ് ബാലകൃഷ്ണപിള്ള - ആണ് തങ്ങളോട് ഏറ്റവും ശത്രുത ഉള്ളത് എന്ന് കൃഷ്ണകുമാര്‍ ആക്രമിക്കപ്പെട്ടതിന്റെ പിറ്റേന്നു മുതല്‍ അദ്ദേഹത്തിന്റെ ഭാര്യയും ഭാര്യാ സഹോദരനും കൃഷ്ണകുമാര്‍ തന്നെയും പോലീസിനോട് പറഞ്ഞിട്ടുണ്ട് എന്നാണ് വാര്‍ത്ത. മറ്റുള്ളവരോടും അവര്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ , അക്കാര്യം അന്വേഷിക്കാന്‍ ഇതേവരെ പോലീസ് തയ്യാറായിട്ടില്ല. ബാലകൃഷ്ണപിള്ള അദ്ദേഹത്തിന്റെ വിവാദ മൊബൈല്‍ (മാധ്യമ) സംഭാഷണത്തിലും കൃഷ്ണകുമാറിനോടുള്ള വിപ്രതിപത്തി പ്രകടിപ്പിച്ചിട്ടുണ്ട്. യുഡിഎഫ് നേതാക്കളും പൊതുവില്‍ ആക്രമിക്കപ്പെട്ടവനോടുള്ള അനുഭാവമല്ല, ഒരു തരം ശത്രുതാ മനോഭാവമാണ് അദ്ദേഹത്തോട് പ്രദര്‍ശിപ്പിക്കുന്നത്. അത് അക്രമികളെ അന്വേഷിച്ചു കണ്ടു പിടിക്കേണ്ട പോലീസിന്റെ സമീപനത്തിലും തെളിഞ്ഞുകാണുന്നു.
പല സങ്കീര്‍ണ കേസുകളിലും കാര്യക്ഷമമായ അന്വേഷണം നടത്തി കുറ്റവാളികളെ അതിവേഗം കണ്ടെത്തിയ റെക്കോര്‍ഡ് കേരള പോലീസിനു അവകാശപ്പെട്ടതാണ്. എന്തുകൊണ്ട് അവര്‍ ഈ കേസില്‍ ഇരുട്ടില്‍ തപ്പുന്നു? കൃഷ്ണകുമാറിനെക്കുറിച്ച് ചില മാധ്യമങ്ങളില്‍ വന്ന ആക്ഷേപകരമായ വാര്‍ത്തകള്‍ ചില പോലീസ് കേന്ദ്രങ്ങളില്‍നിന്ന് നല്‍കപ്പെട്ടതാണെന്ന സൂചനകള്‍ ഇത്തരം സംശയങ്ങളെ ബലപ്പെടുത്തുന്നു. മുത്തൂറ്റ് കുടുംബത്തിലെ ഒരു ചെറുപ്പക്കാരന്‍ അപ്രതീക്ഷിതമായി ഒരു ക്വട്ടേഷന്‍ സംഘത്തിന്റെ കൊലക്കത്തിക്ക് ഇരയായപ്പോള്‍ ആ കേസിലെ പ്രതികളെയും അതുമായി ബന്ധപ്പെട്ട വസ്തുതകളെയും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പോലീസ് പുറത്തുകൊണ്ടുവന്നു. അത് രുചിക്കാത്ത ചിലര്‍ (ചില മാധ്യമങ്ങളടക്കം) എന്തെല്ലാം ആരോപണങ്ങളാണ് അന്ന് ഉന്നയിച്ചത്? എന്തെല്ലാം കഥകളാണ് പരത്തിയത്? കേരള പോലീസിന്റെ അന്വേഷണത്തില്‍ തൃപ്തിയടയാതെ സിബിഐയെക്കൊണ്ട് അന്വേഷിപ്പിച്ചു. അവരും കേരള പോലീസിന്റെ അതേ നിഗമനങ്ങളില്‍ എത്തി. അത്തരം കര്‍മനിരതരായ പോലീസ് ഉദ്യോഗസ്ഥരെ ഈ കേസ് അന്വേഷിക്കുന്നതിന് എന്തുകൊണ്ടാണ് മുഖ്യമന്ത്രിയും യുഡിഎഫും നിയോഗിക്കാത്തത്? അവര്‍ സത്യം പുറത്തുകൊണ്ടുവരും എന്ന ഭയം ബാലകൃഷ്ണപിള്ള പ്രഭൃതികള്‍ക്ക് ഉള്ളതുകൊണ്ടാണോ? അതുകൊണ്ടാണോ പിള്ളയോടോ അദ്ദേഹത്തിന്റെ സില്‍ബന്തികളോടോ വിധേയത്വമുള്ള ഉദ്യോഗസ്ഥരെയാണ് അന്വേഷണത്തിനു നിയോഗിച്ചത് എന്ന ആരോപണം ഉയര്‍ന്നുവരുന്നത്?
എന്നാല്‍ , ബാലകൃഷ്ണപിള്ളയ്ക്ക് തടവുജീവിതം ഇഷ്ടംപോലെ നയിക്കാനുള്ള സ്വാതന്ത്ര്യം ഉമ്മന്‍ചാണ്ടി ഗവണ്‍മെന്‍റ് നല്‍കിയിരിക്കുന്നു. അതിന്റെ തെളിവുകളാണ് അദ്ദേഹത്തിന്റെ പഞ്ചനക്ഷത്ര സ്യൂട്ട് ജീവിതവും അനിയന്ത്രിതമായ ഫോണ്‍വിളികളും. അതുപോലെ തന്നെ അസന്ദിഗ്ധമായ വസ്തുതയാണ് കൃഷ്ണകുമാറിനെ ആക്രമിച്ചത് ആര്, എന്തിന് എന്നെല്ലാമുള്ള കാര്യങ്ങള്‍ കണ്ടെത്തി അക്രമികളെ പിടികൂടുന്നതില്‍ പോലീസ് കാണിക്കുന്ന അക്ഷന്തവ്യമായ അമാന്തം. അതിവേഗം, ബഹുദൂരം എന്നതാണ് ഉമ്മന്‍ചാണ്ടി ഗവണ്‍മെന്‍റിന്റെ പ്രഖ്യാപിത ലക്ഷ്യം. എന്നാല്‍ , ബാലകൃഷ്ണപിള്ളയെ പോലുള്ള നേതാക്കളെയും അവര്‍ക്ക് താല്‍പര്യമുള്ള വാളകം ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപകന്‍ ആക്രമിക്കപ്പെട്ട സംഭവത്തെയും സംബന്ധിച്ച കാര്യങ്ങളാകുമ്പോള്‍ കുഴിയാനയുടെ വേഗത്തില്‍ , അതിന് ഇഴഞ്ഞെത്താവുന്ന ദൂരമാണ് ദിവസങ്ങളും മാസങ്ങളും കഴിയുമ്പോഴും ആ ഗവണ്‍മെന്‍റ് ഓടിയെത്തുക. ഇവിടെ ജനാധിപത്യ തത്വങ്ങളാകെ ബലി കഴിക്കപ്പെടുന്നു. എല്‍ഡിഎഫും സിപിഐ എമ്മും ഉന്നയിക്കുന്നത് മൗലികമായി ആ പ്രശ്നമാണ്.
ചിന്ത മുഖപ്രസംഗം 141011
ഉമ്മന്‍ചാണ്ടി നയിക്കുന്ന യുഡിഎഫ് ഗവണ്‍മെന്‍റിനെതിരെ ഉന്നയിക്കാന്‍ മറ്റൊരു വിഷയവും ഇല്ലാത്തതിനാലാണ് എല്‍ഡിഎഫും സിപിഐ എമ്മും ബാലകൃഷ്ണപിള്ള വിഷയം നിയമസഭയ്ക്കകത്തും പുറത്തും തുടര്‍ച്ചയായി ഉന്നയിച്ചുകൊണ്ടിരിക്കുന്നത് എന്നാണ് യുഡിഎഫ് നേതാക്കള്‍ പ്രചരിപ്പിക്കുന്നത്. അത് വസ്തുതയല്ല എന്നു മനസ്സിലാക്കാന്‍ യുഡിഎഫിനെ അനുകൂലിക്കുന്ന മാധ്യമങ്ങളിലൂടെ കണ്ണോടിച്ചാല്‍ മാത്രം മതി. എല്ലാ നിയമങ്ങളെയും ചട്ടങ്ങളെയും ജനാധിപത്യ മര്യാദയെയും ലംഘിച്ചുകൊണ്ടുള്ള യുഡിഎഫ് ഗവണ്‍മെന്‍റിന്റെ ചെയ്തികളെക്കുറിച്ച് അവയ്ക്കുപോലും പ്രതികരിക്കാതിരിക്കാന്‍ വയ്യാത്ത സ്ഥിതിയാണ് ഇപ്പോള്‍ നാട്ടിലുള്ളത്.
ReplyDelete