അതേസമയം, ജയില്‍ചട്ടം ലംഘിച്ച് പിള്ള നടത്തിയ ഫോണ്‍വിളിയെക്കുറിച്ച് പൊലീസില്‍ പരാതി നല്‍കരുതെന്ന് ജയില്‍ സൂപ്രണ്ടിന് ഉന്നതങ്ങളില്‍നിന്ന് രഹസ്യനിര്‍ദേശമുള്ളതായി സൂചനയുണ്ട്. മൊബൈല്‍ഫോണ്‍ കടത്തിയതിന് നാലു തടവുകാര്‍ക്കെതിരെ ഇതേജയില്‍ സൂപ്രണ്ടുതന്നെ അടുത്തിടെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതുപ്രകാരം തടവുകാര്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കെയാണ് പിള്ളയ്ക്ക് അധികൃതരുടെ ഒത്താശ. പിള്ളയ്ക്ക് മൊബൈല്‍ഫോണ്‍ അനുവദിക്കണമെന്ന് 2011 ഫെബ്രുവരിയില്‍ താന്‍ ആഭ്യന്തരവകുപ്പിന് ശുപാര്‍ശ നല്‍കിയിരുന്നതായി എഡിജിപിതന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജയില്‍ ഉദ്യോഗസ്ഥരുടെ മൊഴി കളവാണെന്ന് ഇതില്‍നിന്ന് വ്യക്തമാണ്.
മാത്രമല്ല, വാളകംസംഭവം നടന്നതിനുപിന്നാലെ പിള്ള ജയിലില്‍നിന്ന് മുഖ്യമന്ത്രിയെവരെ വിളിച്ചതായുള്ള വാര്‍ത്തയും തെളിവുസഹിതം പുറത്തുവന്നതാണ്. സംസ്ഥാനത്തെ വിവിധ ജയിലുകളില്‍നിന്ന് 128 മൊബൈല്‍ഫോണ്‍ പിടിച്ചെടുത്തിട്ടുണ്ടെന്നും പിള്ളയ്ക്കെതിരെ കേസെടുത്താല്‍ 800 പേര്‍ക്കെതിരെ നടപടി എടുക്കേണ്ടിവരുമെന്നുമാണ് ജയില്‍മേധാവിയുടെ നിലപാട്. മലദ്വാരത്തിലും മറ്റും നിരോധിത വസ്തുക്കള്‍ ഒളിപ്പിച്ച് കടത്തിയതിന് നിരവധിപേര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മൊബൈല്‍ഫോണ്‍ ഉപയോഗിച്ചവരും കൂട്ടത്തില്‍പ്പെടും.
എന്നാല്‍ , ജയില്‍ ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെ പിള്ള മൊബൈലില്‍ സംസാരിക്കുകമാത്രമാണ് ചെയ്തിട്ടുള്ളതെന്നാണ് അധികൃതരുടെ നിലപാട്. ജയില്‍ ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും ബന്തവസ്സില്‍ പിള്ള കഴിയുന്ന മുറിയിലേക്ക് മറ്റാര്‍ക്കും പ്രവേശനം അനുവദിച്ചിട്ടില്ല. ആശുപത്രിജീവനക്കാര്‍ ഒഴികെയുള്ളവര്‍ ജയില്‍ സൂപ്രണ്ടിന്റെ അനുമതിയോടെമാത്രമേ പിള്ളയെ സന്ദര്‍ശിക്കാന്‍ പാടുള്ളൂ. ഇത് ലംഘിച്ചാണ് ഡ്രൈവര്‍ മുറിയിലേക്ക് കടന്നുവന്നത്. അതേസമയം, പിള്ള ജയില്‍പ്പുള്ളിയാണെങ്കിലും ആശുപത്രിമുറി തടവുമുറിയുടെ നിര്‍വചനത്തില്‍പ്പെടില്ലെന്നാണ് ആഭ്യന്തരവകുപ്പിന്റെ നിലപാട്. പിള്ളയുടെ നാലുദിവസത്തെ ശിക്ഷ ഇളവ് റദ്ദാക്കി ജയില്‍വകുപ്പ് ഉത്തരവ് ഇറക്കിയിട്ടുണ്ട്. ഇത് സര്‍ക്കാരിന് തള്ളാനും സ്വീകരിക്കാനും അധികാരമുണ്ട്. ജയില്‍ എഡിജിപിയുടെ ശുപാര്‍ശ അംഗീകരിക്കാനാണ് സാധ്യത. അങ്ങനെവന്നാല്‍ ഒരേകുറ്റത്തിന് മറ്റു തടവുകാര്‍ വിചാരണ നേരിടുകയും പിള്ള ഒഴിവാകുകയും ചെയ്യുമെന്ന നിയമപ്രശ്നവും പിന്നീട് ഉയര്‍ന്നുവരും.
അധ്യാപകന്റെ ബന്ധുക്കള്‍ നിയമനടപടിക്ക്
വാളകം സംഭവത്തില്‍ അധ്യാപകന് പരിക്കേറ്റത് വാഹനം ഇടിച്ചാണെന്ന നിഗമനത്തില്‍ അന്വേഷണം ആരംഭിച്ചിരിക്കെ, നിയമനടപടി സ്വീകരിക്കാന്‍ കൃഷ്ണകുമാറിന്റെ ബന്ധുക്കള്‍ ആലോചിക്കുന്നു. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ തങ്ങള്‍ തൃപ്തരല്ലെന്നും മജിസ്ട്രേട്ടിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് ബന്ധുക്കളുടെ തീരുമാനം. ആക്രമണം നടന്ന് പത്തു ദിവസം കഴിഞ്ഞിട്ടും എന്താണ് സംഭവിച്ചതെന്ന് സൂചന പോലും പൊലീസിന് കിട്ടിയിട്ടില്ല. മെഡിക്കല്‍ ബോര്‍ഡ് കഴിഞ്ഞദിവസം നല്‍കിയ റിപ്പോര്‍ട്ടിനെ ആശ്രയിച്ചാണ് അന്വേഷണം. കൃഷ്ണകുമാറിനെ ചികിത്സിച്ച ഡോക്ടര്‍മാര്‍ നേരത്തേ പറഞ്ഞതില്‍ നിന്നു തികച്ചും വ്യത്യസ്തമായ റിപ്പോര്‍ട്ടാണ് മെഡിക്കല്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്. മലദ്വാരത്തില്‍ കമ്പി കുത്തിക്കയറ്റി ആന്തരികാവയവങ്ങള്‍ തകര്‍ത്തെന്ന് ആദ്യദിവസങ്ങളില്‍ സ്ഥിരീകരിച്ച ഡോക്ടര്‍മാര്‍ ഇപ്പോള്‍ ചുവടുമാറ്റി. ആയുധം കൊണ്ടുള്ള പരിക്കല്ലെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ വിലയിരുത്തല്‍ .
അതേസമയം, മജിസ്ട്രേട്ടിന് നല്‍കിയ 40 പേജുള്ള മരണമൊഴിയില്‍ കൃഷ്ണകുമാര്‍ തന്നോട് വിരോധമുള്ളവരെ കുറിച്ച് വിശദമായി പറഞ്ഞിട്ടുണ്ട്. മുന്‍മന്ത്രി ബാലകൃഷ്ണപിള്ളയ്ക്കും സ്കൂള്‍ മാനേജ്മെന്റിനും തന്നോട് മുന്‍വൈരാഗ്യമുണ്ടെന്നും സ്കൂളിലെ ചില അധ്യാപകര്‍ക്ക് വിരോധമുണ്ടെന്നും കൃഷ്ണകുമാര്‍ മൊഴി നല്‍കി. ഗുണ്ടാസംഘങ്ങളുമായി ബന്ധമുള്ള അധ്യാപകരുടെ പേരും മന്ത്രി കെ ബി ഗണേശ്കുമാറിന്റെ സ്റ്റാഫില്‍പ്പെട്ട ഒരാളെ കുറിച്ചും കൃഷ്ണകുമാര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ , ഈ വഴിക്ക് ഒരാളെ പോലും ചോദ്യം ചെയ്യാന്‍ പൊലീസ് തയ്യാറായിട്ടില്ല.
സംഭവദിവസം നിലമേലില്‍ നിന്നും ബസില്‍ കയറിയെന്ന കൃഷ്ണകുമാറിന്റെ മൊഴി ശരിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. രാത്രി 10.10ന് നിലമേലില്‍ നിന്ന് ഒരാള്‍ ബസില്‍ കയറിയതായി കെഎസ്ആര്‍ടിസി ജീവനക്കാര്‍ അന്വേഷണസംഘത്തെ അറിയിച്ചു. ആലുവ ഡിപ്പോയില്‍ നിന്നു കുമളി വഴി തിരുവനന്തപുരത്തേക്കുള്ള ബസിലാണ് കൃഷ്ണകുമാര്‍ സഞ്ചരിച്ചത്. ഈ യാത്രക്കാരന്‍ വാളകത്ത് ഇറങ്ങുകയും ചെയ്തു. വാളകത്ത് റോഡരികില്‍ രക്തം കണ്ടെത്തിയിട്ടുണ്ട്. ഒന്നുകില്‍ റോഡ് മുറിച്ചുകടക്കുമ്പോള്‍ വാഹനം ഇടിച്ചിരിക്കാം,അല്ലെങ്കില്‍ മനഃപൂര്‍വം വാഹനം ഇടിച്ചുവീഴ്ത്തിയതാകാം, ഇത് രണ്ടുമല്ലെങ്കില്‍ ആക്രമണമാകാം എന്നൊക്കെയാണ് പൊലീസിന്റെ നിഗമനം. അടൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള പെട്രോള്‍ പമ്പുകള്‍ , സര്‍വീസ് സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലെ ജീവനക്കാരില്‍ നിന്നും മൊഴിയെടുത്തു തുടങ്ങി. ഈ റൂട്ടിലെ മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ച് സംഭവദിവസം രാത്രി നടന്ന ഫോണ്‍ വിളിയുടെ വിശദാംശങ്ങളും അന്വേഷണസംഘം ശേഖരിച്ചുതുടങ്ങി. രണ്ടു ദിവസത്തിനകം യഥാര്‍ഥ ചിത്രം കിട്ടുമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍ .
deshabhimani 081011
മുന്‍മന്ത്രി ആര്‍ ബാലകൃഷ്ണപിള്ള ജയിലില്‍ മൊബൈല്‍ഫോണ്‍ കൈവശം വയ്ക്കുകയോ ഫോണില്‍ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് ജയില്‍ ഉദ്യോഗസ്ഥരുടെ മൊഴി. പിള്ളയുടെ ഫോണ്‍വിളിയെക്കുറിച്ച് അന്വേഷിച്ച ചീഫ് വെല്‍ഫെയര്‍ ഓഫീസര്‍ കെ എ കുമാരനാണ് ജയില്‍ ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തിയത്. ജയിലില്‍ കഴിഞ്ഞ സമയത്ത് പിള്ള ഫോണില്‍ സംസാരിച്ചത് കണ്ടിട്ടില്ലെന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചെന്നാണ് ഇദ്ദേഹത്തിന്റെ കണ്ടെത്തല്‍ . ആശുപത്രിയില്‍ പിള്ള മൊബൈല്‍ഫോണ്‍ കൈവശം സൂക്ഷിച്ചതിന് തെളിവില്ലെന്നും ഡ്രൈവര്‍ കൊണ്ടുകൊടുത്ത ഫോണിലാണ് സംസാരിച്ചതെന്നും, ആ സമയം രണ്ട് കോണ്‍സ്റ്റബിള്‍മാരും ഒരു ജയില്‍ വാര്‍ഡനും മുറിക്ക് കാവല്‍ നില്‍പ്പുണ്ടായിരുന്നെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതിനെ ആസ്പദമാക്കിയാണ് ജയില്‍ എഡിജിപി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയത്.
ReplyDelete