Saturday, October 1, 2011

പ്രധാനമന്ത്രി സ്ഥാനാര്‍ഥി: ബി ജെ പിയില്‍ പോര് മുറുകുന്നു

ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വത്തെച്ചൊല്ലി മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനയും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയും തമ്മിലുള്ള പോര് മുറുകുന്നു. ഇന്നലെ നടന്ന പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതിയോഗത്തില്‍നിന്ന് മോഡി വിട്ടുനിന്നു. സദ്ഭരണം സംശുദ്ധ രാഷ്ട്രീയം എന്ന മുദ്രാവാക്യവുമായി എല്‍ കെ അദ്വാനി നടത്തുന്ന ജന്‍ ചേതനാ യാത്രയുടെ ഔദ്യോഗികപ്രഖ്യാപനം നിര്‍വാഹക സമിതിയില്‍ നടത്താനിരിക്കെയാണ് മോഡി യോഗം ബഹിഷ്‌കരിച്ചത്. മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കം ചെയ്യപ്പെട്ട ബി എസ് യദ്യൂരപ്പ, രമേശ് പൊക്രിയാല്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കുന്നില്ല.

പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാവുക എന്ന ലക്ഷ്യത്തോടെ മോഡി ഏതാനും ദിവസം മുമ്പ് ഗുജറാത്തില്‍ സദ്ഭാവനാ ഉപവാസ സമരം നടത്തിയിരുന്നു. ഗുജറാത്തിനു പുറത്തേക്ക് പ്രവര്‍ത്തന മണ്ഡലം വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മോഡി ഉപവാസം സംഘടിപ്പിച്ചത്. രാജ്യവ്യാപകമായി വന്‍ പ്രചാരണ കോലാഹലത്തോടെ നടത്തിയ ഉപവാസം ദേശീയ രാഷ്ട്രീയത്തില്‍ മുന്‍നിരയിലെത്തുക എന്ന ഉദ്ദേശ്യത്തോടെയാണെന്നു വ്യക്തമായിരുന്നു. മോഡിയുടെ ഉപവാസത്തിനു മുന്‍പു തന്നെ അദ്വാനി ജന്‍ ചേതനാ യാത്ര പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രിപദം ലക്ഷ്യമിട്ട് ബി ജെ പിയെ നയിച്ച അദ്വാനി ഇക്കുറിയും സ്ഥാനം കൈവിട്ടുപോവാതിരിക്കാന്‍ നടത്തുന്ന രാഷ്ട്രീയ തന്ത്രമാണ് ഇതെന്ന് രാഷ്ട്രീയവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. അദ്വാനിയുടെ യാത്രയ്‌ക്കെതിരെ മോഡി ശക്തമായ നിലപാടെടുത്തതായി ബി ജെ പി കേന്ദ്രങ്ങള്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.
അദ്വാനിയുടെ യാത്ര അനാവശ്യവും അപ്രസക്തവുമാണെന്ന് മോഡി പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചതായാണ് സുചനകള്‍. മോഡിയുടെ എതിര്‍പ്പിനെത്തുടര്‍ന്ന് അദ്വാനി യാത്രയുടെ തുടക്കം ഗുജറാത്തില്‍നിന്ന് ബിഹാറിലേക്കു മാറ്റിയിരുന്നു. 11ന് ബിഹാറിലെ സീതാബ്ദിയാറയില്‍നിന്നാണ് അദ്വാനിയുടെ യാത്ര തുടങ്ങുന്നത്.

മോഡിയുടെ അസാന്നിധ്യത്തില്‍ ചേര്‍ന്ന ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ അദ്വാനിയെ പ്രശംസിക്കുന്ന നിലപാടാണ് പാര്‍ട്ടി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി കൈക്കൊണ്ടത്.

janayugom 011011

1 comment:

  1. ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വത്തെച്ചൊല്ലി മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനയും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയും തമ്മിലുള്ള പോര് മുറുകുന്നു. ഇന്നലെ നടന്ന പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതിയോഗത്തില്‍നിന്ന് മോഡി വിട്ടുനിന്നു. സദ്ഭരണം സംശുദ്ധ രാഷ്ട്രീയം എന്ന മുദ്രാവാക്യവുമായി എല്‍ കെ അദ്വാനി നടത്തുന്ന ജന്‍ ചേതനാ യാത്രയുടെ ഔദ്യോഗികപ്രഖ്യാപനം നിര്‍വാഹക സമിതിയില്‍ നടത്താനിരിക്കെയാണ് മോഡി യോഗം ബഹിഷ്‌കരിച്ചത്. മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കം ചെയ്യപ്പെട്ട ബി എസ് യദ്യൂരപ്പ, രമേശ് പൊക്രിയാല്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കുന്നില്ല.

    ReplyDelete