Saturday, October 1, 2011

'പിള്ള'പ്പേച്ചില്‍ ഉമ്മന്‍ വിതുമ്പി; ബില്ല് കൈവിട്ട് ഹംസയും സാജുവും

അഞ്ച് ദിനങ്ങളായി യു ഡി എഫ് സര്‍ക്കാരിന്റെ നൂറുദിന മാജിക്കിനെ പുകഴ്ത്തിയും ഇകഴ്ത്തിയും നിരവധി വാഗ്‌ധോരണികളാണ് സഭയില്‍ ഉയര്‍ന്നുകേട്ടത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെക്കുറിച്ച് 100 ശതമാനവും നീതി പുലര്‍ത്തുന്ന ശബ്ദം ഇന്നലെയും ശൂന്യവേളയില്‍ മുഴങ്ങിക്കേട്ടു. കൊട്ടാരക്കരയില്‍ അധ്യാപകനെ മര്‍ദിച്ച സംഭവം അടിയന്തരപ്രേമയമായി അവതരിപ്പിച്ച മുല്ലക്കര രത്‌നാകരനാണ,് ശിക്ഷ ഏറ്റുവാങ്ങിയവര്‍ക്ക് രക്ഷ കിട്ടുകയും രക്ഷ കിട്ടേണ്ടവര്‍ക്ക് ശിക്ഷ ലഭിക്കുകയും ചെയ്യുമെന്ന അവസ്ഥയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഇവിടെയുള്ളതെന്ന് തെളിവ് നിരത്തി സമര്‍ഥിച്ചത്. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലഴികള്‍ക്കുള്ളില്‍ കഴിയേണ്ട ബാലകൃഷ്ണപിള്ളയ്ക്ക് ഈ സര്‍ക്കാര്‍ പഞ്ചനക്ഷത്ര സുഖസൗകര്യങ്ങള്‍ ഒരുക്കുന്നുവെന്നതാണ് മുല്ലക്കര പറഞ്ഞതിന്റെ രത്‌നച്ചുരുക്കം.

ജന്മിത്വം പോയാലും ചിലരുടെ മനസില്‍ നിന്ന് ജന്മിത്വ സ്വഭാവം പോയിട്ടില്ലെന്നും മുല്ലക്കര കണ്ടെത്തി. കൊട്ടാരക്കരയിലാണ് ജന്മിത്വത്തിന്റെ തിരുശേഷിപ്പുകള്‍ കണ്ടെത്തിയത്. ചീഫ് വിപ്പ് പി സി ജോര്‍ജിനും മുല്ലക്കര വക കൊട്ടുകിട്ടി. ജോര്‍ജിന്റെ നീതി ബോധത്തിലാണ് മുല്ലക്കരയ്ക്ക് സംശയം. പഞ്ചനക്ഷത്ര ആശുപത്രിയില്‍ 'തടവ്' ശിക്ഷ അനുഭവിക്കുന്ന പിള്ള ഫോണ്‍ ചെയ്തത് തെറ്റ്. എന്നാല്‍ അതിലും വലിയ തെറ്റ് മാധ്യമപ്രവര്‍ത്തകന്‍ അത് പുറത്ത് വിട്ടതെന്നായിരുന്നു ജോര്‍ജിന്റെ കഴിഞ്ഞ ദിവസത്തെ ചാനലിലെ കമന്റ്. ഈ വിപ്പൊരു വിപ്പാണോ എന്നാണ് മുല്ലക്കരയ്ക്ക് അറിയേണ്ടത്. കൊട്ടാരക്കര സംഭവത്തില്‍ സര്‍ക്കാര്‍ വേണ്ടത്ര ഗൗരവം കാണിക്കാത്തതിന്റെ കാരണവും മുല്ലക്കര ഉന്നയിച്ചു. ഇതില്‍ കൂടുതല്‍ എങ്ങനെയാ ഗൗരവം കാണിക്കുന്നതെന്നായി ഉമ്മന്‍ചാണ്ടി. ക്രൂര മര്‍ദനത്തിന് വിധേയനായ അധ്യാപകനെ ഐ സി യുവില്‍ പ്രവേശിച്ച നിമിഷം മുതല്‍ മൊഴിയെടുക്കുന്നതിന് സി ഐ പുറത്തു കാത്തിരിക്കുകയാണ്. അധ്യാപകന് ബോധം വീണാല്‍ കൊട്ടാരക്കര നിന്ന് മെഡിക്കല്‍കോളജ് വരെ യാത്രചെയ്യുന്ന സമയം ലാഭിക്കാനാണ് സി ഐയെ കുറ്റിയടിച്ച് പുറത്തുനിര്‍ത്തിയിരിക്കുന്നത്. എന്നാല്‍ ബാലകൃഷ്ണപിള്ളയുടെ ഫോണ്‍കോള്‍ വിവരങ്ങള്‍ വല്ലതും പരിശോധിച്ചിട്ടുണ്ടോ എന്നാണ് പി കെ ഗുരുദാസന് അറിയേണ്ടത്.

ബാലകൃഷ്ണപിള്ള മാനേജരായ വാളകം രാമവിലാസം സ്‌കൂളിലെ അധ്യാപകന്‍ കൃഷ്ണകുമാറിനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പ്രതികളെയൊക്കെ പിടികൂടാം. പക്ഷെ ഈ വിഷയം രണ്ട് ദിവസം വൈകി അടിയന്തരപ്രമേയമായി പ്രതിപക്ഷം കൊണ്ടുവന്നതിലാണ് ഉമ്മന്‍ചാണ്ടിക്ക് സങ്കടം. ഇതു കണ്ട് മനസലിഞ്ഞ സി ദിവാകരന്‍ പ്രതിപക്ഷത്തിന്റെ 'സൗകര്യമില്ലായ്മ' അറിയിച്ചതോടെ മുഖ്യമന്ത്രിക്ക് സമാധാനമായി.

കൊട്ടാരക്കരയെന്നാല്‍ പിള്ളയുടെ സാമ്രാജ്യമാണ്. അവിടെ പിള്ളയുമായും പിള്ളയുടെ കുടുംബവുമായും ബന്ധമുള്ള ഡിവൈ എസ് പിയെ അന്വേഷണം ഏല്‍പ്പിച്ചാല്‍ അത് സഭയില്‍ ചെലവാകില്ലെന്ന് വി എസ് തീര്‍ത്തങ്ങുപറഞ്ഞു. കുറഞ്ഞ പക്ഷം ഡി ജി പിയെങ്കിലും അന്വേഷിക്കേണ്ടതല്ലേ എന്നാണ് വി എസിന്റെ ചോദ്യം. സി ബി ഐ അന്വേഷിക്കാതെ ഈ കേസിലെ സത്യം പുറത്തുകൊണ്ടുവരാന്‍ കഴിയില്ലെന്ന് വി എസിന് നല്ല ബോധ്യമുണ്ട്. ബാലകൃഷ്ണപിള്ള ഭാഗ്യവാനാണ്. അഴിമതിക്കേസില്‍ ശിക്ഷ അനുഭവിക്കുകയാണെങ്കിലും മാന്യനായ ഉമ്മന്‍ചാണ്ടിയുടെ സൗഹൃദ പരിലാളനയേല്‍ക്കാന്‍ കഴിഞ്ഞല്ലോ?. സഹപ്രവര്‍ത്തകനായ മന്ത്രി മാന്യന്റെ പിന്തുണയുമുണ്ടല്ലോ. വേറെന്തുവേണമെന്നാണ് പ്രതിപക്ഷ നേതാവ് ചോദിക്കുന്നത്. മുഖ്യമന്ത്രിയും പിള്ളയും ഫോണ്‍വഴി സംഭാഷണം നടത്തിയിട്ടുണ്ടെന്ന വിവരവും വി എസിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ പിള്ളയുടെ ഫോണ്‍ കോള്‍ സംബന്ധിച്ച് മുഖ്യമന്ത്രി മൗനം പാലിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം നടുത്തളത്തില്‍ കുത്തിയിരിപ്പ് നടത്തി. തുടര്‍ന്ന് സഭ നിര്‍ത്തിവയ്ക്കുന്നതായി സ്പീക്കറുടെ പ്രഖ്യാപനവും വന്നു.

ചോദ്യോത്തരവേളയില്‍ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ സഹകരണമന്ത്രി പതറുന്നതും കാണാനായി. എന്തൊക്കെയോ പറഞ്ഞ് തടിതപ്പാനാണ് മന്ത്രി ശ്രമിച്ചത്. സാധാരണ മന്ത്രിമാരുടെ രക്ഷയ്‌ക്കെത്താറുള്ള ഉമ്മന്‍ചാണ്ടിയെയും ഇത്തവണ കണ്ടില്ല. സഭാംഗങ്ങള്‍ അവതരിപ്പിക്കുന്ന സ്വാകാര്യബില്ലുകളുടെ ദിനമായിരുന്നെങ്കിലും സഭ നിര്‍ത്തിവച്ചതിനാല്‍ ഒന്നു പോലും അവതരിപ്പിക്കാനായില്ല. സാജുപോള്‍, എം ഹംസ, ആര്‍ സെല്‍വരാജ് എന്നിവരുടെ രണ്ട് വീതം ബില്ലുകളാണ് അവതരിപ്പിക്കേണ്ടിയരുന്നത്. അഞ്ചു ദിവസത്തിനുള്ളില്‍ രണ്ടാമത്തെ തവണയാണ് പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന സഭ നിര്‍ത്തിവെച്ചത്.

ചോദ്യങ്ങള്‍ക്ക് മറുപടിനല്‍കാതെ മന്ത്രി തടിതപ്പി

ചോദ്യങ്ങള്‍ക്ക് മുമ്പില്‍ കൃത്യമായ മറുപടിയില്ലാതെ തടിതപ്പാന്‍ മന്ത്രിയുടെ ശ്രമം. പ്രാഥമിക കാര്‍ഷിക സഹകരണ ബാങ്കുകളെ ഓര്‍ഡിനന്‍സിലുടെ ഇല്ലാതാക്കിയ  സര്‍ക്കാര്‍ നടപടിയെപ്പറ്റിയുള്ള പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്കു മുമ്പിലാണ് വ്യക്തമായ ഉത്തരമില്ലാതെ തടിതപ്പാന്‍ നിയമസഭയില്‍ സഹകരണമന്ത്രി സി എന്‍ ബാലകൃഷ്ന്‍ ശ്രമിച്ചത്. സഹകരണ ജനാധിപത്യം കശാപ്പു ചെയ്ത നടപടിയെ പറ്റി ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക്  മന്ത്രിയുടെയും, സര്‍ക്കാരിന്റെയും നിലപാടിനെതിരെയുള്ള പ്രതിപക്ഷ പ്രതിഷേധത്തില്‍ ചോദ്യോത്തരവേള ശബ്ദാനമായി.

മാതൃകാപരമായി പ്രവര്‍ത്തിച്ചു വന്ന നിരവധി കാര്‍ഷിക വികസന ബാങ്കുകളുടെ രജിസ്‌ട്രേഷന്‍ യുഡിഎഫ് സര്‍ക്കാര്‍ റദ്ദാക്കിയിരിക്കുകയാണ്. ബാങ്കുകളെ പിരിച്ചു വിട്ടതിന് കാരണം ആരാഞ്ഞ് കോലിയക്കോട് കൃഷ്ണന്‍നായര്‍, ജി സുധാകരന്‍, എം ചന്ദ്രന്‍, കെ സുരേഷ്‌കുറുപ്പ് എന്നിവര്‍ നല്‍കിയ ചോദ്യങ്ങള്‍ക്കും ഉപ ചോദ്യങ്ങള്‍ക്കുമാണ് മന്ത്രിക്ക് വ്യക്തമായ ഉത്തരം നല്‍കാതിരുന്നത്.  ബാങ്കുകളെ പിരിച്ചു വിട്ടത് സാധരണ നടപടിയാണെന്നു തുടങ്ങിയുള്ള മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ ഇ പി ജയരാജന്റെ നേതൃത്വത്തില്‍ പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധവുമായി എഴുന്നേറ്റു. അരിയെത്രയെന്ന് ചോദിക്കുമ്പോള്‍ പയറഞ്ഞാഴി എന്നു പറയുന്ന മന്ത്രി അപമാനപരമായ പരാമര്‍ശങ്ങളാണ് നടത്തുന്നതെന്ന് കെ സുരേഷ്‌കുറുപ്പ് ചൂണ്ടിക്കാട്ടി. പ്രതിപക്ഷാംഗങ്ങളുടെ ഉപ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ പതറിയ മന്ത്രിയുടെ സഹായത്തിന് കെ ബാബു ഉള്‍പ്പെടെയുള്ളവര്‍ എത്തിയതോടെ സഭയില്‍ ബഹളമായി.ഭരണപക്ഷത്തെ കെ ശിവദാസന്‍ നായര്‍ ചോദ്യരൂപേണ മന്ത്രിക്കു വേണ്ടി കാര്യങ്ങള്‍ വിശദീകരിക്കാന്‍ ശ്രമിച്ചത് പ്രതിഷേധം  കൂടുതല്‍ ശക്തമാക്കി. ശിവദാസന്‍ നായര്‍ പറഞ്ഞതാണ് ശരിയെന്ന് പറഞ്ഞ് ഏറ്റവുമൊടുവില്‍ മന്ത്രി തടിതപ്പാന്‍നോക്കി. സംസ്ഥാന കാര്‍ഷികവികസന ബാങ്ക് പിടിച്ചടക്കാന്‍ പിന്‍വാതിലിലൂടെ യുഡിഎഫ് നടത്തുന്ന നീക്കം ശക്തമായി ചെറുക്കുമെന്ന് ഇ പി ജയരാജന്‍ പറഞ്ഞു.

janayugom 011011

1 comment:

  1. അഞ്ച് ദിനങ്ങളായി യു ഡി എഫ് സര്‍ക്കാരിന്റെ നൂറുദിന മാജിക്കിനെ പുകഴ്ത്തിയും ഇകഴ്ത്തിയും നിരവധി വാഗ്‌ധോരണികളാണ് സഭയില്‍ ഉയര്‍ന്നുകേട്ടത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെക്കുറിച്ച് 100 ശതമാനവും നീതി പുലര്‍ത്തുന്ന ശബ്ദം ഇന്നലെയും ശൂന്യവേളയില്‍ മുഴങ്ങിക്കേട്ടു. കൊട്ടാരക്കരയില്‍ അധ്യാപകനെ മര്‍ദിച്ച സംഭവം അടിയന്തരപ്രേമയമായി അവതരിപ്പിച്ച മുല്ലക്കര രത്‌നാകരനാണ,് ശിക്ഷ ഏറ്റുവാങ്ങിയവര്‍ക്ക് രക്ഷ കിട്ടുകയും രക്ഷ കിട്ടേണ്ടവര്‍ക്ക് ശിക്ഷ ലഭിക്കുകയും ചെയ്യുമെന്ന അവസ്ഥയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഇവിടെയുള്ളതെന്ന് തെളിവ് നിരത്തി സമര്‍ഥിച്ചത്. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലഴികള്‍ക്കുള്ളില്‍ കഴിയേണ്ട ബാലകൃഷ്ണപിള്ളയ്ക്ക് ഈ സര്‍ക്കാര്‍ പഞ്ചനക്ഷത്ര സുഖസൗകര്യങ്ങള്‍ ഒരുക്കുന്നുവെന്നതാണ് മുല്ലക്കര പറഞ്ഞതിന്റെ രത്‌നച്ചുരുക്കം.

    ReplyDelete