Saturday, October 1, 2011

എന്‍ഡോസള്‍ഫാന്‍ നിരോധനം: ദുരന്തമേഖലയില്‍ ആശ്വാസവും പ്രതീക്ഷയും

എന്‍ഡോസള്‍ഫാന്‍ സമ്പൂര്‍ണമായി നിരോധിച്ചുകൊണ്ടുള്ള സുപ്രിംകോടതിയുടെ ഇന്നലത്തെ വിധി കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരന്തമേഖലയില്‍ ആശ്വാസവും പുതിയ പ്രതീക്ഷയും നല്‍കുന്നു. എന്‍ഡോസള്‍ഫാനെതിരെയുള്ള ഒരു വ്യാഴവട്ടക്കാലത്തെ ജനകീയ പോരാട്ടത്തിനും സമരങ്ങള്‍ക്കും ഒടുവിലുള്ള വിജയത്തിത്തെത്തുടര്‍ന്ന് എന്‍ഡോസള്‍ഫാന്‍ കമ്പനിയും കണക്കുപറയേണ്ടിവരും. ഒരു ജില്ലയാകെ കൊടിയ ദുരന്തം വിതച്ച എന്‍ഡോസള്‍ഫാനെന്ന മാരകകീടനാശിനി കാസര്‍കോട്ടെ ദുരന്തത്തിനു കാരണമല്ലെന്നായിരുന്നു ഇതുവരെയും  കേന്ദ്രസര്‍ക്കാരും എന്‍ഡോസള്‍ഫാന്‍ കമ്പനിയും വാദിച്ചുകൊണ്ടിരുന്നത്.  എന്‍ഡോസള്‍ഫാന്‍ വിഷമല്ലെന്നും  നിരോധനം അനാവശ്യമാണെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയെ ഒരു ഘട്ടത്തില്‍ ബോധിപ്പിച്ചിട്ടുണ്ട്.  മറ്റു രാജ്യങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചത് ശാസ്ത്രീയമായല്ലെന്നും സംശയത്തിന്റെ ബലത്തിലാണെന്നും 2006ല്‍ ലോകാരോഗ്യ സംഘടന നടത്തിയ പഠനത്തില്‍ ദുരന്തത്തിനു കാരണം എന്‍ഡോസള്‍ഫാനല്ലെന്നു  വ്യക്തമാക്കിയിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലും എന്‍ഡോസള്‍ഫാന്‍ നിരോധിച്ചുകൊണ്ടുള്ള പരമോന്നത കോടതിയുടെ വിധി പുതിയ ചരിത്രം സൃഷ്ടിക്കുകയാണ്. ദരുതിബാധിതര്‍ക്ക് ഇനി ഇവരുടെ അവകാശങ്ങള്‍ക്കു വേണ്ടി വാദിക്കാനാകും. ആനൂകൂല്യവും സഹായവും നേടിയെടുക്കാനാവും എന്ന പ്രതീക്ഷയിലാണ് ഇവിടെയുള്ളവര്‍. എന്‍ഡോസള്‍ഫാന്‍ നിരോധിച്ചതോടെ കാസര്‍കോട് ജില്ലയിലെങ്ങും ആഹ്ലാദപ്രകടനങ്ങളും നടക്കുന്നുണ്ട്.

കഴിഞ്ഞ സ്റ്റോക്ക്‌ഹോം കണ്‍വന്‍ഷനില്‍തന്നെ ഇന്ത്യ നിരവധി പഴുതുകളും നിബന്ധനകളും ബാക്കിവച്ചുകൊണ്ടാണ് അവസാനം  ലോകരാഷ്ട്രങ്ങളുടെ സമ്മര്‍ദ്ദങ്ങള്‍ക്കു മുന്നില്‍ നാണം കെട്ടാണെങ്കിലും എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതിന് സമ്മതംമൂളിയത്. എന്നാല്‍ ഇന്ത്യയില്‍ തിരിച്ചെത്തിയതോടെ നിലപാട് തീര്‍ത്തും മാറ്റുകയായിരുന്നു.  അവസാനമായി ഈമാസം 21ന് ഡല്‍ഹിയിലെ  ഉന്നതതല യോഗത്തിലും കേരളത്തിലെ കൃഷിമന്ത്രി കെ പി മോഹനന്‍ പറഞ്ഞത് കാസര്‍കോട്ട് എന്‍ഡോസള്‍ഫാന്‍ ദുരന്തമേ ഇല്ലെന്നായിരുന്നു. ഇതും ഏറെ വിവാദത്തിനിടയാക്കി.

1983 മുതല്‍ കാസര്‍കോട് ജില്ലയിലെ പ്ലാന്റേഷന്‍ കോര്‍പറേഷന്റെ കശുമാവിന്‍ തോട്ടങ്ങളില്‍ തേയിലക്കൊതുകിനെതിരെ ഹെലികോപ്ടര്‍ വഴി എന്‍ഡോസള്‍ഫാന്‍ കീടനാശിനി  കൊല്ലത്തില്‍ മൂന്നുതവണകളിലായി 17 വര്‍ഷംമുടങ്ങാതെമുടങ്ങാതെ തളിച്ചു. ഇതിന്റെ ഫലമായി  കാസര്‍കോട് ജില്ലയില്‍ 11 പഞ്ചായത്തുകളിലെ പ്ലാന്റേഷന്‍ കോര്‍പറേഷന്‍ മേഖലയിലെ  മനുഷ്യരിലും ജീവജാലങ്ങളിലും അപൂര്‍വമായ രോഗങ്ങള്‍ വ്യാപകമായി കണ്ടു തുടങ്ങി. പദ്രെ, സ്വര്‍ഗ, വാണിനഗര്‍ തുടങ്ങിയ ഗ്രാമങ്ങള്‍ കാന്‍ സര്‍ രോഗികളുടെയും ത്വക്ക് രോഗികളുടെയും  കേന്ദ്രമായി മാറി. ഇതുസംബന്ധിച്ച് വാണിനഗര്‍ പി എച്ച് സി ഡോ. മോഹന്‍ കുമാറുംസാമൂഹിക പ്രവര്‍ത്തകന്‍ ശ്രീപദ്രെയും മറ്റും ആദ്യം രംഗത്തുവന്നു. എന്‍ഡോസള്‍ഫാനാണ് ഈ മേഖലയിലെ വ്യാപകമായ രോഗങ്ങള്‍ക്ക് കാരണമെന്ന്    മാധ്യമങ്ങള്‍ വെളിച്ചത്തു കൊണ്ടുവന്നു. ആയിരത്തിലധികം പേര്‍ മരിക്കുകയും പതിനായിരത്തിലധികം പേര്‍ തീരാരോഗ ബാധിതരാകുകയും ചെയ്തു.

കൃഷി ഉദ്യോഗസ്ഥയായിരുന്ന പെരിയ ലീലകുമാരിയമ്മയുടെ സഹോദരന്‍ ഇതിനിടെ എന്‍ഡോസള്‍ഫാന്‍ മൂലം രോഗം പിടിപെട്ട് മരിച്ചതും പുതിയ വഴിത്തിരിവായി. അതായിരുന്നു ലീലാകുമാരിയമ്മയെ എന്‍ഡോസള്‍ഫാനെതിരെ ആദ്യമായി നിയമയുദ്ധം നയിക്കാന്‍ പ്രേരിപ്പിച്ച സംഭവം.  ഭോപ്പാല്‍ ദുരന്തത്തിനുശേഷം രാജ്യത്തെ തന്നെഏറ്റവും വലിയ വിഷദുരന്തമായി കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരന്തം അറിയപ്പെട്ടു. 2002ല്‍ കേരള ഹൈക്കോടതിയും 2004 ല്‍ സംസ്ഥാന സര്‍ക്കാരും എന്‍ഡോസള്‍ഫാന്‍ കേരളത്തില്‍ ഉപയോഗിക്കുന്നത് നിരോധിച്ചു. അപ്പോഴും സംസ്ഥാനത്തേക്ക് അന്യസംസ്ഥാനങ്ങളില്‍നിന്നും എന്‍ഡോസള്‍ഫാന്‍ കൊണ്ടുവരുന്നത് സജീവ ചര്‍ച്ചയായി.   പ്രതിപക്ഷനേതാവായിരുന്ന വി എസ് അച്യുതാനന്ദന്‍ ഇതിനിടെ ദുരന്തബാധിത മേഖല സന്ദര്‍ശിച്ച്  ദുരിതത്തിന്റെ ഭീകരത നേരില്‍ കണ്ട് ബോധ്യപ്പെട്ട് സര്‍ക്കാരിന്റെ ശ്രദ്ധയില്‍കൊണ്ടുവന്നു. പിന്നീട് വിഎസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് താങ്ങും തണലുമായി മാറി.

അമേരിക്ക, ജര്‍മനി, ഡെന്‍മാര്‍ക്ക്, സിങ്കപ്പൂര്‍, നെതര്‍ലാന്റ്, ഫിലിപ്പീന്‍സ്, ബംഗ്ലാദേശ്, കാനഡ, ബ്രിട്ടന്‍, റഷ്യ, കുവൈത്ത്, ശ്രീലങ്ക അടക്കം 80 ലധികം രാജ്യങ്ങള്‍ നിരോധിച്ചപ്പോഴും ഇന്ത്യ മാത്രമാണ് ഈ കീടനാശിനി നിരോധിക്കില്ലെന്ന് ഉറച്ചുപറഞ്ഞത്. എന്‍ഡോസള്‍ഫാന്‍ വിഷമാണെന്ന് തെളിയിക്കുന്നതായി  അന്താരാഷ്ട്രതലത്തില്‍ 200 ഓളം ശാസ്ത്രിയ പഠനങ്ങളും നിലവിലുണ്ട്. എന്‍ഡോസള്‍ഫാന്‍ ദുരന്തം രാജ്യമാകെ ചര്‍ച്ചയായതിനെത്തുടര്‍ന്ന്  ഇതുവരെയായി 16 ഓളം കമ്മിഷനുകളാണ്  പഠിക്കാനായി കാസര്‍കോട്ടെത്തിയത്.
 എന്‍ഡോസള്‍ഫാന്‍ കിടനാശിനി മൂലം ആയിരത്തോളംപേര്‍  രോഗബാധിതരായി മരിക്കുകയും പതിനായിരത്തിലധികംപേര്‍ തീരാരോഗബാധിതരാകയും ചെയ്തതിനാല്‍ കാസര്‍കോട് ജില്ലയില്‍ പഠനമല്ല പരിഹാരമാണ് വേണ്ടതെന്നായിരുന്നു ജനങ്ങളുടെ ആവശ്യം.

janayugom 011011

1 comment:

  1. എന്‍ഡോസള്‍ഫാന്‍ സമ്പൂര്‍ണമായി നിരോധിച്ചുകൊണ്ടുള്ള സുപ്രിംകോടതിയുടെ ഇന്നലത്തെ വിധി കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരന്തമേഖലയില്‍ ആശ്വാസവും പുതിയ പ്രതീക്ഷയും നല്‍കുന്നു. എന്‍ഡോസള്‍ഫാനെതിരെയുള്ള ഒരു വ്യാഴവട്ടക്കാലത്തെ ജനകീയ പോരാട്ടത്തിനും സമരങ്ങള്‍ക്കും ഒടുവിലുള്ള വിജയത്തിത്തെത്തുടര്‍ന്ന് എന്‍ഡോസള്‍ഫാന്‍ കമ്പനിയും കണക്കുപറയേണ്ടിവരും.

    ReplyDelete