Monday, October 10, 2011

പിള്ളയെ രക്ഷിക്കാന്‍ പുതിയ തന്ത്രം

അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയുന്ന മുന്‍ മന്ത്രി ആര്‍ ബാലകൃഷ്ണ പിള്ളയെ രക്ഷിക്കാന്‍ യു ഡി എഫ് പുതിയ തന്ത്രം മെനയുന്നു. എന്നാല്‍ അഴിക്കുന്തോറും മുറുകുന്ന പുതിയ കുരുക്കുകളിലാണ് പിള്ള ചെന്നുപെടുന്നത്.

ഒരു സ്വകാര്യ വാരികയില്‍ പ്രസിദ്ധീകരിക്കുന്ന പിള്ളയുടെ ആത്മകഥയുടെ അവസാന അധ്യായത്തിലാണ് പിള്ളയെകുരുക്കുന്ന പരാമര്‍ശങ്ങള്‍ പിള്ള തന്നെ നടത്തിയത്.
ആശുപത്രിലും ജയിലില്‍ ആയിരിക്കുമ്പോഴും തന്റെ ഫോണ്‍ ഉപയോഗിക്കുന്നത് മനോജ് ആണ്. ഇയാള്‍ മന്ത്രി ഗണേഷ് കുമാറിന്റെ സ്റ്റാഫിലെ അംഗമാണ്. സര്‍ക്കാര്‍ അമനുമതിയോടെയാണ് ഇയാള്‍ പിള്ളയെ ആശുപത്രിയിലും ജയിലിലായിരിക്കുമ്പോഴും പരിചരിക്കുന്നത്. ജയില്‍ പുള്ളിക്ക് സര്‍ക്കാര്‍ വക പരിചാരകന്‍.

ഇതിനിടെ പിള്ളയ്ക്ക് എട്ടിലധികം ഗുരുതരമായ രോഗങ്ങളുണ്ടെന്ന് ആഭ്യന്തര വകുപ്പിന്റെ റിപ്പോര്‍ട്ടും പുറത്ത് വന്നു. ഡിസിലിപിലിഡെമിയ, ഹീമോക്രോമോറ്റോസിസ് വിത്ത് ക്രോണിക്ക് ലിവര്‍ ഡിസീസസ്, ഡയബറ്റിക് മെലിറ്റസ്, ഹിയാറ്റസ് ഹെര്‍മിയ വിത്ത് ജര്‍ഡ്, സര്‍വിക്കല്‍ സ്‌പോണ്ടിലോസിസ്, അഡ്വാന്‍സ്ഡ് കണ്ടക്ഷന്‍ സിസ്റ്റം ഡിസോര്‍ഡര്‍, റൈറ്റ് ബണ്ടില്‍ ബ്രാഞ്ച് ബ്ലോക്ക് വിത്ത് പ്രീമെച്ചര്‍ വെന്‍ട്രിക്കുലാര്‍ കോണ്‍ട്രാക്ഷന്‍സ്, ഡയബറ്റിക്കല്‍ പെരിഫറല്‍ ന്യൂറോപ്പതി എന്നിവയായാണ് പിള്ളയെ ബാധിച്ചിട്ടുള്ള ഗുരുതരമായ രോഗങ്ങള്‍.
തടവില്‍ കഴിയുന്ന ബാലകൃഷ്ണ പിള്ള ജയില്‍ ചട്ടങ്ങള്‍ ലംഘിച്ച് ഫോണ്‍ വിളിച്ചത് വിവാദമായ പശ്ചാത്തലത്തില്‍ പിള്ളയെ രക്ഷിക്കാനുള്ള പുതിയ തന്ത്രമാണ് ആഭ്യന്തര വകുപ്പിന്റെ റിപ്പോര്‍ട്ടെന്നും ആക്ഷപമുണ്ട്.

പിള്ളയുടെ ആശുപത്രിയിലെ സുഖചികിത്സയ്‌ക്കെതിരെ എല്‍ ഡി എഫ് സുപ്രീംകോടതിയെ സമീപിക്കുകയാണ്. നേരത്തേ പിള്ളയ്ക്ക് ശിക്ഷവാങ്ങിക്കൊടുത്ത ശാന്തിഭൂഷണാണ് ഇക്കുറിയും സുപ്രീംകോടതിയില്‍ കേസ് വാദിക്കുന്നത്. ഇത് മുന്‍കൂട്ടികണ്ടാണ് പിള്ളയ്ക്ക് അനുകൂലമായ റിപ്പോര്‍ട്ട് ആഭ്യന്തരവകുപ്പില്‍നിന്നും മുഖ്യമന്ത്രി വാങ്ങിച്ചത്.

പിള്ളയുടെ ഉടമസ്ഥയിലുള്ള വാളകം ശ്രീരാമ വിലാസം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ കൃഷ്ണകുമാര്‍ ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് പിള്ള സംശയത്തിന്റെ നിഴലിലാണ്. ഇതില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവാടാനുള്ള ഉമ്മന്‍ചാണ്ടിയുടെ തന്ത്രമായും ഈ നീക്കം വിലയിരുത്തപ്പെടുന്നുണ്ട്.

ബാലകൃഷ്ണപിള്ളയുടെ രോഗവിവരം ജയില്‍ ഡോക്ടര്‍മാരും മെഡിക്കല്‍ ബോര്‍ഡും സ്ഥിരീകരിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇപ്പോള്‍ ബാലകൃഷ്ണ പിളള ജയിലില്‍ അനുഭവിക്കുന്ന സൗകര്യങ്ങളെല്ലാം സര്‍ക്കാര്‍ അനുവദിച്ചതാണെന്നും ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. പിള്ളയുടെ ആരോഗ്യസ്ഥിതി പരിഗണിച്ചാണ് ജയിലില്‍ എ ക്ലാസ് സൗകര്യങ്ങള്‍ അനുവദിച്ചത്. പിള്ളയെ സ്ഥിരമായി ചികിത്സിക്കുന്നത് സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ്. ഇതിന് അനുവദിക്കണമെന്ന മകളുടെ അപേക്ഷ പരിഗണിച്ചാണ് അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ബന്ധുക്കളെ ഫോണില്‍ വിളിക്കാന്‍ ജയില്‍ പുള്ളികളെ അനുവദിച്ചിട്ടുണ്ട്. ഇതോടനുബന്ധിച്ച് സംസ്ഥാനത്തെ ആറു ജയിലുകളില്‍ കോയിന്‍ ബൂത്ത് സൗകര്യം ലഭ്യമാണെന്നു റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. എന്നാല്‍ പിള്ള വിളിച്ചത് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണെന്നതും ബന്ധുക്കളെമാത്രമല്ല മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരേയും വിളിച്ചുവെന്നതും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെടുന്നില്ല.

ശിക്ഷ ലഭിച്ച് ജയിലില്‍ എത്തിയ ദിവസം മുതല്‍ ജയില്‍ ചട്ടങ്ങള്‍ ലംഘിക്കുന്ന നിലപാടുകളാണ് പിള്ളയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. ചട്ടങ്ങല്‍ ലംഘിച്ച് അന്നത്തെ മുഖ്യമന്ത്രിയായ വി എസ് അച്യുതാനന്ദനെ വിമര്‍ശിക്കുകയും ചട്ടം ലംഘിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തിരുന്നു.

ഇത് തുടര്‍ന്നാല്‍ പരോള്‍ റദ്ദാക്കുമെന്ന് അന്ന് ജയില്‍ ഡി ജി പി രേഖാമൂലം പിള്ളയെ അറിയിക്കുകയും ചെയ്തിരുന്നു. പിന്നീട് അനുവദനീയമായതിലും കൂടുതല്‍ കാലം പിള്ളയ്ക്ക് പരോള്‍ അനുവദിച്ചു. പരോള്‍ തീരുന്നതുവരെ ഇല്ലാതിരുന്ന അസുഖങ്ങളാണ് തിരിച്ച് ജയിലിലെത്തിയ പിള്ളയ്ക്ക് പിടിപെട്ടത്.

തുടര്‍ന്നാണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ അനുവദിച്ചത്. അതുകൊണ്ടാണ് പിള്ളയെ രക്ഷിക്കാനുള്ള മറ്റൊരു ശ്രമത്തിന്റെ ഭാഗമായി ഈ റിപ്പോര്‍ട്ടും പരിഗണിക്കപ്പെടുന്നത്.

janayugom 111011

1 comment:

  1. അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയുന്ന മുന്‍ മന്ത്രി ആര്‍ ബാലകൃഷ്ണ പിള്ളയെ രക്ഷിക്കാന്‍ യു ഡി എഫ് പുതിയ തന്ത്രം മെനയുന്നു. എന്നാല്‍ അഴിക്കുന്തോറും മുറുകുന്ന പുതിയ കുരുക്കുകളിലാണ് പിള്ള ചെന്നുപെടുന്നത്.

    ഒരു സ്വകാര്യ വാരികയില്‍ പ്രസിദ്ധീകരിക്കുന്ന പിള്ളയുടെ ആത്മകഥയുടെ അവസാന അധ്യായത്തിലാണ് പിള്ളയെകുരുക്കുന്ന പരാമര്‍ശങ്ങള്‍ പിള്ള തന്നെ നടത്തിയത്.
    ആശുപത്രിലും ജയിലില്‍ ആയിരിക്കുമ്പോഴും തന്റെ ഫോണ്‍ ഉപയോഗിക്കുന്നത് മനോജ് ആണ്. ഇയാള്‍ മന്ത്രി ഗണേഷ് കുമാറിന്റെ സ്റ്റാഫിലെ അംഗമാണ്. സര്‍ക്കാര്‍ അമനുമതിയോടെയാണ് ഇയാള്‍ പിള്ളയെ ആശുപത്രിയിലും ജയിലിലായിരിക്കുമ്പോഴും പരിചരിക്കുന്നത്. ജയില്‍ പുള്ളിക്ക് സര്‍ക്കാര്‍ വക പരിചാരകന്‍.

    ReplyDelete