Tuesday, October 11, 2011

പൊലീസ് വേട്ടനായ്ക്കളെ നിലയ്ക്കുനിര്‍ത്തുക

മെറിറ്റ് അട്ടിമറിച്ചും പ്രവേശന മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തിയും സ്വന്തക്കാരനെ എന്‍ജിനിയറിങ് കോഴ്സിലേക്ക് തിരുകിക്കയറ്റിയതിനെതിരെ സമരംചെയ്ത വിദ്യാര്‍ഥികള്‍ക്കുനേരെയാണ് തിങ്കളാഴ്ച കോഴിക്കോട്ട് പൊലീസ് വെടിയുതിര്‍ത്തത്. ഒരു വിദ്യാര്‍ഥിയുടെ തുടര്‍പഠനം തടസ്സപ്പെടുത്തുന്ന പ്രശ്നമായി നിസ്സാരവല്‍ക്കരിച്ച് വിദ്യാര്‍ഥിസമരത്തെ താഴ്ത്തിക്കെട്ടാനും സമരംചെയ്യുന്ന വിദ്യാര്‍ഥികളെ തല്ലിയൊതുക്കാനും സര്‍ക്കാര്‍ നിരന്തരശ്രമം നടത്തി. എല്ലാം പരാജയപ്പെട്ടപ്പോഴാണ്, വിദ്യാര്‍ഥികള്‍ക്കുനേരെ മുഖാമുഖംനിന്ന് വെടിയുതിര്‍ക്കാന്‍ പൊലീസിനെ നിയോഗിച്ചത്. ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ സ്വദേശി നിര്‍മല്‍ മാധവ് എന്ന വിദ്യാര്‍ഥിക്കാണ് കോഴിക്കോട് വെസ്റ്റ്ഹില്‍ സര്‍ക്കാര്‍ എന്‍ജിനിയറിങ് കോളേജില്‍ പിന്‍വാതില്‍ പ്രവേശനം നല്‍കിയത്.

കോഴിക്കോട് സര്‍വകലാശാലയ്ക്കു കീഴിലുള്ള തേഞ്ഞിപ്പലത്തെ സ്വാശ്രയ എന്‍ജിനിയറിങ് കോളേജ് വിദ്യാര്‍ഥിയായിരുന്ന നിര്‍മല്‍ രണ്ടുവര്‍ഷം മുമ്പ് ബിടെക് മെക്കാനിക്കല്‍ പഠനം ഉപേക്ഷിച്ചതാണ്. സ്വമേധയാ പഠനം നിര്‍ത്തിയ ആ വിദ്യാര്‍ഥിക്കാണ് സര്‍വകലാശാലാചട്ടങ്ങള്‍ കാറ്റില്‍പറത്തി സര്‍ക്കാര്‍ കോളേജില്‍ അഞ്ചാം സെമസ്റ്ററിലേക്ക് നേരിട്ട് പ്രവേശനം നല്‍കിയത്. നിശ്ചിത ശതമാനം ഹാജരില്ലെങ്കില്‍ പരീക്ഷ എഴുതാന്‍ അനുവദിക്കരുതെന്നാണ് സര്‍വകലാശാലാനിയമം. മൂന്നും നാലും സെമസ്റ്റര്‍ ക്ലാസുകളില്‍ ഹാജരാകാതിരിക്കുകയും പരീക്ഷ എഴുതാതിരിക്കുകയും ചെയ്ത നിര്‍മലിന് സര്‍ക്കാര്‍ എന്‍ജിനിയറിങ് കോളേജില്‍ തുടര്‍പഠനത്തിന് അവസരംനല്‍കിയത് കേട്ടുകേള്‍വിയില്ലാത്ത തട്ടിപ്പാണ്. വെസ്റ്റ്ഹില്‍ കോളേജില്‍ 2010ല്‍ ജനറല്‍ മെറിറ്റില്‍ പ്രവേശനം നേടിയ അവസാന റാങ്ക് 1819 ആയിരുന്നു. ആ കോളേജിലാണ് 22,787-ാം റാങ്കുകാരനായ നിര്‍മലിനെ പ്രവേശിപ്പിച്ചത്. സ്വാശ്രയ എന്‍ജിനിയറിങ് കോളേജില്‍ മാനേജ്മെന്റ് ക്വോട്ടയില്‍ ഉയര്‍ന്ന ഫീസ് നല്‍കി പ്രവേശനം നേടിയ നിര്‍മല്‍ മൂന്നും നാലും സെമസ്റ്ററില്‍ ക്ലാസില്‍ ഹാജരാകുകയോ പരീക്ഷ എഴുതുകയോ ചെയ്യാതെ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയ ആളാണ്. സ്വാശ്രയ കോളേജില്‍ പഠിക്കുന്നയാള്‍ക്ക് സര്‍ക്കാര്‍ കോളേജിലേക്ക് മാറാനുള്ള നടപടിയും അനുവദനീയമല്ല. എല്ലാ ചട്ടങ്ങളും ലംഘിച്ചാണ്, ഒരു ഭരണകക്ഷി എംപിയുടെ ശുപാര്‍ശയില്‍ വഴിവിട്ട പ്രവേശനം നടന്നത്. ഇത് അനുവദിച്ചാല്‍ , നാളെ സര്‍ക്കാരില്‍ സ്വാധീനമുള്ള ആര്‍ക്കും ഇത്തരം കോഴ്സുകളില്‍ നുഴഞ്ഞുകയറാന്‍ കഴിയും. കഷ്ടപ്പെട്ട് പഠിച്ച് യോഗ്യത നേടിയ ആയിരക്കണക്കിന് വിദ്യാര്‍ഥികളെ പുറന്തള്ളി ഇത്തരക്കാര്‍ കടന്നുവരുന്നത്, വലിയ അഴിമതിക്കുള്ള സാധ്യത കൂടിയാണ്. വെറുമൊരു നിര്‍മല്‍ മാധവല്ല, ഉന്നത വിദ്യാഭ്യാസമേഖലയുടെ അന്തഃസത്ത തന്നെയാണ് ഇവിടത്തെ പ്രശ്നം. അതുകൊണ്ടുതന്നെയാണ് വിദ്യാര്‍ഥിസമൂഹം ശക്തമായ സമരത്തിന് നിര്‍ബദ്ധിതരായത്. അനധികൃത പ്രവേശനത്തെ ചോദ്യംചെയ്ത വിദ്യാര്‍ഥികളെ തുടക്കംമുതല്‍ പൊലീസിനെ കയറൂരിവിട്ട് തല്ലിച്ചതയ്ക്കാനാണ് യുഡിഎഫ് സര്‍ക്കാര്‍ തയ്യാറായത്. ഇതിനുമുമ്പുതന്നെ 75 വിദ്യാര്‍ഥികളെ കള്ളക്കേസില്‍ കുടുക്കി. 24 വിദ്യാര്‍ഥികളെ കോഴിക്കോട്ടും 42 വിദ്യാര്‍ഥികളെ മലപ്പുറത്തും റിമാന്‍ഡ് ചെയ്തു. കോഴിക്കോട് നഗരത്തില്‍ ലാത്തിച്ചാര്‍ജ് നടത്തി. കോളേജില്‍ തുടര്‍ച്ചയായി പഠനം മുടങ്ങിയപ്പോള്‍ ചര്‍ച്ചകളിലൂടെ പ്രശ്നത്തിന് പരിഹാരം കാണാന്‍ ശ്രമമുണ്ടായതാണ്. അധ്യാപകരും വിദ്യാര്‍ഥികളും സര്‍ക്കാര്‍ പ്രതിനിധികളുമെല്ലാം കൂടിയാലോചിച്ച് എത്തിയ ധാരണ പക്ഷേ, ഏകപക്ഷീയമായി അട്ടിമറിക്കപ്പെട്ടു.

ഒരു വിദഗ്ധ സമിതിയെ നിയോഗിക്കാനും അതിന്റെ റിപ്പോര്‍ട്ട് വരുന്നതുവരെ നിര്‍മല്‍ മാധവിനെ കോളേജില്‍നിന്ന് മാറ്റിനിര്‍ത്താനുമുള്ള ധാരണയ്ക്ക് ഒരു വിലയും നല്‍കാതെ അയാള്‍ വീണ്ടും ക്ലാസിലെത്തി. വിദഗ്ധസമിതിയില്‍ ഇഷ്ടക്കാരെ കുത്തിത്തിരുകുന്ന നിലയുമുണ്ടായി. ഭരണം കൈയിലുണ്ടെങ്കില്‍ എന്തും ചെയ്യുമെന്ന യുഡിഎഫിന്റെ ധാര്‍ഷ്ട്യമാണരങ്ങേറിയത്. മെറിറ്റില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് ഒരുവിധത്തിലും അംഗീകരിക്കാനാകാത്ത ഈ അവസ്ഥയാണ് വിദ്യാര്‍ഥി സമരത്തിനാധാരം. തീര്‍ത്തും ന്യായമായ ആവശ്യമുയര്‍ത്തിയുള്ള സമരത്തെ പക്ഷേ, വെടിവച്ചു തകര്‍ക്കാനാണ് പൊലീസ് ശ്രമിച്ചത്. ഭീകരമായ ലാത്തിചാര്‍ജിലും ഗ്രനേഡ് പ്രയോഗത്തിലും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി ബിജുവുള്‍പ്പെടെ നിരവധി വിദ്യാര്‍ഥികള്‍ക്കും രണ്ട് രക്ഷിതാക്കള്‍ക്കും സാരമായി പരിക്കേറ്റു. ഗ്രനേഡ് പൊട്ടി ഒരാള്‍ക്ക് പൊള്ളലേറ്റു. വിദ്യാര്‍ഥികള്‍ക്കുനേരെ പേബാധിച്ച മൃഗത്തെപോലെ പൊലീസ് ചാടിവീഴുകയാണുണ്ടായത്. അസിസ്റ്റന്റ് പൊലീസ് കമീഷണര്‍ രാധാകൃഷ്ണപിള്ള റിവോള്‍വര്‍ ഉപയോഗിച്ച് വിദ്യാര്‍ഥികള്‍ക്കുനേരെ നാലുചുറ്റ് വെടിവച്ചു. നേര്‍ക്കുനേരെയുള്ള വെടിവയ്പില്‍ തലനാരിഴയ്ക്കാകാം ജീവാപായം ഒഴിവായത്. ഒരു പ്രകോപനവുമില്ലാതെയാണ് പൊലീസ് ലാത്തിവീശിയത്. തലതല്ലിപ്പൊളിച്ചും കൈകാലുകള്‍ തകര്‍ത്തും വിദ്യാര്‍ഥികളെ കിരാതമായി നേരിട്ട കാക്കിപ്പട എന്‍ജിനിയറിങ് കോളേജിനെ അക്ഷരാര്‍ഥത്തില്‍ ചോരക്കളമാക്കി. പടമെടുക്കാന്‍ ശ്രമിച്ച പത്രഫോട്ടോഗ്രാഫര്‍മാരെയും മാധ്യമപ്രവര്‍ത്തകരെയും ഓടിച്ചിട്ട് തല്ലി. എല്ലാ പരിധിയും വിട്ട നരനായാട്ടാണുണ്ടായത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിനുവേണ്ടി വേട്ടമൃഗങ്ങളായി വിദ്യാര്‍ഥികള്‍ക്കുനേരെ കുരച്ചുചെന്ന പൊലീസുകാര്‍ , തങ്ങളും മനുഷ്യരാണെന്നതും തങ്ങളുടെ കുഞ്ഞുങ്ങളും ഇതുപോലെ പഠിക്കേണ്ടവരാണെന്നതും മറന്നു. നൂറോളം വരുന്ന വിദ്യാര്‍ഥികളെ മുന്നോറോളം സായുധപൊലീസാണ് ആക്രമിച്ചത്. രണ്ടുനിരയായി യുദ്ധത്തിലെന്നതുപോലെയാണ് പൊലീസ് നിലയുറപ്പിച്ചത്. ആസൂത്രിതമായ ആക്രമണമാണിത്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സമ്മതവും പിന്തുണയുമില്ലാതെ ഒരു പൊലീസ് ഓഫീസര്‍ക്കും ഇത്തരം നരനായാട്ടിന് നേതൃത്വം നല്‍കാനാകില്ല. കൂത്തുപറമ്പില്‍ അഞ്ച് യുവാക്കളെ വെടിവച്ചുകൊന്നത് ഒരു ഉന്നത കോണ്‍ഗ്രസ് നേതാവിന്റെ ആസൂത്രണത്തിന്റെ ഭാഗമായിരുന്നെന്ന് ആ പാര്‍ടിയില്‍നിന്നുതന്നെ ഇപ്പോള്‍ വെളിപ്പെടുത്തലുണ്ടായിരിക്കുന്നു. ഈ വെടിവയ്പിന്റെയും പൊലീസ് നരനായാട്ടിന്റെയും ഉള്ളുകള്ളികള്‍ പുറത്തുകൊണ്ടുവരണം. അക്രമികളായ പൊലീസുകാര്‍ക്കും ഗൂഢാലോചകര്‍ക്കും അര്‍ഹമായ കഠിനശിക്ഷ നല്‍കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണം. ഇനി ഒരു വിദ്യാര്‍ഥിക്കുനേരെയും പൊലീസ് അക്രമികളുടെ കൈ പൊങ്ങരുത്-അങ്ങനെ വന്നാല്‍ ആ അക്രമികള്‍ക്ക് ചികിത്സ നല്‍കാന്‍ ജനങ്ങള്‍ക്ക് കഴിയും എന്ന് ഉമ്മന്‍ചാണ്ടി മറക്കരുത്.

ദേശാഭിമാനി മുഖപ്രസംഗം 111011

1 comment:

  1. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സമ്മതവും പിന്തുണയുമില്ലാതെ ഒരു പൊലീസ് ഓഫീസര്‍ക്കും ഇത്തരം നരനായാട്ടിന് നേതൃത്വം നല്‍കാനാകില്ല. കൂത്തുപറമ്പില്‍ അഞ്ച് യുവാക്കളെ വെടിവച്ചുകൊന്നത് ഒരു ഉന്നത കോണ്‍ഗ്രസ് നേതാവിന്റെ ആസൂത്രണത്തിന്റെ ഭാഗമായിരുന്നെന്ന് ആ പാര്‍ടിയില്‍നിന്നുതന്നെ ഇപ്പോള്‍ വെളിപ്പെടുത്തലുണ്ടായിരിക്കുന്നു. ഈ വെടിവയ്പിന്റെയും പൊലീസ് നരനായാട്ടിന്റെയും ഉള്ളുകള്ളികള്‍ പുറത്തുകൊണ്ടുവരണം. അക്രമികളായ പൊലീസുകാര്‍ക്കും ഗൂഢാലോചകര്‍ക്കും അര്‍ഹമായ കഠിനശിക്ഷ നല്‍കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണം. ഇനി ഒരു വിദ്യാര്‍ഥിക്കുനേരെയും പൊലീസ് അക്രമികളുടെ കൈ പൊങ്ങരുത്-അങ്ങനെ വന്നാല്‍ ആ അക്രമികള്‍ക്ക് ചികിത്സ നല്‍കാന്‍ ജനങ്ങള്‍ക്ക് കഴിയും എന്ന് ഉമ്മന്‍ചാണ്ടി മറക്കരുത്.

    ReplyDelete