Friday, October 14, 2011

കേന്ദ്രത്തിന്റെ അഴിമതി വിരുദ്ധത തട്ടിപ്പ് കാരാട്ട്

കേന്ദ്രസര്‍ക്കാരിന്റെ അഴിമതിവിരുദ്ധ നിലപാട് വെറും തട്ടിപ്പാണെന്ന് സിപിഐ എം ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ട് ചൂണ്ടിക്കാട്ടി. കേന്ദ്ര നിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദിന്റെയും ടെലികോം മന്ത്രി കപില്‍ സിബലിന്റെയും പ്രസ്താവന അഴിമതിക്കെതിരെയുള്ള നിലപാട് ആത്മാര്‍ഥതയില്ലാത്തതാണെന്നതിന്റെ തെളിവാണെന്ന് കാരാട്ട് പറഞ്ഞു. ഇ ബാലാനന്ദന്‍ ഗവേഷണ ഫൗണ്ടേഷന്റെ ആസ്ഥാനമന്ദിരത്തിന് ശിലാസ്ഥാപനം നിര്‍വഹിച്ചശേഷം കളമശേരിയില്‍ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഴിമതിക്കേസുകളില്‍ ബിസിനസുകാരെ ജയിലിലടച്ചാല്‍ , രാജ്യത്ത് നിക്ഷേപം വരില്ലെന്ന് നിയമമന്ത്രി പറയുമ്പോള്‍ 22 ടെലികോം കമ്പനികള്‍ അനധികൃതമായി നേടിയ ലൈസന്‍സ് റദ്ദാക്കില്ലെന്നാണ് കപില്‍ സിബലിന്റെ പ്രഖ്യാപനം. രാഷ്ട്രീയനേതൃത്വവും കോര്‍പറേറ്റ് ബിസിനസുകാരും ഉദ്യോഗസ്ഥമേധാവികളും ഉള്‍പ്പെട്ട അവിഹിത കൂട്ടുകെട്ടിന്റേതാണ് ഭരണം. രാജ്യത്തെ മുഴുവന്‍ വന്‍ അഴിമതികളുടെയും പിന്നില്‍ ഈ സംഘമാണ്. ഈ സംഘത്തെ തകര്‍ക്കാതെ അഴിമതി തടയാനാവില്ല. ഈ സ്ഥിതിവിശേഷത്തിലേക്ക് രാജ്യത്തെ എത്തിച്ചത് ആഗോളവല്‍ക്കരണ സാമ്പത്തികനയമാണ്. രാജ്യത്തെ സാമ്പത്തികനയവും അതിന്റെ ഉല്‍പ്പന്നമായി വളര്‍ന്നകോര്‍പറേറ്റ് വ്യവസായികളും അവിഹിത കൂട്ടുകെട്ടുമാണ് അഴിമതിയുടെ മുഖ്യകാരണവും പിന്‍ബലവും. ഒരു മന്ത്രിയെയോ ഉദ്യോഗസ്ഥനെയോ ജയിലിലടച്ചാല്‍ അഴിമതി തീരില്ല. സാമ്പത്തികനയം തിരുത്താതെ അഴിമതി തടയാനാവില്ല. ഈ വസ്തുത കാണുന്നില്ലെന്നതാണ് അണ്ണാ ഹസാരെ സംഘത്തിന്റെ അഴിമതിവിരുദ്ധ പ്രവര്‍ത്തനത്തിന്റെ ദൗര്‍ബല്യം. അണ്ണാ ഹസാരെ സംഘം സംഘടിപ്പിക്കാന്‍ ശ്രമിക്കുന്ന ജനമുന്നേറ്റത്തിന് ലക്ഷ്യത്തില്‍ എത്താന്‍കഴിയില്ല. സാമ്പത്തികനയം തിരുത്തിക്കാന്‍ വമ്പിച്ച ജനമുന്നേറ്റം അനിവാര്യമാണ്. നവംബര്‍ എട്ടിന് ട്രേഡ് യൂണിയനുകള്‍ ആഹ്വാനംചെയ്ത ദേശീയ പണിമുടക്കിലൂടെ ഈ വഴിയുള്ള ജനമുന്നേറ്റമാണ് ഇന്ത്യന്‍ തൊഴിലാളിവര്‍ഗം ലക്ഷ്യമിടുന്നത്- കാരാട്ട് വിശദീകരിച്ചു.

യൂറോപ്യന്‍രാജ്യങ്ങളിലാകെ തൊഴിലാളിവര്‍ഗത്തിന്റെ നേതൃത്വത്തില്‍ മുന്നേറ്റം ശക്തിപ്പെടുകയാണ്. ഗ്രീസില്‍ രണ്ടുവര്‍ഷമായി എല്ലാ മാസവും പണിമുടക്ക് നടക്കുന്നു. തൊഴിലവസരങ്ങര്‍ കുറയ്ക്കുക, തൊഴിലാളികളുടെ ശമ്പളവും സാമൂഹ്യസുരക്ഷാ പദ്ധതികളും കുറയ്ക്കുക തുടങ്ങി, തൊഴിലാളികളെ കടന്നാക്രമിക്കുന്ന സമീപനമാണ് പ്രതിസന്ധിക്ക് മറുമരുന്നായി മുതലാളിത്ത ഭരണകൂടങ്ങള്‍ കാണുന്നത്. ഇതിനെതിരെയുള്ള തൊഴിലാളിമുന്നേറ്റം അപ്രതിരോധമാകുന്നുവെന്നതാണ് വസ്തുത- കാരാട്ട് പറഞ്ഞു. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം എം ലോറന്‍സ് അധ്യക്ഷനായി. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ , സിഐടിയു പ്രസിഡന്റ് എ കെ പത്മനാഭന്‍ , സംസ്ഥാന പ്രസിഡന്റ് കെ എന്‍ രവീന്ദ്രനാഥ് എന്നിവരും സംസാരിച്ചു. ഫൗണ്ടേഷന്‍ സെക്രട്ടറി കെ ചന്ദ്രന്‍പിള്ള സ്വാഗതം പറഞ്ഞു.

ദേശാഭിമാനി 151011

1 comment:

  1. കേന്ദ്രസര്‍ക്കാരിന്റെ അഴിമതിവിരുദ്ധ നിലപാട് വെറും തട്ടിപ്പാണെന്ന് സിപിഐ എം ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ട് ചൂണ്ടിക്കാട്ടി. കേന്ദ്ര നിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദിന്റെയും ടെലികോം മന്ത്രി കപില്‍ സിബലിന്റെയും പ്രസ്താവന അഴിമതിക്കെതിരെയുള്ള നിലപാട് ആത്മാര്‍ഥതയില്ലാത്തതാണെന്നതിന്റെ തെളിവാണെന്ന് കാരാട്ട് പറഞ്ഞു. ഇ ബാലാനന്ദന്‍ ഗവേഷണ ഫൗണ്ടേഷന്റെ ആസ്ഥാനമന്ദിരത്തിന് ശിലാസ്ഥാപനം നിര്‍വഹിച്ചശേഷം കളമശേരിയില്‍ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    ReplyDelete