Friday, October 14, 2011

സംസ്ഥാന വാര്‍ത്തകള്‍ - വൃന്ദ, ഗൌരി അമ്മ, കുട്ടനാട് പാക്കേജ്

കേരളത്തില്‍ ലാത്തിച്ചാര്‍ജ് ഭരണം: വൃന്ദ

കണ്ണൂര്‍ : കേരളത്തില്‍ നടക്കുന്നത് ലാത്തിച്ചാര്‍ജ് ഭരണമാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട് പറഞ്ഞു. ന്യായമായ ആവശ്യങ്ങളുന്നയിച്ച് പ്രക്ഷോഭത്തിനിറങ്ങുന്ന വിദ്യാര്‍ഥികളെ തല്ലിച്ചതയ്ക്കുന്നു. വിദ്യാര്‍ഥികളെ വെടിവയ്ക്കുകയും കടന്നാക്രമിക്കുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് അവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

എംപിയുടെ ഗണ്‍മാന്‍ യുവാവിനെ അടിച്ചുകൊന്നത് ഞെട്ടിക്കുന്ന സംഭവമാണ്. കുറ്റവാളികള്‍ക്കെതിര കര്‍ശന നടപടി വേണം. അഡ്വ. പ്രശാന്ത്ഭൂഷണെ ഹിന്ദു വര്‍ഗീയവാദികള്‍ ആക്രമിച്ചത് അങ്ങേയറ്റം അപലപനീയമാണ്. ശ്രീരാംസേന നേരത്തെ കര്‍ണാടകത്തില്‍ അക്രമം അഴിച്ചുവിട്ട ഘട്ടത്തില്‍ കര്‍ശന നടപടിയുണ്ടായില്ല. രാജസ്ഥാനിലും ഗുജറാത്തിലും ഉത്തരാഖണ്ഡിലും ന്യൂനപക്ഷവിഭാഗങ്ങള്‍ക്കെതിരെ അരങ്ങേറുന്ന അതിക്രമങ്ങള്‍ അത്യന്തം ഉല്‍കണ്ഠ ഉളവാക്കുന്നതാണ്. ഭക്ഷ്യസുരക്ഷയെക്കുറിച്ച് ആശങ്കപ്പെടുമ്പോള്‍തന്നെ ആറു കോടി ടണ്‍ ധാന്യമാണ് ഗോഡൗണുകളില്‍ നശിക്കുന്നത്. കേരളത്തിലെ മാതൃകാപരമായ പൊതുവിതരണസമ്പ്രദായത്തെക്കുറിച്ച് അറിയാവുന്നയാളാണ് കേന്ദ്ര ഭക്ഷ്യ സഹമന്ത്രി. സമഗ്രമായ ലോക്പാല്‍ നിയമം കൊണ്ടുവരാന്‍ കേന്ദ്രം തയ്യാറാവണം. സിപിഐ എമ്മിന് ഇക്കാര്യത്തില്‍ സുവ്യക്ത നിലപാടുണ്ട്. ഇപ്പോള്‍ കൊണ്ടുവന്ന ബില്‍ ദുര്‍ബലമാണ്; വിശ്വാസ്യതയുമില്ല. കോര്‍പറേറ്റുകളും ഭരണരാഷ്ട്രീയക്കാരും തമ്മിലുള്ള അച്ചുതണ്ടാണ് വെളിപ്പെടുന്നത്.

രഥയാത്ര നടത്തുന്ന ബിജെപിക്ക് അഴിമതിയെക്കുറിച്ച് പറയാന്‍ അര്‍ഹതയില്ല. അവര്‍ ഭരിക്കുന്ന കര്‍ണാടകവും ഉത്തരാഖണ്ഡും അഴിമതിയില്‍ മുങ്ങിയിരിക്കുകയാണ്. സാമൂഹ്യമായി ഏറെ മുന്നില്‍നില്‍ക്കുന്ന കേരളത്തില്‍ വര്‍ധിച്ചുവരുന്ന ലൈംഗികാതിക്രമങ്ങള്‍ സ്ത്രീത്വത്തെയും സംസ്കാരത്തെയും അപമാനിക്കലാണ്. സിപിഐ എമ്മിനു മുന്നിലെത്തുന്ന ഇത്തരം പരാതികളില്‍ കര്‍ശന നടപടി സ്വീകരിക്കാറുണ്ടെന്ന് വൃന്ദ പറഞ്ഞു. പി കെ ശ്രീമതി, കെ കെ ശൈലജ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ചട്ടവിരുദ്ധ സ്ഥലംമാറ്റം: ഡെപ്യൂട്ടി ആരോഗ്യ സെക്രട്ടറിയെ സസ്പെന്‍ഡ്ചെയ്യണം

കൊച്ചി: ആരോഗ്യവകുപ്പിലെ സ്റ്റാഫ് നേഴ്സുകള്‍ക്ക് ചട്ടംലംഘിച്ച് അന്തര്‍ജില്ലാ സ്ഥലംമാറ്റം നല്‍കാന്‍ ഉത്തരവിറക്കിയ ആരോഗ്യവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയെ സസ്പെന്‍ഡ്ചെയ്യണമെന്ന് പിഎസ്സി ആക്ഷന്‍കൗണ്‍സില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അന്തര്‍ജില്ലാ സ്ഥലംമാറ്റം അനുവദിക്കുന്ന ഉത്തരവ് ചൊവ്വാഴ്ചയാണ് പുറത്തിറക്കിയത്. ജില്ലാതല നിയമനം ലഭിച്ചവര്‍ക്ക് അന്തര്‍ജില്ലാ സ്ഥലംമാറ്റം ലഭിക്കാന്‍ നിയമനം കിട്ടിയ ജില്ലയില്‍ ചുരുങ്ങിയത് അഞ്ചുവര്‍ഷമെങ്കിലും സേവനം പൂര്‍ത്തിയാക്കണമെന്ന വ്യവസ്ഥ ലംഘിച്ചാണ് ഉത്തരവെന്നും പിഎസ്സി ആക്ഷന്‍കൗണ്‍സില്‍ സെക്രട്ടറി കെ എച്ച് സുധീര്‍ ആരോപിച്ചു.

ജില്ലയില്‍ മൊത്തം ഒഴിവുകളുടെ 10 ശതമാനം മാത്രമേ അന്തര്‍ജില്ലാ സ്ഥലംമാറ്റത്തിന് ഉപയോഗിക്കാവു. ഇതില്‍ ഭേദഗതി വരുത്താന്‍ മന്ത്രിസഭാ തീരുമാനം വേണം. ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കുപോലും ഇത്തരത്തില്‍ ഉത്തരവ് പുറപ്പെടുവിക്കാന്‍ അധികാരമില്ലെന്നിരിക്കെയാണ് ഡെപ്യൂട്ടി സെക്രട്ടറി ഉത്തരവിറക്കിയത്. മെഡിക്കല്‍ കോളേജുകളില്‍നിന്ന് ഓപ്ഷന്‍ നല്‍കാത്തതിന്റെ പേരില്‍ പുറത്തായ നേഴ്സുമാരെ നിയമിക്കാനെന്ന വ്യാജേനയാണ് അന്തര്‍ജില്ലാ സ്ഥലംമാറ്റം നടത്തുന്നത്. സ്റ്റാഫ് നേഴ്സ് വിഭാഗത്തിനു മാത്രമാണ് ഇളവുള്ളതെന്ന് പറയുന്നുണ്ടെങ്കിലും ആരോഗ്യവകുപ്പിലെ മറ്റു ജീവനക്കാരും ഈ ആനുകൂല്യത്തിന്റെ മറവില്‍ സ്ഥലംമാറ്റം നേടിയെടുക്കുന്നുണ്ട്. നിലവിലുള്ള പിഎസ്സി ലിസ്റ്റുകളില്‍നിന്ന് നിയമനം നടത്താന്‍ ഇത് തടസ്സമാവുകയും ലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികളെ ഉത്തരവ് ദോഷകരമായി ബാധിക്കുകയും ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ നീതു സേവ്യര്‍ , റസിയ പി ബഷീര്‍ , സിബിസൈമണ്‍ , രാഖി മോഹന്‍ എന്നിവരും പങ്കെടുത്തു.

കുട്ടനാട് പാക്കേജ്: പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ വകുപ്പുകളുടെ മത്സരം

ആലപ്പുഴ: കുട്ടനാട് പാക്കേജിന്റെ നിര്‍വഹണ ചുമതലയുള്ള വകുപ്പുകള്‍ വാഹനങ്ങള്‍ വാങ്ങിക്കൂട്ടാന്‍ മത്സരിക്കുന്നു. വിലയേറിയ ഇരുപതോളം വാഹനങ്ങള്‍ ഉദ്യോഗസ്ഥര്‍ ഇതിനകം വാങ്ങി. അതതു വകുപ്പുകളുടെ വാഹനങ്ങള്‍ മതിയാകാതെ വന്നാല്‍ ഓരോ വകുപ്പിനും പാക്കേജിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു ജീപ്പ് വാങ്ങാന്‍ അനുമതി നല്‍കിയിരുന്നു. ഇതിന്റെ മറവില്‍ മിക്കവാറും വകുപ്പുകള്‍ മൂന്നും അതിലേറെയും വാഹനങ്ങള്‍ വാങ്ങി. ഒന്നേകാല്‍ കോടിയിലേറെ രൂപ പുത്തന്‍ വാഹനങ്ങള്‍ക്കായി ചെലിവിട്ടതായാണ് കണക്ക്. വില കൂടിയ സ്കോര്‍പ്പിയോ, ബൊലോറ എന്നിവയാണ് വാങ്ങിയത്. ഒക്ടോബര്‍ ഒന്നിനു തയ്യാറാക്കിയ പുതുക്കിയ കണക്കനുസരിച്ച് 1292.60 കോടി രൂപയുടെ പദ്ധതികളാണ് പാക്കേജില്‍ അംഗീകരിച്ചിട്ടുള്ളത്. ഇതില്‍ 83.54 കോടി അനുവദിച്ചു. ഇതിനകം ചെലവിട്ടത് 54.47 കോടി മാത്രം. അനുവദിച്ച തുകയില്‍ 65.20 ശതമാനം വരുമിത്. ഇതില്‍നിന്നാണ് വാഹനങ്ങള്‍ക്കായി തുക വകമാറ്റി ചെലവിട്ടത്. ഇതിനുപിന്നില്‍ അഴിമതിയുണ്ടെന്നും ആരോപണം ഉയര്‍ന്നു.

ജലസേചന വകുപ്പാണ് കൂടുതല്‍ വാഹനങ്ങള്‍ വാങ്ങിയത്- 12. കൃഷി എന്‍ജിനീയറിങ് വകുപ്പ് മൂന്നും പാക്കേജ് സ്പെഷല്‍ ഓഫീസര്‍ മൂന്നും വാഹനങ്ങള്‍ വാങ്ങി. മത്സ്യഫെഡ്, ഫിഷറീസ് റിസോഴ്സസ് മാനേജ്മെന്റ സൊസൈറ്റി (ഫിര്‍മ), കാര്‍ഷിക സര്‍വകലാശാല എന്നിവയൊക്കെ പാക്കേജിന്റെ പേരില്‍ പദ്ധതി തുക ഉപയോഗിച്ച് വാഹനങ്ങള്‍ വാങ്ങി. പന്ത്രണ്ട് സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനത്തിലാണ് കുട്ടനാട് പാക്കേജ് നടപ്പാക്കുന്നത്. മുഖ്യമന്ത്രി അധ്യക്ഷനായ കുട്ടനാട് പ്രോസ്പിരിറ്റി കൗണ്‍സിലിനാണ് പ്രോജക്ട് ഏകോപനത്തിനും വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കുന്നതിനുമുള്ള മുഖ്യചുമതല. കൗണ്‍സിലിന്റെ നിര്‍ദേശം മറികടന്നാണ് ജീപ്പിനുപകരം വിലയേറിയ പുത്തന്‍ വാഹനങ്ങള്‍ ഉദ്യോഗസ്ഥര്‍ വാങ്ങുന്നത്. മങ്കൊമ്പ് തെക്കേക്കരയില്‍ പ്രവര്‍ത്തിക്കുന്ന കുട്ടനാട് പാക്കേജിന്റെ മുഖ്യകേന്ദ്രത്തിനു സ്വന്തമായി സൈക്കിള്‍ പോലും ഇല്ലാത്തപ്പോഴാണ് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കായി വകുപ്പുകള്‍ അഴിമതി കാട്ടുന്നത്. മറ്റു വകുപ്പുകളും വില കൂടിയ വാഹനങ്ങള്‍ വാങ്ങാന്‍ ശ്രമിക്കുകയാണെന്നും അറിയുന്നു.

വൈദ്യുതി പ്രതിസന്ധിക്ക് ഉത്തരവാദി വകുപ്പുമന്ത്രി: ഗൗരിയമ്മ

ആലപ്പുഴ: വകുപ്പുമന്ത്രിയുടെ പിടിപ്പുകേടും കാര്യക്ഷമതയില്ലായ്മയുമാണ് സംസ്ഥാനം അഭിമുഖീകരിക്കുന്ന വൈദ്യുതിപ്രതിസന്ധിക്കു കാരണമെന്ന് ജെഎസ്എസ് ജനറല്‍ സെക്രട്ടറി കെ ആര്‍ ഗൗരിയമ്മ പറഞ്ഞു. ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഗൗരിയമ്മ. കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത് യുഡിഎഫുമായുണ്ടായ അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിച്ചുവെന്ന് പറയാനാവില്ല. ഏറെക്കുറെ പൊരുത്തപ്പെട്ടുപോകുന്നുവെന്നേയുള്ളു. ജെഎസ്എസ് അന്നെടുത്ത നിലപാട് ശരിയാണെന്നാണ് ഇപ്പോഴും അഭിപ്രായം. ബോര്‍ഡ്-കോര്‍പ്പറേഷന്‍ ചെയര്‍മാന്മാരില്‍ അഞ്ചുപേര്‍ ജെഎസ്എസിനു വേണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. 11 സ്ഥാനമായിരുന്നു തങ്ങള്‍ ആവശ്യപ്പെട്ടിരുന്നത്. കിട്ടുന്ന ചുമതലകള്‍ നിര്‍വഹിക്കുന്നതാണ് ഭരണം. മാറിമാറിവന്ന മന്ത്രിമാര്‍ക്ക് പലര്‍ക്കും അതിന് കഴിഞ്ഞിട്ടില്ലെന്നും ഗൗരിയമ്മ പറഞ്ഞു.

സൗമ്യ കേസ്: ഡോ. ഉന്മേഷിനെ വീണ്ടും വിസ്തരിക്കും

തൃശൂര്‍ : മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച സൗമ്യ കേസില്‍ വിവാദമൊഴി നല്‍കിയ തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് അസി. പ്രൊഫസര്‍ ഡോ. എ കെ ഉന്മേഷിനെ 15ന് വീണ്ടും വിസ്തരിക്കും. വാദത്തിലേക്ക് കടക്കാനിരുന്ന കേസ് വീണ്ടും വിസ്തരിക്കാന്‍ അതിവേഗകോടതി ജഡ്ജി കെ രവീന്ദ്രബാബുവാണ് ഉത്തരവിട്ടത്. ഡോ. ഉന്മേഷില്‍നിന്ന് കോടതി തെളിവുകള്‍ പരിശോധിക്കും. പ്രോസിക്യൂഷന് എതിരായി മൊഴി നല്‍കിയ ഡോ. ഉന്മേഷിനെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് മലയാളവേദി ചെയര്‍മാന്‍ ജോര്‍ജ് വട്ടുകുളം നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ഹര്‍ജിയില്‍ കേസ് എടുക്കണമോ എന്ന കാര്യം വെള്ളിയാഴ്ച പരിഗണിക്കും.

പ്രോസിക്യൂഷന്‍ തെളിവുകള്‍ ദുര്‍ബലപ്പെടുത്താനാണ് ഡോക്ടര്‍ മൊഴി നല്‍കിയതെന്ന് ഹര്‍ജിയില്‍ പറയുന്നു. പ്രോസിക്യൂഷന്‍ ഹാജരാക്കിയ "പോസ്റ്റ്മോര്‍ട്ടം അസൈന്‍മെന്റ് രജിസ്റ്റര്‍" സുരക്ഷിതമായി കസ്റ്റഡിയില്‍ സൂക്ഷിക്കാന്‍ കോടതി നിര്‍ദേശിച്ചു. പോസ്റ്റ്മോര്‍ട്ടം കുറിപ്പുകള്‍ ഹാജരാക്കാനും നിര്‍ദേശിച്ചു. പോസ്റ്റ്മോര്‍ട്ടം നടത്തിയത് ഡോ. ഷെര്‍ളി വാസുവും താനും അടങ്ങുന്ന ടീമാണെന്ന് ഡോ. ഉന്മേഷ് രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. രജിസ്റ്ററില്‍ ഷെര്‍ളി വാസുവിന്റെ പേര് എഴുതിയത് താനാണെന്നും ഉന്മേഷ് കോടതിയില്‍ സമ്മതിച്ചു. പോസ്റ്റ്മോര്‍ട്ടം നടത്തിയത് ഉന്മേഷാണെന്ന് ആവര്‍ത്തിച്ച അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പി എസ് ഈശ്വരന്‍ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കത്തിലോ കണ്ടെത്തലുകളിലോ തന്റെ കക്ഷിക്ക് അഭിപ്രായവ്യത്യാസമില്ലെന്ന് വ്യക്തമാക്കി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ഏറ്റുവാങ്ങിയതും നടപടിയാരംഭിച്ചതും താനാണെന്നും ഉന്മേഷ് പറഞ്ഞു. ഇതിന്റെ കുറിപ്പും നല്‍കി. ഇത് തെളിയിക്കാന്‍ തയ്യാറാണ്. അന്വേഷണത്തെ ഭയമില്ല. ഫോറന്‍സിക് മേധാവിയുടെ മൊഴി അറിഞ്ഞിരുന്നില്ല. എതിരായി മൊഴി നല്‍കിയെന്ന വാദം ശരിയല്ലെന്നും ഉന്മേഷ് പറഞ്ഞു.
ഉന്മേഷ് തയ്യാറാക്കിയ പോസ്റ്റ്മോര്‍ട്ടം കുറിപ്പുകളും അഭിഭാഷകന്‍ ഹാജരാക്കി. 28 പേജുള്ള റിപ്പോര്‍ട്ടില്‍ ഡോക്ടര്‍മാരുടെ ഒപ്പുണ്ട്. പുനര്‍വിസ്താരം നടത്തുമ്പോള്‍ തങ്ങള്‍ക്ക് പറയാനുള്ളതും കേള്‍ക്കണമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ പി എ ശിവരാജന്‍ ആവശ്യപ്പെട്ടു. തെറ്റായ മൊഴി നല്‍കിയ ഉന്മേഷിനെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കോടതികവാടത്തിലേക്ക് മാര്‍ച്ച് നടത്തി. ഡോ. ഉന്മേഷിന് പൊലീസ് സംരക്ഷണം നല്‍കിയിരുന്നു.

ഫാക്ടംഫോസിന് വീണ്ടും വില കൂട്ടുന്നു

കൊച്ചി: ഫാക്ട് ഉല്‍പ്പാദിപ്പിക്കുന്ന അമോണിയം ഫോസ്ഫേറ്റിന് (ഫാക്ടംഫോസ്) വീണ്ടും വില ഉയര്‍ത്താന്‍ നീക്കം. ടണ്ണിന് 1000 രൂപ വര്‍ധിപ്പിക്കാനാണ് നീക്കം. 20 നകം ചേരുന്ന കമ്പനി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നറിയുന്നു. വളം വിലനിര്‍ണയാവകാശം കമ്പനികള്‍ക്കു നല്‍കിയശേഷം അഞ്ചാം തവണയാണ് വില ഉയര്‍ത്തുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടിയിലേറെയാണ് ഇപ്പോഴത്തെ വില. സ്വകാര്യകമ്പനികള്‍ ഉള്‍പ്പെടെയുള്ളവ ഉല്‍പ്പാദിപ്പിക്കുന്ന അമോണിയം ഫോസ്ഫേറ്റിന് ഫാക്ടിന്റേതിനേക്കാള്‍ ഉയര്‍ന്ന വിലയാണ്. ഈ അന്തരം മുതലെടുക്കാനാണ് ഫാക്ട് വില വീണ്ടും ഉയര്‍ത്തുന്നത്.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ക്കിത് ഇരുട്ടടിയാകും. വിലനിര്‍ണയാവകാശം കമ്പനികള്‍ക്ക് നല്‍കുംമുമ്പ് 2010 മാര്‍ച്ചില്‍ ടണ്ണിന് 6295 രൂപയായിരുന്നു ഫാക്ടംഫോസ് വില. നാലു ഘട്ടങ്ങളിലായി വര്‍ധിപ്പിച്ചപ്പോള്‍ വില 12,932 രൂപയായി. എന്നാല്‍ ഇന്ത്യന്‍ പൊട്ടാഷ് ലിമിറ്റഡ്, ബംഗളൂരു കെമിക്കല്‍ ഫെര്‍ട്ടിലൈസേഴ്സ് തുടങ്ങിയ കമ്പനികള്‍ തങ്ങളുടെ ഉല്‍പ്പന്നത്തിന് 14,800 രൂപയാണ് ഈടാക്കുന്നത്. ഈ സാഹചര്യത്തില്‍ കുറഞ്ഞത് 1000 രൂപയെങ്കിലും ഉയര്‍ത്തി 13,900 രൂപയോളമായി വില നിശ്ചയിക്കാനാണ് നീക്കം. 2010 മാര്‍ച്ചില്‍ 50 കിലോഗ്രാമിന്റെ ചാക്കിന് 315 രൂപയായിരുന്നത് 640 ആയി. ഇത് 700 രൂപയോളമായി വര്‍ധിപ്പിച്ചേക്കുമെന്നാണ് സൂചന.

കേരളത്തിനു പുറമെ തമിഴ്നാട്, ആന്ധ്രപ്രദേശ്, കര്‍ണാടകം എന്നീ സംസ്ഥാനങ്ങളിലാണ് ഫാക്ടംഫോസ് വില്‍പ്പന അനുവദിച്ചിട്ടുള്ളത്. വളം സബ്സിഡി കര്‍ഷകര്‍ക്ക് നേരിട്ടു കൊടുക്കുമെന്ന കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനത്തിലെ അവ്യക്തതയും കര്‍ഷകര്‍ക്ക് വിനയാകുകയാണ്. ഇക്കാര്യത്തില്‍ ഇനിയും കൃത്യമായ മാനദണ്ഡം പ്രഖ്യാപിച്ചിട്ടില്ല. അര്‍ഹരായ പലര്‍ക്കും ആനുകൂല്യം നഷ്ടമാകാനും അനര്‍ഹര്‍ ഇത് തട്ടിയെടുക്കാനുള്ള സാധ്യത ഏറെയാണ്. ഫലത്തില്‍ വളത്തിന്റെ വിലക്കയറ്റം കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലയും ഗണ്യമായി ഉയര്‍ത്തും. ഇതിന്റെ ദുരിതം മുഴുവന്‍ ജനങ്ങളും ഏറ്റുവാങ്ങേണ്ടിയും വരും.

ദേശാഭിമാനി 141011

1 comment:

  1. കേരളത്തില്‍ നടക്കുന്നത് ലാത്തിച്ചാര്‍ജ് ഭരണമാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട് പറഞ്ഞു. ന്യായമായ ആവശ്യങ്ങളുന്നയിച്ച് പ്രക്ഷോഭത്തിനിറങ്ങുന്ന വിദ്യാര്‍ഥികളെ തല്ലിച്ചതയ്ക്കുന്നു. വിദ്യാര്‍ഥികളെ വെടിവയ്ക്കുകയും കടന്നാക്രമിക്കുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് അവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

    ReplyDelete