Sunday, October 2, 2011

മിസ്‌ത്രി വന്നു; ചായ്‌വ് വിവാദമായി

കെപിസിസി-ഡിസിസി പുനഃസംഘടനാതര്‍ക്കം തീര്‍ക്കാനെത്തിയ എഐസിസി ജനറല്‍ സെക്രട്ടറി മധുസൂദനന്‍ മിസ്ത്രിയുടെ ഉമ്മന്‍ചാണ്ടിചായ്വ് കോണ്‍ഗ്രസില്‍ വിവാദമായി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നയിക്കുന്ന എ ഗ്രൂപ്പും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ വിശാല ഐയും ഓരോ സ്ഥാനത്തിനുവേണ്ടിയും പോരാടുകയാണ്. ഇതിനിടയില്‍ , മിസ്ത്രി ഉമ്മന്‍ചാണ്ടിയോട് ചായ്വ് കാട്ടി തിരുവനന്തപുരത്ത് സംസാരിച്ചത് ഐ വിഭാഗത്തെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഉമ്മന്‍ചാണ്ടിക്ക് ദേശീയമായി അംഗീകാരം ലഭിച്ചുകൊണ്ടിരിക്കുന്ന വേളയില്‍ മുഖ്യമന്ത്രിക്ക് കരുത്തുപകരുന്നതാകണം സംഘടനാപുനഃസംഘടനയെന്ന മിസ്ത്രിയുടെ നിര്‍ദേശമാണ് വിവാദമായത്. ഏതെങ്കിലും കേസുകളുടെ പേരില്‍ ഉമ്മന്‍ചാണ്ടിയെ ഭരണത്തില്‍നിന്ന് അട്ടിമറിക്കാന്‍ ആരും പരിശ്രമിക്കരുതെന്നും ഇദ്ദേഹം പറഞ്ഞു. ഈവിധത്തിലെ പരാമര്‍ശം അനവസരത്തിലുള്ളതാണെന്നാണ് ചെന്നിത്തലപക്ഷക്കാരുടെ അഭിപ്രായം. ഞായറാഴ്ച കൊല്ലത്ത് നേതാക്കളെ കണ്ടശേഷം തിങ്കളാഴ്ച തിരുവനന്തപുരത്ത് മിസ്ത്രി തിരിച്ചെത്തി സംസ്ഥാനനേതാക്കളുമായി ചര്‍ച്ച നടത്തും.

ഇതിനിടെ, കോണ്‍ഗ്രസ് പുനഃസംഘടനയില്‍ യുവാക്കള്‍ക്ക് പങ്കാളിത്തം വേണമെന്ന ആവശ്യവുമായി യൂത്ത്കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. രാഹുല്‍ഗാന്ധിയോടും ഹൈക്കമാന്‍ഡ് നേതാക്കളോടും ഈ ആവശ്യം ഇവര്‍ ഉന്നയിച്ചു. കോഴിക്കോട്ട് ടി സിദ്ദിഖും ആലപ്പുഴയില്‍ എം ലിജുവും ഡിസിസി പ്രസിഡന്റുമാരായും കെ പി അനില്‍കുമാര്‍ കെപിസിസി ഭാരവാഹിയായും സ്ഥാനം നേടുന്നതിന് ഉദ്ദേശിച്ചുള്ളതാണ് ഈ സമ്മര്‍ദം. തിരുവനന്തപുരം ഡിസിസി പ്രസിഡന്റായി മോഹന്‍കുമാര്‍ , ശരത്ചന്ദ്രപ്രസാദ്, തമ്പാനൂര്‍ രവി എന്നിവരുടെ പേരുകള്‍ മിസ്ത്രിയുടെ മുമ്പാകെ നേതാക്കള്‍ ഉന്നയിച്ചിട്ടുണ്ട്. വിശാല ഐ ഗ്രൂപ്പിലെ മോഹന്‍കുമാര്‍ നേരത്തെ ഡിസിസി പ്രസിഡന്റായിരുന്നു. ഖാദിബോര്‍ഡ് വൈസ് ചെയര്‍മാനാകുന്നതിനാണ് ഇദ്ദേഹത്തിന് കൂടുതല്‍ താല്‍പ്പര്യം. മറ്റേതെങ്കിലും ജില്ല വിശാല ഐക്ക് നല്‍കി, തിരുവനന്തപുരം ഏറ്റെടുക്കാന്‍ എ ഗ്രൂപ്പിന് താല്‍പ്പര്യമുണ്ട്. ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായ തമ്പാനൂര്‍ രവിയെ പ്രസിഡന്റാക്കാനാണിത്. കൊല്ലത്ത് കടവൂര്‍ ശിവദാസനെ മാറ്റി ഐ ഗ്രൂപ്പിലെ സുരേഷ്ബാബുവിനെയോ ഹിദുര്‍ മുഹമ്മദിനെയോ കെ കരുണാകരന്‍പിള്ളയെയോ പ്രസിഡന്റാക്കാനാണ് ഉദ്ദേശിക്കുന്നത്. മിസ്ത്രി കൊല്ലത്തെത്തുമ്പോള്‍ എ ഗ്രൂപ്പുകാര്‍ ഷാനവാസ്ഖാന്‍ ഉള്‍പ്പെടെയുള്ള പേരുകള്‍ ഉന്നയിക്കും. രാജ്മോഹന്‍ ഉണ്ണിത്താനെ പ്രസിഡന്റാക്കണമെന്ന അഭിപ്രായമുള്ള ഒരുവിഭാഗം പ്രവര്‍ത്തകരുമുണ്ട്. ഗ്രൂപ്പുകള്‍ക്കതീതമായി ഭാരവാഹികളെ നിശ്ചയിക്കണമെന്ന അഭിപ്രായം വി എം സുധീരന്‍ , മുല്ലപ്പള്ളി രാമചന്ദ്രന്‍ , പി സി ചാക്കോ തുടങ്ങിയവര്‍ ഉന്നയിക്കുന്നുണ്ട്. ഡിസിസി പ്രസിഡന്റുമാരുടെ കസേരയില്‍ വയലാര്‍ രവിയുടെ നാലാംഗ്രൂപ്പിന് ഒന്നുപോലും കിട്ടാന്‍ സാധ്യതയില്ല. ഇത് നാലാംഗ്രൂപ്പിലും പ്രശ്നം സൃഷ്ടിക്കുന്നുണ്ട്.

പുനഃസംഘടന എന്നു പൂര്‍ത്തിയാകുമെന്ന് പറയാനാകില്ലെന്ന് മിസ്ത്രി

തിരു: കോണ്‍ഗ്രസ് പുനഃസംഘടന എന്നു പൂര്‍ത്തിയാകുമെന്ന് പറയാനാകില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മധുസൂദനന്‍ മിസ്ത്രി. എല്ലാവരുമായി ചര്‍ച്ച നടത്തി പുനഃസംഘടന പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പുനഃസംഘടനയില്‍ ഒരാള്‍ക്ക് ഒരു പദവി എന്ന തത്വം നിലനില്‍ക്കുമെന്നും മിസ്ത്രി വ്യക്തമാക്കി. പുനഃസംഘടനയുടെ ഭാഗമായി ജില്ലതോറുമുള്ള പര്യടനത്തിന് എത്തിയതായിരുന്നു മിസ്ത്രി. തിരുവനന്തപുരം ഡിസിസിയില്‍ അദ്ദേഹം നേതാക്കളുമായി ചര്‍ച്ച നടത്തി. ഗ്രൂപ്പുകളുടെ അവകാശവാദങ്ങള്‍ക്കുമുന്നില്‍ മിസ്ത്രി കുഴങ്ങി.

deshabhimani 021011

1 comment:

  1. കെപിസിസി-ഡിസിസി പുനഃസംഘടനാതര്‍ക്കം തീര്‍ക്കാനെത്തിയ എഐസിസി ജനറല്‍ സെക്രട്ടറി മധുസൂദനന്‍ മിസ്ത്രിയുടെ ഉമ്മന്‍ചാണ്ടിചായ്വ് കോണ്‍ഗ്രസില്‍ വിവാദമായി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നയിക്കുന്ന എ ഗ്രൂപ്പും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ വിശാല ഐയും ഓരോ സ്ഥാനത്തിനുവേണ്ടിയും പോരാടുകയാണ്. ഇതിനിടയില്‍ , മിസ്ത്രി ഉമ്മന്‍ചാണ്ടിയോട് ചായ്വ് കാട്ടി തിരുവനന്തപുരത്ത് സംസാരിച്ചത് ഐ വിഭാഗത്തെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഉമ്മന്‍ചാണ്ടിക്ക് ദേശീയമായി അംഗീകാരം ലഭിച്ചുകൊണ്ടിരിക്കുന്ന വേളയില്‍ മുഖ്യമന്ത്രിക്ക് കരുത്തുപകരുന്നതാകണം സംഘടനാപുനഃസംഘടനയെന്ന മിസ്ത്രിയുടെ നിര്‍ദേശമാണ് വിവാദമായത്.

    ReplyDelete