Monday, October 24, 2011

നിയമവാഴ്ച തകര്‍ക്കുന്നത് സര്‍ക്കാര്‍തന്നെ: പിണറായി


പാലക്കാട്: കേരളത്തിലെ നിയമവാഴ്ച തകര്‍ക്കാന്‍ സര്‍ക്കാര്‍തന്നെ നേതൃത്വം കൊടുക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പെരുമ്പാവൂരില്‍ കെ സുധാകരന്‍ എംപിയുടെ ഗണ്‍മാന്‍ അടിച്ചുകൊന്ന രഘുവിന്റെ ജന്മനാടായ പെരുവെമ്പില്‍ പൊലീസ് ഭീകരതക്കെതിരെ ഡിവൈഎഫ്ഐ സംഘടിപ്പിച്ച ജനകീയ പ്രതികരണ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ക്രമസമാധാനരംഗത്ത് മുന്നിലാണ്. പക്ഷേ ക്രമസമാധാന ചുമതല വഹിക്കുന്നവര്‍തന്നെ സമാധാനവും സൈ്വര്യ ജീവിതവും തകര്‍ക്കുന്നു. നാട് എവിടേക്ക് പോകുന്നുവെന്നതിന്റെ തെളിവാണ് രഘു സംഭവം. ഒരുതെറ്റുംചെയ്യാത്ത പാവപ്പെട്ട ചെറുപ്പക്കാരനെ അതിക്രൂരമായി തല്ലിക്കൊല്ലുന്നു. കൊലയാളിയെ ന്യായീകരിക്കാന്‍ വ്യത്യസ്ഥമായ വീക്ഷണം നിരത്തുന്നു. രഘുവിനെ തല്ലിക്കൊന്നത് പ്രശ്നമായപ്പോള്‍ ആ ചെറുപ്പക്കാരനെതിരെ മറ്റൊരുകുറ്റം ആരോപിക്കുന്നു. ഇത് സമ്രാജ്യത്വ രീതിയാണ്. ശവമായി തീര്‍ന്നാല്‍ ശവത്തേയും അപമാനിക്കുക. ലിബിയയിലെ ഗദ്ദാഫിയുടെ കൊലപാതകവും ഇതുപോലെയാണ്. മുസ്ലിം സംസ്കാരത്തിന് ചേരാത്ത രീതിയില്‍ അപമാനിക്കുകയാണ് ചെയ്തത്. കൊലപാതകം നടത്തിയ ഗണ്‍മാനെ നിരപരാധിയാക്കാനാണ് സുധാകരന്‍ ആദ്യം ശ്രമിച്ചത്. അയാളെ രക്ഷിക്കാന്‍ ഉന്നതതലത്തില്‍ ഇടപെടുകയും ചെയ്തു. ആളുകളെ കൊല്ലുന്നത് തെറ്റായികാണാതെ അതിനെതിരെ പ്രസംഗിച്ചവര്‍ക്കെതിരെ കേസെടുക്കാനാണ് യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നാല്‍പ്പാടി വാസുവിനെ വെടിവച്ചശേഷം മട്ടന്നൂരില്‍ ഇത് പരസ്യമായി പറഞ്ഞ സുധാകരനെതിരെ കേസെടുത്തില്ല. വെടിവച്ചാല്‍പോലും കേസില്ലാതാക്കാമെന്ന് സുധാകരന് നിശ്ചയമുണ്ട്. തലയില്‍ വെടിയുണ്ടയുമായി ജീവിക്കുന്ന ഇ പി ജയരാജന് ഈ ഗതിവരുത്തിയത് എം വി രാഘവനും സുധാകരനുമായിരുന്നു. ഇ പിയെ വെടിവച്ചവര്‍തന്നെ ഇത് സംബന്ധിച്ച് മൊഴിനല്‍കിയിട്ടും പ്രതികളെ സംരക്ഷിക്കുകയാണ് യുഡിഎഫ് ചെയ്തത്.

കൂത്തുപറമ്പ് വെടിവപ്പിന് പിന്നില്‍ സുധാകരന്റെ ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞത് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായ ഡിസിസി പ്രസിഡന്റ് പി രാമകൃഷ്ണനാണ്. രഘുവിന്റെ കൊലപാതകം കണ്ടില്ലെന്ന് നടിക്കാന്‍ കഴിയാത്തതിനാല്‍ ചില നടപടികള്‍ സര്‍ക്കാര്‍ എടുക്കുന്നുണ്ടെങ്കിലും സുധാകരന്റെ താല്‍പ്പര്യം സംരക്ഷിക്കാനും ശ്രമമുണ്ട്. സംഭവത്തില്‍ ഒരാളെക്കൂടി പിടികൂടാനുണ്ട്. കേസ് ദുര്‍ബലപ്പെടുത്താനും പ്രതികളെ രക്ഷിക്കാനും സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് ജനങ്ങള്‍ക്ക് സംശയമുണ്ട്. തൃ

ശൂരിലെ ഫാ. ചിറ്റിലപ്പിള്ളിയെ കൊലപ്പെടുത്തിയവരെ പൊലീസ് പിടികൂടിയെങ്കിലും അവരെ വിട്ടയക്കാന്‍ മുകളില്‍നിന്ന് ആവശ്യപ്പെട്ടു. വൈദികനെ കൊലപ്പെടുത്തിയവരെ വിട്ടയച്ച പാരമ്പര്യമാണ് യുഡിഎഫിന്റേത്. കത്തോലിക്ക സഭയുടെ എതിര്‍പ്പിനെതുടര്‍ന്ന് അവസാനം ഒരാളെ പ്രതിയാക്കിയെങ്കിലും അയാള്‍ക്ക് മാനസിക വൈകല്യമെന്ന് വരുത്തി. വാളകം അധ്യാപകനെ ആക്രമിച്ച സംഭവത്തിലും പ്രതികളെ രക്ഷിക്കാനാണ് തുടക്കംമുതല്‍ പൊലീസും സര്‍ക്കാരും ശ്രമിക്കുന്നത്. അധ്യാപകന്‍ തുടക്കം മുതല്‍ നല്‍കിയ മൊഴിയില്‍ ബാലകൃഷ്ണപിള്ള മാത്രമാണ് തനിക്ക് ശത്രുവായുള്ളൂവെന്ന് പറഞ്ഞിട്ടും ആക്രമണം മാറ്റിയെടുക്കാന്‍ പൊലീസ് വല്ലാതെ കഷ്ടപ്പെടുകയാണ്. ഏത് കുറ്റവാളിക്കും എന്ത് ക്രൂരതയും ചെയ്യാമെന്ന അവസ്ഥയിലേക്കാണ് കേരളം പോകുന്നതെന്നും പിണറായി പറഞ്ഞു.

സ്വന്തം തെറ്റിന് മുഖ്യമന്ത്രി മറ്റുള്ളവരെ ശിക്ഷിക്കുന്നു

പാലക്കാട്: താന്‍ചെയ്ത തെറ്റിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മറ്റുള്ളവരെ ശിക്ഷിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. എംഎല്‍എമാരെയടക്കം അപകീര്‍ത്തിപ്പെടുത്തുന്ന ഭരണസംവിധാനമാണ് കേരളത്തില്‍ . എംഎല്‍എമാര്‍ പരാതികൊടുത്താല്‍ പൊലീസ് അന്വേഷണം ഇല്ലാതെതന്നെ മുഖ്യമന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് ഉണ്ടാക്കുന്നു. അത് മാധ്യമങ്ങള്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്യുന്നു. കൈയോടെ പിടിക്കപ്പെട്ടപ്പോള്‍ മുഖ്യമന്ത്രിക്കുതന്നെ അക്കാര്യം തള്ളിപ്പറയേണ്ടിവന്നു. എന്നാല്‍ ഉമ്മന്‍ചാണ്ടിതന്നെ ചെയ്ത വീഴ്ച അദ്ദേഹം സമ്മതിച്ചോ?. നിയമസഭയില്‍ വാച്ച് ആന്‍ഡ് വാര്‍ഡിനെ പ്രതിപക്ഷ എംഎല്‍എ അപമാനപ്പെടുത്താന്‍ ശ്രമിച്ചതായി പ്രചരിപ്പിച്ചു. എന്നാല്‍ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ അത്തരത്തില്‍ ഒന്നുമില്ലെന്ന് തെളിഞ്ഞു. പറഞ്ഞത് തെറ്റാണെന്ന് പറയാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. ഇതിന് പകരം താന്‍ചെയ്ത തെറ്റിന് മറ്റുള്ളവരെ ശിക്ഷിക്കുകയാണ് ചെയ്തത്. ചേംബറിലെത്തി എംഎല്‍എമാര്‍ ഖേദം പ്രകടിപ്പിച്ചുവെന്ന് സ്പീക്കര്‍ പ്രഖ്യാപിച്ചപ്പോള്‍ അങ്ങനെ ചെയ്തില്ലെന്ന് എംഎല്‍എമാര്‍ പറഞ്ഞതില്‍ തെറ്റില്ല. എന്നാല്‍ ഉമ്മന്‍ചാണ്ടി നേരത്തെ എഴുതിക്കൊണ്ടുവന്ന പ്രമേയം അവതരിപ്പിച്ച് എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്യുകയാണുണ്ടായത്. ഇതിനെതിരെ സഭയ്ക്കകത്ത് എംഎല്‍എമാരും പുറത്ത് ആയിരക്കണക്കിനാളുകളും കുത്തിയിരുന്നു. നിയമവാഴ്ചയെ സര്‍ക്കാര്‍ വെല്ലുവിളിച്ചാല്‍ അതിന് കടിഞ്ഞാണിടണം. ഇപ്പോള്‍ ബഹുജനങ്ങളുടെ കോടതിയിലാണ് പ്രശ്നം എത്തിയിരിക്കുന്നതെന്നും പിണറായി പറഞ്ഞു.

രഘുവിന്റെ വീട് പിണറായി സന്ദര്‍ശിച്ചു

പാലക്കാട്: പെരുമ്പാവൂരില്‍ കെ സുധാകരന്‍ എംപിയുടെ ഗണ്‍മാന്‍ തല്ലിക്കൊന്ന പെരുവെമ്പ് തങ്കയംവീട്ടില്‍ രഘുവിന്റെ വീട് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. ഞായറാഴ്ച രാവിലെ വീട്ടിലെത്തിയ അദ്ദേഹം രഘുവിന്റെ അമ്മ സരോജിനി, ഭാര്യ കസ്തൂരി, സഹോദരന്‍ രവീന്ദ്രന്‍ എന്നിവരെ ആശ്വസിപ്പിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി പി ഉണ്ണി, ജില്ലാ സെക്രട്ടറിയറ്റ് അംഗം എ പ്രഭാകരന്‍ , ഏരിയ സെക്രട്ടറി വി കാര്‍ത്തികേയന്‍ , എംപിമാരായ എം ബി രാജേഷ്, പി കെ ബിജു, ഡിവൈഎഫഐ ജില്ലാ സെക്രട്ടറി എസ് സുഭാഷ് ചന്ദ്രബോസ്, പ്രസിഡന്റ് കെ ജയദേവന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.

deshabhimani 241011

1 comment:

  1. കേരളത്തിലെ നിയമവാഴ്ച തകര്‍ക്കാന്‍ സര്‍ക്കാര്‍തന്നെ നേതൃത്വം കൊടുക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പെരുമ്പാവൂരില്‍ കെ സുധാകരന്‍ എംപിയുടെ ഗണ്‍മാന്‍ അടിച്ചുകൊന്ന രഘുവിന്റെ ജന്മനാടായ പെരുവെമ്പില്‍ പൊലീസ് ഭീകരതക്കെതിരെ ഡിവൈഎഫ്ഐ സംഘടിപ്പിച്ച ജനകീയ പ്രതികരണ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

    ReplyDelete