Saturday, October 1, 2011

വാളകം ആക്രമണം: കൃഷ്ണകുമാറിന്റെ മൊഴി രേഖപ്പെടുത്തി

ആക്രമണത്തില്‍ പരിക്കേറ്റ് ഗുരുതരനിലയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരനിലയില്‍ ചികിത്സയില്‍ കഴിയുന്ന വാളകം ഹയര്‍സെക്കന്ററി സ്കൂള്‍ അധ്യാപകന്‍ കൃഷ്ണകുമാറിന്റെ മൊഴി രേഖപ്പെടുത്തി. ശനിയാഴ്്ച പകല്‍ പതിനൊന്നരക്കാണ് മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി കൃഷ്ണകുമാറില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചത്. 27 ന് രാത്രിയാണ് അധ്യാപകന് ക്രൂരമായ മര്‍ദ്ദനമേറ്റത്. കൃഷ്ണകുമാറിന്റെ നില മെച്ചപ്പെട്ടിട്ടുണ്ട്. അദ്ദേഹം അപകടനില തരണം ചെയ്തതായി ആശുപ്രതി കേന്ദ്രങ്ങള്‍ അറിയിച്ചു.

അധ്യാപകന്‍ ആക്രമിക്കപ്പെട്ട ദിവസം പിള്ള വിളിച്ചത് 40 കോള്‍

മുന്‍മന്ത്രി ആര്‍ ബാലകൃഷ്ണപിള്ളയുടെ ഉടമസ്ഥതയിലുള്ള സ്കൂളിലെ അധ്യാപകന്‍ അതിക്രൂരമായ ആക്രമണത്തിന് ഇരയായ ദിവസം പിള്ളയുടെ പേരിലുള്ള മൊബൈല്‍ഫോണില്‍നിന്ന് 40 കോള്‍ പുറത്തേക്ക് വിളിച്ചു. 9447155555 നമ്പര്‍ മൊബൈലില്‍നിന്ന് അന്ന് അര്‍ധരാത്രി കഴിഞ്ഞും ഫോണ്‍ ചെയ്തതായി തെളിഞ്ഞു. ഇതിനിടെ, ജയില്‍നിയമം ലംഘിച്ച് മൊബൈല്‍ഫോണ്‍ ഉപയോഗിച്ചത് അന്വേഷിക്കാന്‍ നിയോഗിച്ചത് പിള്ളയുടെ ശുപാര്‍ശപ്രകാരം നിയമനം ലഭിച്ച ഉദ്യോഗസ്ഥനെ. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ വെല്‍ഫെയര്‍ ഓഫീസര്‍ കെ ജെ വര്‍ഗീസിനാണ് അന്വേഷണച്ചുമതല. എന്നാല്‍ , അധ്യാപകനെ ആക്രമിച്ചത് അന്വേഷിക്കുന്ന പ്രത്യേകസംഘം, പിള്ളയുടെ ഫോണ്‍വിളിയെക്കുറിച്ച് അന്വേഷിക്കാന്‍ തയ്യാറായിട്ടില്ല. അധ്യാപകനില്‍നിന്ന് മൊഴിയെടുത്തശേഷം തുടര്‍ന്ന് അന്വേഷിച്ചാല്‍ മതിയെന്നാണ് പൊലീസിനുള്ള നിര്‍ദേശം. അത്യാസന്നനിലയില്‍ തുടരുന്ന അധ്യാപകനില്‍നിന്ന് വെള്ളിയാഴ്ചയും മൊഴിയെടുക്കാനായിട്ടില്ല. അതിനിടെ, തിരുവനന്തപുരത്തെ പഞ്ചനക്ഷത്ര ആശുപത്രിയില്‍ കഴിയുന്ന പിള്ളയെ വ്യാഴാഴ്ച രാത്രി തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റി. ഫോണ്‍വിളികള്‍ വിവാദമായ സാഹചര്യത്തില്‍ ഉന്നതങ്ങളില്‍നിന്നുള്ള നിര്‍ദേശപ്രകാരമാണിത്. എന്നാല്‍ രക്തസമ്മര്‍ദം ഉയര്‍ന്നതിലാണിതെന്ന് ആശുപത്രിവൃത്തങ്ങള്‍ പറഞ്ഞു.

പിള്ള സെപ്തംബര്‍ ഒന്നുമുതല്‍ 29 വരെ വിളിച്ച കോളുകളുടെ വിശദാംശമാണ് പുറത്തുവന്നത്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മറ്റും നമ്പരുകളിലേക്കും കോള്‍ പോയിട്ടുണ്ട്. ചീഫ് വിപ്പ് പി സി ജോര്‍ജിനെയും വിളിച്ചു. പിള്ളയുടെ ഫോണില്‍നിന്ന് വിളിച്ചതായി ജോര്‍ജ് സ്ഥിരീകരിച്ചു. ഈരാറ്റുപേട്ടയിലെ ബസ് തര്‍ക്കം പരിഹരിക്കാന്‍ മനോജ് എന്നയാളാണ് ഈ നമ്പരില്‍നിന്ന് വിളിച്ചതെന്നാണ് ജോര്‍ജ് ചാനലുകള്‍ക്ക് നല്‍കിയ വിശദീകരണം. മരുമക്കളായ ഐഎഎസ് ഉദ്യോഗസ്ഥര്‍ , മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ , രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവരെയെല്ലാം വിളിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ ചില നമ്പരുകളിലേക്കും കോള്‍ പോയിട്ടുണ്ട്. 27 ദിവസത്തിനുള്ളില്‍ 298 നമ്പരുകളിലേക്കാണ് പിള്ള വിളിച്ചത്.

പിള്ളയുടെ ഫോണ്‍വിളി അന്വേഷിക്കുന്ന കെ ജെ വര്‍ഗീസ് നേരത്തെ സ്പെഷ്യല്‍ സബ്ജയിലില്‍ ആയിരുന്നു. പിള്ളയുടെ ശുപാര്‍ശപ്രകാരം സെന്‍ട്രല്‍ ജയിലില്‍ നിയമിക്കപ്പെട്ട ഇദ്ദേഹം ജയിലില്‍ അദ്ദേഹത്തിന്റെ കാര്യങ്ങളാണ് പ്രധാനമായും ശ്രദ്ധിച്ചിരുന്നത്. അന്വേഷണത്തിന് കിംസ് ആശുപത്രിയില്‍ എത്തിയ ഇദ്ദേഹം, പിള്ളയെ രഹസ്യമായി സന്ദര്‍ശിച്ച് മടങ്ങി. പിള്ള കഴിഞ്ഞിരുന്ന സ്യൂട്ട് റൂമില്‍ ഫോണ്‍ പിടിച്ചെടുക്കാനെന്നമട്ടില്‍ പരിശോധനയും നടത്തി. ഒന്നും കണ്ടെത്തിയില്ല. ചട്ടലംഘനം സംബന്ധിച്ച് തട്ടിക്കൂട്ടിയ റിപ്പോര്‍ട്ട് നല്‍കാനാണ് നീക്കം. ശനിയാഴ്ച റിപ്പോര്‍ട്ട് നല്‍കാനാണ് ജയില്‍ എഡിജിപി ഡോ. അലക്സാണ്ടര്‍ ജേക്കബ് നിര്‍ദേശിച്ചത്.

തടവുകാര്‍ മൊബൈല്‍ഫോണ്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ചാല്‍ തടവും പിഴയും നല്‍കുമെന്നാണ് 2010ലെ ജയില്‍നിയമത്തിലെ വ്യവസ്ഥ. രണ്ടുവര്‍ഷംവരെ തടവും പതിനായിരം രൂപവരെ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

അന്വേഷണം ഇഴയുന്നു; പ്രതികളെക്കുറിച്ച് സൂചനയില്ല


കൊല്ലം: ആര്‍ ബാലകൃഷ്ണപിള്ളയുടെ ഉടമസ്ഥതയിലുള്ള സ്കൂളിലെ അധ്യാപകന്‍ കൃഷ്ണകുമാര്‍ പൈശാചികമായി ആക്രമിക്കപ്പെട്ട് മൂന്നു ദിവസമായിട്ടും അന്വേഷണത്തില്‍ ഒരു പുരോഗതിയുമില്ല. പ്രതികളെക്കുറിച്ച് ഒരു സൂചനയും കണ്ടെത്താന്‍ പൊലീസിനു സാധിച്ചില്ല. അന്വേഷണം വഴിതിരിച്ചുവിടുന്ന തരത്തിലുള്ള നീക്കങ്ങളാണ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. അന്വേഷണം ഇഴയുന്നതില്‍ പ്രതിഷേധം ശക്തമാകുകയാണ്. വെള്ളിയാഴ്ച സ്കൂളിലെ സഹഅധ്യാപകരില്‍ നിന്നു പൊലീസ് മൊഴിയെടുത്തു. ആക്രമണത്തിന് ഇരയാകുന്നതിനു തൊട്ടുമുമ്പ് കൃഷ്ണകുമാര്‍ പോയിരുന്ന കടയ്ക്കലെ ജോത്സ്യന്റെ വീട് ഫോറന്‍സിക് വിഭാഗം പരിശോധിച്ചു. ജോത്സ്യന്‍ ശ്രീകുമാറിനെയും കുടുംബത്തെയും വെള്ളിയാഴ്ചയും പൊലീസ് ചോദ്യംചെയ്തു. കൊല്ലം റൂറല്‍ എസ്പി പി പ്രകാശിന്റ നേതൃത്വത്തിലുള്ള എട്ടംഗ സംഘത്തിനാണ് അന്വേഷണണ ചുമതല. ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന എല്ലാ വിഷയങ്ങളും അന്വേഷിച്ചു വരികയാണെന്ന് എസ് പി ദേശാഭിമാനിയോട് പറഞ്ഞു.

ഹയര്‍ സെക്കന്‍ഡറി-വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ അടക്കം 102 അധ്യാപകരാണ് ആര്‍ ബാലകൃഷണപിള്ള മാനേജരായ വാളകം രാമവിലാസം വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലുള്ളത്. ഇതില്‍ , 11 പേരുടെ മൊഴിയാണ് പൊലീസ് രേഖപ്പെടുത്തിയത്. ക്രൈം ഡിറ്റാച്ച്മെന്റ് അസിസ്റ്റന്റ് കമീഷണര്‍ അജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് വെള്ളിയാഴ്ച രാവിലെ സ്കൂളിലെത്തിയത്. കൊട്ടാരക്കര ആശുപത്രിയില്‍നിന്ന് തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് കൃഷ്ണകുമാറിനെ കൊണ്ടുപോകുമ്പോള്‍ ആംബുലന്‍സിലുണ്ടായിരുന്ന സഹഅധ്യാപകനും സ്റ്റാഫ് സെക്രട്ടിയുമായ വിവേകാനന്ദനില്‍ നിന്ന് പ്രത്യേകം മൊഴിയെടുത്തു. എന്താണ് സംഭവിച്ചതെന്ന് പിന്നീട് പറയാമെന്ന് ആംബുലന്‍സില്‍വച്ച് കൃഷ്ണകുമാര്‍ പറഞ്ഞിരുന്നതായി വിവേകാനന്ദന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇടതു വിദ്യാര്‍ഥി സംഘടനകളുടെ ആഹ്വാനംപ്രകാരം കൊല്ലം ജില്ലയില്‍ വിദ്യാര്‍ഥികള്‍ പഠിപ്പുമുടക്കി. കൃഷണകുമാറിനെ ആക്രമിച്ചവരെ ഉടന്‍ അറസ്റ്റ്ചെയ്യണമെന്നാവശ്യപ്പെട്ട് കെഎസ്ടിഎ നേതൃത്വത്തില്‍ അധ്യാപകര്‍ വാളകം സ്കൂളിലേക്കു മാര്‍ച്ച് നടത്തി. സ്കൂളിനു മുന്നില്‍ പൊലീസ് മാര്‍ച്ച് തടഞ്ഞു. ധര്‍ണ ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ എസ് ജയമോഹന്‍ ഉദ്ഘാടനം ചെയ്തു. സ്കൂളിലേക്കു പ്രകടനം നടത്തിയ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ചും അധ്യാപകനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘത്തെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടും ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ കൊട്ടാരക്കര റൂറല്‍ എസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എ ഉദ്ഘാടനംചെയ്തു.

പിള്ളയുടെ ഫോണ്‍സംഭാഷണം ചട്ടലംഘനം: പിണറായി

ന്യൂഡല്‍ഹി: തടവില്‍ കഴിയുന്ന കേരള കോണ്‍ഗ്രസ് നേതാവ് ആര്‍ ബാലകൃഷ്ണപിള്ള മാധ്യമങ്ങളുമായി ടെലിഫോണില്‍ സംസാരിച്ചത് ജയില്‍ചട്ടങ്ങളുടെ ലംഘനമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ . ഇതിനെതിരെ നിയമ നടപടി കൈക്കൊള്ളാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിപിഐ എം പൊളിറ്റ്ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തിയ പിണറായി കേരളഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ജയില്‍ചട്ടങ്ങള്‍ ബാധകമായ തടവുകാരനാണ് മുന്‍മന്ത്രികൂടിയായ ബാലകൃഷ്ണപിള്ള. അതുകൊണ്ടുതന്നെ അതിന്റെ ലംഘനം ഗൗരവമുള്ളതാണ്. ബാലകൃഷ്ണപിള്ളയുടെ തടവ് തടവല്ലാതാക്കാന്‍ സര്‍ക്കാര്‍ ഒത്താശ ചെയ്യുകയാണെന്ന ആക്ഷേപം നേരത്തെയുണ്ട്-പിണറായി പറഞ്ഞു.

പിള്ളയുടെ മൊബൈല്‍ഫോണ്‍ പിടിച്ചെടുക്കണം : വിഎസ്

സുപ്രീംകോടതി തടവുശിക്ഷയ്ക്ക് വിധിച്ച ബാലകൃഷ്ണപിള്ളയുടെ മൊബൈല്‍ഫോണ്‍ പിടിച്ചെടുത്ത് സൈബര്‍സെല്ലിനു കൈമാറണമെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അധ്യാപകന്‍ ആക്രമിക്കപ്പെട്ട 27 നു മാത്രം 40 കോളുകളാണ് ഒരു നമ്പരിലേക്ക് വിളിച്ചത്. ഈ രേഖകള്‍ കൃത്യമായി പരിശോധിച്ച് അന്വേഷണം സിബിഐക്ക് കൈമാറണം. പിള്ളയുടെ ഫോണ്‍കോളുകള്‍ സംശയാസ്പദമാണ്. പിള്ളയുടെ അടുത്ത അനുയായിയുടെ കീഴില്‍ ഇതിനെക്കുറിച്ച് അന്വേഷണം നടത്തിയാല്‍ സത്യം ഒരിക്കലും പുറത്തുവരില്ല. അന്വേഷണം ശരിയായ ദിശയില്‍ നടക്കുമോയെന്ന് സംശയിക്കണം. അതിനാലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടതെന്നും വിഎസ് പറഞ്ഞു.

അധ്യാപകന്റെ വധശ്രമം ഭാര്യയുടെ മൊഴി അടിസ്ഥാനമാക്കി നടപടിയെടുക്കണം: ശിവദാസമേനോന്‍

പൈശാചികമെന്ന വാക്കിനെ നാണിപ്പിക്കുന്ന ക്രൂരതയാണ് വാളകം സ്കൂള്‍ അധ്യാപകന്‍ കൃഷ്ണകുമാറിനു നേരെ ഉണ്ടായതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ടി ശിവദാസമേനോന്‍ പറഞ്ഞു. അധ്യാപകന്റെ മൊഴി രേഖപ്പെടുത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ ഭാര്യ നല്‍കിയ മൊഴി അടിസ്ഥാനമാക്കി കേസില്‍ അടിയന്തരനടപടി സ്വീകരിക്കണം. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും അദ്ദേഹം പറഞ്ഞു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൃഷ്ണകുമാറിന്റെ ഭാര്യ കെ ആര്‍ ഗീതയെയും ബന്ധുക്കളെയും സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊലീസ് അന്വേഷണം ശരിയായ ദിശയിലല്ല. പ്രതികളെ ഉടന്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. അധ്യാപകനോടു കാണിച്ച ക്രൂരത മാടമ്പിത്തത്തിന്റെ ഭാഗമാണ്. ഉന്നതബന്ധമുള്ളവരും അധികാരസ്ഥാനങ്ങളിലിരിക്കുന്നവരും ഈ കേസുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഈ മാടമ്പിത്തം അവസാനിപ്പിക്കാന്‍ അവര്‍ സ്വയം തയ്യാറാകുന്നില്ലെങ്കില്‍ ജനങ്ങള്‍ക്ക് ഇടപെടേണ്ടിവരും. തടവുപുള്ളികളുടെ കാര്യത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ ഇരട്ടത്താപ്പാണ് കാണിക്കുന്നത്. ആര്‍ ബാലകൃഷ്ണപിള്ളയയ്ക്ക് ഒരു നീതിയും മറ്റു തടവുകാര്‍ക്ക് വേറെ നീതിയുമാണ് നടപ്പാക്കുന്നത്. ജയില്‍പ്പുള്ളിയായ ബാലകൃഷ്ണപിള്ളയ്ക്ക് ഫോണ്‍ ഉള്‍പ്പെടെ എല്ലാ സൗകര്യവും ഒരുക്കുന്ന സര്‍ക്കാര്‍ നിലപാട് അംഗീകരിക്കാനാകില്ലെന്നും ശിവദാസമേനോന്‍ പറഞ്ഞു.

deshabhimani news

2 comments:

  1. ആക്രമണത്തില്‍ പരിക്കേറ്റ് ഗുരുതരനിലയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരനിലയില്‍ ചികിത്സയില്‍ കഴിയുന്ന വാളകം ഹയര്‍സെക്കന്ററി സ്കൂള്‍ അധ്യാപകന്‍ കൃഷ്ണകുമാറിന്റെ മൊഴി രേഖപ്പെടുത്തി.

    ReplyDelete
  2. ഇടമലയാര്‍ അഴിമതി കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന മുന്‍മന്ത്രി ആര്‍ ബാലകൃഷ്ണപിള്ള തന്നെയോ തന്റെ ഓഫീസിലേക്കോ ഫോണില്‍ വിളിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. എറണാകുളം ജില്ലാ ആസൂത്രണസമിതിസെക്രട്ടറിയറ്റ് മന്ദിരം ഉദ്ഘാടനം ചെയ്തശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തില്‍ എന്തന്വേഷണം നേരിടാനും തയ്യാറാണ്. കേസിലെ ആദ്യ അന്വേഷണറിപ്പോര്‍ട്ട് അന്വേഷണസംഘം ശനിയാഴ്ച സമര്‍പ്പിക്കും. ഇത് പരിശോധിച്ചശേഷം തുടര്‍നടപടിയെടുക്കും. ബാലകൃഷ്ണപിള്ള തന്റെ ഓഫീസില്‍ വിളിച്ചെന്നുള്ള പ്രതിപക്ഷത്തിന്റെ ആരോപണം ജനത്തെ കബളിപ്പിക്കലാണ്. വിളിച്ചിട്ടില്ലെന്ന് തെളിഞ്ഞാല്‍ പ്രതിപക്ഷം എന്തുചെയ്യുമെന്നും മുഖ്യമന്ത്രി ചോദിച്ചു. കേന്ദ്രപൂളില്‍നിന്നുള്ള വൈദ്യുതി വെട്ടിക്കുറച്ചത് പുനസ്ഥാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

    ReplyDelete