Thursday, October 20, 2011

പുതിയ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം: കോടതി

ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് രണ്ടു പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത കേസില്‍ പുതിയ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ഉത്തരവ്. കോഴിക്കോട് നോര്‍ത്ത് അസി. കമീഷണര്‍ കെ രാധാകൃഷ്ണപിള്ള നല്‍കിയ റിപ്പോര്‍ട്ട് തള്ളണമെന്നാവശ്യപ്പെട്ട ഹര്‍ജിയിലാണ് കോഴിക്കോട് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവ്. ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസ് അട്ടിമറി അന്വേഷിക്കുന്ന പ്രത്യേകസംഘാംഗമായ ഡിവൈഎസ്പി ജയ്സണ്‍ കെ എബ്രഹാമിനോടാണ് പുതിയ അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ മജിസ്ട്രേറ്റ് ജി മഹേഷ് ഉത്തരവിട്ടത്. നവംബര്‍ ഒമ്പതിന് കേസ് വീണ്ടും പരിഗണിക്കും. സെക്ഷന്‍ 210 പ്രകാരം അന്വേഷണ ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന വാദം സ്വീകരിച്ചാണ് വിധി. നേരത്തെ ഹര്‍ജിക്കാരനോട് അന്വേഷണ ഉദ്യോഗസ്ഥന്റെ വിശദാംശം കോടതി ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ജയ്സണ്‍ കെ എബ്രഹാമാണ് അന്വേഷണ ഉദ്യോഗസ്ഥനെന്നും മറ്റു വിവരങ്ങളും ബുധനാഴ്ച കൈമാറി.

ആത്മഹത്യാ കേസില്‍ അസി. കമീഷണര്‍ അനധികൃതമായി ഇടപെട്ടെന്നും അധികാരപരിധിയിലില്ലാത്ത നടപടിയാണിതെന്നും ചൂണ്ടിക്കാട്ടി നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് സംസ്ഥാന സെക്രട്ടറി എന്‍ കെ അബ്ദുള്‍അസീസാണ് കോടതിയെ സമീപിച്ചത്. പെണ്‍കുട്ടികളുടെ ആത്മഹത്യയില്‍ ഐസ്ക്രീം പാര്‍ലര്‍ നടത്തിപ്പുകാരി ശ്രീദേവി, മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി എന്നിവരെ യഥാക്രമം ഒന്നും രണ്ടും പ്രതികളാക്കി കേസെടുക്കണമെന്നാവശ്യപ്പെട്ട് അബ്ദുള്‍ അസീസ് കോടതിയെ സമീപിച്ചിരുന്നു. ഇതു പരിഗണിച്ച കോടതി ആത്മഹത്യ സംബന്ധിച്ച അന്വേഷണറിപ്പോര്‍ട്ട് തേടി. ആദ്യം നടക്കാവ് പൊലീസ് നല്‍കിയ റിപ്പോര്‍ട്ട് കോടതി തള്ളി. പിന്നീടാണ് അസി. കമീഷണര്‍ തിടുക്കപ്പെട്ട് റിപ്പോര്‍ട്ട് ഹാജരാക്കിയത്. ആത്മഹത്യയെന്നു തെളിഞ്ഞ കേസാണിതെന്നായിരുന്നു പിള്ള നല്‍കിയ റിപ്പോര്‍ട്ട്. പിള്ള റിപ്പോര്‍ട്ട് നല്‍കിയതിലെ ക്രമവിരുദ്ധതക്കൊപ്പം കേസ് ദുര്‍ബലമാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് റിപ്പോര്‍ട്ടെന്നും അഡ്വ. പി എം ഹാരീസ് മുഖേന നല്‍കിയ ഹര്‍ജിയില്‍ അബ്ദുള്‍അസീസ് ചൂണ്ടിക്കാട്ടിയിരുന്നു.

കോഴിക്കോട് എംഇഎസ് വനിതാകോളേജ് പ്രീഡിഗ്രി വിദ്യാര്‍ഥിനികളായ സുനൈനാ നജ്മല്‍(17), സിബാന സണ്ണി(17) എന്നിവര്‍ തീവണ്ടിക്കുമുന്നില്‍ ചാടി മരിച്ചതില്‍ ഐസ്ക്രീം പെണ്‍വാണിഭസംഘത്തിന് പങ്കുണ്ടെന്നായിരുന്നു കോടതിയില്‍ നേരത്തെ സമര്‍പ്പിച്ച ഹര്‍ജി. 1996 ഒക്ടോബര്‍ 29നായിരുന്നു സംഭവം. നഗരത്തിലെ വന്‍കിട ഫ്ളാറ്റില്‍നിന്ന് കരഞ്ഞുകൊണ്ട് ഓടിയ കുട്ടികള്‍ ആറാം ഗേറ്റിനടുത്ത് റെയില്‍പാളത്തില്‍ കെട്ടിപ്പിടിച്ചുനിന്നാണ് മരണം വരിച്ചത്. മന്ത്രിയുടെ അടുത്ത പരിചയക്കാരനായ കാസര്‍കോട്ടെ പ്രമുഖ വിദേശമലയാളിയുടേതായിരുന്നു ഫ്ളാറ്റ്. എന്നാല്‍ , അന്ന് ആത്മഹത്യയെന്നു പറഞ്ഞ് പൊലീസ് കേസ് എഴുതിത്തള്ളി. ഈ വര്‍ഷം മാര്‍ച്ചിലാണ് കുഞ്ഞാലിക്കുട്ടിയെയും ശ്രീദേവിയെയും പ്രതി ചേര്‍ക്കാനാവശ്യപ്പെട്ട് അബ്ദുള്‍അസീസ് കോടതിയിലെത്തിയത്. ഐസ്ക്രീം പെണ്‍വാണിഭത്തില്‍ ആരോപണവിധേയനായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രത്യേക താല്‍പ്പര്യാര്‍ഥമാണ് രാധാകൃഷ്ണപിള്ളയെ കോഴിക്കോട് നോര്‍ത്ത് അസി. കമീഷണറായി നിയമിച്ചതെന്ന് നേരത്തെ ആക്ഷേപമുയര്‍ന്നതാണ്. വെസ്റ്റ്ഹില്‍ എന്‍ജിനിയറിങ് കോളേജിനു മുന്നില്‍ വിദ്യാര്‍ഥിസമരത്തിനു നേരെ വെടിവച്ചതും രാധാകൃഷ്ണപിള്ളയാണ്.

ഉത്തരവാദികള്‍ ഭരണത്തില്‍ : നജ്മല്‍ ബാബു


കോഴിക്കോട്: മകളുടെ മരണത്തിന് കാരണക്കാരായവര്‍ ഭരണത്തിലിരിക്കുമ്പോള്‍ പ്രതികള്‍ ശിക്ഷിക്കപ്പെടില്ലെന്ന് ഗസല്‍ഗായകന്‍ നജ്മല്‍ബാബുവും ഭാര്യ സൈനബയും. മകള്‍ സുനൈനയും കൂട്ടുകാരി സിബാനയും മരിച്ച സംഭവത്തില്‍ കാര്യമായ അന്വേഷണം നടന്നിട്ടില്ലെന്നും ഇരുവരും പ്രതികരിച്ചു. റിപ്പോര്‍ട്ടര്‍ , ഇന്ത്യാവിഷന്‍ ചാനലുകളാണ് മാതാപിതാക്കളുടെ വെളിപ്പെടുത്തല്‍ പുറത്തുവിട്ടത്. ചാനലുകളില്‍ വന്ന വെളിപ്പെടുത്തലില്‍ നിന്ന്: "ഡിഐജിയായിരുന്ന ജേക്കബ് പുന്നൂസിന് പരാതി നല്‍കിയിട്ടും കേസ് തേച്ചുമാച്ചുകളയുകയായിരുന്നു. കാര്യമായ അന്വേഷണം നടന്നിട്ടേയില്ല. മൊഴിയെടുക്കാന്‍പോലും പൊലീസ് തയ്യാറായിട്ടില്ല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്പോലും കാണാനില്ല. ജഡ്ജിമാരടക്കം ഇങ്ങനെ പെരുമാറുമ്പോള്‍ സത്യം പുറത്തുവരുമോ. പെണ്‍കുട്ടികള്‍ സ്വവര്‍ഗാനുരാഗികളായിരുന്നുവെന്ന പൊലീസ്ഭാഷ്യം തെറ്റാണ്. സുനൈനയും സിബാനയും തമ്മിലുണ്ടായിരുന്ന അടുപ്പത്തിനുപിന്നില്‍ സംഗീതത്തോടുള്ള ഇഷ്ടമായിരുന്നു. അന്വേഷണം ആവശ്യപ്പെടാത്തത് മകളെക്കുറിച്ച് വേണ്ടാത്തത് കേള്‍ക്കേണ്ടിവരുമെന്നതിനാലാണ്". പ്രത്യേകാന്വേഷണ സംഘാംഗം ജയ്സണ്‍ കെ എബ്രഹാം വീട്ടില്‍വന്ന് അന്വേഷണം നടത്തിയതായും ഇവര്‍ പറഞ്ഞു.

ദേശാഭിമാനി 201011

1 comment:

  1. ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് രണ്ടു പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത കേസില്‍ പുതിയ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ഉത്തരവ്. കോഴിക്കോട് നോര്‍ത്ത് അസി. കമീഷണര്‍ കെ രാധാകൃഷ്ണപിള്ള നല്‍കിയ റിപ്പോര്‍ട്ട് തള്ളണമെന്നാവശ്യപ്പെട്ട ഹര്‍ജിയിലാണ് കോഴിക്കോട് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവ്. ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസ് അട്ടിമറി അന്വേഷിക്കുന്ന പ്രത്യേകസംഘാംഗമായ ഡിവൈഎസ്പി ജയ്സണ്‍ കെ എബ്രഹാമിനോടാണ് പുതിയ അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ മജിസ്ട്രേറ്റ് ജി മഹേഷ് ഉത്തരവിട്ടത്. നവംബര്‍ ഒമ്പതിന് കേസ് വീണ്ടും പരിഗണിക്കും. സെക്ഷന്‍ 210 പ്രകാരം അന്വേഷണ ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന വാദം സ്വീകരിച്ചാണ് വിധി. നേരത്തെ ഹര്‍ജിക്കാരനോട് അന്വേഷണ ഉദ്യോഗസ്ഥന്റെ വിശദാംശം കോടതി ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ജയ്സണ്‍ കെ എബ്രഹാമാണ് അന്വേഷണ ഉദ്യോഗസ്ഥനെന്നും മറ്റു വിവരങ്ങളും ബുധനാഴ്ച കൈമാറി.

    ReplyDelete