Monday, October 10, 2011

ചൈന ഇന്ധന വില കുറച്ചു

അന്താരാഷ്ട്രവിപണിയില്‍ അസംസ്കൃത എണ്ണയുടെ വില കുത്തനെ ഇടിഞ്ഞ പശ്ചാത്തലത്തില്‍ ചൈന ഇന്ധനവിലകള്‍ കുറച്ചു. ഇന്ത്യയില്‍ രൂപയുടെ മൂല്യം ഇടിയുന്നതിന്റെ പേരില്‍ ഡീസല്‍വിലകൂടി വര്‍ധിപ്പിക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് ചൈനയുടെ നടപടി. ഇന്ത്യയും ചൈനയും ഇറക്കുമതിചെയ്യുന്ന അസംസ്കൃത എണ്ണയുടെ വില ബാരലിന് 111 ഡോളറില്‍നിന്ന് 100 ഡോളര്‍വരെയായി കഴിഞ്ഞയാഴ്ച താഴ്ന്നിരുന്നു. ഈ സാഹചര്യത്തില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില മൂന്നരശതമാനത്തോളം കുറയ്ക്കാനാണ് ചൈനയുടെ തീരുമാനം. പെട്രോള്‍ - ഡീസല്‍ വിലയില്‍ ടണ്ണിന് 47 ഡോളര്‍ കുറയും.

ഇന്ത്യയില്‍ വിലനിര്‍ണയസംവിധാനം വ്യത്യസ്തമായതിനാല്‍ വിലക്കുറവ് ഉടന്‍ സാധ്യമല്ലെന്ന നിലപാടിലാണ് എണ്ണക്കമ്പനികള്‍ . അസംസ്കൃത എണ്ണവിലയില്‍ കുറവുണ്ടെങ്കിലും സമാനമായി രൂപയുടെ വിലയിടിഞ്ഞതായാണ് എണ്ണക്കമ്പനികളുടെ വാദം. ഇറക്കുമതിവിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഡീസല്‍ ലിറ്ററിന് ഏഴു രൂപയും പാചകവാതക സിലിണ്ടറിന് 270 രൂപയും വരുമാനം കുറഞ്ഞതായി എണ്ണക്കമ്പനികള്‍ പറയുന്നു. രൂപയുടെ വിലയിടിഞ്ഞതിനാല്‍ പെട്രോള്‍ ലിറ്ററിന് 29 പൈസയുടെ കുറവുണ്ടായെന്ന പുതിയ വാദവും കമ്പനികള്‍ മുന്നോട്ടുവയ്ക്കുന്നു. പുതിയ പെട്രോള്‍ വിലനിര്‍ണയ നയപ്രകാരം രണ്ടാഴ്ച കൂടുമ്പോഴാണ് എണ്ണക്കമ്പനികള്‍ വിലകള്‍ പുനര്‍നിര്‍ണയിക്കുന്നത്. ഈ മാസം 15നാണ് വില മാറ്റംവരുത്തണോയെന്ന് തീരുമാനിക്കേണ്ടത്.

deshabhimani news

1 comment:

  1. അന്താരാഷ്ട്രവിപണിയില്‍ അസംസ്കൃത എണ്ണയുടെ വില കുത്തനെ ഇടിഞ്ഞ പശ്ചാത്തലത്തില്‍ ചൈന ഇന്ധനവിലകള്‍ കുറച്ചു. ഇന്ത്യയില്‍ രൂപയുടെ മൂല്യം ഇടിയുന്നതിന്റെ പേരില്‍ ഡീസല്‍വിലകൂടി വര്‍ധിപ്പിക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് ചൈനയുടെ നടപടി. ഇന്ത്യയും ചൈനയും ഇറക്കുമതിചെയ്യുന്ന അസംസ്കൃത എണ്ണയുടെ വില ബാരലിന് 111 ഡോളറില്‍നിന്ന് 100 ഡോളര്‍വരെയായി കഴിഞ്ഞയാഴ്ച താഴ്ന്നിരുന്നു. ഈ സാഹചര്യത്തില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില മൂന്നരശതമാനത്തോളം കുറയ്ക്കാനാണ് ചൈനയുടെ തീരുമാനം. പെട്രോള്‍ - ഡീസല്‍ വിലയില്‍ ടണ്ണിന് 47 ഡോളര്‍ കുറയും.

    ReplyDelete