Monday, October 3, 2011

വിഷഭീകരനെതിരെ മാത്രമല്ല വിധി

എന്‍ഡോസള്‍ഫാന്റെ ഉല്‍പ്പാദനത്തിലും ഉപയോഗത്തിലും വിതരണത്തിലും രാജ്യവ്യാപകമായി ഏര്‍പ്പെടുത്തിയ സമ്പൂര്‍ണനിരോധനം തുടരുമെന്ന പരമോന്നതകോടതിയുടെ തീര്‍പ്പ് വിഷഭീകരനെതിരെ മാത്രമുള്ള കേവലവിധിയായി കാണാനാകില്ല. ഇരകളുടെ നിലവിളികള്‍ തുടരുന്ന എല്ലാ ഇടങ്ങളിലും കേന്ദ്രഭരണാധികാരികള്‍ കാലങ്ങളായി എന്തുനിലപാടാണ് സ്വീകരിക്കുന്നതെന്ന വലിയ ചോദ്യവും അതിന്റെ ഉത്തരവും ഇവിടെ അനാവരണം ചെയ്യപ്പെടുന്നു എന്നതാണ് വിധിയിലെ പ്രധാന സവിശേഷത. ഭോപാല്‍ കാലത്തെപ്പോലെ എന്‍ഡോസള്‍ഫാന്‍ വിഷയത്തിലും കുത്തകക്കമ്പനികളെ സംരക്ഷിക്കുന്ന സമീപനം കേന്ദ്രസര്‍ക്കാര്‍ തുടരുന്നതോടെയാണ് ഡിവൈഎഫ്ഐ സുപ്രീംകോടതിയെ സമീപിച്ചത്. സ്റ്റോക്ക്ഹോം കണ്‍വന്‍ഷനില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ ധാരണയായെങ്കിലും ഇന്ത്യയില്‍ കീടനാശിനി കമ്പനികള്‍ക്ക് പരമാവധി വില്‍പ്പനയ്ക്ക് അവസരമൊരുക്കുകയെന്ന ഗൂഢതന്ത്രമായിരുന്നു കേന്ദ്രത്തിന്റേത്. വിഷമഴ വീണ് ശ്മശാനഭൂമിയായ കാസര്‍കോട്ടെ 11 പഞ്ചായത്തില്‍ മറ്റൊരു ഭോപാല്‍ ദുരന്തമാണ് സംഭവിച്ചതെന്ന് ഓസ്ട്രേലിയന്‍ സര്‍ക്കാരിനു വരെ ബോധ്യമുണ്ടായിട്ടും നമ്മുടെ കേന്ദ്രഭരണാധികാരികള്‍ക്ക് അത് ഇനിയും ബോധിച്ചിട്ടില്ലെന്നത് ചെറിയ കാര്യമല്ല.

കാസര്‍കോട്ടെ ബോവിക്കാനത്തുനിന്നും എന്‍മകജെയില്‍നിന്നും ചിത്രീകരിച്ച ഓസ്ട്രേലിയ 60 മിനിറ്റ്എന്ന സിനിമ കണ്ട് നടുങ്ങിയാണ് ഓസ്ട്രേലിയയില്‍ ഈ വിഷത്തെ നിരോധിച്ചതെന്ന വലിയ സത്യം നമ്മള്‍ തിരിച്ചറിഞ്ഞെങ്കിലും ഭരണാധികാരികള്‍ ഉള്‍ക്കൊണ്ടിട്ടില്ല. ജീവിക്കാനുള്ള അവകാശം ഉറപ്പുവരുത്തുന്ന ഭരണഘടനയുടെ 21-ാം വകുപ്പാണ് കോടതി പ്രധാനമായും എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ പരിഗണിച്ചത്. മറ്റെന്തിനേക്കാളും മനുഷ്യജീവന് വിലകല്‍പ്പിക്കണമെന്ന ചീഫ്ജസ്റ്റിസ് എസ് എച്ച് കപാഡിയയുടെ വാക്കുകളെ പ്രതിരോധിക്കാന്‍&ാറമവെ;കേന്ദ്രത്തിന്റെയും വിഷക്കമ്പനികളുടെയും അഭിഭാഷകര്‍ക്ക് കഴിഞ്ഞില്ല. കോടതിമുറിയില്‍ കുഴങ്ങിയ അഭിഭാഷകരുടെ പ്രതിരൂപംതന്നെയാണ് ഇപ്പോള്‍ ജനകീയ കോടതിക്ക് മുന്നില്‍ കേന്ദ്രസര്‍ക്കാരിനും അതിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് പാര്‍ടിക്കുമുള്ളത്. വിഷനിര്‍മാതാക്കളുടെ കോര്‍പറേറ്റ് താല്‍പ്പര്യങ്ങള്‍മാത്രമാണ് കേന്ദ്രസര്‍ക്കാരിന് എന്നും താല്‍പ്പര്യമെന്ന് ഒരിക്കല്‍ക്കൂടി ഈ വിധി അടിവരയിടുന്നു. ഏറ്റവും ഒടുവില്‍ കഴിഞ്ഞ മാസം ഡല്‍ഹിയില്‍ കേന്ദ്രമന്ത്രി പവാറിനെ കണ്ട സംസ്ഥാന കൃഷിമന്ത്രി കെ പി മോഹനനും എന്‍ഡോസള്‍ഫാന്‍ കാസര്‍കോട്ടെ പ്രാദേശികപ്രശ്നമെന്ന പ്രതിഭാസത്തില്‍ കയറി പിടിക്കുന്ന കാഴ്ചയാണ് കണ്ടത്. മരണത്തിന്റെ വ്യാപാരത്തിന് ഏതുവിധേനയും അറുതിവരുത്തണമെന്ന ഉറച്ച ബോധ്യത്തിലാണ് ഡിവൈഎഫ്ഐ കോടതിയിലെത്തുന്നത്. മുമ്പത്തെപ്പോലെ കോടതിയിലും കേന്ദ്രസര്‍ക്കാര്‍ തുടക്കംമുതലേ കീടനാശിനി കമ്പനികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചു.

എന്‍ഡോസള്‍ഫാന്റെ അടിയന്തര നിരോധനം വേണ്ടെന്ന വാദത്തിലാണ് കേന്ദ്രത്തിനു വേണ്ടി ഹാജരായ മുന്‍ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യം ഊന്നിയത്. എന്‍ഡോസള്‍ഫാന്‍ ഉപയോഗം പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സ്റ്റോക്ക്ഹോം കണ്‍വന്‍ഷന്‍ 11 വര്‍ഷത്തെ സാവകാശം നല്‍കുന്നുണ്ടെന്നും അതുവരെ കീടനാശിനി ഉപയോഗിക്കാന്‍ അനുവദിക്കണമെന്നും കേന്ദ്രം വാദിച്ചു. എന്‍ഡോസള്‍ഫാന് സമാനമായി വില കുറഞ്ഞതും വീര്യം കൂടിയതുമായ കീടനാശിനി വിപണിയില്‍ ലഭ്യമല്ലെന്നും അതുകൊണ്ട് അടിയന്തര നിരോധനം ഏര്‍പ്പെടുത്തുന്നത് കര്‍ഷകരെ ദോഷകരമായി ബാധിക്കുമെന്നും കേന്ദ്രം വാദിച്ചു. ഇതരവാദങ്ങള്‍ ഇങ്ങനെയായിരുന്നു: കാസര്‍കോട്ട് മാത്രമാണ് എന്‍ഡോസള്‍ഫാന്‍ പ്രശ്നം സൃഷ്ടിച്ചത്. ആകാശത്തുനിന്ന് തളിച്ചതാണ് അവിടെ പ്രശ്നമായത്. എന്‍ഡോസള്‍ഫാന്‍ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നില്ലെന്ന് സി ഡി മായി സമിതിയടക്കം പല വിദഗ്ധസമിതികളും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. (സി ഡി മായി ആരാണെന്നും കാസര്‍കോടെന്ന സ്ഥലംപോലും സന്ദര്‍ശിക്കാതെയാണ് എന്‍ഡോസള്‍ഫാന് ഈ ശാസ്ത്രജ്ഞന്‍ മാര്‍ക്കിട്ടതെന്നും വന്‍വാര്‍ത്തയായതാണ്.) എന്‍ഡോസള്‍ഫാന്‍ ഇല്ലാതാക്കിയത് കേരളത്തിലെ നിഷ്കളങ്ക ഗ്രാമങ്ങളെയാണെന്ന നടുക്കുന്ന തിരിച്ചറിവ് കോടതിയിലെ വാദങ്ങള്‍ ഉന്നയിക്കുന്ന സമയത്ത് കേന്ദ്രത്തിലെ പ്രധാന വകുപ്പുകാരനായ എ കെ ആന്റണിക്കടക്കമില്ലേ എന്ന ലളിതമായ ചോദ്യവും ഇവിടെ ഉയര്‍ന്നുവരുന്നു. സ്വരം വേറിട്ട് കേള്‍ക്കാന്‍ ആക്രാന്തം പിടിച്ചു നടക്കുന്ന ഒരു സുധീരനില്‍ മാത്രമൊതുങ്ങുന്നതാണോ കോണ്‍ഗ്രസിന്റെ ഇത്തരം കാര്യങ്ങളിലെ നിലപാട്. പണ്ടൊരു ലോട്ടറികാലത്ത് പ്രതിക്കൂട്ടിലായ സാക്ഷാല്‍ മനു അഭിഷേക് സിങ്വിയും മരണവ്യാപാരികള്‍ക്കായി കോടതിയില്‍ എത്തിയല്ലോ. അതില്‍ ഒരു പ്രതിഷേധംപോലും ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും നാളിതുവരെ ഉയര്‍ത്തിയതായി കാണുന്നുമില്ല. എന്‍ഡോസള്‍ഫാന്‍ കയറ്റുമതിയാകാമെന്ന കോടതി നിര്‍ദേശത്തിലെ പ്രത്യാഘാതവും ചര്‍ച്ചചെയ്യേണ്ട വിഷയമാണ്. കയറ്റുമതി പാടില്ലെന്ന് ഡിവൈഎഫ്ഐയുടെ അഭിഭാഷകര്‍ ശക്തമായി വാദിച്ചിട്ടും കേന്ദ്രസര്‍ക്കാര്‍ ഇതിനെ ശക്തിയുക്തം എതിര്‍ത്തു. വിഷം ചെല്ലുന്ന ഇടങ്ങളിലെല്ലാം ആത്യന്തികമായി നാശം സൃഷ്ടിക്കുന്നത് അടിസ്ഥാനജനവിഭാഗത്തിനാണെന്ന സാര്‍വദേശീയ കാഴ്ചപ്പാടാണ് ഇവിടെ ഡിവൈഎഫ്ഐ ഉയര്‍ത്തിപ്പിടിച്ചത്. എന്നാല്‍ , ഇന്ത്യയിലെ ജനങ്ങള്‍ക്ക് പരമാവധി അപകടം ഒഴിവാക്കുകയെന്ന താല്‍പ്പര്യത്തോടെയാണ് കയറ്റുമതിക്ക് അനുമതി നല്‍കിയതെന്നാണ് കോടതിയുടെ നിരീക്ഷണം. മറ്റു രാജ്യങ്ങളുടെ കാര്യം അവിടങ്ങളിലെ നീതിപീഠമാണ് പരിഗണിക്കേണ്ടതെന്നും കോടതി പറയുന്നു. ഇക്കാര്യത്തില്‍ വീണ്ടും നിയമപോരാട്ടം തുടരുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാനകമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്. തീര്‍ത്തും മാനുഷികമായ വിഷയങ്ങളില്‍ അതിര്‍ത്തി തീര്‍ത്താണോ നിയമപീഠങ്ങള്‍പോലും ചിന്തിക്കുന്നതെന്ന കാര്യവും വരുംകാലത്ത് ചര്‍ച്ച ചെയ്യേണ്ടതാണെന്നു തോന്നുന്നു. എന്‍ഡോസള്‍ഫാന്റെ ദോഷവശം പഠിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച ഐസിഎംആര്‍ - ഐസിഎആര്‍ സംയുക്തസമിതിയോട് കയറ്റുമതിയുടെ സാധ്യത പരിശോധിക്കാനും നിര്‍ദേശിച്ചിരുന്നു. കയറ്റുമതി ആകാമെന്ന ശുപാര്‍ശയാണ് സമിതി സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടില്‍ നല്‍കിയത്. ദോഷവശത്തെപ്പറ്റി ഇതുവരെ റിപ്പോര്‍ട്ട് തയ്യാറാക്കാത്ത സമിതി കയറ്റുമതിക്കാര്യത്തില്‍ ശുഷ്കാന്തി കാട്ടിയത് ആരുടെ വക്കാലത്തിനുവേണ്ടിയാണെന്ന് എല്ലാവര്‍ക്കുമറിയാം.

കയറ്റുമതിയില്‍ ആവേശം കാണിച്ച പഠനസമിതിയുടെ അടുത്ത റിപ്പോര്‍ട്ട് എങ്ങനെയായിരിക്കുമെന്ന കാര്യത്തില്‍ കുറഞ്ഞപക്ഷം കാസര്‍കോട്ടെ ഇരകള്‍ക്കെങ്കിലും ആശങ്കയുണ്ട്. ഇടതുപക്ഷ യുവജന പ്രവര്‍ത്തനം ഇങ്ങനെയൊന്നുമല്ല വേണ്ടതെന്ന രീതിയില്‍ ഉട്ടോപ്യന്‍ ചര്‍ച്ച നടത്തുന്ന ബുദ്ധിജീവികള്‍ക്കുള്ള ചുട്ട മറുപടികൂടിയാകുന്നു ഈ കോടതി വിധി. വിപ്ലവയുവജന പ്രവര്‍ത്തനം ഇപ്പോള്‍ മരവിച്ചുവെന്ന അരാഷ്ട്രീയ വായ്ത്താരിക്കുമേല്‍ ഈ കോടതിവിധി ചുറ്റിക അടിക്കുന്നു. ഡിവൈഎഫ്ഐയുടെ ജനപക്ഷപോരാട്ടത്തിന്റെ നാള്‍വഴികളില്‍ പൊന്‍തൂവലാകുന്നു ഈ സന്ദര്‍ഭം. കേരളത്തില്‍ വിശേഷിച്ച് കാസര്‍കോട്ട് തുടരുന്ന സഹനസമരത്തിന് എല്ലാതലത്തിലും നേതൃത്വം നല്‍കാനുള്ള വന്‍ബാധ്യതയും ഇതുവഴി യുവജനസംഘടനയ്ക്ക് ഉണ്ടാകുന്നു. ഇരകളുടെ പുനരധിവാസത്തിലും തുടര്‍ ചികിത്സയിലും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ കാണിക്കുന്ന അലംഭാവത്തിനെതിരെ പുതിയ സമരമുഖം തുറക്കുകയാണ് ഇനി വേണ്ടത്.

deshabhimani editorial 031011

1 comment:

  1. എന്‍ഡോസള്‍ഫാന്റെ ഉല്‍പ്പാദനത്തിലും ഉപയോഗത്തിലും വിതരണത്തിലും രാജ്യവ്യാപകമായി ഏര്‍പ്പെടുത്തിയ സമ്പൂര്‍ണനിരോധനം തുടരുമെന്ന പരമോന്നതകോടതിയുടെ തീര്‍പ്പ് വിഷഭീകരനെതിരെ മാത്രമുള്ള കേവലവിധിയായി കാണാനാകില്ല. ഇരകളുടെ നിലവിളികള്‍ തുടരുന്ന എല്ലാ ഇടങ്ങളിലും കേന്ദ്രഭരണാധികാരികള്‍ കാലങ്ങളായി എന്തുനിലപാടാണ് സ്വീകരിക്കുന്നതെന്ന വലിയ ചോദ്യവും അതിന്റെ ഉത്തരവും ഇവിടെ അനാവരണം ചെയ്യപ്പെടുന്നു എന്നതാണ് വിധിയിലെ പ്രധാന സവിശേഷത. ഭോപാല്‍ കാലത്തെപ്പോലെ എന്‍ഡോസള്‍ഫാന്‍ വിഷയത്തിലും കുത്തകക്കമ്പനികളെ സംരക്ഷിക്കുന്ന സമീപനം കേന്ദ്രസര്‍ക്കാര്‍ തുടരുന്നതോടെയാണ് ഡിവൈഎഫ്ഐ സുപ്രീംകോടതിയെ സമീപിച്ചത്. സ്റ്റോക്ക്ഹോം കണ്‍വന്‍ഷനില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ ധാരണയായെങ്കിലും ഇന്ത്യയില്‍ കീടനാശിനി കമ്പനികള്‍ക്ക് പരമാവധി വില്‍പ്പനയ്ക്ക് അവസരമൊരുക്കുകയെന്ന ഗൂഢതന്ത്രമായിരുന്നു കേന്ദ്രത്തിന്റേത്. വിഷമഴ വീണ് ശ്മശാനഭൂമിയായ കാസര്‍കോട്ടെ 11 പഞ്ചായത്തില്‍ മറ്റൊരു ഭോപാല്‍ ദുരന്തമാണ് സംഭവിച്ചതെന്ന് ഓസ്ട്രേലിയന്‍ സര്‍ക്കാരിനു വരെ ബോധ്യമുണ്ടായിട്ടും നമ്മുടെ കേന്ദ്രഭരണാധികാരികള്‍ക്ക് അത് ഇനിയും ബോധിച്ചിട്ടില്ലെന്നത് ചെറിയ കാര്യമല്ല.

    ReplyDelete