നിരാഹാരം അനുഷ്ഠിക്കുന്ന രാംദേവിനെയും അന്നാ ഹസാരെയെയും പോലുള്ളവര്‍ മാധ്യമങ്ങള്‍ക്ക് പ്രിയങ്കരരാകുമ്പോള്‍ മണിപ്പൂരില്‍ സായുധസേനാ പ്രത്യേകാധികാര നിയമത്തിനെതിരെ (ആംഡ് ഫോഴ്‌സസ് സ്‌പെഷല്‍ പവേഴ്‌സ് ആക്ട്) പതിനൊന്നുവര്‍ഷമായി സമരം ചെയ്യുന്ന ഇറോം ശര്‍മിളയെ അവഗണിക്കുന്നത് ആശ്ചര്യകരമാണെന്ന് മണിപ്പൂര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. കിരണ്‍ബാല ദേവി.
ഇറോം ശര്‍മിളയെ അധിക്ഷേപിക്കുകയാണ് പല മാധ്യമങ്ങളും ചെയ്യുന്നതെന്ന് കോഴിക്കോട് എന്‍ ഐ ടിയില്‍ നടന്ന അന്താരാഷ്ട്ര സെമിനാറില്‍ പ്രബന്ധം അവതരിപ്പിക്കാനെത്തിയ ഡോ. കിരണ്‍ബാല ജനയുഗത്തോട് പറഞ്ഞു. ഇറോം ശര്‍മിളയുടെ പ്രണയ കഥ കണ്ടെത്താനായിരുന്നു ടെലിഗ്രാഫ് പത്രത്തിന്റെ റിപ്പോര്‍ട്ടര്‍ ശ്രമിച്ചത്. വാര്‍ത്തയ്‌ക്കെതിരെ കടുത്ത പ്രതിഷേധമുയര്‍ന്നതോടെ കഴിഞ്ഞ മാസം ആറുമുതല്‍ ടെലിഗ്രാഫ് പത്രത്തിന് മണിപ്പൂരില്‍ അനിശ്ചിതകാലനിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. 1958 മുതല്‍ നിലവിലുള്ള സായുധസേന പ്രത്യേകാധികാര നിയമത്തിന് ഇംഫാലില്‍ മാത്രമാണ് ഇളവനുവദിച്ചിട്ടുള്ളത്. മണിപ്പൂരിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുള്‍പ്പെടെയുള്ള കക്ഷികളുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് ചിലയിടങ്ങളിലെങ്കിലും നിയമത്തിന് ഇളവുവരുത്താന്‍ സര്‍ക്കാര്‍ തയ്യാറായതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രത്യേക സംസ്ഥാനവും ജില്ലയും ആവശ്യപ്പെട്ട് നാഗന്‍മാരും കുക്കികളും നടത്തുന്ന ഉപരോധം മണിപ്പൂരിന്റെ പുറം ലോകവുമായുള്ള ബന്ധം തടസപ്പെടുത്തുകയാണ്. മണിപ്പൂരില്‍ രണ്ട് മാസമായി തുടരുന്ന ഉപരോധം കാരണം ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ കിട്ടാക്കനിയായെന്ന് ഡോ. കിരണ്‍ബാല പറഞ്ഞു. ലഭ്യമായ സാധനങ്ങള്‍ക്ക് അമിത വില നല്‍കേണ്ടിയും വരുന്നു. ആഴ്ചയില്‍ ഒരിക്കല്‍ മാത്രം പെട്രോള്‍ പമ്പുകള്‍ തുറക്കുന്നതുമൂലം രാത്രി മുഴുവന്‍ ക്യൂ നിന്നാലേ ഒന്നോ രണ്ടോ ലിറ്റര്‍ പെട്രോള്‍ ലഭിക്കൂ. 140 രൂപ വരെയാണ് കരിഞ്ചന്തയില്‍ പെട്രോളിന് ഈടാക്കുന്നത്. പാചകവാതകത്തിന് 1500 രൂപയും അരിക്ക് 70 രൂപയും പഞ്ചസാരയ്ക്ക് 60 രൂപയുമാണ് ഇപ്പോള്‍ വില.
ട്രെയിന്‍ഗതാഗതമില്ലാത്ത മണിപ്പൂരിലേക്ക്് അയല്‍സംസ്ഥാനങ്ങളായ നാഗാലാന്‍ഡിലൂടെയും അസമിലൂടെയും കടന്നുപോകുന്ന ഹൈവേകളിലൂടെയാണ് ഭക്ഷ്യസാധനങ്ങള്‍ ഉള്‍പ്പെടെയുള്ള ചരക്കുകള്‍ എത്തുന്നത്. ഈ ഹൈവേകള്‍ സമരക്കാര്‍ ഉപരോധിക്കുകയാണ്. ട്രക്കുകള്‍ ഉള്‍പ്പെടെ അഗ്നിക്കിരയാക്കുകയാണ്. ഉപരോധക്കാരുമായി സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എല്ലാ വിഭാഗം ജനങ്ങള്‍ക്കും തുല്യപരിഗണന ലഭിക്കുന്ന ഏകീകൃത മണിപ്പൂരാണ് ആവശ്യമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
മണിപ്പൂരിലെ വിദ്യാഭ്യാസ മേഖല താറുമാറായിരിക്കുകയാണെന്ന് കിരണ്‍ബാല പറഞ്ഞു. സര്‍ക്കാര്‍ സ്‌കൂളുകളില്‍ അധ്യാപകര്‍ക്ക് മികച്ച വേതനം ലഭിക്കുന്നുണ്ടെങ്കിലും വിദ്യാര്‍ഥികള്‍ക്ക് ഫലം ലഭിക്കുന്നില്ല. അതേസമയം, കൂടുതല്‍ നേട്ടമുണ്ടാക്കുന്ന സ്വകാര്യമേഖലയിലെ സ്‌കൂളുകളില്‍ അധ്യാപകര്‍ക്ക് വളരെ തുച്ഛമായ വേതനം മാത്രമേ ലഭിക്കുന്നുള്ളൂ. വിവേചന രഹിതമായി എല്ലാ സ്‌കൂളുകളിലും മെച്ചപ്പെട്ട സൗകര്യം ഏര്‍പ്പെടുത്തണമെന്നിരിക്കെ ചില സര്‍ക്കാര്‍ സ്‌കൂളുകളില്‍ മാത്രം കൂടുതല്‍ സൗകര്യങ്ങളേര്‍പ്പെടുത്തി മോഡല്‍ സ്‌കൂളുകളാക്കിയിരിക്കുകയാണ്. എല്ലാ സ്‌കൂളുകളെയും മികച്ച നിലവാരത്തിലെത്തിക്കാന്‍ സര്‍ക്കാരിന് കഴിയാത്തത് വിദ്യാഭ്യാസരംഗത്ത് സ്വകാര്യമേഖലയുടെ ആധിപത്യത്തിന് കാരണമാവുകയാണ്. സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് കഴിഞ്ഞ വര്‍ഷം ആരംഭിച്ച ഇംഫാല്‍ എന്‍ ഐ ടിയും 1998ല്‍ ആരംഭിച്ച മണിപ്പാല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയും ഒരു പോളിടെക്‌നിക് കോളജും മാത്രമാണ് സംസ്ഥാനത്തുള്ളത്. അതുകൊണ്ടുതന്നെ കേരളം ഉള്‍പ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളെയാണ് മണിപ്പൂരികള്‍ ആശ്രയിക്കുന്നതെന്നും കൂടുതല്‍ സാങ്കേതിക പഠന സ്ഥാപനങ്ങള്‍ തുടങ്ങേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.
തൊഴിലില്ലായ്മയുടെ തോതും മണിപ്പൂരില്‍ വന്‍തോതിലാണ്. യോഗ്യതയുണ്ടായിട്ടും അതിനനുസരിച്ച ജോലി ലഭിക്കാതിരിക്കുന്നതും തുച്ഛമായ വേതനത്തില്‍ ജോലി ചെയ്യേണ്ടിവരുന്നതുമായ അവസ്ഥയും മണിപ്പൂരിലുണ്ട്. ഗതാഗത മേഖലയിലും സ്വകാര്യമേഖലയുടെ ആധിപത്യമാണ് നിലനില്‍ക്കുന്നത്. സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ നിര്‍ജീവമാണ്. അതുകൊണ്ടുതന്നെ സ്വകാര്യ ബസുകളാണ് യാത്രയ്ക്ക് ആശ്രയം. അഴിമതിയും തിരഞ്ഞെടുപ്പുകളിലെ പണാധിപത്യവും മസില്‍പവറും വര്‍ധിക്കുന്നത് കമ്മ്യൂണിസ്റ്റ് കുടുംബത്തില്‍ വളര്‍ന്നുവന്ന കിരണ്‍ബാലയുടെ മനസ്സ് മടുപ്പിക്കുന്നു. മണിപ്പൂരിലെ മുന്‍ എം എല്‍ എയും ജനനായകനുമായ ബീരാ സിംഗിന്റെ നാലുമക്കളില്‍ മൂത്ത മകളാണ് കിരണ്‍ബാല. 1980ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൈസന്‍തോംഗില്‍ സി പി ഐ സ്ഥാനാര്‍ഥിയായി മത്സരിച്ച ബിരാസിംഗിനെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ രാഷ്ട്രീയ എതിരാളികള്‍ വെടിവച്ചുകൊല്ലുകയായിരുന്നു. കിരണ്‍ബാലയുടെ മാതാവ് സി പി ഐയുടെ മുനിസിപ്പല്‍ കൗണ്‍സിലറായിരുന്നു.
ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിലെ പഠനകാലത്ത് ജ്യേഷ്ഠസഹോദരനെപ്പോലെ സ്‌നേഹിച്ചിരുന്ന ജനയുഗം എഡിറ്റര്‍ ബിനോയ് വിശ്വത്തെ സന്ദര്‍ശിക്കാനാണ് ഡോ. കിരണ്‍ബാല ജനയുഗം കോഴിക്കോട് ഓഫീസിലെത്തിയത്.
ഷൈജിത് വി എം ജനയുഗം 031011
നിരാഹാരം അനുഷ്ഠിക്കുന്ന രാംദേവിനെയും അന്നാ ഹസാരെയെയും പോലുള്ളവര്‍ മാധ്യമങ്ങള്‍ക്ക് പ്രിയങ്കരരാകുമ്പോള്‍ മണിപ്പൂരില്‍ സായുധസേനാ പ്രത്യേകാധികാര നിയമത്തിനെതിരെ (ആംഡ് ഫോഴ്‌സസ് സ്‌പെഷല്‍ പവേഴ്‌സ് ആക്ട്) പതിനൊന്നുവര്‍ഷമായി സമരം ചെയ്യുന്ന ഇറോം ശര്‍മിളയെ അവഗണിക്കുന്നത് ആശ്ചര്യകരമാണെന്ന് മണിപ്പൂര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. കിരണ്‍ബാല ദേവി.
ReplyDelete