നാളെ യുവകലാസാഹിതി പ്രവര്‍ത്തകര്‍ കൂടംകുളത്തേക്ക് പോകുന്നു. ഇതൊരു തീര്‍ഥയാത്ര. കൂടംകുളം പുണ്യസ്ഥലങ്ങളുടെ പട്ടികയിലെങ്ങും കാണില്ല. തിരുവനന്തപുരം ജില്ലയോട് ചേര്‍ന്നുനില്‍ക്കുന്ന തമിഴ്‌നാട് അതിര്‍ത്തി ജില്ലയായ തിരുനല്‍വേലിയിലെ ഒരു ഗ്രാമത്തിന് തീര്‍ഥയാത്രപോകാന്‍ മാത്രം എന്തുണ്ട് സവിശേഷത എന്നായിരിക്കും? ആ ഗ്രാമം ഇന്ത്യയിലെ ഭരണകൂടത്തോട് ഇന്ന് കൈകൂപ്പി ഒരു യാചന നടത്തുന്നു. ഞങ്ങള്‍ പാവം ഗ്രാമവാസികളുടെ ജീവനും മണ്ണും ശുദ്ധവായുവും ജലവും അപകടപ്പെടുത്തരുതേ. ഞങ്ങളെ ക്രൂരമായ് കൊല ചെയ്യരുതേ എന്നാണ് യാചന.
ചരിത്രമായി മാറുന്ന ദുരന്തങ്ങളുടെ ശവപ്പറമ്പുകളില്‍ അലയുന്ന മനുഷ്യസ്‌നേഹികള്‍ക്ക് കരിഞ്ഞ മാംസത്തിന്റേയും തകര്‍ന്ന തലയോട്ടിയുടേയും ദ്രവിച്ച എല്ലുകളുടേയും അവശിഷ്ടങ്ങള്‍ കാണാന്‍ മാത്രമല്ല കഴിയുക. ദുരന്തങ്ങള്‍ ഏറ്റുവാങ്ങിയ നിരപരാാധികളുടെ രോദനവും നിലവിളികളും കൂടി കേള്‍ക്കാന്‍ കഴിയും. തങ്ങളുടേതല്ലാത്ത കുറ്റത്തിന് മനുഷ്യന്‍ തന്നെ മനുഷ്യന് നല്‍കുന്ന ഈ പൈശാചിക ദുരന്തങ്ങളുടെ ഓര്‍മപ്പെടുത്തലിനുവേണ്ടികൂടിയാണ് ഈ തീര്‍ഥയാത്ര.
കാല്‍നൂറ്റാണ്ടിനുമുമ്പ് ഭോപ്പാലിലെ ജനങ്ങളും കൂടംകുളത്തെ ജനങ്ങളെപ്പോലെ ശാന്തരായി സൈ്വര്യമായി ഇല്ലായ്മയോടും വിഷമങ്ങളോടുമൊക്കെ പൊരുതി ജീവിച്ചുവരികയായിരുന്നു. പക്ഷേ ഒറ്റനിമിഷംകൊണ്ട് ആ ജീവിതങ്ങള്‍ തലകീഴായിമാറ്റിമറിക്കപ്പെട്ടു. അല്‍പ്പനേരം ശ്വാസം മുട്ടിയതേ അവരറിഞ്ഞിട്ടുള്ളൂ. അത് മരണത്തിന്റെ സ്പര്‍ശമാണെന്ന് തിരിച്ചറിയും മുന്‍പ് അവര്‍ പോയി. വിഷവാതകദുരന്തം വിതറിയ നടുക്കുന്ന വേദന ഇന്നും പേറി ജീവിക്കുന്ന ഭോപ്പാലിലെ ജനങ്ങളുടെ കഥ എത്രയോ നാം കേട്ടുകഴിഞ്ഞു. മുപ്പതിനായിരം പേരെ ഒരുനിമിഷംകൊണ്ട് ഇല്ലായ്മചെയ്ത മണ്ണും ജലവും ശുദ്ധവായുവും തിരിച്ചുപിടിക്കാനാവാത്തവിധം വിഷമയമാക്കിയ ഭോപ്പാല്‍ ദുരന്തത്തേക്കാള്‍ നൂറുമടങ്ങ് പ്രഹരശേഷിയുള്ള ആണവനിലയത്തിന് കൂടുംകുളം എന്ന ഗ്രാമവും ഗ്രാമീണരും ഇരയാക്കപ്പെടുന്നു.
ഭോപ്പാല്‍ ദുരന്തം നടന്ന് 25 വര്‍ഷങ്ങള്‍ക്ക് ശേഷം കോടതി വിചാരണയെന്ന പ്രഹസനം അവസാനിപ്പിച്ചു. ആ ദുരന്തം വിതറിയ അമേരിക്കന്‍ കമ്പനിയെ കുറ്റവിമുക്തരാക്കി. അതിന് നേതൃത്വം നല്‍കിയ ആന്‍ഡേഴ്‌സന്‍ എന്ന അമേരിക്കക്കാരനെ പിടികിട്ടാപ്പുള്ളിയായി എഴുതിതള്ളി. അയാള്‍ ഇപ്പോഴും സുരക്ഷിതനായി എല്ലാസുഖലോലുപതയോടുകൂടി അമേരിക്കയില്‍ കഴിയുന്നു. അതാണ് നിയമത്തിലെ അറിയാക്കുരുക്ക്. ഭോപ്പാല്‍ ദുരന്തത്തിനുത്തരവാദികളായവരെ ശിക്ഷിക്കാന്‍ ഇന്ത്യക്ക് കഴിയാത്തതരത്തിലുള്ള ഉടമ്പടിയാണ് ഇപ്പോള്‍ അമേരിക്കയുണ്ടാക്കിയത്.
ആണവകരാറിനെകുറിച്ച് ഇടതുപക്ഷ പാര്‍ട്ടികള്‍ ഉന്നയിച്ച എല്ലാ ആരോപണങ്ങളും അടിവരയിട്ട് ഉറപ്പാക്കുന്നതായിരുന്നു ഭോപ്പാല്‍ ദുരന്തത്തിലുണ്ടായത്. അപകടം വിതയ്ക്കുന്ന വാതകങ്ങള്‍ ജനങ്ങളുടെ ജീവന് ഭീഷണിയാണെന്നും അതുകൊണ്ട്തന്നെ ശക്തമായ സുരക്ഷാസംവിധാനവും അഥവാ അപകടമുണ്ടായാല്‍ ഉത്തരവാദികളെ ശിക്ഷിക്കാന്‍ കരുത്തുള്ള അഭ്യന്തരസംവിധാനവും നമുക്കുണ്ടാകണമെന്ന ഇടതുപക്ഷപാര്‍ട്ടികളുടെ ഉറച്ച നിലപാടുകള്‍ ഇന്ന് ലോകം അംഗീകരിച്ചുതുടങ്ങിയിരിക്കുന്നു.
ഒരു വിഷവാതകത്തേക്കാള്‍ നൂറുമടങ്ങ് അപകടഭീഷണിയുള്ള, യുഗങ്ങളോളം നീണ്ടുനില്‍ക്കുന്ന പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ആണവ നിലയങ്ങളുടെ കാര്യം പിന്നെ പറയാനുണ്ടോ? റഷ്യയിലെ ചെര്‍ണോബില്‍ ദുരന്തം, ഫ്രാന്‍സിലെ മര്‍ക്കോലെ ദുരന്തം, ജപ്പാനിലെ ഫുകുഷിമായിലെ ദുരന്തം ഒക്കെ കണ്ടവരാണ് നാം. ജപ്പാനില്‍ ഫുകുഷിമ ആണവദുരന്തത്തിന്റെ കണക്കെടുപ്പ് ഇനിയും അവസാനിച്ചിട്ടില്ല. മനുഷ്യനാല്‍ തിട്ടപ്പെടുത്താനാകാത്തത്ര ഭീകരവും ആഴവുമേറിയതുമാണ് ആ നഷ്ടങ്ങള്‍. എത്ര മനുഷ്യജീവന്‍, ആവാസമേഖല തകര്‍ക്കപ്പെട്ടു. ഇതിന് കണക്കൊന്നുമില്ല. കുരുതികൊടുക്കപ്പെടാന്‍ ഇനിയും മനുഷ്യര്‍ ലോകത്തുബാക്കി!
സമാധാനപരമായ ആവശ്യങ്ങള്‍ക്കായി ആണവ ഊര്‍ജ സ്വയംപര്യാപ്തത കൈവരിക്കാന്‍ ഒരു സ്വതന്ത്ര ആണവ പരീക്ഷണം ഇന്ത്യ ആരംഭിച്ചത് 1974 മെയ് 18 നാണ്. 'ബുദ്ധന്‍ ചിരിക്കുന്നു' എന്ന പേരില്‍ അറിയപ്പെട്ട പരീക്ഷണത്തിന് നേതൃത്വം നല്‍കിയത് ഹോമി ജെ ബാബയാണ്. രാജസ്ഥാനിലെ താര്‍ മരുഭൂമിയോട് ചേര്‍ന്ന പൊക്കാറനിലാണ് ആദ്യ പരീക്ഷണം നടന്നത്. എന്നാല്‍ ഇന്ത്യയുടെ ഈ നീക്കം അമേരിക്ക അടക്കമുള്ള അന്താരാഷ്ട്ര ആണവരാജാക്കന്മാരെ അങ്ങേയറ്റം ചൊടിപ്പിച്ചു. അന്താരാഷ്ട്ര ന്യൂക്ലിയര്‍ വിതരണഗ്രൂപ്പ് ഇന്ത്യയുമായുള്ള ആണവവ്യാപാരം പരിമിതപ്പെടുത്തി. ഏതാണ്ട് മുപ്പതുവര്‍ഷം നീണ്ടുനിന്ന പ്രതികാര നടപടി ഇന്ത്യ അവസാനിപ്പിച്ചത് അമേരിക്കയ്ക്ക് പൂര്‍ണമായി അടിയറവ് പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും അമേരിക്കന്‍ പ്രസിഡന്റ് ബുഷുമായുണ്ടാക്കിയ 2006 ലെ ഉടമ്പടി ഇന്ത്യയുടെ പരമാധികാരത്തിനും സ്വയം പര്യാപ്തതയ്ക്കും എതിരാണ്. സൈനികാവശ്യത്തിനും സൈനികേതര ആവശ്യങ്ങള്‍ക്കും ആണവ ഊര്‍ജ ഉപയോഗം വിഭജിക്കണമെന്നും, രണ്ടും അന്താരാഷ്ട്ര ആണവ പരിശോധനക്ക് വിധേയമാക്കണമെന്നുള്ള അമേരിക്കയുടെ ആവശ്യത്തിനുമുന്‍പില്‍ ഇന്ത്യ തലകുനിച്ചു.
ആണവകരാറിലെ വകുപ്പുകളും കുപ്രസിദ്ധ 123 വകുപ്പുംകൂടി ഉള്‍പ്പെടുത്തിയിട്ടുള്ള ആണവനയം ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയ്ക്കും പരമാധികാരത്തിമുമെതിരെയുള്ള കടന്നുകയറ്റമാണ്. 2009 ജൂലൈയില്‍ ഒരു ബിസിനസ് പര്യടനത്തിനായി ഇന്ത്യയിലെത്തിയ ഹിലാരി ക്ലിന്റണ്‍ പത്രലേഖകരോട് നടത്തിയ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതായിരുന്നു. ''അമേരിക്കന്‍ ബഹുരാഷ്ട്രകമ്പനികള്‍ക്ക് ഇന്ത്യയില്‍ രണ്ട് ആണവപാര്‍ക്ക് തുടങ്ങാനുള്ള സ്ഥലം കണ്ടെത്തി കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കികഴിഞ്ഞതായി മന്‍മോഹന്‍സിംഗ് പറയുകയുണ്ടായി. മാത്രമല്ല ഭോപ്പാലില്‍ ഞങ്ങള്‍ക്കുണ്ടായ അനിഷ്ടകരമായ അസൗകര്യം ഒഴിവാക്കാനായി ആണവബാധ്യതാബില്‍ ഉടന്‍ പാസാക്കുമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ട്. നിങ്ങളുടെ പ്രധാനമന്ത്രി വളരെ നല്ലൊരാളാണ,് അദ്ദേഹത്തില്‍ ഞങ്ങള്‍ക്ക് മതിപ്പും വിശ്വാസവുമുണ്ട്-'' ഇത്തരത്തില്‍ ഭരണവിധേയത്വത്തിന്റേയും വഞ്ചനകളുടേയും പശ്ചാത്തലത്തില്‍വേണം കൂടംകുളം അടക്കമുള്ള ആണവനിലയങ്ങള്‍ സൃഷ്ടിക്കാന്‍പോകുന്ന പ്രശ്‌നങ്ങളെ സമീപിക്കാന്‍.
കന്യാകുമാരിയില്‍ നിന്നും 25 കി.മീ. വടക്ക്കിഴക്കായും നാഗര്‍കോവിലില്‍ നിന്ന് 35 കി.മീ. അകലെയായും കിടക്കുന്ന കാറ്റാടികളാല്‍ സമൃദ്ധമായ കൂടംകുളം ഒരു തീരദേശഗ്രാമമാണ്. മീന്‍പിടിച്ചും മത്സ്യവ്യാപാരതൊഴിലും ചെയ്ത് ജീവിക്കുന്ന അദ്ധ്വാനികളായ ഗ്രാമവാസികള്‍. അവര്‍ അകപ്പെട്ടിരിക്കുന്ന ജീവന്‍ ഭീഷണിയുടെ വ്യാപ്തി പുറംലോകം അറിഞ്ഞുവരുന്നതേയുള്ളൂ. ആദ്യം രണ്ട് റിയാക്ടറുകളുമായി തുടങ്ങിയ ആണവനിലയം. ഇന്ന് നാല് പുതിയ റിയാക്ടറുകള്‍കൂടി സ്ഥാപിക്കുകയാണ്. റഷ്യന്‍ സഹായത്തോടെ ഉയരുന്ന ഈ റിയാക്ടറുകളുടെ സുരക്ഷാസംവിധാനങ്ങളെകുറിച്ച് യാതൊരുവിധ വെളിപ്പെടുത്തലുകളും ഇതുവരെ ഉണ്ടായിട്ടില്ല. ജനഹിതപരിശോധന നടത്താതെ ആവാസകേന്ദ്രമായ ഗ്രാമത്തില്‍ അതിന്റെ വിസ്തീര്‍ണവും ഭൂമിശാസ്ത്രവും പാരിസ്ഥിതികവുമായ വസ്തുതകളും കണക്കിലെടുക്കാതെ നടക്കുന്ന പുതിയ റിയാക്ടറുകള്‍ക്കായുള്ള പ്രവര്‍ത്തനത്തിനെതിരെ ശക്തമായ ചെറുത്തുനില്‍പ്പ് ഗ്രാമവാസികള്‍ ആരംഭിച്ചുകഴിഞ്ഞു.
റിയാക്ടറുകളില്‍ നിന്നും പുറത്തുവിടുന്ന ജലം നേരേ കടലിലേക്കാണ് ഒഴുക്കുക. മത്സ്യബന്ധനത്തെമാത്രം ആശ്രയിച്ച് ജീവിക്കുന്ന ജനങ്ങള്‍ ഇതിനെതിരെ സംഘടിക്കുക സ്വാഭാവികം. റിയാക്ടറുകളുടെ അഞ്ചുകിലോമീറ്റര്‍ ദൂരം സംരക്ഷിതമേഖലയാണ്. 30 കിലോമീറ്റര്‍ ചുറ്റളവില്‍ ജനവാസം പാടില്ലതാനും. ചുരുക്കത്തില്‍ ജനങ്ങളെ പൂര്‍ണമായും നീക്കം ചെയ്യണമെന്ന് സാരം. കാല്‍ലക്ഷം വരുന്ന തീരദേശവാസികള്‍ മത്സ്യതൊഴിലാളികള്‍ മാത്രമല്ല മറ്റു ജനവിഭാഗങ്ങളും ഇതില്‍പെടും. ഇവരുടെ നിത്യവൃത്തിയും താമസവും പരിപാലനവും പഠനവും എല്ലാമെല്ലാം പറിച്ചുനടപ്പെടാന്‍ ഇവര്‍ വൃക്ഷതൈകളൊന്നുമല്ലല്ലോ. ആണവ നിലയങ്ങളില്‍ ഉണ്ടാകുന്ന ദുരന്തങ്ങളില്‍ നിന്നും ഒരു പാഠവും ഭരണകൂടം പഠിക്കുന്നില്ല. ചെര്‍ണോബില്‍ അപകടത്തിനുശേഷം മൂന്നരലക്ഷം ജനങ്ങളെയാണ് ഒഴുപ്പിക്കേണ്ടിവന്നത്. അവരുടെ ആവാസമേഖല അവര്‍ക്ക് അന്യമായതെന്തുകൊണ്ട്? ജപ്പാനിലെ ഫുകുഷിമ അപകടത്തിന്റെ തോത് ഇതുവരെ കണക്കാക്കപ്പെട്ടിട്ടില്ല.
ലോകരാഷ്ട്രങ്ങള്‍ പൊതുവെ ആണവോര്‍ജത്തിനെതിരെ ചിന്തിക്കാന്‍ തുടങ്ങിയപ്പോള്‍ നമ്മുടെ രാജ്യം ജനങ്ങളുടെ ജീവന് പുല്ലുവിലപോലും നല്‍കുന്നില്ല എന്നത് മാപ്പര്‍ഹിക്കാത്ത ഭരണകൂട ഭീകരതയാണ്. ഈ തീരുമാനമെടുക്കുന്നവരുടെ പാപക്കറ കഴുകിക്കളയാനും കൂടംകുളം നിവാസികളുടെ ചെറുത്തുനില്‍പ്പ് സമരത്തില്‍ പങ്കെടുക്കാനുമുള്ള തീര്‍ഥയാത്രയാണ് ആരംഭിക്കുന്നത്. മനസാക്ഷി പണയം വയ്ക്കാത്തവര്‍ക്ക് ഇതില്‍ പങ്കുചേരാം. കൂടംകുളത്തുനിന്നും തിരുവനന്തപുരത്തേക്ക് അധികം ദൂരമില്ല. കേരളവും തമിഴ്‌നാടും ആണവഭ്രാന്തന്‍മാര്‍ക്ക് ഒന്നുതന്നെ.
ഗീതാ നസീര്‍ ജനയുഗം 031011
നാളെ യുവകലാസാഹിതി പ്രവര്‍ത്തകര്‍ കൂടംകുളത്തേക്ക് പോകുന്നു. ഇതൊരു തീര്‍ഥയാത്ര. കൂടംകുളം പുണ്യസ്ഥലങ്ങളുടെ പട്ടികയിലെങ്ങും കാണില്ല. തിരുവനന്തപുരം ജില്ലയോട് ചേര്‍ന്നുനില്‍ക്കുന്ന തമിഴ്‌നാട് അതിര്‍ത്തി ജില്ലയായ തിരുനല്‍വേലിയിലെ ഒരു ഗ്രാമത്തിന് തീര്‍ഥയാത്രപോകാന്‍ മാത്രം എന്തുണ്ട് സവിശേഷത എന്നായിരിക്കും? ആ ഗ്രാമം ഇന്ത്യയിലെ ഭരണകൂടത്തോട് ഇന്ന് കൈകൂപ്പി ഒരു യാചന നടത്തുന്നു. ഞങ്ങള്‍ പാവം ഗ്രാമവാസികളുടെ ജീവനും മണ്ണും ശുദ്ധവായുവും ജലവും അപകടപ്പെടുത്തരുതേ. ഞങ്ങളെ ക്രൂരമായ് കൊല ചെയ്യരുതേ എന്നാണ് യാചന.
ReplyDelete